Saturday, January 18, 2025
Novel

രാജീവം : ഭാഗം 12

എഴുത്തുകാരി: കീർത്തി

ദിവസങ്ങൾ ശരവേഗത്തിൽ പൊയ്ക്കൊണ്ടിരുന്നു. എന്നെപോലെ തന്നെ രാജീവേട്ടനും കുഞ്ഞിനെ ആഗ്രഹിച്ചു തുടങ്ങി. ഒരിക്കൽ ഫോൺ വിളിച്ചപ്പോൾ രാജീവേട്ടന്റെ അമ്മയും ഇതേപ്പറ്റി ചോദിച്ചു. അമ്മയോട് അത്രയും നേരം വാതോരാതെ സംസാരിച്ചു കൊണ്ടിരുന്ന എനിക്ക് പെട്ടന്ന് എന്ത് പറയണമെന്ന് അറിയാതെയായി. അതിന് ശേഷം എല്ലാത്തിനോടും ഒരു വിരക്തിയായിരുന്നു. ഭക്ഷണം കഴിക്കാനോ ഓഫീസിൽ പോകാനോ തോന്നിയിരുന്നില്ല. എപ്പോഴും തനിച്ചിരിക്കണമെന്ന് മാത്രം.

രാജീവേട്ടനോട് പോലും ശെരിക്കും സംസാരിക്കാൻ കഴിയാത്ത പോലെ. സദാ സമയവും കുഞ്ഞുങ്ങളെ കുറിച്ചുള്ള ചിന്തകൾ. പുറത്ത് വെച്ച് ഓരോ കുഞ്ഞുങ്ങളെ കാണുമ്പോഴും എന്നിലെ മാതൃത്വം തേങ്ങിക്കൊണ്ടിരുന്നു. “മീനു…. മീനു….. മീനുട്ട്യേ…. എണീക്കണ്ടേ. സമയം ഒത്തിരിയായി. ഓഫീസിൽ പോണ്ടേ? ” രാവിലെ രാജീവേട്ടൻ കുലുക്കി വിളിക്കുന്നത് കേട്ടാണ് എണീറ്റത്. ഇന്നലെ രാത്രി കിടക്കുമ്പോൾ തന്നെ എന്തോ വല്ലാത്ത തലവേദനയായിരുന്നു. കിടന്നത് പോലും അറിഞ്ഞില്ല, ഉറങ്ങി പോയി. ഇപ്പോൾ എണീറ്റപ്പോഴും തലയ്ക്ക് വല്ലാത്ത ഭാരം പോലെ. വേഗം എഴുന്നേറ്റ് എന്തൊക്കെയോ തട്ടികൂട്ടി ഉണ്ടാക്കി.

വയറു കാലിയാണെങ്കിലും ഒന്നും കഴിക്കാൻ പറ്റിയില്ല. എങ്ങനെയൊക്കെയോ റെഡിയായി ഓഫീസിലെത്തി. ഓഫീസിലെ കാര്യവും മറിച്ചായിരുന്നില്ല. എത്ര ശ്രമിച്ചിട്ടും പ്രോഗ്രാമിങ് കോഡ്കളൊന്നും ശെരിയാവുന്നില്ല. മുഴുവനും എറർ. ഭ്രാന്ത് പിടിച്ച് CPU നിട്ടു ഒരു ചവിട്ടും കൊടുത്ത് തലയ്ക്ക് കൈയും കൊടുത്ത് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ടീന വന്ന് കോഫി കുടിക്കാൻ വിളിച്ചത്. ഇച്ചിരി ഉന്മേഷം കിട്ടുമെങ്കിൽ ആവട്ടെന്ന് കരുതിയാണ് അവളോടൊപ്പം പോയത്. ഉന്മേഷം കിട്ടുന്നത് പോയിട്ട് ഉള്ളത് കൂടി പോവുകയാണ് ഉണ്ടായത്.

കുടിച്ച ചായ മുഴുവനും പുറത്ത് വന്നു ആകെ വയ്യാതെ തലകറങ്ങി താഴെയും വീണു. ആരൊക്കെയോ പൊക്കിയെടുക്കുന്നത് ആ മയക്കത്തിലും ഞാനറിഞ്ഞു. ഒപ്പം ടീനയുടെ നിലവിളിയും. കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിലായിരുന്നു. ടീന അടുത്ത് തന്നെ ഉണ്ടായിരുന്നു. പിന്നെ ഞങ്ങളുടെ പ്രൊജക്റ്റ്‌ ഹെഡും. “ഇപ്പോൾ എങ്ങനെയുണ്ട്? ” ഞാൻ കണ്ണ് തുറന്നത് കണ്ട ടീന വന്നു ചോദിച്ചു. “കുഴപ്പമില്ല. ” “രാവിലെ ഒന്നും കഴിച്ചില്ലല്ലേ? “. “ഇല്ല. ” “എന്നാ ഇനിമുതൽ അങ്ങനെ പാടില്ല. നന്നായി ഭക്ഷണം കഴിക്കണം.

സാധാരണ കഴിക്കുന്നതിന്റെ ഇരട്ടി. ” അവൾ പറഞ്ഞതിന്റെ പൊരുൾ മനസിലാവാതെ ഞാൻ നെറ്റി ചുളിച്ചു. ” മീനാക്ഷി ഇനി മീനാക്ഷിയമ്മയാവാൻ പോവാണെന്ന്. ” അത് കേട്ടതും എന്റെ കൈകൾ യാന്ത്രികമായി വയറിൽ തഴുകി. കണ്ണുകൾ നിറഞ്ഞു. രാജീവേട്ടനെ കാണാൻ തോന്നി. “ഹോസ്പിറ്റലിൽ ആയത് രാജീവേട്ടനോട് പറഞ്ഞിട്ടുണ്ടോ? ” ടീനയോട് ചോദിച്ചു തീർന്നതും രാജീവേട്ടൻ റൂമിലേക്ക് വരുന്നത് കണ്ടു. ആള് അല്പം ടെൻഷനായിട്ടുണ്ടെന്ന് തോന്നുന്നു. ആ കിതപ്പും പരവേശവും ആ ടെൻഷൻ എനിക്ക് മനസിലാക്കി തന്നു. “എന്താ..? എന്താ പറ്റിയെ? ” “ഞാൻ പുറത്ത് നിക്കാം നീ തന്നെ പറ.

” ഒരു ചെറു ചിരിയോടെ എന്നെ നോക്കി പറഞ്ഞ ശേഷം ടീന പുറത്തേക്ക് പോയി. കൂടെ രാജീവേട്ടന് ഒരു ഷേക്ക്‌ ഹാൻഡ് കൊടുത്ത് പ്രൊജക്റ്റ്‌ ഹെഡ് മാഡവും. ഞങ്ങളുടെ ചിരി കണ്ട് രാജീവേട്ടന് ദേഷ്യം വരുന്നുണ്ടായിരുന്നു. “എന്താന്ന് വെച്ചാൽ ഒന്ന് പറയുന്നുണ്ടോ. എന്താ പറ്റിയത്? ” ബെഡിൽ എന്റെ അടുത്ത് ഇരുന്നുകൊണ്ട് രാജീവേട്ടൻ പറഞ്ഞു. ഞാൻ പതിയെ എഴുന്നേറ്റിരുന്ന് രാജീവേട്ടന്റെ വലതു കൈയെടുത്ത് എന്റെ വയറിൽ ചേർത്തു വെച്ച് പുഞ്ചിരിയോടെ ആ കണ്ണുകളിലേക്ക് തന്നെ നോക്കി. അത്ഭുതവും സന്തോഷവും കൂടിക്കലർന്ന ഒരു ഭാവത്തോടെ രാജീവേട്ടനും എന്റെ മുഖത്തേക്ക് നോക്കി.

“നമ്മൾ ഇത്രയും നാൾ കാത്തിരുന്ന ആള് വരാൻ പോവാ. ” രണ്ടുപേരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു. ഉടനെ രാജീവേട്ടൻ എന്റെ മുഖം കൈകളിൽ കോരിയെടുത്ത് ചുംബനങ്ങളാൽ മൂടി. ഞാനും ആ നെഞ്ചിൽ മുഖം ചേർത്തു കെട്ടിപിടിച്ചു. എന്റെ സന്തോഷം അശ്രുക്കളായി രാജീവേട്ടന്റെ ഷർട്ട്‌ നനച്ചുകൊണ്ടിരുന്നു. സന്തോഷം മാത്രം നിറഞ്ഞ ദിവസങ്ങളായിരുന്നു പിന്നീട് അങ്ങോട്ട്‌. നാട്ടിൽ നിന്നും എല്ലാവരും വന്നിരുന്നു.

രണ്ടു മൂന്നു മാസം നന്നായി ശ്രദ്ധിക്കാൻ ഡോക്ടർ പറഞ്ഞത് കൊണ്ട് രാജീവേട്ടന്റെ അമ്മയും അച്ഛനും കുറെ ദിവസം ഞങ്ങളോടൊപ്പം തന്നെ ഉണ്ടായിരുന്നു. രാഹുൽ ചെറിയച്ഛനാവാൻ പോകുന്നതിന്റെ ത്രില്ലിലാണ്. അവന് ശേഷം ആ കുടുംബത്തിൽ ഒരു കുഞ്ഞു ജനിക്കാൻ പോവുകയാണ്. അതിന്റെയൊരു ആകാംക്ഷയിലാണ് ആള്. ഈ ചെറിയച്ഛൻ ന്ന് പറഞ്ഞാൽ എന്തോ വലിയ സംഭവമാണെന്ന് തോന്നും അവന്റെ പ്രവൃത്തികൾ കണ്ടാൽ. രാജീവേട്ടന്റെ കാര്യം പറയേം വേണ്ട.

കുഞ്ഞിന് വേണ്ട ഓരോന്നും ഇപ്പോൾ തന്നെ വാങ്ങിച്ചു കൂട്ടാൻ തുടങ്ങിയിരിക്കുന്നു. എല്ലാവരെയും പോലെ വയറിൽ മുഖം ചേർത്ത് കുഞ്ഞിനോട് സംസാരിക്കലും കൊഞ്ചിക്കലും എല്ലാം മുറയ്ക്ക് നടക്കുന്നുണ്ട്. നാലഞ്ചു മാസം വരെയേ ജോലിക്ക് പോകാൻ രാജീവേട്ടൻ എന്നെ അനുവദിച്ചുള്ളു. അതിന് ശേഷം ഫ്ലാറ്റിൽ തന്നെ. ഇതിനിടയിൽ സന്തോഷവാർത്ത അറിഞ്ഞ് മുത്തുവും തിരിച്ചു വന്നു. കൂട്ടിന് മുത്തശ്ശിയും ണ്ട്. രണ്ടുപേരും കൂടി എന്നെ ശുശ്രൂഷിച്ച് ശുശ്രൂഷിച്ച് എനിക്ക് വയ്യാതായി. വയറു നിറഞ്ഞു ന്ന് പറഞ്ഞാലും കേൾക്കാതെ ഭക്ഷണം വായിൽ കുത്തിക്കേറ്റും.

എന്നിട്ട് ഒടുക്കം ആവശ്യത്തിന് കഴിച്ചത് കൂടി ഛർദിച്ച് പോയാൽ രണ്ടിനും സമാധാനമാവും. പിന്നെ കഴിച്ചത് മുഴുവനും പോയില്ലേ ന്നും പറഞ്ഞ് അടുത്ത ട്രിപ്പ്‌ കുത്തിക്കേറ്റൽ മഹാമഹം. രണ്ടിന്റെയും ഇടയിൽ നിന്ന് രക്ഷിക്കാൻ പറഞ്ഞു രാജീവേട്ടനെ വിളിച്ചാൽ അപ്പൊ തുടങ്ങും മുത്തശ്ശിടെ വക രാജീവേട്ടന് ക്ലാസ്സ്‌. അതുകൊണ്ട് ഇപ്പോൾ അത് കേൾക്കാൻ വയ്യാതെ നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ ന്ന് ചോദിച്ച് ആള് കാല് മാറും. ദുഷ്ടൻ. ഇതിനിടയിൽ മാളു ഒരു കുറുമ്പിപെണ്ണിന് ജന്മം നൽകി.

എന്റെ അവസ്ഥയും ഇങ്ങനെയായത് കൊണ്ട് പോയി കാണാൻ പറ്റിയില്ല. അനങ്ങാൻ പാടില്ലെന്ന് പറഞ്ഞ് രാജീവേട്ടൻ എന്നെ നാട്ടിലേക്ക് പിന്നെ വിട്ടതേയില്ല. ആ കാലയളവ് മുഴുവനും ബാംഗ്ലൂരിൽ തന്നെയായിരുന്നു. കാമുകനും ഭർത്താവിനും അപ്പുറം രാജീവേട്ടനിലെ അച്ഛനെ ഞാൻ അറിയുകയായിരുന്നു. പണ്ട് രാജീവേട്ടനെ വേദനിപ്പിച്ച സാഹചര്യങ്ങളെ ഓർത്ത് ഓരോ നിമിഷവും പശ്ചാത്തപിച്ചുകൊണ്ടിരുന്നു. മനസുകൊണ്ട് ഒരായിരം വട്ടം ആ കാല് പിടിച്ചു മാപ്പപേക്ഷിച്ചുകൊണ്ടിരുന്നു.

എല്ലാവരുടെയും സ്നേഹപരിചരണങ്ങൾക്ക് ഒടുവിൽ അന്നൊരു രാത്രിയിൽ അസഹനീയമായ വേദന വന്നപ്പോൾ എല്ലാരും കൂടി എന്നെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി. ജീവൻ പോകുന്ന ആ വേദനയിലും ഞങ്ങളുടെ കുഞ്ഞിനെ ഒരാപത്തും കൂടാതെ ഞങ്ങൾക്ക് തരണേന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന. ഒരുപാട് നേരത്തെ പരിശ്രമങ്ങൾക്ക് ഒടുവിൽ ഒരിക്കലും മറക്കാനാവാത്ത ആ നിമിഷം ഞാനും അനുഭവിച്ചു. എന്റെയും രാജീവേട്ടന്റെയും ജീവിതത്തിന് പുതിയൊരു അർത്ഥം സമ്മാനിച്ച ഞങ്ങളുടെ ജീവന്റെ അംശം.

പാതിമയക്കത്തിൽ കാതിൽ പതിച്ച ആ കുഞ്ഞു കരച്ചിൽ എന്റെ മനസിൽ വേദനയ്ക്ക് ഇടയിലും അനന്ദമേകി. “ആൺകുട്ടിയാണ്.” പഞ്ഞിക്കെട്ട് പോലുള്ള തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കാണിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു. ഒപ്പം അവനെ ഡോക്ടർ എനിക്ക് നേരെ അടുപ്പിച്ചപ്പോൾ ആ കുഞ്ഞിളം നെറ്റിയിൽ പതിയെ വളരെ മൃദുവായി ഞാനൊന്ന് മുത്തി. അപ്പോൾ അവനൊന്നു ഞെരങ്ങി, കുഞ്ഞിചുണ്ട് ഒന്ന് വിടർന്നു. എല്ലാവർക്കും കാണിച്ചു കൊടുത്തിട്ട് വരാമെന്ന് പറഞ്ഞ് നഴ്സ് അവനെയും കൊണ്ട് പോയി.

റൂമിലേക്ക് വന്നപ്പോൾ എല്ലാവർക്കും പറയാനുണ്ടായിരുന്നത് ലേബർ റൂമിന് പുറത്ത് രാജീവേട്ടൻ കാണിച്ച വെപ്രാളത്തെ കുറിച്ചായിരുന്നു. കുഞ്ഞിനെ കൈയിൽ കിട്ടി എനിക്കും കുഴപ്പമൊന്നും ഇല്ലെന്ന് ഡോക്ടർ പറഞ്ഞതിന് ശേഷമാണത്രെ ഒന്ന് അടങ്ങിയത്. “ആണോ ” ന്നുള്ള അർത്ഥത്തിൽ ഞാൻ രാജീവേട്ടനെ നോക്കി. ആള് കുഞ്ഞിനെ മടിയിലെടുത്ത് കൊഞ്ചിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.

എന്നെ നോക്കിയില്ലെങ്കിലും ഞാൻ നോക്കുന്നത് മനസിലായെന്ന് ആ ചുണ്ടിൽ വിരിഞ്ഞ ചമ്മിയ ചിരി പറയുന്നുണ്ടായിരുന്നു. “ഇത് തനി രാജീവ്‌ തന്നെ. ആ കണ്ണടച്ചുള്ള കിടത്തത്തിൽ നോക്കിയേ ഇവന്റെ ആ ദേഷ്യപ്പെട്ടുള്ള മുഖമാണ്. നമ്മുടെ ഒച്ചയും ബഹളവുമൊന്നും പറ്റണുണ്ടാവില്ല കുഞ്ഞിക്കുറുമ്പന്.” രാജീവേട്ടന്റെ അമ്മ വാത്സല്യത്തോടെ കുഞ്ഞിനെ നോക്കി അച്ഛന്മാരോടും മുത്തശ്ശിയോടുമായി പറയുന്നുണ്ടായിരുന്നു.

(തുടരും)

രാജീവം : ഭാഗം 11