Saturday, January 18, 2025
Novel

രാജീവം : ഭാഗം 10

എഴുത്തുകാരി: കീർത്തി

രാത്രയോട് കൂടിയാണ് അവർ തിരിച്ചു വന്നത്. എന്താ ഉണ്ടായതെന്നോ ഡോക്ടർ എന്താണ് പറഞ്ഞതെന്നോ ഒന്നും രാജീവേട്ടൻ എന്നോട് പറഞ്ഞില്ല. മുത്തു വളരെ ക്ഷീണിതനായിരുന്നു. അവനെ കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം തോന്നി. വന്നുകയറിയതും അവനോട് ചെന്ന് കിടക്കാൻ പറഞ്ഞ് രാജീവേട്ടൻ റൂമിലേക്ക് പോയി. രാജീവേട്ടൻ കുളിക്കാൻ കയറുന്നത് കണ്ടാണ് ഞാൻ മുത്തുവിന്റെ അടുത്തേക്ക് പോയത്. പാവം. അവൻ ഉറങ്ങി കഴിഞ്ഞിരുന്നു. ഡോക്ടർ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക. അറിയാതെ ഒരു മനസമാധാനവും ഇല്ല. ഞാൻ തിരിച്ചു റൂമിലെത്തിയപ്പോൾ ആള് കുളിയും തേവാരവുമൊക്കെ കഴിഞ്ഞു വന്നിരുന്നു.

“ഡോക്ടർ എന്താ പറഞ്ഞത്? ” ധൈര്യം സംഭരിച്ചു കൊണ്ട് ഞാൻ ചോദിച്ചു. പക്ഷെ രാജീവേട്ടൻ മറുപടിയൊന്നും പറയാതെ എന്നെയൊന്ന് ഇരുത്തി നോക്കിയ ശേഷം ബെഡിൽ ചെന്നിരുന്നു. “രാജീവേട്ടാ… ഡോക്ടർ എന്താ പറഞ്ഞത് ന്ന്…? ” ഞാൻ അടുത്ത് ചെന്ന് വീണ്ടും ചോദിച്ചു. “അറിഞ്ഞിട്ടെന്തിനാ? ഇനിയും വല്ല പരീക്ഷണവും നടത്താനുണ്ടോ? ” “ആ… അറിഞ്ഞിട്ട് എനിക്കൊരു കാര്യമുണ്ട് എന്തേ? ” “എന്നാ കേട്ടോ നിന്റെ പാചകം കാരണം ചെക്കന് ഫുഡ്‌ പോയ്സൺ ആയി.ചാവാഞ്ഞത്ത് നല്ല കാലം. ” പിന്നെ… അത് ചുമ്മാ. ചാവുകയൊന്നും ഇല്ല. എന്നെ പേടിപ്പിക്കാൻ. അല്ലാതെന്താ. “ആ ദോശ തന്നെയല്ലേ ഞാനും കഴിച്ചത്. എന്നിട്ട് എനിക്കൊരു കുഴപ്പവും ഇല്ലല്ലോ? “

“നിനക്കെങ്ങനെ കുഴപ്പം വരും. അതിൽ കൂടുതല് കഴിച്ചത് അവനല്ലേ. നീ അല്ലല്ലോ? ” “അതെ .. എന്നാലും….. ” “ഒരെന്നാലും ഇല്ല. മിണ്ടാതെ വന്ന് കിടന്നുറങ്ങാൻ നോക്കടി. ” പിറ്റേന്ന് രാവിലെ തന്നെ മുത്തു ഉഷാറായി. കൂടെ ഞാനും. വെറും സഹായി. “ഇവളിനി ഈ അടുക്കളയിൽ എങ്ങാനും കയറിന്ന് ഞാനറിഞ്ഞാൽ…. നിനക്കായിരിക്കും എന്റെ കൈയിൽന്ന് കിട്ടുക. ” ഓഫീസിൽ പോകുന്നതിനു മുൻപ് രാജീവേട്ടൻ മുത്തുവിന് കൊടുത്ത താക്കീതാണ്. ആ താക്കീത് പക്ഷെ എന്റെ വാശി കൂട്ടുകയാണ് ഉണ്ടായത്. ഇവിടെ എന്ത് ഭൂകമ്പം ഉണ്ടായാലും വേണ്ടില്ല. പാചകമെന്ന ആ കുമാരസംഭവം പഠിച്ചിട്ട് തന്നെ ബാക്കി കാര്യം. ഞാൻ തീരുമാനിച്ചു.

എന്റെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് രാജീവേട്ടനെ കൊണ്ട് ഞാൻ പറയിപ്പിക്കും “അരേ വാഹ്… “ന്ന്. ഇല്ലങ്കിൽ എന്റെ പേര് അങ്ങേരുടെ കെട്ട്യോൾക്ക് ഇട്ടോട്ടെ. പിന്നീടങ്ങോട്ട് ഒരു യുദ്ധമായിരുന്നു. അടുക്കളയെന്ന പോർഭൂമിയിൽ ഞാനും കുറെ പാത്രങ്ങളും പച്ചക്കറികളും മറ്റുമൊക്കെ കൂടെ. എനിക്ക് സഹായത്തിന് അർജ്ജുനൻ കൃഷ്ണനെന്ന പോലെ മുത്തുവും. അങ്ങനെ ഒരുപാട് നാളത്തെ പരിശ്രമങ്ങൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ ഞാൻ പാചകം പഠിച്ചു. നല്ലൊരു കുക്കറായി. പക്ഷെ ഇതുവരെ എന്റെ പാചകം രാജീവേട്ടന് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. എന്തോ കൊടുക്കാനൊരു പേടി. സ്വന്തം ഭാര്യ നല്ലൊരു കുക്കറായത് അറിയാത്ത പാവം ഭത്ത്രാവ്.

ആയിടയ്ക്കാണ് മുത്തുവിന് നാട്ടിൽ പോകണമെന്ന് ഒരേ നിർബന്ധം. കാര്യമെന്താണെന്ന് ചോദിച്ചിട്ടാണെങ്കിൽ ചെക്കൻ പറയുന്നുമില്ല. പിന്നെ കുറേ സെന്റിയടിച്ചു നോക്കിയപ്പോൾ അവൻ തുറന്നു പറഞ്ഞു. അവന്റെ മാമാ പൊണ്ണുക്ക് തിരുമണമാണ് പോലും. അവൾക്ക് തിരുമ്മാൻ ഇവനെന്തിനാ ഇവിടെ കിടന്ന് കയർ പൊട്ടിക്കുന്നേ. ഇനി ഇവനാണോ തിരുമേനി. ഞാൻ ആലോചിച്ചു. പക്ഷെ അവൻ പിന്നീട് പറഞ്ഞത് കേട്ട് ഞാൻ വായും പൊളിച്ചിരുന്നു. മാമാ പൊണ്ണിനോട്‌ ഇവന് കാതലാണത്രെ. അവൾക്ക് തിരിച്ചും. ഇവന് നല്ലൊരു ജോലിയില്ലെന്ന് പറഞ്ഞാണ് മാമൻ ഇവന് അവളെ കെട്ടിച്ചുകൊടുക്കാത്തത്.

അതിനാണ് അവൻ ഇവിടെ ഇങ്ങനെ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ തേരാപാരാ നടന്നത്. കാര്യം അറിഞ്ഞപ്പോൾ രാജീവേട്ടൻ അവനെ കുറെ ആശ്വസിപ്പിച്ചു. കല്യാണം മുടക്കാനുള്ള എന്തൊക്കെയോ വഴികളും പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ശേഷം അവനെ നാട്ടിലേക്ക് വണ്ടി കയറ്റി വിട്ടു. എന്ത് സഹായത്തിനും വിളിക്കാനും രാജീവേട്ടൻ പറഞ്ഞ് ഏൽപ്പിക്കുന്നത് കണ്ടു. വൈകുന്നേരം മുത്തുവിനെ യാത്രയാക്കി വന്നത് മുതൽ രാജീവേട്ടന് ഒരുമാതിരി പോലീസുകാരുടെ നോട്ടവും ഭാവവുമായിരുന്നു. നാളെ മുതൽ കുറച്ചു ദിവസത്തേക്ക് മുത്തു സ്ഥലത്തില്ലല്ലോ.

ഭക്ഷണകാര്യം എന്താവുമെന്നായിരിക്കും ചിന്ത. ഞാൻ മനസ്സിൽ കരുതി. ഇത് എനിക്കൊരു സുവർണാവസരമാണ്. എന്റെ കഴിവ് തെളിയിക്കാനുള്ള അവസരം. രാജീവേട്ടൻ ചിന്തിച്ചു വേവലാതിയോടെ നടക്കുമ്പോൾ ഞാൻ നല്ല ധൈര്യത്തിൽ തലയുയർത്തി തന്നെ നടന്നു. കാരണം എനിക്ക് എല്ലാം പഠിപ്പിച്ചു തന്നിട്ടല്ലേ മുത്തു പോയത്. അത് ഈ ചങ്ങായിക്ക് അറിയില്ലല്ലോ. കഷ്ടം. രാവിലെ നേരത്തെ എഴുന്നേറ്റ് അടുക്കളയിൽ കയറി. ചായയുണ്ടാക്കി. പിന്നെ ബ്രേക്ക്‌ ഫാസ്റ്റിന് ഇടിയപ്പവും കടലക്കറിയും. എല്ലാം കഴിഞ്ഞപ്പോൾ രാജീവേട്ടന് ഒരു ഗ്ലാസ്‌ ചായയുമായി റൂമിലേക്ക് ചെന്നു.

ആള് കുളി കഴിഞ്ഞ് ഇറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാനാ ചായ രാജീവേട്ടന് നേരെ നീട്ടി. രാജീവേട്ടൻ എന്നെയും കപ്പിലേക്കും മാറി മാറി നോക്കിയതല്ലാതെ അത് വാങ്ങിച്ചില്ല. എങ്ങനെ ധൈര്യത്തോടെ വാങ്ങി കുടിക്കും ലെ. “പേടിക്കണ്ട. ഒരു ഗ്ലാസ്‌ ചായ ഞാനും കുടിച്ചതാ. ” “അതിന് നിനക്ക് ഒന്നും ഏൽക്കില്ലല്ലോ? ഇപ്പോഴാണെങ്കിൽ മുത്തുവും ഇല്ല. ” “വേണെങ്കിൽ കുടിക്ക്. ” ഞാനാ ഗ്ലാസ്‌ ടേബിളിൽ വെച്ചു. അല്ല പിന്നെ. പേടിയുള്ളോര് കുടിക്കേണ്ട. ശേഷം രാജീവേട്ടനുള്ള ഡ്രസ്സ്‌ ഇന്നലെ അയേൺ ചെയ്തു വെച്ചത് ബെഡിൽ എടുത്തു വെച്ചു. ആദ്യത്തെ അനുഭവമായത് കൊണ്ടാകും രാജീവേട്ടൻ അന്തം വിട്ടു നിൽപ്പുണ്ടായിരുന്നു.

നിൽപ്പ് കണ്ടിട്ട് ആ തലയ്ക്കകത്ത് ഉണ്ടായിരുന്ന കിളികളെല്ലാം ഈ രാജ്യം തന്നെ വിട്ടുപോയ ലക്ഷണമാണ്. ഞാൻ തിരിച്ചു അടുക്കളയിലേക്ക് തന്നെ പോന്നു. മീനു പോകുന്നത് നോക്കി സംശയിച്ചു സംശയിച്ചാണ് രാജീവ്‌ ചായയെടുത്ത് ചുണ്ടോട് ചേർത്തത്. ഒരിറക്ക് കുടിച്ചതും അവൻ അത്ഭുതത്തോടെ മീനു പോയ വഴിയെ നോക്കി പുഞ്ചിരിച്ചു. മനസ് നിറഞ്ഞൊരു ചിരി. പാചകം കഴിഞ്ഞ യുദ്ധഭൂമി വൃത്തിയാക്കി കൊണ്ടിരുന്നപ്പോൾ ആണ് രാജീവേട്ടൻ ഹാളിലേക്ക് വന്നത്. അത് കണ്ടതും ഉണ്ടാക്കിയ ഭക്ഷണം ഞാൻ ഡൈനിങ് ടേബിളിൽ എടുത്തു വെച്ചു. എന്നിട്ട് ആ മുഖത്തേക്ക് ഒന്ന് നോക്കി. എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ രാജീവേട്ടൻ ഉടനെ വന്ന് കസേരയിലിരുന്നു. അത് പണ്ടും അങ്ങനെയായിരുന്നല്ലോ.

പരസ്പരം നോട്ടങ്ങളിലൂടെ പ്രണയിച്ചു നടന്നവരല്ലേ ഞങ്ങൾ. മിഴികളികൂടെ പരസ്പരം മനസ് അറിഞ്ഞവർ. പുഞ്ചിരിയോടെ ഞാൻ എല്ലാം വിളമ്പി കൊടുത്തു. ആ സമയം എന്നെ നോക്കുന്ന ആ കണ്ണുകളിൽ അത്ഭുതമായിരുന്നു. എന്നോട് ഇപ്പോഴും പരിഭവത്തിൽ തന്നെയാണെങ്കിലും രാജീവേട്ടൻ അത് ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ വയറു നിറഞ്ഞു. മനസും. എന്റെ പാചകം പരീക്ഷിക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു രാജീവേട്ടൻ അന്ന് ഓഫീസിൽ പോയില്ല. ഞാൻ എന്തൊക്കെ എങ്ങനെയൊക്കെ ചെയ്യുന്നുവെന്ന് നോക്കി എന്റെ നിഴൽ വെട്ടത്ത് തന്നെ ഉണ്ടായിരുന്നു.

കുഴപ്പമില്ലന്ന് തോന്നിയത് കൊണ്ടാവും പിറ്റേന്ന് ഓഫീസിൽ പോയി. കാൽ പൂർണമായും ഭേദമായിട്ടേ വരുന്നുള്ളുന്ന് പറഞ്ഞ് ഞാൻ കുറച്ചു ദിവസം കൂടി ലീവ് നീട്ടി വാങ്ങിച്ചു. ദിവസങ്ങൾ കഴിയും തോറും ഞങ്ങൾ തമ്മിലുള്ള സംസാരങ്ങളും കുറഞ്ഞു കൊണ്ടിരുന്നു. രാജീവേട്ടൻ അത്യാവശ്യകാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇപ്പൊ എന്നോടൊന്ന് മിണ്ടുന്നു കൂടിയുള്ളൂ. അതും അളന്നു മുറിച്ചത് പോലെ. രാജീവേട്ടന് തികച്ചും ഞാനൊരു അന്യയായത് പോലെ. ദിവസങ്ങൾ പോകുന്നതിന് അനുസരിച്ചു രാജീവേട്ടൻ എന്നിൽ നിന്നും ഒരുപാട് അകന്നു കൊണ്ടിരിക്കുകയായിരുന്നു. മുത്തു ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.

എന്തെങ്കിലും മിണ്ടാനും പറയാനും ആരെങ്കിലും ഉണ്ടായേനെ. കല്യാണം മുടങ്ങിയതിന്റെ സന്തോഷത്തിലാണ് അവൻ. കുറച്ചു ദിവസം അവൻ നാട്ടിൽ നിൽക്കട്ടെയെന്ന് ചോദിച്ചപ്പോൾ സമ്മതിക്കുകയും ചെയ്തു. രാജീവേട്ടന്റെ മനോഭാവം ഇങ്ങനെ ആണെങ്കിൽ കൂടി അങ്ങേരുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തി. രാജീവേട്ടന് വേണ്ട ഭക്ഷണം ഉണ്ടാക്കിയും ഡ്രസ്സ്‌കൾ അലക്കി തേച്ചു കൊടുത്തും ക്ഷീണിച്ചു വന്നുകയറുമ്പോൾ ഓരോന്ന് അന്വേഷിച്ച് പിറകെ നടന്നും അങ്ങനെ അങ്ങനെ….എല്ലാം കൊണ്ടും ഞാൻ രാജീവേട്ടന്റെ ഉത്തമയായ ഭാര്യയാവുകയായിരുന്നു.

എന്റെ പ്രവർത്തിയിൽ എനിക്ക് തന്നെ അതിശയം തോന്നി. എന്റെ ലോകം രാജീവേട്ടൻ മാത്രമായ് ചുരുങ്ങിയത് പോലെ. രാജീവേട്ടൻ ഓഫീസിൽ പോയിക്കഴിഞ്ഞാൽ ഉള്ള ഫ്ളാറ്റിലെ ഏകാന്തതയിൽ നിന്ന് രക്ഷപെടാൻ ലീവ് ക്യാൻസൽ ചെയ്ത് ജോലിക്ക് പോയി തുടങ്ങി. അവിടുത്തെ വർക്ക്‌കളുടെ തിരക്ക് ഒരു പരിധി വരെ രാജീവേട്ടനുമായുള്ള മൗനത്തിൽ നിന്നും ആശ്വാസമേകി. എന്നാലും രാജീവേട്ടന്റെ കാര്യങ്ങളിൽ ഒരു കുറവും വരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. അവധി ദിവസമായത് ഇന്ന് കൊണ്ട് ഇച്ചിരി വൈകിയാണ് എണീറ്റത്. അടുക്കളയിൽ ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു.

രാജീവേട്ടൻ ഹാളിൽ ടി. വി. യും കണ്ടോണ്ട് ഇരിപ്പുണ്ട്. എന്തോ രാവിലെ എണീറ്റപ്പോൾ തൊട്ട് രാജീവേട്ടന് എന്നോട് എന്തോ പറയാനുള്ളത് പോലെ. പലതവണയായി എന്നെ ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്നു. ഇത്രയും പറയാൻ മടിക്കുന്ന കാര്യം എന്തായിരിക്കും. ഞാനാലോചിച്ചു. അപ്പോഴാണ് പുറത്ത് ആരോ വന്നത്. ബെല്ലടിക്കുന്നത് കേട്ട് രാജീവേട്ടൻ ചെന്നു ഡോർ തുറന്നു. അടുക്കളയിൽ നിന്നും എത്തി നോക്കിയ എനിക്ക് അകത്തേക്ക് കയറിവരുന്നവരെ കണ്ട ഒരുപാട് സന്തോഷം തോന്നി. മാളുവും സഞ്ജുവേട്ടനുമായിരുന്നു. ഞാൻ ഓടിച്ചെന്ന് അവളെ കെട്ടിപിടിച്ചു. പക്ഷെ രണ്ടു പേരും എന്നെ എന്തോ ആദ്യമായി കാണുന്നത് പോലെ നോക്കി നിൽക്കുകയായിരുന്നു.

“ഇതാരാ മീനു മുത്തശ്ശിയോ? ” സഞ്ജുവേട്ടനായിരുന്നു. “കളിയാക്കണ്ട. ” ഞാൻ ചുണ്ട് കൂർപ്പിച്ചു. “കളിയാക്കിയതല്ല. കോളേജിൽ ഓണം സെലിബ്രേഷന് തന്നെ മുത്തശ്ശിടെ സെറ്റ് മുണ്ട് ഉടുക്കാൻ പറഞ്ഞാൽ കൂട്ടാക്കാത്ത ആള് ആ വേഷത്തിൽ നിൽക്കുന്നത് കണ്ട് ചോദിച്ചതാണേ അല്ലെ സഞ്ജുവേട്ടാ? ” “ശെരിയാ. രാജീവിന് കേൾക്കണോ എഞ്ചിനീയറിംഗ്ന് പഠിക്കുമ്പോ ഓണാഘോഷത്തിന് ഈ വേഷം ഇടാൻ പറഞ്ഞ് ഈ രണ്ടുംകൂടി നിരാഹാരം വരെ കിടന്നിട്ടുണ്ട്. ഒരുത്തി ഇടണംന്നും ഒരുത്തി ഇടില്ല്യന്നും.പിന്നെ എങ്ങനൊക്കെയോ അത് ഒത്തുതീർപ്പാക്കി.

അതാ ഞങ്ങൾ അങ്ങനെ ചോദിച്ചത്. ” “അത്…. പിന്നെ….. രാജീവേട്ടന് ഇതാ ഇഷ്ടം. ” ഞാൻ പറഞ്ഞത് കേട്ട് രണ്ടും വായപൊളിച്ചു. ഒപ്പം രാജീവേട്ടന്റെ കണ്ണുകൾ ഒന്ന് തിളങ്ങിയത് പോലെ. അതുകേട്ട് സഞ്ജുവേട്ടൻ രാജീവേട്ടനോട് എന്തൊക്കെയോ കളി പറയാൻ തുടങ്ങി. ഞാൻ മാളുവിനെയും കൂട്ടി അടുക്കളയിലേക്കും പോന്നു. നാലുപേരും ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഇരിക്കുകയായിരുന്നു. “ഇനി ഞങ്ങള് വന്ന കാര്യം പറയാം. മാളു അതങ്ങ് എടുത്തു കൊടുക്ക്. ” ഉടനെ മാളു ബാഗിൽ നിന്നും ഒരു എന്വെലോപ് എടുത്തു രാജീവേട്ടനെ ഏൽപ്പിച്ചു. അത് തുറന്നു നോക്കിയ രാജീവേട്ടന്റെ മുഖം ആദ്യം അത്ഭുതവും പിന്നീട് അവരെ നോക്കി ഒരു കള്ളചിരിയും ചിരിക്കുന്നത് കണ്ടു.

എന്താണെന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ട് രാജീവേട്ടന്റെ അടുത്ത് ചെന്ന് കൈയിലേക്ക് എത്തിനോക്കി. അതൊരു കല്യാണക്ഷണക്കത്തായിരുന്നു. അതിൽ എഴുതിയിരിക്കുന്ന പേരുകൾ വായിച്ച് ഞാനും അതിശയിച്ചു. സഞ്ജയ്‌ വെഡ്സ് മാളവിക “എല്ലാരും കൂടി തീരുമാനിച്ചു. ഞങ്ങളങ്ങ് സമ്മതിച്ചു കൊടുത്തു. ” “ഓഹ്… അപ്പൊ അതായിരുന്നല്ലേ വന്നപ്പോൾ തൊട്ട് എന്തിനും ഏതിനും അല്ലെ മാളു അല്ലെ സഞ്ജുവേട്ടാ ന്നൊരു അഭിപ്രായം ചോദിക്കൽ.? ” ഞാൻ കുസൃതിയോടെ ചോദിച്ചു. “എല്ലാം പെട്ടന്ന് ആയിരുന്നു. നിന്നോട് നേരിട്ട് പറയാമെന്ന് ഇവളാ പറഞ്ഞത്.

ഒരു സർപ്രൈസ്. ” ആ സർപ്രൈസ് ഏതായാലും പൊളിച്ചു. ഒത്തിരി സന്തോഷമായി. രണ്ടു ആഴ്ച കൂടി കഴിഞ്ഞാൽ കല്യാണമായി. “എന്നാൽ നിങ്ങള് തിരിച്ചു പോകുമ്പോൾ ഇവളെകൂടി കൊണ്ടുപോയ്ക്കോ. ഞാൻ വിവാഹം അടുപ്പിച്ച് വന്നോളാം. ” പെട്ടന്ന് രാജീവേട്ടൻ പറഞ്ഞത് കേട്ട് ഞാനാ മുഖത്തേക്ക് നോക്കി. അവിടെ പ്രത്യേക ഭാവമാറ്റമൊന്നും ഉണ്ടായിരുന്നില്ല. അവരും ആ അഭിപ്രായത്തെ ശെരിവെച്ചു. പക്ഷെ എനിക്കെന്തോ അതുൾക്കൊള്ളാൻ സാധിച്ചില്ല. രാജീവേട്ടനെ വിട്ടു നിൽക്കാൻ കഴിയില്ലെന്നത് തന്നെയായിരുന്നു കാരണം.

ഇവിടെ എന്നോട് പിണക്കമാണെങ്കിലും എനിക്ക് ദിവസവും കാണാമല്ലോ. എന്നോട് ഒന്ന് ആലോചിക്കുക കൂടി ചെയ്യാതെ എന്തിനാ അങ്ങനെ പറഞ്ഞതെന്ന് ചോദിക്കണം. അവരെയും കൂട്ടി പുറത്ത് കറങ്ങാൻ പോകാൻ വേണ്ടി ഒരുങ്ങാൻ റൂമിൽ ചെന്നപ്പോഴാണ് പിന്നീട് രാജീവേട്ടനെ തനിച്ചു കിട്ടിയത്. “ഞാൻ ഇവിടെ തന്നെ നിൽക്കും. ” “എന്നാ ശരി ഞങ്ങള് പോയിട്ട് വരാം. ” “അതല്ല. ഞാൻ അവരുടെ കൂടെ നാട്ടിലേക്ക് പോകില്ലന്ന്. ഞാൻ രാജീവേട്ടന്റെ കൂടെ ഉള്ളൂ. ” “പോയെ പറ്റൂ. പോകുമ്പോൾ തന്റെ എല്ലാ സാധനങ്ങളും കൊണ്ടുപോയ്ക്കോ. ഒരുപക്ഷെ ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല. “

“അതെന്താ? ” മറുപടി പറയാതെ രാജീവേട്ടൻ ഷെൽഫിൽ നിന്നും ഒരു കോവറെടുത്ത് എനിക്ക് നീട്ടി. സംശയത്തോടെ അത് തുറന്നു നോക്കിയപ്പോൾ ഒരുനിമിഷം എന്റെ ശ്വാസം നിലച്ചുപോയി. നെഞ്ചിലൊരു കത്തി കുത്തിയിറക്കിയ വേദന. കണ്ണുകൾ നിലയ്ക്കാതെ പെയ്തു കൊണ്ടിരുന്നു. ഒരു കുലുക്കവുമില്ലാതെ നിൽക്കുന്ന രാജീവേട്ടനെ ഞാൻ തലയുയർത്തി നോക്കി. “നീ ആവശ്യപ്പെട്ട സാധനം. ഡിവോഴ്സ്. ഞാൻ സൈൻ ചെയ്തിട്ടുണ്ട്. നാട്ടിൽ ചെന്ന് അച്ഛനോടൊക്കെ സംസാരിച്ച് ബാക്കി എന്താന്ന് വെച്ചാൽ ചെയ്തോ. എവിടെയാന്ന് വെച്ചാൽ പറഞ്ഞാൽ മതി ഞാൻ വന്നോളാം. “

“രാജീവേട്ടാ… ഇത്….. ഞാൻ അന്ന് അപ്പോഴത്തെ അവസ്ഥയിൽ….. ” “ഇനി ഇതിനെക്കുറിച്ചൊരു സംസാരം വേണ്ട. വിവാഹം കഴിഞ്ഞാലെങ്കിലും നിന്നെ പറഞ്ഞു മനസിലാക്കാമെന്ന് ഞാൻ വിചാരിച്ചു. പക്ഷെ അപ്പോഴും നിന്റെ നിലപാടിൽ മാറ്റമില്ലായിരുന്നു. ഒരു തവണ പോലും എനിക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ നീ ശ്രമിച്ചില്ല. എന്റെ പ്രതീക്ഷകളും അവസാനിച്ചു. കഴുത്തിലൊരു താലി കെട്ടിയെന്ന ബന്ധം മാത്രമേ നമ്മൾ തമ്മിലുള്ളൂ. മറന്നേക്ക്. ” എത്ര ലാഘവത്തോടെയാണ് രാജീവേട്ടൻ പറഞ്ഞത്. “രാജീവേട്ടാ പ്ലീസ്…. ഞാനൊന്ന്….. ” “വേണ്ട മീനു.

പറഞ്ഞു മുഷിയണ്ട. അപ്പുറത്ത് അവരൊക്കെ ഉണ്ട്. ഒരു സീൻ ഉണ്ടാക്കേണ്ട. ” രാജീവേട്ടൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. ഇത്രേയുള്ളോ എന്നോടുള്ള സ്നേഹം. ഇതിന് വേണ്ടിയായിരുന്നോ…… ഞാൻ സ്വയം ചോദിച്ചു. “ഇത്രയും ആയിട്ടും എന്നെ മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ വേണ്ട. ഇതിൽ കൂടുതൽ മനസിലാക്കി തരാൻ എനിക്കും അറിയില്ല. ശരി. സമ്മതം. രാജീവേട്ടനും അത് തന്നെയാണ് താല്പര്യമെങ്കിൽ എനിക്കും സമ്മതം. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത്. ” പറഞ്ഞു കഴിഞ്ഞ് കണ്ണ് തുടച്ച് കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു.

(തുടരും)

രാജീവം : ഭാഗം 9