Friday, November 15, 2024
Novel

പ്രിയനുരാഗം – ഭാഗം 15

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


“മോള് പോയിട്ടുണ്ടോ എന്നിട്ട് ഇതുവരെ പറഞ്ഞില്ലല്ലോ ?!” സാവിത്രി ആശ്ചര്യത്തോടെ ചോദിച്ചു .

” ഞാൻ ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനു മുമ്പ് ചുമ്മാ ഒന്ന് കറങ്ങാൻ ഇറങ്ങിയതാ അപ്പോൾ പാലക്കാട് ഒന്ന് പോവാം എന്ന് തോന്നി .

അച്ഛനും അമ്മയും പറഞ്ഞു കേട്ട അറിവേ ഉള്ളു അവിടെ .

വേറെ എങ്ങോട്ടും പോയില്ല ആ അമ്പലത്തിൽ മാത്രം പോയി തൊഴുതു വന്നു .

അവിടെ ആർക്കും എന്നെ അറിയില്ലല്ലോ അത് കൊണ്ട് തറവാട് ഒന്നും അന്വേഷിച്ചു ഞാൻ പോയില്ല .അമ്മക്ക് വല്യ ആഗ്രഹം ആയിരുന്നു ഒരിക്കൽ കൂടി അവിടെ പോവണം എന്ന് .

അമ്മ പറഞ്ഞു തന്ന അതെ പോലെ ഉണ്ട് ഒരു വ്യത്യാസവും ഇല്ല . അമ്മയുgടെ ആഗ്രഹം എന്നിലൂടെ നടക്കാൻ ആയിരിക്കും വിധി . ”

കണ്ണ് നിറഞ്ഞു ഒഴുകാതിരിക്കാൻ പ്രിയ പാടുപെട്ടു . അത് കണ്ടപ്പോൾ എല്ലാവർക്കും സങ്കടം വന്നു .

പ്രിയ എന്തോ പണി തരാൻ പോവാണ് എന്ന് വിചാരിച്ച ഗൗതമിനു അവളുടെ ഈ മാറ്റം കണ്ടപ്പോൾ പാവം തോന്നി .ആരും ഒന്നും മിണ്ടിയില്ല കുറച്ചു നേരത്തേക്ക് .

” കണ്ണൻ പോയിട്ടുണ്ട് ദേവു ചേച്ചി . ഞങ്ങൾക്ക് വീഡിയോ കാണിച്ചു തന്നിരുന്നു . അവൻ പിന്നെ അമ്പലത്തിന്റെ ഉള്ളിൽ ഒന്നും കയറില്ല .

അതോണ്ട് പുറത്തുന്നുള്ള വിശ്വാൽസ് ഒക്കെ കാണിച്ചു തന്നു .” കിച്ചു വിഷയം മാറ്റാനായി പ്രിയയോട് പറഞ്ഞു .

“വീഡിയോ നിങ്ങള് കണ്ടോ ?!” പ്രിയ ചോദിച്ചത് കിച്ചുവിനോടാണെങ്കിലും നോക്കിയത് ഗൗതമിനെ ആണ് .

“ടീവിയിൽ പെൻഡ്രൈവ് കണ്ണെക്ടഡ് ആണ് .ഞാൻ പ്ലേ ചെയ്‌യാം ” കിച്ചു പറഞ്ഞു .

പ്രിയ ഗൗതമിനെ നോക്കി അവൻ ഒന്ന് ഇളിച്ചു കാണിച്ചു . പ്രിയ വീഡിയോ കണ്ടു .

“ഇതിലെന്തോ കുറവുള്ളത് പോലെ ഉണ്ട് !” പ്രിയ ആരോടെന്നില്ലാതെ പറഞ്ഞു . ഗൗതം ഒന്ന് ഞെട്ടിയോ !!

“എന്ത് കുറവ് ?!” കിച്ചു ചോദിച്ചു .

“അത് … പിന്നെ …നേരിട്ട് കാണണം ഇങ്ങനെ കണ്ടാൽ ശെരിക്ക് മനസിലാവൂല . നല്ല വൈബ് ഉള്ള അമ്പലം ആണ് .” പ്രിയ കിച്ചുവിനോട് പറഞ്ഞു .

“നമ്മുക്ക് ഒന്ന് പോയാലോ ഇവരുടെ നാട്ടിൽ നമ്മളെ മൂന്ന് പേരെയും ആർക്കും അറിയില്ലല്ലോ .അച്ഛനും അമ്മയും വരേണ്ട . നമുക്ക് ഒരു ട്രിപ്പും ആവും .” കിച്ചു പറഞ്ഞു .

“ഞാൻ എപ്പഴേ റെഡി പക്ഷെ അച്ഛനും അമ്മയും വന്നോട്ടെ . ഇനി ആരെ പേടിക്കാൻ ആണ് . ” പ്രിയ പറഞ്ഞു .

“അത് തന്നെയാ എനിക്കും പറയാൻ ഉള്ളത് . അമ്മക്ക് എപ്പോഴും അമ്മേന്റെ നാടിനെ കുറിച്ച് പറയലാണ് പണി . ഇനി ആരെ പേടിച്ച പോവാതിരിക്കുന്നെ .” ഗൗതം പ്രിയയുടെ അഭിപ്രായത്തോട് യോജിച്ചു .

“അമ്മേ എനിക്കും കിണ്ണനും ഒരു കാര്യത്തിലും ഒരേ അഭിപ്രായം ഇല്ലാന്നല്ലേ അമ്മ പറയാറ് . ഇപ്പോൾ ഒരേ അഭിപ്രായങ്ങൾ ഉള്ള രണ്ടു പേരായല്ലോ നമ്മളുടെ വീട്ടിൽ !!!! ” കിച്ചു പറഞ്ഞു .

അത് കേട്ട് ഗൗതമിന്റെയും പ്രിയയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു .

“എന്നാൽ നമ്മുക്ക് പോയാലോ അമ്മേ ?!” പ്രിയ ചോദിച്ചു .

“എങ്ങോട്ട് പോകുന്ന കാര്യം ആണ് ദേവു മോള് ചോദിക്കുന്നെ ?!” ഇത് കേട്ട് കൊണ്ട് വന്ന കൃഷ്ണൻ ചോദിച്ചു .

സാവിത്രി കാര്യങ്ങളൊക്കെ കൃഷ്ണനോട് പറഞ്ഞു കൊടുത്തു .

“മക്കൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ നമുക്ക് പോവാടോ ഭാര്യേ ” കൃഷ്ണൻ സാവിത്രിയെ നോക്കി പറഞ്ഞു .

“എന്നാൽ നമുക്ക് ഒന്ന് പ്ലാൻ ചെയ്യണം . ” കിച്ചു ഉത്സാഹത്തോടെ പറഞ്ഞു .

“ഹോളിഡേയ്‌സ് വരുമ്പോൾ നോക്കാം . ഇപ്പോൾ നീ വല്ലാണ്ട് പ്ലാൻ ചെയ്യണ്ട . നിനക്കു എന്താ ഇത്ര തിടുക്കം എന്ന് എനിക്ക് അറിയാം .!” കൃഷ്ണൻ കിച്ചുവിനെ കളിയാക്കി പറഞ്ഞു .

“അവനെന്തിനാ തിടുക്കം ?” പ്രിയ ചോദിച്ചു .

“അവനു ഇവിടന്നു ഒന്നിനെയും വളക്കാൻ പറ്റുന്നില്ലാലോ . ഇനി അവിടെ പോയി ഒന്ന് നോക്കാനാണ് .എനിക്ക് അറിഞ്ഞൂടെ ഇവനെ .

ഞാൻ അല്ലെ അവന്റെ അച്ഛൻ .” കൃഷ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു . അത് കേട്ട് കിച്ചു ഒഴികെ എല്ലാവരും ചിരിച്ചു .

“അച്ഛാ …. വല്ലാണ്ട് ചിരിക്കല്ലേ . അച്ഛന്റെ മോൻ തന്നെ ആണ് . അത് കൊണ്ട് തന്നെ ആണ് ഇങ്ങനെ . അമ്മയെ അച്ഛന് കളഞ്ഞു കിട്ടിയതൊന്നും അല്ലല്ലോ .

പിറകെ നടന്നു കറക്കി കൊണ്ട് വന്നതല്ലേ . ആ കഴിവൊക്കെ എനിക്കും കിട്ടാതെ ഇരിക്കോ .

ഇല്ലാത്തത്‌ അച്ഛന്റെ മൂത്ത സന്താനത്തിനാണ് . അല്ല പറയാൻ പറ്റില്ല മിണ്ടാ പൂച്ച ആയിരിക്കും ആദ്യം കലം ഒടക്കുന്നത് !!!” കിച്ചു ഗൗതമിനെ ഒന്ന് ആക്കി കൊണ്ട് പറഞ്ഞു .

ഗൗതം അവനെ ഒന്ന് കണ്ണുരുട്ടി നോക്കി എന്നല്ലാതെ ഒന്നും പറഞ്ഞില്ല .

കിച്ചു സാവിത്രിയോട് കണ്ണുകൊണ്ട് എന്തോ പറഞ്ഞു . അത് കണ്ടതും അവർ കൃഷ്ണനെയും വിളിച്ചു കോഫി ഇടട്ടെ എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയി . കിച്ചു കുറച്ചു നേരം കൂടെ ഗൗതമിനോടും പ്രിയയോടും ഓരോന്ന് സംസാരിച്ചു .

നാട്ടിൽ പോകുന്നതായിരുന്നു വിഷയം . പതുകെ അവനും ഒരു കോൾ ചെയ്‌യാൻ ഉണ്ട് എന്ന് പറഞ്ഞു പുറത്തേക്ക് പോയി . ലിവിങ് റൂമിൽ ഗൗതവും പ്രിയയും മാത്രമായി .

എല്ലാരും ചുറ്റും നിന്നപ്പോൾ തോന്നാത്ത എന്തോ ഒരു സ്റ്റാർട്ടിങ് ട്രബിൾ ഇപ്പോൾ ഗൗതമിനു തോന്നി . പ്രിയയോട് എന്തൊക്കെയോ സംസാരിക്കണം എന്നുണ്ടായിട്ടും അവനൊന്നും മിണ്ടാൻ പറ്റുന്നുണ്ടായിരുന്നില്ല .

ഗൗതം പ്രിയ ഇരിക്കുന്ന സീറ്റിനു നേരെ എതിർ വശത്തായിരുന്നു . ഗൗതം എഴുന്നേറ്റു വന്നു അവളുടെ അടുത്തുള്ള സോഫയിൽ വന്നിരുന്നു .ഒരു വിധം അവൻ സംസാരിക്കാൻ തുടങ്ങി .

“നീ എന്തേ എന്നെ കണ്ട കാര്യം പറയാഞ്ഞത് .?!” ഗൗതം ഒരു കുസൃതി ചിരിയോട് പതിഞ്ഞ ചോദിച്ചു .

“പാവമല്ലേ വിചാരിച്ചു . ഇനി വഴക്ക് ഇല്ലെന്നു ഇന്നലെ പറഞ്ഞതാണല്ലോ . അതോണ്ടാ പോട്ടെന്നു വെച്ചത് .” പ്രിയ ഗൗതമിനെ നോക്കി പറഞ്ഞു .

“ഓ അതോണ്ടാണോ !” ഗൗതം ചിരിച്ചു കൊണ്ട് ചോദിച്ചു .

“അതെ. എന്തേ പറയണോ ?! ” പ്രിയ പറഞ്ഞു .

ഗൗതം പ്രിയയുടെ ചെവിക്ക് അരികിലേക്ക് അവന്റെ മുഖം കൊണ്ട് വന്നു .
“അത് നമ്മള് മാത്രം അറിയുന്ന ഒരു രഹസ്യം ആയി ഇരുന്നോട്ടെ .” പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു .

ഗൗതമിന്റെ മീശ പ്രിയയുടെ ചെവിയിൽ തട്ടി ഇക്കിളിയാക്കി . പ്രിയ കണ്ണും തള്ളി നിൽക്കുവായിരുന്നു .

“സമ്മതല്ലേ ?”ഗൗതം മുഖം പുറകോട്ട് വലിച്ചു പ്രിയയെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു .

പ്രിയക്ക് ഒന്നും സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല . അവൾ ഒരു പാവ കണക്കെ സമ്മതം എന്ന് തലയാട്ടി .

“എന്തേ ഒന്നും മിണ്ടാത്തെ ” അവളുടെ ആ കണ്ണും മിഴിച്ചുള്ള നിൽപ്പ് കണ്ട് ഗൗതം ചോദിച്ചു .

അവൾ ഒന്നും ഇല്ല എന്ന് ചുമൽ കൂച്ചി .
ഗൗതം അവളെ നോക്കി ചിരിച്ചു .

‘ഉഫ് .. .. എന്റെ കണ്ട്രോൾ പോവാതെ കാത്തോണേ കണ്ണാ . ആ നല്ല ആളെയ വിളിക്കുന്നെ . അതിന്റെ കൂടെ ഇങ്ങേരെ ഒരു ചിരി.’ പ്രിയ മനസ്സിൽ പറഞ്ഞു .

“നിന്റെ കാലിനു ഇപ്പോൾ എങ്ങനെ ഉണ്ട് ?” ഗൗതം ചോദിച്ചു .

“ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട് .വേദന ഒക്കെ മാറി ” പ്രിയ പറഞ്ഞു .

“നടക്കാൻ കുഴപ്പൊന്നും ഇല്ലല്ലോ . പുറത്തൊക്കെ പോവാൻ പറ്റില്ലേ .” ഗൗതം വീണ്ടും ചോദിച്ചു .

“ഇല്ലെന്നേ . നടക്കാനൊന്നും പ്രോബ്ലം ഇല്ല .എന്തേ ചോദിച്ചേ .” പ്രിയ പറഞ്ഞു .

“ഒന്നും ഇല്ല .ചുമ്മാ ” ഗൗതം പ്രിയയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു .

“എല്ലാവരും വന്നേ കോഫി കുടിക്കാം ” സാവിത്രി ഡൈനിങ്ങ് ഹാളിൽ നിന്നും വിളിച്ചു പറഞ്ഞു .

“വാടോ കോഫി കുടിക്കാം . ഞാൻ കിച്ചുവിനെ കൂട്ടി കൊണ്ട് വരാം .താൻ നടന്നോ ” ഗൗതം പ്രിയയെ നോക്കി പറഞ്ഞു . രണ്ടു പേരും എഴുന്നേറ്റു .

കിച്ചുവിനെയും കൊണ്ട് ഗൗതം അങ്ങോട്ട് വന്നപ്പോഴേക്കും സാവിത്രിയും കൃഷ്ണനും പ്രിയയും ടേബിളിൽ ന്റെ ചുറ്റും ഇരുന്നിരുന്നു .

കിച്ചുവിന്റെ പിറകിൽ നടന്നു വന്നു കൊണ്ടിരുന്ന ഗൗതം അവന്റെ മുന്നിൽ കയറി നടന്നു പ്രിയയുടെ അടുത്തുള്ള കസേരയിൽ വന്നിരുന്നു .

കള്ള കണ്ണന്റെ വിചാരം ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു . പ്രിയ ഒഴികെ ബാക്കി എല്ലാവരുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു .

പ്രിയ കോഫി കപ്പിലേക്ക് പകരുന്ന തിരക്കിൽ ആയിരുന്നു . അതൊക്കെ കഴിഞ്ഞപ്പോൾ ആണ് പ്രിയ ഗൗതമിനെ ശ്രദ്ധിച്ചത് . പക്ഷെ പ്രിയ നോക്കിയപ്പോൾ ഗൗതം അവളെ നോക്കാതെ ഇരുന്നു .

“നമ്മുക്കൊരു സിനിമക്ക് പോയാലോ ?” ഗൗതം ചോദിച്ചു .

“ഓ പോവാലോ 9 മണിയുടെ ഷോ ക്ക് പോകാം . ” കിച്ചു പറഞ്ഞു .

“നിങ്ങള് പോയി വാ ഞാനും അച്ഛനും ഇല്ല ” സാവിത്രി പറഞ്ഞു .

“അതെന്താ അമ്മേ നിങ്ങളും വാ . നാളെ സൺ‌ഡേ അല്ലേ ” ഗൗതം പറഞ്ഞു .

” നാളെ എനിക്ക് കണ്ണൂർ നമ്മുടെ കൺസ്ട്രക്ഷൻ സൈറ്റ് വരെ പോവാൻ ഉണ്ട് കണ്ണാ . നാളെ നേരത്തെ പോകണം . ലേറ്റ് ആയി വന്നു കിടന്നാൽ നേരത്തെ എഴുന്നേൽക്കില്ല അതാ . നിങ്ങള് പോയി വാ ” കൃഷ്ണൻ പറഞ്ഞു .

“ഇനി നീ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ഭാര്യയും ഭർത്താവും വരുന്നുണ്ടെങ്കിൽ ഒരുമിച്ചെ വരൂ ” കിച്ചു പറഞ്ഞു .

“അതേടാ ഞങ്ങൾ അങ്ങനെ ആണ് . നിങ്ങള് മൂന്ന് പേരും പോയിട്ട് വാ ” സാവിത്രി പറഞ്ഞു .

“മോൾക്ക് കാലിനു കുഴപ്പമൊന്നും ഇല്ലല്ലോ . അമ്മ വേണമെങ്കിൽ കൂടെ വരും ” കൃഷ്ണൻ പറഞ്ഞു .

“അതൊന്നും ഇല്ല അച്ഛാ .ഇവര് രണ്ടു പേരും പോയി വന്നോട്ടെ . എല്ലാർക്കും കൂടെ പിന്നെ ഒരുമിച്ചു പോകാം .” പ്രിയ പറഞ്ഞു .

“അതിനു നിനക്കു നടക്കാൻ കുഴപ്പം ഒന്നും ഇല്ലല്ലോ . വേദനയൊക്കെ മാറി എന്നല്ലേ പറഞ്ഞെ . പിന്നെന്താ വന്നാൽ ” ഗൗതം ചാടി കേറി ചോദിച്ചു .

“ദേവു ചേച്ചി വരുന്നില്ലെങ്കിൽ നിനക്കു എന്താ കണ്ണാ . അച്ഛനും അമ്മയും വരാത്തത് കൊണ്ട് ആവും .നീ നമുക്ക് ടിക്കറ്റ് ബുക്ക് ചെയ്തേക്ക് .” കിച്ചു ഒരു സാവിത്രിയേയും കൃഷ്ണനെയും നോക്കി കണ്ണിറുക്കി കാണിച്ചു പറഞ്ഞു .

” അത് .. എന്നാൽ പിന്നെ പോയാലോ . എല്ലാരും കൂടെ പോകാമെന്നാണ് വിചാരിച്ചത് . അച്ഛനും അമ്മയും വരുന്നില്ലല്ലോ .” ഗൗതം പറഞ്ഞു .

“ചേച്ചി വാ .നമ്മുക്ക് പോകാം . ഇവിടെ ഉള്ള ഈ ഇണകുരുവികൾക്ക് നമ്മൾ ഇവിടെ ഇല്ലാതെ സൊള്ളാലൊ .” കിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു .

“ശെരി പോകാം ” പ്രിയ പറഞ്ഞതും ഗൗതമിന്റെ മുഖം തെളിഞ്ഞു .

“ഇനി പോയാലോ ഏട്ടാ ?” കിച്ചു ഒരു ചെറു ചിരിയോടെ ചോദിച്ചു .

“നിനക്കു പോകണമെന്നു ഉണ്ടെങ്കിൽ നമുക്ക് പോകാം .” ഗൗതം മുഖത്തെ സന്തോഷം മറച്ചു പിടിച്ചു കൊണ്ട് പറഞ്ഞു .

“ഇപ്പോൾ അങ്ങിനെ ആയോ .എന്നാൽ പോവണ്ട ” കിച്ചു പറഞ്ഞു .

“എന്തായാലും പോകാമെന്നു വെച്ചതല്ലേ പോയേക്കാം . ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യട്ടെ ” ഗൗതം അതും പറഞ്ഞു ഫോൺ എടുത്തു . കിച്ചുവിന് ചിരി വരുന്നുണ്ടായിരുന്നു .

അപ്പോഴാണ് പുറത്തു ബൈക്ക് ന്റെ ശബ്ദം കേട്ടത് . കിച്ചു പോയി ഡോർ തുറന്നു നോക്കി .

“അല്ല ആരൊക്കെയാ ഇത് . കുറെ ആയിട്ട് ഇങ്ങോട്ട് കാണാറേ ഇല്ലല്ലോ ” കിച്ചു ചോദിച്ചു

“നിനക്കു അങ്ങോട്ടും വരാം കേട്ടോടാ . മാറെടാ അങ്ങോട്ട് . ആന്റിയും അങ്കിൾ ഉം ഇല്ലേ ” ബൈക്കിൽ നിന്നും ഇറങ്ങി വന്ന ഒരു ചെറുപ്പക്കാരൻ കിച്ചുവിനോട് പറഞ്ഞു അകത്തേക്ക് കയറി പോയി .

” കണ്ണൻ ഇവിടെ ഇല്ലേടാ ” കൂടെ വന്ന മറ്റേ ചെറുപ്പക്കാരൻ ചോദിച്ചു .

” അകത്തുണ്ട് എല്ലാവരും . വാ ” അതും പറഞ്ഞു കിച്ചു അകത്തേക്ക് നടന്നു കൂടെ മറ്റേ ആളും .

“ആന്റി……ആദി മോൻ ഇങ്ങെത്തി “നീട്ടി വിളിച്ചുകൊണ്ട് ആദ്യം അകത്തേക്ക് ചെന്ന ആദിത്യൻ പ്രിയയെ കണ്ടു ഒന്ന് ചമ്മി .

“ആദി മോനോ കുറച്ചായല്ലോ കണ്ടിട്ട് . വാ ഇരിക്ക് ” സാവിത്രി പറഞ്ഞു .

“അഭി വന്നില്ലേ ആദി ” കൃഷ്ണൻ ചോദിച്ചു .

“ഞാനും ഉണ്ട് അങ്കിൾ ” കിച്ചുവിന്റെ കൂടെ നടന്നു വന്ന അഭിഷേക് പറഞ്ഞു .

പ്രിയയെ കണ്ടതും അഭിഷേകിന്റെ കണ്ണുകൾ വിടർന്നു .

“ഇതാരാ അങ്കിൾ ?” അഭിഷേക് ചോദിച്ചു .

“ഇത് എന്റെ ഫ്രണ്ട് ന്റെ മോളാണ് . ഞാൻ പറയാറില്ലേ രാമചന്ദ്രനെയും ജാനകിയേയും കുറിച്ച് .അവരുടെ മോളാണ് .പ്രിയദർദിനി . ഞങ്ങളുടെ ദേവു മോള് .

ദേവു ഇത് എന്റെ ഫ്രണ്ട് ശേഖരന്റെ മക്കളാണ് . അഭിഷേക് ,ആദിത്യൻ .” കൃഷ്ണൻ അവരെ പരസ്പരം പരിചയപെടുത്തി . അഭിയും ആദിയും പ്രിയയെ നോക്കി ചിരിച്ചു പ്രിയ തിരിച്ചും .

“അഭി കണ്ണനേക്കാൾ ഒരു വയസിനു മൂത്തതാണ് ആണ് . ആദിയും കിച്ചുവും ഒരേ പ്രായം ആണ് .ഇപ്പോൾ കുറച്ചു ദിവസായിട്ടാണ് ഇങ്ങോട്ട് കാണാത്തത് രണ്ടാളെയും അല്ലെങ്കിൽ ഇവിടെ തന്നെയാ രണ്ടു പേരും .

അഭി ആണ് ഇപ്പോൾ ശേഖരേട്ടനെ ബിസിനെസ്സിൽ സഹായിക്കുന്നത് . അത് കൊണ്ട് അവനു തിരക്കാണ് ഇപ്പോൾ ” സാവിത്രി പ്രിയയോട് അവരെ കുറിച്ച് പറഞ്ഞു .

കിച്ചു ആദിയെയും വിളിച്ചു പ്രിയയുടെ അടുത്തേക്ക് പോയി .
“ദേവു ചേച്ചി ഇവനാണ് എന്റെ ചങ്ക് ” ആദിയുടെ തോളിലൂടെ കൈ ഇട്ടു കൊണ്ട് കിച്ചു പറഞ്ഞു .
ആദിയും പ്രിയയും വേഗം കമ്പനി ആയി .

അഭിയും ഗൗതവും സംസാരിച്ചു കൊണ്ട് ഇരിക്കുവായിരുന്നു . ഇടക്ക് ഇടക്ക് അഭിയുടെ കണ്ണ് പ്രിയയിലേക്ക് നീളുന്നത് ഗൗതമിനു അത്ര പിടിച്ചില്ല .

“കണ്ണേട്ടാ സിനിമക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തോ . നിങ്ങള് സിനിമക്ക് പോവാൻ നിൽക്കുവാന്ന് കിച്ചു പറഞ്ഞു .” ആദി ചോദിച്ചു .

“നിങ്ങള് വന്ന തിരക്കിൽ ഞാൻ അത് മറന്നു .ഇനി എന്തായാലും പിന്നെ പോകാം .” ഗൗതം പറഞ്ഞു .

“അതെന്തിനാ നമുക്ക് എല്ലാവര്ക്കും കൂടെ പോകാം .ഏട്ടൻ ബുക്ക് ചെയ്തോ .” ആദി പറഞ്ഞു .

“എന്ന ശെരി ബുക്ക് ചെയ്‌യാം ” ഗൗതം പറഞ്ഞു .

“ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി .ഞാൻ ഭക്ഷണം റെഡി ആക്കാം .” സാവിത്രി പറഞ്ഞു .

“ആന്റി തിരക്ക് കൂട്ടണ്ട . ഞങ്ങള് നാളെയെ പോവുള്ളു . ” അഭി പറഞ്ഞു .

പ്രിയയും സാവിത്രിയും അടുക്കളയിലേക്ക് പോയി .

രാത്രി ഭക്ഷണം കഴിച്ചു അവര് അഞ്ചുപേരും കൂടി സിനിമക്ക് പോകാൻ റെഡി ആയി . അതിനിടക്ക് അഭി പ്രിയയോട് ഓരോന്ന് സംസാരിച്ചു കൂട്ടായി .

“എന്ന ശെരി അമ്മേ പോയിട്ട് വരാം ” പ്രിയ പറഞ്ഞു .

“അമ്മേ രാത്രി ഞങ്ങളെ കാത്തു ഉറക്കം കളയണ്ട ട്ടോ . എന്റെ കയ്യിൽ സ്പെയർ കീ ഉണ്ട് ഞങ്ങൾ അത് വെച്ച് കയറിക്കോളാം .” ഗൗതം പറഞ്ഞു .

” കണ്ണാ മോളെ നോക്കിക്കോണം ട്ടോ ” സാവിത്രി പറഞ്ഞു .

” ഞാൻ ശ്രദ്ധിച്ചോളാം ആന്റി ” അഭി ചാടി കേറി പറഞ്ഞു . ഗൗതമിനു അത് അത്ര ഇഷ്ടപ്പെട്ടില്ല .

“ദേവു ചേച്ചി മുന്നിൽ ഇരുന്നോളു . “കോ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ ഓപ്പൺ ചെയ്ത് കൊടുത്തു ആദി പറഞ്ഞു .

“ഞാൻ ഓടിക്കാം കണ്ണാ . നീ കീ താ ” പ്രിയ കാറിൽ കയറിയതും അഭി ഗൗതമിന്റെ അടുത്തേക്ക് വന്നു പറഞ്ഞു .

“ഞാൻ ഓടിച്ചോളാം നിങ്ങൾ എല്ലാവരും കയറ് ” അതും പറഞ്ഞു ഗൗതം ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു .
പ്രിയ ഗൗതമിനെ നോക്കിയപ്പോൾ അവൻ നോക്കുന്നെ ഇല്ല . മുഖം വീർപ്പിച്ചു വെച്ചിരുന്നു .

‘ഇങ്ങേർക്ക് എന്താ ഇടക്കിടക്ക് ബാധ കൂടുമോ . ഇടക്കൊക്കെ നല്ല സ്വഭാവം ആയിരിക്കും ചിലപ്പോ തനി കാട്ടു പോത്ത് ‘ പ്രിയ മനസ്സിൽ പറഞ്ഞു .

കാർ ഓടി തുടങ്ങിയതും അഭി പുറകിൽ നിന്ന് പ്രിയയോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി . ബാംഗ്ലൂർ പഠിച്ച കോളേജിനെ കുറിച്ചാണ് സംസാരം . അഭിയും ബാംഗ്ലൂർ ആണ് എം ബി എ ചെയ്തത് .

പ്രിയ ഓരോന്ന് പറഞ്ഞു നിർത്തിയാലും അഭി പിന്നേം പിന്നേം ഓരോന്ന് ചോദിച്ചോണ്ട് വരും . ബാംഗ്ലൂർ ഉള്ള ഓരോ കടകളെ കുറിച്ച് വരെ അവൻ ചോദിക്കുന്നുണ്ട് .

അറിയില്ല എന്ന് പറഞ്ഞാൽ പിന്നേ പ്രിയയ്ക്ക് അതിനെ കുറിച്ച് ഒരു ക്ലാസ് തന്നെ എടുക്കും .

ഗൗതമിനു എല്ലാം കൂടെ ദേഷ്യം വന്നു . അവൻ അത് ഡ്രൈവിംഗ് തീർക്കാൻ നോക്കി . അവൻ കാർ നല്ല സ്പീഡിൽ ആയിരുന്നു ഓടിച്ചിരുന്നത് .

പെട്ടന്ന് സഡൻ ബ്രേക്ക് ഇട്ടപ്പോൾ നടുവിൽ ഇരുന്നു കുറച്ചു മുന്നോട്ട് ആഞ്ഞു പ്രിയയോട് സംസാരിച്ചിരുന്ന അഭി വീഴാൻ പോയി . കിച്ചു പിടിച്ചത് കൊണ്ട് അവനൊന്നുംപറ്റിയില്ല .

“എന്താ കണ്ണേട്ടാ ബ്രേക്ക് ചവിട്ടിയെ ” ആദി ചോദിച്ചു .

“അത് ഒരു പൂച്ചയെ കണ്ടപോലെ തോന്നി ” ഗൗതം പറഞ്ഞു .

“ഈ രാത്രി റോഡിലോ ?!” ആദി ചോദിച്ചു .

“ആ അതല്ലേ പറഞ്ഞത് തോന്നൽ ആയിരുന്നു ” ഗൗതം പറഞ്ഞു .

“അഭിയേട്ടൻ കുറച്ചു പുറകിലേക്കു ചാരി ഇരുന്നോളു കണ്ണന് ഇനി ഇത് പോലെ വല്ല തോന്നലും തോന്നിയാൽ ചിലപ്പോ കാറിന്റെ ഗ്ലാസ് പൊളിച്ചു പുറത്തു പോയെന്നു വരും .” കിച്ചു പറഞ്ഞു .

പിന്നീട് തീയേറ്റർ എത്തുന്നവരെ ആരും ഒന്നും മിണ്ടിയില്ല .

അഭി കാറിൽ നിന്ന് ഇറങ്ങിയത് മുതൽ പ്രിയയോട് ഓരോന്ന് പറഞ്ഞു കൂടെ നടക്കുന്നുണ്ട് . ഗൗതമിന്റെ മുഖം ആണെങ്കിൽ ഇപ്പോൾ പൊട്ടും എന്ന അവസ്ഥയിലും .

ഒന്നും തുറന്നു പറഞ്ഞില്ലെങ്കിലും കിച്ചുവിന് അവന്റെ അവസ്ഥ ശെരിക്കും മനസിലാവുന്നുണ്ടായിരുന്നു .

അഭി ആണെങ്കിൽ “പോപ്‌കോൺ വേണോ പ്രിയ ? ഐസ്ക്രീം ആയാലോ ?” അങ്ങനെ ഓരോന്ന് പറഞ്ഞ് പ്രിയയുടെ പുറകെയും .

ഏറ്റവും മുകളിലത്തെ നിരയിൽ ഉള്ളിൽ ആയിരുന്നു ഇവരുടെ സീറ്റ് . ഗൗതം പ്രിയയോട് ആദ്യം കേറി അറ്റത്തേക്ക് ഇരിക്കാൻ പറഞ്ഞു .

അവൻ അവളുടെ പിറകെ പോവാൻ ഒരുങ്ങിയതും കിട്ടിയ ചെറിയ ഗ്യാപ്പിൽ അഭി പ്രിയയുടെ പിറകെ പോയി അടുത്ത സീറ്റിൽ ഇരുന്നു .

ഗൗതമിന് ദേഷ്യം കണ്ട്രോൾ ചെയ്‌യാൻ പറ്റണേ എന്ന പ്രാർത്ഥനയിൽ ആയിരുന്നു കിച്ചു . ഇല്ലെങ്കിൽ അഭിയുടെ അവസ്ഥ കണ്ടറിയണം .

ഗൗതം അഭിയുടെ അടുത്തും അതിനപ്പുറത് കിച്ചുവും ആദിയും ആണ് ഇരുന്നത് . അവര് കയറി ഇരുന്നതും സിനിമ തുടങ്ങിയത് കൊണ്ട് അഭിക്ക് പിന്നെ പ്രിയയോട് സംസാരിക്കാൻ പറ്റിയില്ല . പ്രിയ സിനിമയിൽ ശ്രദ്ധിച്ചു ഇരിക്കുവായിരുന്നു .

പക്ഷെ ഗൗതമിന്റെ ശ്രദ്ധ മുഴുവൻ പ്രിയയിൽ ആയിരുന്നു . അവന്റെ പ്ലാനിംഗ് മുഴുവൻ എട്ടു നിലയിൽ പൊട്ടിയതിൽ അവനു അവനോട് തന്നെ ദേഷ്യം തോന്നി .

ഇന്റർവെൽ ടൈം ആയപ്പോൾ ആദി എഴുന്നേറ്റു റസ്റ്റ് റൂമിൽ പോയി .

“ഞാനും കിച്ചുവും പോയി ഐസ് ക്രീം വാങ്ങിച്ചു വരാം . പ്രിയക്ക് ഐസ് ക്രീം ഇഷ്ടമാണെന്നു അമ്മ പറഞ്ഞിരുന്നു .” ഗൗതം അഭിയോട് പറഞ്ഞു . തീയേറ്ററിലെ ബഹളം കാരണം പ്രിയ അത് കേട്ടില്ല .

“ഞാൻ പോവാം കണ്ണാ .. നീ ഇവിടെ ഇരിക്ക് ” ഗൗതത്തിനോട് പറഞ്ഞു അഭി പ്രിയക്ക് നേരെ തിരിഞ്ഞു .

“പ്രിയക്ക് ഐസ് ക്രീം ഏത് ഫ്‌ളവർ ആണ് ഇഷ്ട്ടം ” അഭി ചോദിച്ചു .

“അങ്ങനെ ഒന്നും ഇല്ല ” പ്രിയ പറഞ്ഞു .

പ്രിയയോട് പറഞ്ഞിട്ട് അഭി കിച്ചുവിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി . കിച്ചു ശ്രദ്ധിച്ചിരുന്നു ഗൗതം അഭിയോട് പറഞ്ഞതൊക്കെ . അവനു ചിരി വരുന്നുണ്ടായിരുന്നു .

അഭി പോയതും ഗൗതം പ്രിയയുടെ അടുത്തേക്ക് ഇരുന്നു . പ്രിയ അവനെ നോക്കി ചിരിച്ചു . ഗൗതമിന്റെ കണ്ണ് പ്രിയയുടെ ആ പുഞ്ചിരി ആസ്വദിക്കുകയായിരുന്നു .

” സിനിമ എങ്ങനുണ്ട് . നിനക്കു ബോർ അടിക്കുന്നുണ്ടോ ?” ഗൗതം പ്രിയയോട് ചോദിച്ചു .

“കൊള്ളാം കുഴപ്പൊന്നും ഇല്ല ഗൗതമിനു ഇഷ്ട്ടായില്ലേ .” പ്രിയ ചോദിച്ചു .

“അതിനു വല്ലോം കണ്ടിട്ട് വേണ്ടേ ഇതുവരെ ” ഗൗതം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു .

“എന്താ പറഞ്ഞെ.കേട്ടില്ല ” പ്രിയ ചോദിച്ചു .

“കൊള്ളാം എന്ന് പറഞ്ഞതാ ” ഗൗതം പറഞ്ഞു .

“നിനക്ക് കോളേജിൽ ഫ്രണ്ട്‌സ് ഒക്കെ ആയോ ” ഗൗതം ചോദിച്ചു .

“ആ ആയി വരുന്നു .” പ്രിയ പറഞ്ഞു .

“എന്ത് കാര്യം ഉണ്ടെങ്കിലും എന്നോട് വന്നു പറഞ്ഞോളുണ്ട് ” ഗൗതം പറഞ്ഞു .

“അന്ന് ഇങ്ങനെ അല്ലല്ലോ പറഞ്ഞത് . കോളേജിൽ വെച്ച് കണ്ടാൽ മൈൻഡ് ചെയ്യരുത് എന്നല്ലായിരുന്നോ ഓർഡർ ” പ്രിയ ചോദിച്ചു .

“അതൊക്കെ ഞാൻ ചൂടാക്കാൻ ഓരോന്ന് പറയുന്നതാണ് . നിന്നോട് വഴക്കിടക്കാൻ നല്ല രസം ആണ് ” ഗൗതം ചിരിച്ചു കൊണ്ട് പറഞ്ഞു .

“ഞാൻ വന്നു സംസാരിച്ചാൽ ചിലപ്പോ ഇയാളുടെ ഫാൻസിനു ഇഷ്ട്ടപെട്ടെന്നു വരില്ല അത്രേം ആരാധികമാരല്ലേ കോളേജിൽ ” പ്രിയ ഗൗതമിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു .

‘ഉഫ് … ഇങ്ങനെ ചിരിക്കല്ലേ പെണ്ണെ എന്റെ കണ്ട്രോൾ പോവും ‘ ഗൗതം ഒന്നും മിണ്ടാതെ പ്രിയയെ നോക്കി ഇരുന്നു .

അപ്പോഴേക്കും ബാക്കി എല്ലാവരും വന്നു . ഗൗതം വേഗം പ്രിയയിൽ നിന്നും കണ്ണെടുത്തു . ഇവര് വരുന്നത് ശ്രദ്ധിച്ചു നിന്നത് കൊണ്ട് പ്രിയ ഗൗതമിന്റെ മുഖത്തു മിന്നിമാഞ്ഞ ഭാവങ്ങൾ കണ്ടില്ല .

കിച്ചു ഐസ് ക്രീം പിടിച്ചു മുന്നിലും അതിന്റെ പുറകെ ആധിയും അതിനു പുറകിൽ ആയാണ് അഭി വന്നത് .കിച്ചു അവന്റെ കയ്യിൽ ഉള്ള ഐസ് ക്രീം ഗൗതമിനു പ്രിയയ്ക്കും കൊടുത്തു .

അഭിക്ക് പ്രിയയുടെ അടുത്തേക്ക് വരണം എന്നുണ്ടെങ്കിലും ഗൗതം അവനെ നോക്കുന്നു പോലും ഉണ്ടായിരുന്നില്ല .സിനിമ തുടങ്ങിയതും എല്ലാവരും സിനിമയിൽ മുഴുകി .

ഗൗതമിൽ വന്ന മാറ്റം അവനെ തന്നെ അത്ഭുതപെടുത്തി .

ഗൗതം അഭിയെ തിരിഞ്ഞു നോക്കി .അഭിയുടെ ശ്രദ്ധ മുഴുവൻ സിനിമയിൽ ആണ് . ഗൗതമിന്റെ മുഖത്തു ഒരു വിജയച്ചിരി തെളിഞ്ഞു .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4

പ്രിയനുരാഗം – ഭാഗം 5

പ്രിയനുരാഗം – ഭാഗം 6

പ്രിയനുരാഗം – ഭാഗം 7

പ്രിയനുരാഗം – ഭാഗം 8

പ്രിയനുരാഗം – ഭാഗം 9

പ്രിയനുരാഗം – ഭാഗം 10

പ്രിയനുരാഗം – ഭാഗം 11

പ്രിയനുരാഗം – ഭാഗം 12

പ്രിയനുരാഗം – ഭാഗം 13

പ്രിയനുരാഗം – ഭാഗം 14