Sunday, December 22, 2024
Novel

പ്രണയിനി : ഭാഗം 12

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“ഞാൻ പറഞ്ഞത് ശരിയാണെന്ന് നിങ്ങളുടെ മുഖഭാവം പറയുന്നുണ്ട്. നിങ്ങൾ പറയണ്ട. പറയേണ്ട ആൾ തന്നെ പറയും ദേവേട്ടൻ …ഞാൻ കാത്തിരിക്കുകയാണ്.”

നന്ദുവും ഭദ്രയും സ്കൂളിൽ നിന്ന് ഇറങ്ങി.അവർ ഒരുമിച്ച് എന്നും നടന്നു തന്നെയാണ് പോവുക. സ്കൂളിലെ ഒരു ദിവസത്തെ മുഴുവൻ വിശേഷവും പങ്കുവെച്ച്,വഴിയിൽ ഉള്ളവരുടെ കുശലം അന്വേഷിച്ചു. “നന്ദു നീ ഇന്ന് കിച്ചു ഏട്ടനോട് ചോദിച്ചത് എൻറെ മനസ്സിൽ ഞാൻ നൂറായിരം വട്ടം ചോദിച്ചു കൊണ്ടിരുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആയിരുന്നു”
“നിനക്ക് എന്തുകൊണ്ട ഭദ്രേ അങ്ങനെ തോന്നിയത്”

“അങ്ങനെ ചോദിച്ചാൽ… നിനക്കറിയാലോ ഞാൻ നന്ദേട്ടന്റെ(കിച്ചു) കൈപിടിച്ചു നമ്മുടെ വീട്ടിലേക്ക് കയറി വന്ന സാഹചര്യം. അതു കഴിഞ്ഞു ഒരുപാട് നാളുകൾ നന്ദേട്ടനു ദേവദത്തൻ എന്ന പേര് കേൾക്കുന്നത് തന്നെ വെറുപ്പായിരുന്നു.അച്ഛനെയും അമ്മയെയും കാണാൻ തോന്നാറുണ്ടോ എന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ട്. അപ്പോഴും ദേവദത്തൻ,ദുർഗ്ഗ എന്നീ രണ്ടു പേരുകൾ നന്ദേട്ടൻ മറന്നുപോയി എന്നു പോലും എനിക്ക് തോന്നിപ്പോയിട്ടുണ്ട്”

ഭദ്രയുടെ ഉള്ളിലെ വിഷമം വാക്കുകളിലൂടെ നന്ദു തിരിച്ചറിയുകയായിരുന്നു.

“പിന്നീട് കുറെ നാളുകൾക്കു ശേഷം ഇടയ്ക്കെപ്പോഴോ ചേട്ടൻ ചോദിച്ചു തുടങ്ങി. നിനക്ക് ദത്തനെ കാണാൻ തോന്നുന്നുണ്ടോ…. ദുർഗയെ കാണാൻ തോനുന്നുണ്ടോ അവരുടെ വിശേഷം അറിയാൻ ആഗ്രഹമുണ്ടോ എന്നൊക്കെ.അതൊരു മാറ്റത്തിൻറെ ലക്ഷണമായിരുന്നു മോളെ.എൻറെ ഏട്ടനോട് ഉള്ള ദേഷ്യം പതിയെ പതിയെ മാറിത്തുടങ്ങി എന്ന് എനിക്ക് തോന്നി പോയി. അപ്പോഴും അതിനുള്ള കാരണം എനിക്ക് അജ്ഞാതമാണ്. നീ പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത് ശിവേട്ടൻ നാട്ടിലേക്ക് വന്നതിനുശേഷമാണ് ഈ മാറ്റം.”

“നിനക്ക് അവരെ കാണാനും വിശേഷങ്ങൾ അറിയാനും ഒക്കെ ആഗ്രഹമുണ്ട് അല്ലേ”

“ഇല്ല എന്ന് ഞാൻ പറയുന്നില്ല.എങ്കിലും അതിനേക്കാൾ ഞാൻ ആഗ്രഹിക്കുന്നത് നമ്മുടെ പഴയ ജീവിതം നമുക്ക് തിരിച്ചു കിട്ടാൻ വേണ്ടിയാണ്.എത്ര സന്തോഷമായിരുന്നു”

ഭദ്ര ദേഷ്യത്തിൻറെ മുഖംമൂടിയണിഞ്ഞ് ഇരിക്കുകയാണെന്ന് നന്ദുവിന് മുന്നേ അറിയാമായിരുന്നു. അവൾക്കൊരിക്കലും ദേവേട്ടനെയോ ദുർഗയെയോ വെറുക്കാൻ കഴിയില്ല. അവൾ അത്രമാത്രം അവളുടെ സഹോദരങ്ങളെ സ്നേഹിച്ചിരുന്നു.

“എനിക്കുറപ്പുണ്ട് ഭദ്രേ എല്ലാം പഴയതുപോലെയാവും.നമ്മുടെ രണ്ടു വീട്ടുകാരും ഒന്നിക്കും പഴയതുപോലെതന്നെ. താൻ വിഷമിക്കാതെ എൻറെ നാത്തൂനെ”

“വിഷമിക്കുന്നില്ല എൻറെ നാത്തൂനെ പോരെ”
ഭദ്ര ചിരിച്ചുകൊണ്ട് മറുപടി നന്ദു പറഞ്ഞപോലെ താളത്തിൽ പറഞ്ഞു.

പെട്ടന്ന് ഒരു കറുത്ത കളർ ജിപ്സി നല്ല സ്പീഡിൽ അവരെ കടന്നു പോയി.
“നന്ദു ഈ വണ്ടി കുറച്ചു ദിവസങ്ങളായി നമ്മുടെ ഇവിടെയൊക്കെ കിടന്നു ചുറ്റി കറങ്ങുന്നു.”

“ഞാനും ശ്രദ്ധിച്ചിരുന്നു. ഇതാരുടെയ ആണോ ആവോ…ഇവിടെയൊന്നും കണ്ടിട്ടില്ല.”

“ഒരിക്കൽ അമ്മുവിനെ ഇതേ ജിപ്‌സിയിൽ ഞാൻ കണ്ടിരുന്നു. മേലെ പാടത്ത് പോകുന്ന വഴിയിൽ”

“അമ്മുവോ…ഏതു നമ്മുടെ പീടികയിലെ രാമേട്ടന്റെ മോൾ അമ്മുവിനെയാണോ നീ ഉദ്ദേശിച്ചത്”

“അതേ ഭദ്രേ…ചിലപ്പോ അവളുടെ കോളേജിലെ ഫ്രണ്ട്സ് ആയിരിക്കും…എനിക്ക് സംശയം തോന്നാൻ കാരണം കൂടെ വേറെ പെൺകുട്ടികളെയൊന്നും കണ്ടില്ല…അവളെ മാത്രമേ കണ്ടുള്ളൂ അതാ…”

“ഉം”

“ഇപ്പോഴത്തെ പിള്ളേരല്ലെ….പറഞ്ഞിട്ട് കാര്യമില്ല”

“ഉം…അതേ വേഗം നടന്നോ…..നമ്മുടെ പതിവ് സമയം കഴിഞ്ഞു”

അവർ വേഗം മുന്നോട്ട് നടന്നു. അവർ പോകുന്ന വഴിയിൽ ഒരു ആളൊഴിഞ്ഞ വലിയ പറമ്പ് ഉണ്ട്. അതിന്റെ ഒരറ്റത്ത് ആയി ഒരു ഒറ്റമുറി വീടും. ആ പറമ്പും കഴിഞ്ഞു വേണം അവർക്ക് പോകാൻ. സന്ധ്യാ സമയം ആയതിനാൽ ആരും ആ വഴി ഉണ്ടായിരുന്നില്ല. പെട്ടെന്ന് നന്ദുവിൻ്റെ കണ്ണിൽ ആ കറുത്ത ജിപ്സി കണ്ടു, ആരും കാണാതെരിക്കാൻ ഉള്ളിലേക്ക് കേറ്റി ഇട്ടിരിക്കുകയായിരുന്നു വണ്ടി. നന്ദുവിനും ഭദ്രക്കും എന്തോ പന്തികേടു തോന്നി.

അവർ ആ വീടിനു അടുത്തേക്കു ശബ്ദമുണ്ടാക്കാതെ ചെന്നു. ഒരു പെൺകുട്ടിയുടെ അടക്കിപിടിച്ചുള്ള തേങ്ങലുകൾ കേൾക്കുന്നു.” അമ്മു”
നന്ദു നിശബ്ദം മന്ത്രിച്ചു. രംഗം പന്തിയല്ല എന്ന് അമ്മുവിൻ്റെ പതം പറഞ്ഞുള്ള കരച്ചിലിൽ മനസ്സിലായി.

ഭദ്രയ്ക്കും നന്ദുവിനും കാര്യങ്ങളുടെ ഒരു ഏകദേശ രൂപം കിട്ടി. നന്ദു വേഗം ഭദ്രയെ മാറ്റി നിർത്തി പറഞ്ഞു. “ഹബി പോയിട്ടുണ്ടാകില്ല. നീ വേഗം അവനെ വിളിച്ചു കാര്യം പറയണം…ഒപ്പം തന്നെ വഴിയിൽ ഇറങ്ങി ആരെയെങ്കിലും കൂടി വിളിച്ചു കൂട്ടണം. നീ വരും വരെ ഞാൻ അവനെ ബ്ലോക്ക് ചെയ്ത് നിർത്തിക്കോളാം”
“നന്ദു…സൂക്ഷിച്ചു”. ഭദ്ര നന്ദുവിന്റെ കയ്യിൽ പിടി മുറുക്കി പറഞ്ഞു. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
നന്ദു വേഗം വീടിന്റെ വാതിലിൽ തട്ടി. പെട്ടന്ന് അതിനുള്ളിലെ ആളനക്കം നിലച്ച പോലെ. നന്ദു തുടരെ തുടരെ മുട്ടി കൊണ്ടിരുന്നു.

പണ്ടത്തെ കഥകളുടെ അവശേഷിപ്പുകളുമായി ഇരിക്കുകയായിരുന്നു ശിവനും കൂട്ടുകാരും. അപ്പോഴാണ് ഹബീബിന്റെ ഫോൺ അടിച്ചത്. “നിന്റെ മലബാറി മൊഞ്ചത്തി ആണോട”

“ഹേയ് അല്ലടാ…ഭദ്ര ആണ്…. ഹെല്ലോ…പറയട… എവിടെ…ok… ഞങ്ങൾ ഇപ്പൊ എത്താം…സൂക്ഷിക്കണം…നീ വേഗം നന്ദുവിന് അടുത്തേക്ക് ചെല്ലു”

“എന്താടാ ഹബി…”

“ടെൻഷൻ ആകണ്ട കിച്ചു…വായോ കാര്യം ഉണ്ട്”

അവർ അപ്പോൾ തന്നെ അവിടന്ന് ഇറങ്ങി.

വാതിൽ തള്ളി പൊളിച്ചു വരും എന്ന അവസ്ഥ ആയപ്പോൾ അകത്തു നിന്നു വാതിൽ തുറന്നു. ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങി വന്നു. കണ്ടാൽ തന്നെ അറിയാം കാശുകാരൻ വീട്ടിലെ പയ്യൻ ആണെന്ന്. ഒരു കൂസലുമില്ലതെയുള്ള അവന്റെ നിൽപ്പ് കണ്ടപ്പോൾ തന്നെ നന്ദുവിനു ദേഷ്യം ഇരച്ചു കയറി.

“അമ്മു” നന്ദു ഉറക്കെ വിളിച്ചു. അവന്റെ പുറകിൽ നിന്നിരുന്ന അമ്മു നന്ദുവിൻെറ ശബ്ദം കേട്ട് തിരിച്ചറിഞ്ഞു.”നന്ദു ചേച്ചി…”

ജീവൻ തിരികെ കിട്ടിയപോലെ അമ്മു നന്ദുവിനെ കെട്ടിപിടിച്ചു കരഞ്ഞു. നന്ദു അവളെ മുതുകിൽ തലോടി ആശ്വസിപ്പിച്ചു. അപ്പോഴും അവളുടെ കണ്ണുകൾ ആ ചെറുപ്പക്കാരനിൽ തറഞ്ഞു നിന്നു. അവളുടെ കണ്ണുകൾ എരിയുന്ന തുപോലെ തോന്നിപ്പോയി അവനു.

“എന്താ നിന്റെ പേര്… പറയട” നന്ദുവിന്റെ അധികാരത്തോടെയുള്ള ചോദ്യം അവനെ ചൊടിപ്പിച്ചു.

“അത് ചോദിക്കാൻ നീയാരാ ഇവളുടെ”

നന്ദു ഉത്തരം പറയാതെ അവന്റെ മുഖത്തേക്ക് നോക്കി ഒരു പരിഹാസ ചിരി നൽകി. അവനു അത് കണ്ട് ദേഷ്യം പിന്നെയും കൂടി.

“അമ്മു ….പറ… ആരാ ഇവൻ ”

“ചേച്ചി…ഇവൻ …ഇവൻ രാഹുൽ മാധവ്..ഇവന്റെ …”

“ഓഹോ… അപ്പോ നീയാണ് അല്ലേ രാഹുൽ മാധവ്…രാഷ്ട്രീയ ശകുനി മാധവന്റെ സൽപുത്രൻ”

“എന്റെ അച്ഛനെ അറിയാമല്ലോ…അപ്പോ വഴിമാറൂ…അല്ലെങ്കി….നിന്നേം..”

പറഞ്ഞു തീരും മുന്നേ അവന്റെ കരണം പുകച്ചു ഒന്ന് കൊടുത്തു അവൾ. ദേഷ്യം അടങ്ങാതെ കണ്ട് മറു കരണതും ഒന്നു കൂടി കൊടുത്തു.

“നിന്റെ അച്ഛൻ ഏതു കൊലകൊമ്പൻ ആണെങ്കിലും അതിന്റെ അധികാരത്തിൽ ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളുടെ പെൺകുട്ടിയെ പിഴപ്പിച്ച് അങ്ങ് സുഖമായി പോകാമെന്ന് കരുതിയോ നീ. നീയെന്താ കരുതിയത് ഇവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലത്തവൾ ആണെന്നോ. ഒരു നാട് തന്നെയുണ്ട് അവളുടെ കൂടെ നീ നോക്കൂ”

രാഹുൽ പുറകിലേക്ക് നോക്കിയപ്പോൾ കണ്ടത് ഒരു കൂട്ടം ജനങ്ങളെ ആയിരുന്നു. കൂട്ടത്തിൽ രാമേട്ടനും ഉണ്ടായിരുന്നു. അച്ഛനെ കണ്ട അമ്മു ഓടിച്ചെന്നു കെട്ടിപിടിച്ചു കരഞ്ഞു.

അവൻ വേഗം നടന്നു തന്റെ വണ്ടിയിൽ കയറാൻ തുടങ്ങിയതും ഹബിയും കൂട്ടരും അവിടെയെത്തി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഹബി അവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൂടെ നന്ദുവും ഭദ്രയും കിച്ചുവും ശിവനും .അമ്മുവിനെയും രാമേട്ടനെയും ശിവന്റെ കാറിൽ കൊണ്ടുപോയി.

ഹബി വിളിച്ചു പറഞ്ഞത് അനുസരിച്ചു മാധവൻ രാഹുലിന്റെ അച്ഛനോട് സ്റ്റേഷനിൽ എത്താൻ പറഞ്ഞു.

മാധവൻ വരുമ്പോൾ രാഹുൽ ഒരു മൂലയിൽ മുഖം കുനിച്ചു നിൽക്കുന്നത് ആണ് കണ്ടത്.

“മോനെ…എന്താടാ കാര്യം…എന്താ ഉണ്ടായത്”

മാധവൻ രാഹുലിന്റെ താടി ഉയർത്തി ചോദിച്ചു. അപ്പൊൾ കണ്ടൂ അവന്റെ രണ്ടു കരണത്തും തിണർത്‌ കിടന്ന വിരല്പാടുകൾ. മാധവൻ പതുകെ കവിളിൽ തലോടി..രാഹുലിന് നീറുന്നുടായിരുന്നു. അവൻ ശബ്ദം ഉണ്ടാക്കി. അവന്റെ മുഖം പുകയുന്നുടായിരുന്നു. കിട്ടിയ അടിയിലും അവന്റെ ദേഷ്യതിലും അവൻ അടിമുതൽ തല വരെ പുകഞ്ഞു നിന്നു.

ഒരു കോൺസ്റ്റബിൾ വന്നു SI റൂമിലേക്ക് കൂട്ടി കൊണ്ടുപോയി. നേരെ കേറിച്ചെന്ന മാധവൻ ശിവനെ കണ്ടൂ നിശ്ചലമായി നിന്നുപോയി. പെട്ടന്ന് ഒരടിപോലും മുന്നോട്ട് വയ്ക്കാൻ പറ്റത്തത്തുപോലെ. “വരൂ സർ… ഇരിക്കു”

ഹബീബ് ഒരു കസേര ചൂണ്ടി പറഞ്ഞു.

“സർ..എന്താ പ്രശ്നം….അവൻ എന്തെങ്കിലും”

“പ്രശ്നം കുറച്ചു complicated ആണ്.”

ഹബീബ് രാഹുലിനെയും അമ്മുവിനേയും കൂടി റൂമിലേക്ക് വിളിപ്പിച്ചു.

” സാറിന്റെ മകൻ പഠിക്കുന്ന കോളജിൽ തന്നെ പഠിക്കുന്ന കുട്ടിയാണ് ഇത്. അമ്മു. രാഹുലിന്റെ ജൂനിയർ. രണ്ടുപേരും നല്ല അടുപത്തിലും ആയിരുന്നു. അടുപ്പം എന്ന് പറഞ്ഞാല് പ്രണയ നാടകം. ഒടുവിൽ ജ്യൂസിൽ മയക്കു പൊടി കലക്കി അവൻ കാര്യം സാധിച്ചു. അത് കുറെ വീഡിയോ ആക്കുകയും ചെയ്തു. ഇപ്പൊ അതും പറഞ്ഞു അവളുടെ നാട്ടിൽ ചെന്ന് ഭീഷണിയാണ്. കൂടെ വിളിക്കുന്നിടത് ചെല്ലാൻ. നാട്ടുകാർ പിടിച്ചു.”

“സാർ…ഇതിന് പരിഹാരം”

“എന്ത് പരിഹാരം കാണാൻ ആണ് അച്ഛാ….കുറച്ചു കാശു കൊടുത്തു..”

രാഹുൽ പറഞ്ഞു തീരും മുൻപേ ശിവന്റെ കൈ അവന്റെ കരണത്‌ പതിഞ്ഞു. പിന്നെ കുനിച്ചു നിർത്തി കൂമ്പിനും കൊടുത്തു ഒന്നു.

മാധവൻ അത് കണ്ടൂ വായിൽ വെള്ളം വറ്റി …ഉമിനീർ പോലുമില്ല ഒന്നിറക്കാൻ…അതായി അവസ്ഥ.

“വലിച്ചു കൂട്ടി എഴുനേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആക്കാൻ അറിയാം”

ശിവൻ നിന്നു ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു .

കിച്ചു വന്നു സമാധാനപെടുത്തി ഇരുത്തി.

മാധവനും ശിവനെ കണ്ടൂ പേടിച്ച മട്ടാണ്.

“സാർ … ഇതിനുള്ള ഒരു പരിഹാരം ഇവൻ അമ്മുവിനെ കല്യാണം കഴിക്കുക എന്ന് മാത്രം ആണ്. പുറത്തേക്ക് അറിഞ്ഞാൽ സാറിന്റെ ഇപ്പോഴുള്ള പ്രതിച്ഛായ പോകും..അറിയാലോ”

ഹബീബ് ഉള്ള കാര്യം പറഞ്ഞു അവസാനിപ്പിച്ചു മാധവനെ നോക്കി.

“ഏറ്റവും അടുത്ത മുഹൂർത്തത്തിൽ എന്റെ മകൻ അവളുടെ കഴുത്തിൽ താലികെട്ടും. ഇത് എന്റെ വാക്കു ആണ്”

“ആ ഒരു വാക്ക് മാത്രം പോര…അവൾക്കൊരു തുമ്മൽ പനി പോലും വരാതെ നോക്കണം. ഗ്യാസ് സിലിണ്ടർ പൊട്ടിതെറിക്കുക, കൊന്നു കെട്ടി തൂക്കുക… ഇതുപോലുള്ള പഴയ നമ്പറുകളുമായ് വന്നാൽ മോനെ നീ പിന്നെ ഭൂലോകോം പരലോകോം കാണില്ല. ” ശിവൻ ദേഷ്യം കൊണ്ട് പുലമ്പി.

“ഇല്ല. സ്വന്തം മോളെ പോലെ തന്നെ ഞാൻ നോക്കിക്കോളാം” മാധവൻ അമ്മുവിൻ്റെ കവിളിൽ തട്ടി പറഞ്ഞു .

“ഒരു പോലീസ് അല്ലാത്ത ഇയാളെന്നെ കൈ വച്ചിട്ടും സാറെന്താ ഒന്നും പറയാത്തത്. അത് നിയമ വിരുദ്ധം അല്ലേ” രാഹുൽ തൻ്റെ അമർഷം മറച്ചു വച്ചില്ല.

” എന്താ കാരണമെന്ന് മോൻ തന്നെ അച്ഛനോട് ചോദിച്ചു മനസ്സിലാക്കൂ” ശിവൻ മറുപടി നൽകി.

അത് കേട്ട് നന്ദുവിനു ചിരി പൊട്ടി. രാഹുൽ അവളെ നോക്കി കവിളുകൾ തലോടി. പകയെരിയുന്ന കണ്ണുകളുമായി അവളെ നോക്കി പേടിപ്പിച്ചു. അവൾ പകരം പുച്ഛത്തോടെ ഒരു ചിരിയും സമ്മാനിച്ചു.

പോലീസ് സ്റ്റേഷനിൽ നിന്നും അവർ രാമേട്ടനെയും അമ്മുവിനെയും വീട്ടിൽ ആക്കി അവർ പോയി.

കാറിൽ ഇരുന്ന അത്രയും സമയം രാഹുലും മാധവും മൗനത്തിൽ ആയിരുന്നു. വീട്ടിൽ ചെന്ന് കയറിയ ഉടൻതന്നെ കയ്യിൽ കിട്ടിയ ഫ്ളവർവെയ്സ് എറിഞ്ഞു പൊട്ടിച്ചു രാഹുൽ ദേഷ്യം തീർക്കാൻ തുടങ്ങി. രാഹുലിന്റെ അമ്മയും സഹോദരിയും ശബ്ദം കേട്ട് ഓടി വന്നു. മാധവൻ അപ്പോഴും മൗനം പാലിച്ചു. മാധവന്റെ മൗനം രാഹുലിന്റെ ദേഷ്യം ഇരട്ടിയാക്കി. അവൻ അവിടെ ഇരുന്ന ടിവിയും അടിച്ചു പൊട്ടിച്ചു. അതിനിടയിൽ അവൻ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.

“ഇതാണോ അച്ഛന്റെ അധികാരം…പവർ…ഇതുകൊണ്ട് എന്ത് കാര്യം…ഒരു പോലീസ് പോലും അല്ലത്തവൻ വന്നു കേറി അടിച്ചിട്ട് പോയി…എന്നിട്ട് പോലും…” രാഹുൽ പുലമ്പി കൊണ്ടേയിരുന്നു.

ഒടുവിൽ ദേഷ്യം ഒന്ന് ശമിച്ചപ്പോൾ അവൻ മാധവന്റെ അരികിൽ താഴേ വന്നു ഇരുന്നു. മാധവൻ അവന്റെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു തുടങ്ങി.

“മോനെ നിന്നെ കൈ വച്ചവന്റെ തല അറുക്കാൻ എനിക്ക് അറിയാം. പക്ഷേ ശിവൻ… അവൻ നീ വിചാരിക്കും പോലെ ഒരാൾ അല്ല”

“പിന്നെ…അവനെ കണ്ടാൽ അറിയാമല്ലോ ഒരു സാധാരണക്കാരൻ ആണെന്ന്….അവന് അച്ചനേക്കളും പവർ ഉണ്ടോ…influence ഉണ്ടോ ”
“ഉണ്ട് മോനെ…അവൻ…അവൻ ഒരു പോലീസ് ഓഫീസർ ആണ്…വെറും പോലീസ് ഓഫീസർ അല്ല…ഇന്ത്യൻ പോലീസ് സേനയിലെ ഏറ്റവും മികച്ച ഐപിഎസ് ഉദ്യോഗസ്ഥൻ… ബ്രില്ലയൻറ്… ഹൈലി ടാലെന്‍റെഡ് ഓഫീസർ… ഒരിക്കൽ ഡൽഹിയിൽ നടന്ന ഒരു പാർട്ടിയിൽ ഒരു മന്ത്രിയെ എടുത്തിട്ട് ചളുക്കി കൂട്ടിയവൻ ആണ്… കേന്ദ്രത്തിൽ പോലും പിടിപാടുണ്ട് അവന്… ഒരുപാട് മന്ത്രിമാർ അവന്റെ കൈ പിടിയിൽ ഉണ്ട്…അവനെ എവിടെയും കാണാൻ കഴിയും. സർവ്വീസിൽ അവന് ഏതു പോസ്റ്റ് ആണെന്ന് അധികം ആർക്കും അറിയില്ല. എനിക്ക് നിന്നെ ഇതിൽ നിന്നും രക്ഷിക്കാൻ കഴിയില്ല മോനെ… അമ്മുവിനെ കണ്ടിട്ട് നല്ല കുട്ടിയാണെന്ന് തോനുന്നു…നീ എടുത്തു ചാടി ഒന്നും ചെയ്യരുത്”

“ഇല്ല…അല്ലെങ്കിലും എനിക്ക് അവനേയല്ല കാണേണ്ടത്…എന്റെ കരണത്‌ ജീവിതത്തിൽ ഒരു പെണ്ണിന്റെ കൈ പടം പതിഞ്ഞു…അവളെ… അവളെയാണ് എനിക്ക് വേണ്ടത്”

“ആരാ അവൾ”

“നന്ദു….ഗൗരി നന്ദ…നന്ദ ടീച്ചർ”രാഹുൽ കുടിലമായി ചിരിച്ചുകൊണ്ട് തന്റെ കവിളിൽ തലോടി നിന്നു.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

 

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 3

പ്രണയിനി : ഭാഗം 4

പ്രണയിനി : ഭാഗം 5

പ്രണയിനി : ഭാഗം 6

പ്രണയിനി : ഭാഗം 7

പ്രണയിനി : ഭാഗം 8

പ്രണയിനി : ഭാഗം 9

പ്രണയിനി : ഭാഗം 10

പ്രണയിനി : ഭാഗം 11