Sunday, December 22, 2024
Novel

പ്രണയവിഹാർ: ഭാഗം 1

നോവൽ: ആർദ്ര നവനീത്‎


സൂര്യപ്രകാശമേറ്റ് മഞ്ഞുത്തുള്ളികൾ വജ്രംപോലെ തിളങ്ങുന്നുണ്ടായിരുന്നു.
കാട്ടുപ്പൂവിന്റെ ഭംഗി കൂട്ടാനെന്നപോലെ അതിൽ മുത്തമിട്ടശേഷം ഇറ്റുവീഴാറായ മഞ്ഞുതുള്ളിയുടെ മനോഹാരിതയെ സഞ്ജയ്‌ തന്റെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്തു.
പരിചിതമായ ഏതോ പക്ഷിയുടെ ശബ്ദം കേട്ടെന്നപോലെ അവൻ ക്യാമറയുമായി ശബ്ദം കേട്ട ഭാഗത്തേക്ക്‌ കുതിച്ചു.
മരത്തിന് മുകളിൽനിന്നും വലിയൊരു മയിൽ പറന്നുയരാനായി ചിറകുകൾ വിടർത്തി.
അതിന്റെ മനോഹാരിതയും അവൻ തന്റെ ക്യാമറയിലാക്കി.

വെള്ളച്ചാട്ടത്തിന്റെ കളകള ശബ്ദം കേട്ട് അവന്റെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു.

കുട്ടികളുടെ ശബ്ദമാണവൻ കേട്ടത്.
തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോഴേക്കും അവന്റെ കാതിൽ ഒരു പെൺകുട്ടിയുടെ കൊഞ്ചൽ പതിച്ചു.

ഏയ്‌.. കല്യാണി പതിയെ വീഴും നീ..

കൗതുകത്തോടെയവൻ ഇലപ്പടർപ്പുകൾക്കിടയിൽ നിന്നും മറഞ്ഞ് ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി.

നാല് പെൺകുട്ടികൾ പെറ്റിക്കോട്ടണിഞ്ഞ് പാറപ്പുറത്തുനിന്ന് വെള്ളത്തിൽ കളിക്കുന്നുണ്ട്.
രണ്ട് ആൺകുട്ടികളും അരികിലുണ്ട്. ട്രൗസർ മാത്രമാണ് വേഷം.
തോർത്തുകൊണ്ട് മീൻ അരിക്കുകയാണ് അവർ.

അപ്പോഴാണവൻ അത് കണ്ടത്.
ഒരു പെൺകുട്ടി പിന്തിരിഞ്ഞ് നിൽക്കുന്നു.
വെണ്ണക്കൽ ശിൽപ്പം പോലെ ഉടലഴകുള്ളവൾ.
തിരിഞ്ഞ് നിൽക്കുന്നതിനാൽ പിൻഭാഗമേ കാണാൻ കഴിയുന്നുള്ളൂ.
നിതംബം മറയ്ക്കുന്ന മുടിയിഴകൾ.
താഴോട്ട് പതിക്കുന്ന വെള്ളത്തുള്ളികളെ തന്നിലേക്ക് ആവാഹിക്കാനെന്നപോലെയാവൽ ഇരുകൈകളും വിരിച്ചു വച്ചിട്ടുണ്ട്.
പൂക്കൾ നിറഞ്ഞ ചുവന്ന പാവാടയും മഞ്ഞ ഇടുപ്പോളമെത്തുന്ന ബ്ലൗസുമാണ് വേഷം.
അവനറിയാതെ തന്നെ അവന്റെ ക്യാമറ അവളെ സൂം ചെയ്തു.
മുഖത്ത് വെള്ളത്തുള്ളി പതിച്ചപ്പോൾ അവൾ കണ്ണുകളടച്ച്
മുഖം ചരിച്ചു.
അവൻ ക്യാമറ ബട്ടൺ ക്ലിക്ക് ചെയ്തു.

മൊഴിയേച്ചീ… ദേ വെള്ളപ്പൊട്ടനാ കിട്ടിയത്.
ആൺകുട്ടികളിലൊരാളാണ്.
അവന്റെ കൈയിൽ ഇത്തിരി വലിപ്പമുള്ള ഒരു മീനുമുണ്ട്.
അവൾ തിരിയുന്നത് കണ്ടതും അവന് ശ്വാസം വിലങ്ങുംപോലെ തോന്നി.
ക്യാമറ സൂം ചെയ്തവൻ വീണ്ടും വീണ്ടും നോക്കി.
ആവേശത്തോടെ ഫോട്ടോ ക്ലിക്ക് ചെയ്തു.

അവളുടെ ചിരി കണ്ടവൻ മിഴിച്ചു നോക്കി.
വെളുത്ത അഴകൊത്ത പെൺകൊടി.
മൂക്കിൻത്തുമ്പിലെ മൂക്കുത്തി തിളങ്ങുന്നു.
കാതിൽ ജിമിക്കി ഇളകിയാടുന്നു.

ആവേശത്തോടെ മുന്നോട്ട് ചലിച്ചതും അവൻ വിളിയോടെ നിലത്തിരുന്നുപോയി.
ചെരുപ്പിൽ കൂടി വലിയൊരു മുള്ള് തറച്ചു കയറിയിരിക്കുന്നു.
കണ്ണുകളടച്ചു പിടിച്ച് വേദനയാൽ ചുളിഞ്ഞ മുഖത്തോടെയവൻ മുള്ള് വലിച്ചൂരി.
ഒഴുകിവന്ന രക്തം വകവയ്ക്കാതവൻ വീണ്ടും എഴുന്നേറ്റു.

എന്നാൽ അവർ നിന്നിടം ശൂന്യമായിരുന്നു.
വേദന വകവയ്ക്കാതെ രക്തമൊലിക്കുന്ന കാലുകളുമായവൻ അവിടമാകെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.

ഛേ… നഷ്ടബോധത്തോടെയവൻ അടുത്തുള്ള മരത്തിൽ ആഞ്ഞിടിച്ചു.
പോക്കറ്റിലേക്ക് എന്തിനോ വേണ്ടിയവൻ പരതിയെങ്കിലും നിരാശയായിരുന്നു ഫലം.

ഏന്തി വലിഞ്ഞവൻ താമസസ്ഥലം ലക്ഷ്യമാക്കി നീങ്ങി.
ക്യാമറ കൊതിക്കുന്ന മനം കവരുന്ന കാഴ്ചകളിലൊന്നും പിന്നെയവന്റെ കണ്ണുകൾ ഉടക്കിയില്ല.

ഒരുവിധം പച്ചപ്പുകൾ നിറഞ്ഞുനിൽക്കുന്ന വള്ളിച്ചെടികളുടെയും കാട്ടുപ്പൂക്കളുടെയും വശ്യഗന്ധം പരക്കുന്ന കേന്ദ്രത്തിൽ നിന്നുമവൻ പുറത്തേക്കിറങ്ങി.

ബൈക്കുമെടുത്ത് താമസസ്ഥലം ലക്ഷ്യമാക്കി കുതിക്കുമ്പോൾ രക്തത്തുള്ളികൾ അവന്റെ കാലിൽനിന്നും അപ്പോഴും ഇറ്റു വീഴുന്നുണ്ടായിരുന്നു.

ബൈക്ക് ഒതുക്കിയപാടെ കതക് തുറന്നവൻ അകത്തേക്ക് കയറി.
കട്ടിലിൽ കിടന്ന മൊബൈൽ തപ്പിയെടുത്ത് ഓൺ ആക്കാൻ നോക്കിയപ്പോൾ അവന് അരിശമാണ് വന്നത്.
ചാർജില്ലാതെ ഫോൺ ഓഫ്‌ ആയിരിക്കുന്നു.

ഡാമിറ്റ്… മുഷ്ടി ചുരുട്ടിയവൻ മേശമേൽ ആഞ്ഞടിച്ചു.
അതിന്റെ ആഘാതമെന്നോണം പെൻസ്റ്റാൻഡ് മറിഞ്ഞ് പേനകൾ ചിതറുകയും ടൈംപീസ് നിലത്തുവീണ് ഉടയുകയും ചെയ്തു.
അവന്റെ മനസ്സിലെ സംഘർഷങ്ങൾ പ്രവൃത്തിയിൽ തെളിഞ്ഞു കാണാമായിരുന്നു.
ചാർജിലിട്ട ഫോണുമായി അവൻ നഖം കടിച്ചു.
ഒന്നുകൂടി അവനാ ക്യാമറയിലെ ഫോട്ടോയിലേക്ക് നോക്കി.
സൂം ചെയ്തവൻ വീണ്ടും വീണ്ടും നോക്കി.

ചിരിയും വിതുമ്പലും മാറിമാറി അവന്റെ മുഖത്ത് ദൃശ്യമായി.

പത്തു പെർസെന്റേജ് ചാർജ് ആയനിമിഷം കൂടുതൽ സംഘർഷമനുഭവിക്കാൻ കഴിയാതെന്നവണ്ണം അവന്റെ കൈകൾ കോണ്ടാക്ടിൽ നിന്നൊരു നമ്പർ എടുത്തു.

താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുന്നു..
മറുവശത്തുനിന്ന് അറിയിപ്പ് മുഴങ്ങിയതും വലിയൊരു ചീത്തയാണ് അവന്റെ വായിൽ വന്നത്.

ഐഷു എന്ന് സേവ് ചെയ്ത നമ്പറിലേക്കാണ് അടുത്തതായി കാൾ പോയത്.

ഹലോ.. ഉറക്കച്ചടവോടെയുള്ള ശബ്ദം അവന്റെ കാതുകളിലേക്ക് ഒഴുകിയെത്തി.

പുന്നാരമോളെ എഴുന്നേൽക്കേടീ..

രാവിലെ ചീത്ത പറയാനാണോടാ കോപ്പേ വിളിച്ചത്.

ടീ.. പെട്ടെന്ന് എല്ലാവരും വിഹാന്റെ അരികിലെത്തണം.
ഹറി അപ്പ്‌..
ഇറ്റ്സ് വെരി വെരി അർജന്റ്.
വിതിൻ ഫിഫ്റ്റീൻ മിനിറ്റ്സ് ഞാൻ കാൾ ചെയ്യുമ്പോൾ നിങ്ങൾ എല്ലാവരും ഒരുമിച്ചുണ്ടായിരിക്കണം.

കാൾ കട്ട്‌ ആയി.

ഐഷുവിന്റെ ഉറക്കമെല്ലാം ചിറകടിച്ചു പറന്നു.
കുളിക്കാതെ തന്നെയവൾ ഡ്രസ്സ്‌ ചെയ്തു.
അതിനിടയിൽ തന്നെ അവൾ ആർക്കൊക്കെയോ ഫോണും ചെയ്തു.

സ്കൂട്ടിയുമായവൾ പറക്കുകയായിരുന്നു.
ഗേറ്റ് കടന്ന് “ശ്രാവണവിഹാർ ”
എന്നെഴുതിയ വലിയൊരു വീടിന് മുൻപിൽ വണ്ടി നിന്നു.
മുറ്റത്തിരിക്കുന്ന വണ്ടികളിൽ നിന്നും എല്ലാവരും എത്തിയെന്നവൾക്ക് മനസ്സിലായി.

അകത്തേക്ക് കടന്നതും എല്ലാവരും അവൾക്ക് ചുറ്റും വന്നു.

എന്താടീ.. പ്രശ്നം
ആവണിയായിരുന്നു.

വിഹാനെവിടെ..
ഐഷു തിരക്കി.

സോഫമേൽ താടി വളർത്തിയ നീണ്ട മുടികൾ അലസമായി പിന്നിലേക്ക് ഒതുക്കി ഒരു യുവാവ് ത്രീ ഫോർത്തും ടീഷർട്ടുമണിഞ്ഞ്
ഇരിപ്പുണ്ടായിരുന്നു.
അവന്റെ മുഖo ശാന്തമായിരുന്നുവെങ്കിലും ദുഃഖസാന്ദ്രമായിരുന്നു.

ഫോൺ റിങ് ചെയ്യുന്ന ശബ്ദം അവിടെ മുഴങ്ങി.
അവളുടെ കൈകൾ കാൾ കണക്ട് ചെയ്ത് സ്‌പീക്കറിലേക്ക് അമർന്നു.

വിഹാൻ..

ഫോണിലൂടൊഴുകിയെത്തിയ ആ ശബ്ദംകേട്ട് വിഹാൻ മുഖമുയർത്തി.

നിന്നെ ദൈവം പരീക്ഷിക്കില്ലെടാ.
നമുക്കെല്ലാവർക്കും തെറ്റ് പറ്റിയെടാ.
അവൾ.. അവൾ പോയിട്ടില്ല.

വിഹാന്റെ മിഴികൾ വെട്ടിപ്പിടഞ്ഞു.

ശ്രാവു… അവൾ ജീവനോടെയുണ്ട്.
നിന്റെ ശ്രീക്കുട്ടി മരിച്ചിട്ടില്ലെടാ.
ഞാൻ.. ഞാനവളെ കണ്ടതാ.
നിന്റെ പെണ്ണ് നിന്നെ വിട്ട് പോയിട്ടില്ലെടാ..
ഒരു പോറൽ പോലുമേൽക്കാതെ അവളിവിടെയുണ്ട്.
സന്തോഷം കൊണ്ട് കരയുകയായിരുന്നു സഞ്ജയ്‌.

അതേ അവസ്ഥയായിരുന്നു ഐഷുവിനും ആവണിക്കും ദീപുവിനും.

എല്ലാവരുടെയും നോട്ടം വിഹാനിലേക്ക് വീണു.
നീണ്ട മുടിയിൽ വിരലുകൾ കോർത്തവൻ കണ്ണുകൾ ഇറുകെയടച്ച് പിന്നിലേക്ക് ചാരി.

കുസൃതി ചിരിയുള്ള വായാടിയായ ഒരു പെൺകുട്ടി അവന്റെ മുൻപിൽ തെളിഞ്ഞു വന്നു.

ചുമരിൽ വലുതായി ഫ്രെയിം ചെയ്ത് മാലയിട്ട് വച്ചിരിക്കുന്ന അവളുടെ കുറുമ്പ് നിറഞ്ഞ പൊട്ടിച്ചിരിക്കുന്ന ചിത്രത്തിലേക്കവന്റെ നോട്ടം തട്ടി നിന്നു.

ഒടുവിൽ വല്ലാത്തൊരാവേശത്തോടെ അവൻ അതിനടുത്തേക്ക് പാഞ്ഞടുത്തു.
മാല വലിച്ച് പൊട്ടിച്ചവൻ അതിലേക്ക് തല ചായ്ച്ചു.
ഭ്രാന്തമായി ആ ഫോട്ടോയിലാകമാനം ചുംബിച്ചു.
പൊട്ടിക്കരഞ്ഞു… ഒടുവിൽ ചിരിച്ചു.

(തുടരും )

ഇത് വിഹാന്റെയും ശ്രാവണിയുടെയും കഥയാണ്. അവരുടെ പ്രണയത്തിന്റെ കഥ.
അവരുടെ കണ്ടുമുട്ടലിലൂടെ… പ്രണയത്തിലൂടെ… റൊമാൻസിലൂടെ… വിരഹത്തിലൂടെ… അങ്ങനെ കടന്നുപോകുന്ന കഥ.
പത്താംക്ലാസ്സ്‌ മുതൽ ഇതിന്റെ കുറച്ചു ഭാഗങ്ങൾ മനസ്സിലുണ്ടായിരുന്നു.
അന്ന് റൊമാൻസിനെപ്പറ്റി വല്യ ധാരണയൊന്നുമില്ലായിരുന്നേ.
അന്നത്തെ കുത്തിക്കുറിക്കലുകൾ കൂട്ടുകാർ മാത്രമേ കണ്ടിരുന്നുള്ളൂ..
എല്ലാവരും സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ… ഒത്തിരി സ്നേഹത്തോടെ…