Tuesday, January 21, 2025
Novel

പ്രണയവീചികൾ : ഭാഗം 1

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

കുറേ നേരമായി ആ കാറിലുള്ള മോൻ സൈഡ് തരാതെ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട്… കാറിന്റെ സ്റ്റിയറിങ്ങിൽ അടിച്ചുകൊണ്ട് സാരംഗ് പറഞ്ഞു.

നീയവനെ കണ്ടോ അതിന്.. ഉദ്വേഗത്തോടെ റിച്ചു ചോദിച്ചു.

എവിടുന്ന് സൈഡ് കിട്ടിയിട്ട് വേണ്ടേ അവന്റെ തിരുമുഖം കാണാൻ.
നീ നോക്കിക്കോ.. ഇപ്പോൾ കാണിച്ചു കൊടുക്കാം ഞാനവന്…
പറഞ്ഞതും ആളും തിരക്കുമില്ലാത്ത വളവെത്തിയതും സാരംഗ് വണ്ടി സ്പീഡ് കൂട്ടി മുൻപിൽ പോയ കാറിനെ ഓവർടേക് ചെയ്തതിനൊപ്പം അതിന് കുറുകെ ഇട്ടു.

സഡൻ ബ്രേക്ക്‌ പിടിച്ച് ബ്ലാക്ക് ഹ്യുണ്ടായ് വെർണ്ണ നിന്നു.

ആരും അതിൽനിന്നും ഇറങ്ങാത്തതിനാൽ കാറിൽ നിന്നുമിറങ്ങി ദേഷ്യത്തിൽ സാരംഗ് പാഞ്ഞുചെന്ന് വെർണ്ണയുടെ ഡോറിൽ പിടിച്ചു.

അതിനുമുൻപേ ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി.
ബ്ലാക്ക് ജീൻസും ബ്ലാക്ക് ഷർട്ടും ആയിരുന്നു വേഷം. സ്ലീവ് കൈമുട്ടുവരെ മടക്കി വച്ചിട്ടുണ്ട്. റെയ്ബാൻ കണ്ണിനെ മറച്ചിട്ടുണ്ട്.
പോണിടെയിൽ കെട്ടിയ സിൽക്ക് പോലുള്ള മുടിനാരുകൾ കണ്ട് അവൻ പറയാൻ വന്നത് വിഴുങ്ങി.

റെയ്ബാൻ ഗ്ലാസ്സ് മാറ്റിയപ്പോൾ താമര പോലെ വിടർന്ന വെള്ളിക്കണ്ണുകൾ ദൃശ്യമായി. ഒരു നിമിഷം അവനവളുടെ കണ്ണുകളുടെ ആഴത്തിൽ നോക്കിനിന്നു.

എന്താടോ തനിക്ക്… കുറേ നേരമായി താൻ കിടന്ന് ഹോൺ അടിക്കുന്നല്ലോ.
കൈയിൽ സ്റ്റിയറിങ് ഇരുന്നാൽ മാത്രം പോരാ. കയറിയിരിക്കുന്ന ശകടം നേരെചൊവ്വേ ഓടിക്കാൻ പഠിക്കണം. നിന്റെ ആരുടെ വകയാടാ റോഡ്.. കൊണ്ടുവന്ന് തടഞ്ഞിടാൻ…
ചീറ്റപ്പുലിയെപ്പോലെ ചീറിക്കൊണ്ടവൾ ചോദിക്കുന്നത് കേട്ടപ്പോഴേ അവന്റെ കണ്ണ് മിഴിഞ്ഞുപോയി.

ഒരു നിമിഷം കൊണ്ടവൻ സ്ഥലകാലബോധം വീണ്ടെടുത്തു.

ടീ.. കിടന്ന് തുള്ളാതെടീ.
സൈഡ് തരാതെ പോയത് ആരാടീ നീയല്ലേ.. അവനും തിരിച്ച് ചൂടായി.

ആണോ.. കണക്കായിപ്പോയി. ഒന്ന് പോടാ..

ടീ… പെണ്ണായിപ്പോയി ഇല്ലെങ്കിൽ കവിളിന്ന് നീര് കയറിയേനെ.

അതേടാ.. പെണ്ണ് തന്നെയാ. ചുണയുണ്ടെങ്കിൽ അടിച്ചു നോക്കെടാ.. അവൾ വെല്ലുവിളിച്ചു.

ഋതൂ… നീ വണ്ടിയിൽ കയറിക്കേ പ്ലീസ്.. വൈശു കെഞ്ചി.

ചേട്ടാ.. പ്ലീസ് വണ്ടിയൊന്ന് മാറ്റാമോ. കോളേജിലെ ഫസ്റ്റ് ഡേ ആണ്. കുളമാകും… അവൾ അവനോടായി പറഞ്ഞു.

കുട്ടി പറഞ്ഞതുകൊണ്ട് മാറ്റാം. ദേ ഇതുപോലുള്ള അവളുമാരുടെ കൂടെ നടക്കല്ലേ. അടി വരുന്ന വഴിയറിയില്ല.. സാരംഗ് വൈശുവിനോടായി പറഞ്ഞു.

ടാ നീ വന്നേ വിച്ചു കാറിനരികെ നിന്ന് വിളിച്ചു പറഞ്ഞു.

ഡാ.. ഋതു ചീറിക്കൊണ്ട് വരും മുൻപേ സാരംഗ് വണ്ടിയിൽ കയറി ഓടിച്ചു പോയിരുന്നു.

ഷിറ്റ്.. അവൾ ബോണറ്റിൽ അടിച്ചു.

നീയെന്തിനാടീ വല്ലവന്മാരോടും കെഞ്ചാൻ പോകുന്നത് ഋതു വൈശുവിന് നേർക്ക് ചാടി.
എന്നിട്ട് അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ വണ്ടിയിൽ കയറി.

അതാണ് ഋതു.. എന്ന ഋതിക മേനോൻ. വൈശു വൈഷ്‌ണവി നമ്പ്യാർ. ഇരുവരും പി ജി ഫസ്റ്റ് ഇയർ ലിറ്ററേച്ചർ സ്റ്റുഡന്റസ് ആണ്.
ഇന്ന് അവരുടെ കോളേജിലെ ആദ്യത്തെ ദിവസവും.

ടാ.. സാരംഗേ അത് മറ്റേ വണ്ടിയല്ലേ. നേരത്തെ പ്രശ്നമുണ്ടാക്കിയ.. സംശയത്തോടെ റിച്ചു കൈചൂണ്ടി.

സാരംഗിന്റെ മിഴികൾ കോളേജ് ഗേറ്റ് കടന്ന് പൊടി പറത്തി വന്ന വെർണ്ണയിൽ പതിഞ്ഞു.

ഓഹോ അപ്പോൾ ഇവിടെയാണ് ചീറ്റ പഠിക്കുന്നത്.
പി ജി ആകും. ഇന്നല്ലേ ക്ലാസ്സ്‌ തുടങ്ങുന്നത് സാരംഗ് താടിയുഴിഞ്ഞുകൊണ്ട് പറഞ്ഞു.

കാർ പാർക്കിങ്ങിൽ കയറ്റുന്നതും അതിൽ നിന്നും ബാഗുമായി ഋതു ഇറങ്ങുന്നതും അവർ കണ്ടു.

നടന്നുവരുന്ന അവളെ കണ്ടപ്പോഴേ ആരെയും വകവയ്ക്കാത്ത പ്രകൃതമാണ് അവളുടേതെന്ന് അവൻ മനസ്സിലാക്കി.

മെലിഞ്ഞു കൊലുന്നനെ ഉള്ള ശരീരമായതിനാൽ ജീൻസും ഷർട്ടും അവൾക്ക് നന്നേ ചേർന്നിരുന്നു.
ഒരു തുള്ളി മേക്കപ്പ് ഇല്ലെങ്കിലും അവളെ കാണാനും ഭംഗിയുണ്ടായിരുന്നു. അവളുടെ വെള്ളിക്കണ്ണുകളുടെ ഭംഗിയിലാണ് അവന്റെ മിഴികൾ പതിച്ചതും.

രണ്ടു പെൺകുട്ടികളും എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ട് വരുന്നത് അവർ കണ്ടു.

അതേയ്.. കുഞ്ഞുങ്ങൾ ഇങ്ങ് വന്നേ…

തങ്ങളെ വിളിക്കുന്ന സീനിയേഴ്സിന്റെ കൂട്ടത്തിൽ അടിയുണ്ടാക്കിയവനുമുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

എടീ റാഗിംങ്‌ ആണ്. നീ പ്രശ്നമൊന്നുമുണ്ടാക്കല്ലേ.. വൈശു ഋതുവിനോട് അഭ്യർത്ഥിച്ചു.

അല്ല മക്കളെന്താ ഇവിടെ.. സാരംഗിന്റെതായിരുന്നു ചോദ്യം.

ഋതുവിന്റെ കണ്ണുകൾ അവനൊപ്പം നിൽക്കുന്ന രണ്ട് പെൺകുട്ടികളിലേക്കും മൂന്ന് ആണുങ്ങളിലേക്കും പാറിവീണു.

അതോ.. കുറച്ച് മീൻ മേടിക്കാൻ വന്നതാ. ഇവിടെ നല്ല വിലക്കുറവുണ്ടെന്ന് അറിഞ്ഞേ…. ചോദ്യം ഇഷ്ടപ്പെടാത്തതിനാൽ പരിഹാസം കലർത്തി ഒരീണത്തിൽ അവൾ പറഞ്ഞു.

ആർക്കും തന്നെ അത് ഇഷ്ടപ്പെട്ടില്ലെന്ന് അവരുടെ മുഖഭാവങ്ങളിൽ നിന്നും വ്യക്തമായിരുന്നു.

ഓഹോ.. മീൻകാരിയൊക്കെ ഇപ്പോൾ ജീൻസും ഷർട്ടും ഇട്ട് വന്ന് തുടങ്ങിയോ.. സാരംഗ് അതുപോലെ തിരിച്ച് പരിഹസിച്ചു.

ദേഷ്യം കൊണ്ടവളുടെ മുഖം ചുവന്നു. അവളെ സമാധാനിപ്പിക്കാനെന്നപോലെ വൈശുവിന്റെ കൈകൾ അവളുടെ കൈകളിൽ അമർന്നു.

നീയല്ലല്ലോ ചിലവിന് തരുന്നത് അതുകൊണ്ട് നീയൊക്കെ അറിയേണ്ട കാര്യവുമില്ല. റാഗിംഗ് ഒക്കെ നിരോധിച്ചതാ. സേട്ടൻമാരും സേച്ചിമാരും അറിഞ്ഞില്ലേ.. ചുണ്ട് കോട്ടിക്കൊണ്ടവൾ പറഞ്ഞു.

അതിനിത് റാഗിംഗ് അല്ലല്ലോ മോളേ. പരിചയപ്പെടൽ അല്ലേ. പിന്നെ വേണമെങ്കിൽ ചിലവിന് തരാൻ ഞാൻ തയ്യാറാടീ..നിന്റെ ഈ തുള്ളൽ എന്റെ ചിലവിൽ ഇരിക്കുമ്പോൾ തീരാവുന്നതേയുള്ളൂ… സാരംഗ് പറഞ്ഞതും ചിരിയുയർന്നു.

ഒരുനിമിഷം കൊണ്ടവളുടെ മുഖം രക്തവർണ്ണമായി. വൈശു ഭയത്തോടെ അവളെ നോക്കി.

സാരംഗിന്റെ കവിളടക്കം തന്നെ ഋതുവിന്റെ കൈ പതിഞ്ഞു.

ആരും പ്രതീക്ഷിക്കാത്തതായതിനാൽ തന്നെ എല്ലാവരിലും ഞെട്ടൽ പ്രകടമായിരുന്നു.

സമയം വൈകിയതിനാൽ ഒന്നോ രണ്ടോ പേരല്ലാതെ അധികമാരും ഗ്രൗണ്ടിൽ ഇല്ലായിരുന്നു.

ടീ.. ചീറിക്കൊണ്ട് വന്ന സാരംഗിനെ കൂട്ടുകാർ ചേർന്ന് പിടിച്ചു വച്ചു.

കൂസലേതുമില്ലാതെ മാറിൽ കൈകൾ പിണഞ്ഞുകെട്ടി നിന്നു ഋതു.
ഞാനിവിടെ പഠിക്കാൻ വന്നതാണ്. നിനക്ക് ചിലവിന് കൊടുക്കണമെങ്കിൽ നിന്റെ വീട്ടിൽ പോയി പറയെടാ.
തിരിഞ്ഞു നടന്ന അവളെ ദേഷ്യത്തോടെ അവൻ നോക്കിനിന്നു.

എന്തൊരു അടിയാടാ ആ മറുത അടിച്ചത്. എന്റമ്മേ വേദന ഇപ്പോഴും ഉണ്ടെടാ.. കവിളിൽ തടവിക്കൊണ്ട് സാരംഗ് റിച്ചുവിനോട് പറഞ്ഞു.

റിച്ചുവിന് ചിരി അടക്കാൻ കഴിഞ്ഞില്ല.
നിന്റെ സംസാരത്തിന് അവൾ ഇതിലൊതുക്കിയത് ഭാഗ്യം.
ഏതെങ്കിലും പെൺപിള്ളേരുടെ മുഖത്ത് നോക്കി പറയാൻ കൊള്ളാവുന്നതാണോ നീയവളോട് പറഞ്ഞത്.

ഇന്നുവരെ ഒരു പെൺകുട്ടിയെയും ഞാൻ മോശമായി എന്തെങ്കിലും പറയുകയോ നോക്കുകയോ ചെയ്യുന്നത് നീ കണ്ടിട്ടുണ്ടോ.. സാരംഗ് ചോദിച്ചു.

ഇല്ല.. പിന്നെന്തിനാടാ അവളോട് പറഞ്ഞത്.. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയാ അളിയാ.. റിച്ചു കുസൃതിയോടെ ചോദിച്ചു.

ഹ്മ്മ്.. ലവ്…കാണുമ്പോഴേ തന്നെ കടിച്ചു കീറാൻ നിൽക്കുന്ന ആ ചീറ്റപ്പുലിയോട്. എന്തിനാ മോനേ ചെന്നൈ എക്സ്പ്രസ്സിന് കൊണ്ടുപോയി തല വയ്ക്കുന്നത്.
എന്തായാലും അവൾ കൊള്ളാം. ഉശിരുള്ള പെണ്ണാ. ടോട്ടൽ ഡിഫറെൻറ്. നേർക്കുനേർ നിന്ന് കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങിയാ അവളുടെ സംസാരം. ആ നോട്ടം മാത്രം മതി ആരുടെയും വാല് താഴാൻ.. വെള്ളിക്കണ്ണി. സാരംഗ് താടിയുഴിഞ്ഞുകൊണ്ട് പറഞ്ഞു.

ഇത് അതുതന്നെ. അല്ല നീ ചുരുങ്ങിയ സമയം കൊണ്ട് അവളെ ഇത്രയും മനസ്സിലാക്കിയല്ലോ.. റിച്ചു പറഞ്ഞു.

ചെയ്ത തെറ്റിന് ഒരു സോറി അത് പറയണം. നീ വാ. അവൾ ഏത് ഡിപ്പാർട്മെന്റ് എന്ന് നോക്കണം.. സാരംഗ് എഴുന്നേറ്റു.

ഹാ.. അപ്പോൾ നിന്റെ അടുത്ത കവിളും പുകയാൻ സമയമായി മോനേ… പാന്റിലെ പൊടി തട്ടിക്കളഞ്ഞുകൊണ്ട് റിച്ചു പറഞ്ഞു.

ആ കരിനാക്കൊന്ന് അകത്തേക്ക് ഇടെടാ.. ദയനീയതയോടെ അവൻ റിച്ചുവിനെ നോക്കി.

നീ ചെയ്തത് ശരിയായില്ല ഋതു. വൈശു അവളെ കുറ്റപ്പെടുത്തി.

ചിലവിന് തരാമെന്ന് പറഞ്ഞ അവനെ പിന്നെ ഞാൻ എന്ത് ചെയ്യണമെടീ.. ഋതു ദേഷ്യത്തോടെ നോക്കി.

എന്നാലും അവനൊരു ആണല്ലേ . കൈനീട്ടി തല്ലുകയെന്നൊക്കെ പറഞ്ഞാൽ.. വൈശു സംശയത്തോടെ നോക്കി.

ഇരന്നു വാങ്ങിയതല്ലേ.. ഇനിയവൻ പെൺകുട്ടികളോട് ഇങ്ങനെ പറയരുത്. ഋതുവിന്റെ ദേഷ്യം അടങ്ങുന്നുണ്ടായിരുന്നില്ല.

അയാളെ കണ്ടാൽ നല്ല ഡീസന്റ് ആണ്. ദേഷ്യം വന്നപ്പോൾ പറഞ്ഞതാകും.. വൈശു അവനെ ന്യായീകരിക്കുന്നത് കേട്ട് ഋതു മുഖം ചുളിച്ചു.

നീ മുഖനോട്ടം പഠിച്ച വിവരം ഞാൻ അറിഞ്ഞില്ലല്ലോ.. ഋതു തന്നെ പരിഹസിച്ചതെന്ന് മനസ്സിലായതും ചുണ്ട് കൂർപ്പിച്ച് അവളെയൊന്ന് നോക്കിക്കൊണ്ട് വൈശു അവളെ ചേർത്തു പിടിച്ചു.

എന്റെ ഋതുക്കുട്ടി എപ്പോഴും കറക്റ്റ് ആണ്. നീ തെറ്റ് ചെയ്യില്ലെന്ന് എനിക്കറിയില്ലേ.ഈ കാണുന്ന രൂപത്തിനുമപ്പുറം ഈ മനസ്സ് എനിക്കല്ലാതെ ആർക്കാ അറിയുന്നത്. പത്തുവർഷമായി ഞാൻ അറിയുന്നതല്ലേ. വൈശു പറഞ്ഞതുകേട്ട് ഋതുവിന്റെ മുഖം വിടർന്നു.

ദാറ്റ്‌സ് മൈ ഗേൾ.. ഋതു അവളെ ചേർത്തു പിടിച്ചു.

പുതിയ കോളേജും പരിസരവും രണ്ടുപേർക്കും ഒരുപാടിഷ്ടമായി.

ചുവന്ന പൂക്കൾ പൊഴിച്ചു നിൽക്കുന്ന ഗുൽമോഹറിന്റെ ചുവട്ടിലായിരുന്നു അവരപ്പോൾ.

നിനക്കറിയാമോ വൈശൂ… ഈ ഗുൽമോഹർ കോളേജുകളുടെ ഒരു പ്രതേകതയാ. ചുവന്ന വാകപ്പൂക്കൾ പൊഴിഞ്ഞു കിടക്കുന്ന ഇളംകാറ്റ് തഴുകി തലോടുന്ന ഇവിടെ പ്രണയജോഡികളാണ് കൂടുതൽ കാണുന്നത്.

എന്താടീ അങ്ങനെ ജോഡിയായിട്ടിരിക്കാൻ വല്ല പ്ലാനും ഉണ്ടോ.. വൈശു ചോദിച്ചു.

ഒരുനിമിഷം അവളുടെ മുഖം മറ്റൊരു ഭാവത്തിലേക്ക് മാറി.

പ്രണയം.. അതും എനിക്ക്.. നിനക്കറിയാവുന്നതല്ലേ വൈശൂ എല്ലാം..

അവളുടെ മുഖത്തിലെ അവളൊളിപ്പിച്ചു വച്ചിരുന്ന ഭാവമായിരുന്നു വേദന. അതിപ്പോൾ പ്രകടമായിരുന്നു.

ചോദിക്കേണ്ടിയിരുന്നില്ലെന്ന് ആണ് നിമിഷം വൈശുവിന് തോന്നി .

അല്ല നമ്മുടെ ബാക്കി ടീം എപ്പോഴാ ലാൻഡിംഗ് വൈശു വിഷയം മാറ്റാനെന്നവണ്ണം ചോദിച്ചു.

ഇന്ന് നൈറ്റ്‌. നാളെ മോർണിംഗ് കോളേജിൽ നമ്മളൊരുമിച്ച് ലാൻഡ് ചെയ്യും. ഋതു സന്തോഷത്തോടെ പറഞ്ഞു.

(തുടരും )

പ്രണയവീചികൾ എന്ന കഥയുമായി ഞാൻ വീണ്ടും വരികയാണ് കൂട്ടുകാരേ. ക്യാമ്പസ്‌ പ്രണയവും കുസൃതികളും സന്തോഷവും സൗഹൃദവും സങ്കടവും ഉൾപ്പെടുത്തിയ രചന.
എന്ന് പ്രണയത്തോടെ, രുദ്രാക്ഷ, പ്രണവപല്ലവി ഇവ സ്വീകരിച്ചതുപോലെ പ്രണയവീചികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്…..

ആർദ്ര നവനീത്