Sunday, December 22, 2024
LATEST NEWS

2022-23 ആദ്യ പാദത്തിൽ ഒയോയുടെ നഷ്ടം 414 കോടി

ഹോട്ടൽ സേവന ദാതാവായ ഒയോ നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ (2022-23) ആദ്യ പാദത്തിൽ 414 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഐപിഒ അപേക്ഷയുമായി (ഡിആർഎച്ച്പി) ബന്ധപ്പെട്ട് സെബിക്ക് സമർപ്പിച്ച സപ്ലിമെന്‍ററി ഡോക്യുമെന്‍റിലാണ് ആദ്യ പാദ ഫലം ഉൾപ്പെടുത്തിയത്. 2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ 1,459 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്.

1,910 കോടി രൂപയായിരുന്നു ഇക്കാലയളവിൽ കമ്പനിയുടെ ചെലവ്. കമ്പനിയുടെ പ്രവർത്തന നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷം 4,103 കോടി രൂപയിൽ നിന്ന് 2,140 കോടി രൂപയായി ഒയോ കുറച്ചിരുന്നു. 2021-22 ൽ ഒയോയുടെ മൊത്തം വരുമാനം 4,781.4 കോടി രൂപയായിരുന്നു. കോവിഡ് -19 ലോക്ക്ഡൗണുകൾ അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വരുമാനം 20 ശതമാനം ഉയർന്നു.

ഒയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാളിന്‍റെ പ്രതിഫലം കഴിഞ്ഞ വർഷം 250 ശതമാനം വർധിച്ചു. 2021-22ൽ 5.6 കോടി രൂപയായിരുന്നു റിതേഷിന്‍റെ പ്രതിഫലം. കഴിഞ്ഞ വർഷം ഇത് 1.6 കോടിയായിരുന്നു. വിപണി സാഹചര്യങ്ങൾ അനുകൂലമായാൽ 2023 ന്‍റെ തുടക്കത്തിൽ കമ്പനി ഒരു ഇനീഷ്യൽ പബ്ലിക്ക് ഓഫറിംഗ് (ഐപിഒ) നടത്തും.