Tuesday, December 17, 2024
Novel

ഒറ്റയാൻ : ഭാഗം 1

എഴുത്തുകാരി: വാസുകി വസു


എവിടേക്കാ വസൂ നീയിത്ര രാവിലെ ഒരുങ്ങിയിറങ്ങുന്നത്”

“അതെന്താ അമ്മേ പതിവില്ലാതെയോരോ ചോദ്യങ്ങൾ. ഞാനെന്നും രാവിലെ എവിടേക്കാണു പോണെന്ന് അറിയാവുന്നതല്ലേ”

“നീയിന്നെങ്ങും പോകണ്ടാ…ഭദ്രൻ നിന്നെയിന്നു പെണ്ണുകാണാൻ വരുന്നുണ്ട്”

ആ പേരും കേട്ടതോടെയെന്റെ മുഖം കോപത്താൽ ആളിക്കത്തി…

“നാണമില്ലാത്ത മനുഷ്യൻ.. ഇഷ്ടമില്ലെന്ന് പറഞ്ഞാലും പിന്നെയും ഒലിപ്പിച്ച് പിന്നാലെയെത്തും.”

ആരോടെന്നില്ലാത്ത ദേഷ്യം തീർക്കാനായി കാലിൽ കെട്ടിയിരുന്ന ചിലങ്ക ഞാൻ വലിച്ചെറിഞ്ഞു.അമ്മയുടെ മുന്നിൽ വന്നാണത് വീണത്….

അമ്മയത് കണ്ടിട്ട് ആദ്യത്തെയടി എന്റെ വലത്തേ കവിളിനു സമ്മാനിച്ചു.അമ്മയുടെ കോപം മുഴുവനും തീരുവോളം ശരീരത്തിലുടനീളം ആ കൈകൾ എന്നെ തല്ലിക്കൊണ്ടിരുന്നു.ഒടുവിൽ കൈകൾ കുഴഞ്ഞതോടെ അമ്മ നിർത്തി….

“എത്ര കഷ്ടപ്പെട്ടാണ് നിന്നെ നൃത്തം പഠിപ്പിക്കാനായി വിടുന്നതെന്ന് അറിയാമോ?അതിനിടയിലാ അവളുടെ അഹമ്മതിയും”

“തല്ലിക്കൊല്ലരുതോ നിങ്ങൾക്കെന്നെ?ആരു ചോദിക്കാന്‍.. അതിനെനിക്ക് അച്ഛനും കൂടപ്പിറപ്പൊന്നുമില്ലല്ലോ”

കണ്ണുനീരിന്റെ നനവ് താഴേക്ക് പടർന്നൊഴുകി.കണ്ണെഴുതിയ കണ്മഷിയിൽ നേത്രങ്ങൾ നീറിത്തുടങ്ങി….

ഞാൻ പറയുന്നത് ശ്രദ്ധിച്ച അമ്മയുടെ ദൃഷ്ടികൾ പുറത്തേക്കെവിടെയോ നിലയുറപ്പിച്ചു….

“എനിക്കിഷ്ടമില്ലാത്തൊരു വിവാഹം വേണ്ടെന്ന് ഞാനൊരുപാട് പ്രാവശ്യം പറഞ്ഞു കഴിഞ്ഞില്ലേ.എന്നിട്ടും പിന്നെയും നിങ്ങളെന്തിനുളള പുറപ്പാടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല”

ഇത്രയും നാൾ മനസ്സിലടക്കിപ്പിടിച്ചിരുന്ന സംശയങ്ങളത്രയും പുറത്തേക്കൊഴുകി…ചിന്താഭാരങ്ങൾക്ക് കുറച്ചെങ്കിലും ഉത്തരം ലഭിച്ചാൽ മനസ്സിനു കുറച്ചു ആശ്വാസം ലഭിക്കും…

“ഭദ്രനാണ് നമുക്ക് ചിലവിനു തരുന്നത്.അവൻ പറയുന്നത് അനുസരിക്കുക.നിന്റെ അച്ഛൻ കുഞ്ഞായിരിക്കുമ്പോഴെ ഉപേക്ഷിച്ചു പോയതാണ്”

“എങ്കിൽ പറയ് ആരാണെന്റെ അച്ഛൻ. എനിക്ക് അതറിയാനുളള അവകാശമുണ്ട്”

ഈ നിമിഷം വരെ നെഞ്ചിൽ കനലായെരിയുന്ന നീറ്റൽ ഇന്നെങ്കിലുമാറി തണുക്കണം…

“വയ്യ എനിക്കിനിയിത് താങ്ങാൻ കഴിയില്ല.തന്തയാരെന്ന് അറിയാത്ത, പിഴച്ചു പെറ്റവളുടെ മകളായിന്നുവരെ ജീവിച്ചു.പലരുടേയും മുഖങ്ങളിൽ അവഗണ കണ്ടിരുന്നു”

“നിങ്ങളോടാ ചോദിച്ചത്..പറയാൻ…

ഭ്രാന്തിയെപ്പോലെ അമ്മയുടെ ചുമലിൽ പിടിച്ചു ഞാൻ ഉലച്ചു.ഒന്നും‌ ശബ്ദിക്കാനാകാതെ അമ്മ നിശബ്ദമായി നിന്നു….

കരഞ്ഞു തളർന്നു ഞാൻ താഴേക്ക് ഊർന്നുവീണു…

എന്നിട്ടും അമ്മയൊന്നും മിണ്ടാതെ അടുക്കളയിലേക്ക് കയറിപ്പോയി….

” ഭദ്രൻ… ആ പേര് ഞാൻ പല്ലുകൾക്കിടയിലിട്ടും ഞെരിച്ചു….

എനിക്ക് പതിനാറ് വയസ്സുള്ളപ്പോൾ മുതലേ അയാൾ അമ്മയുടെ കൂടെയുണ്ട്.എന്തിനും ഏതിനും അധികാര ഭാവമാണ് അയാൾക്കെന്നിൽ….

എവിടെ നിന്നാണ് അയാൾ ഈ നാട്ടിലെത്തിയതെന്ന് ആർക്കും അറിയില്ല.ഇവിടെ വരുമ്പോൾ അയാൾ വെറും പിച്ചക്കാരനായിട്ടാണ് വരവ്…

ഇന്ന് ഭദ്രനെന്ന് പറഞ്ഞാൽ എല്ലാവരും അറിയും.ബ്ലേഡ് ഭദ്രനെന്നാണ് അയാളുടെ ഇരട്ടപ്പേര്…..

ഇന്നലെ തനിക്ക് പതിനെട്ട് വയസ്സ് പൂർത്തിയായി.ഭദ്രൻ ഈയൊരു നിമിഷത്തിനായിട്ടാണു കാത്തിരുന്നതും…

രക്ഷപ്പെടാനൊരു വഴി തേടി മനസ്സും ശരീരവും ഞാൻ ചിന്തകളാക്കി…തൽക്കാലം അയാൾ വരട്ടെ അതുകഴിഞ്ഞു എന്തെങ്കിലും വഴി കണ്ടെത്താം….

ഇടക്കെപ്പഴൊ അമ്മ വീണ്ടും വന്ന് നോക്കിയട്ട് പോകുന്നത് ഞാൻ കണ്ടു..,

നൃത്തമെനിക്ക് ജീവനാണ്.അമ്മയുടെ കാലുപിടിച്ചു അപേക്ഷിച്ചിട്ടാണ് നൃത്തം പഠിക്കാനായി വിട്ടത്…

ഭദ്രനു എന്നെ നൃത്തം പഠിക്കുവാനായി വിടാനൊരു താല്പര്യം ഇല്ലായിരുന്നു.ഒടുവിൽ എന്റെ കണ്ണുനീരിനു മുമ്പിൽ അമ്മ കീഴടങ്ങുകയായിരുന്നു….

ജനിച്ച നാൾ മുതൽ ഇന്നുവരെ അമ്മയുടെ മുഖം തെളിഞ്ഞു ഞാൻ കണ്ടിരുന്നില്ല.എന്നെക്കാൾ തകർന്ന് നിൽക്കുന്നത് അമ്മയാണെന്നെനിക്ക് എപ്പോഴും തോന്നിയിട്ടണ്ടു…

ഞാൻ മുറിയിൽ നിന്ന് അമ്മയുടെ അടുത്തെത്ത്.അടുക്കള വാതിക്കലിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന അമ്മയുടെ ചുമലിൽ ഞാൻ കൈവെച്ചു.അമ്മയൊന്ന് ഞെട്ടിയത് പോലെയെനിക്ക് തോന്നി….

അമ്മയെ ഞാൻ എനിക്ക് അഭിമുഖമായി നിർത്തി.അമ്മ കരയുകയാണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്…

“ക്ഷമിക്കണം അമ്മേ അന്നേരത്തെ ദേഷ്യത്തിനു ഞാൻ പറഞ്ഞതാണ്…

എന്നെ അമ്മ ചേർത്തു പിടിച്ചു കണ്ണീർവാർത്തു…

” അമ്മക്കിതൊന്നും താല്പര്യം ഉണ്ടായിട്ടല്ല മോളേ.അമ്മ നിസ്സാഹയയാണ്.എന്തായാലും ഭദ്രൻ വരട്ടെ.നിനക്ക് രക്ഷപ്പെടാൻ ദൈവം എന്തെങ്കിലും വഴി തുറന്നു തരും ”

ഞാനും അത് തന്നെയാണ് ഈ നിമിഷം വരെ പ്രാർത്ഥിച്ചതും.അമ്മയെ തെറ്റിദ്ധരിച്ചതിൽ എനിക്ക് വല്ലാത്ത സങ്കടം തോന്നി….

അന്ന് വൈകുന്നേരം വരെ അമ്മയും ഞാനും കാത്തിരുന്നിട്ടും ഭദ്രനെത്തിയില്ല.രാത്രിയിൽ കനത്ത മഴയായിരുന്നു….

പിറ്റേ ദിവസം അയലത്തെ അമ്മിണി ചേച്ചിയാണ് പറഞ്ഞത് ഇന്നലെ കവലയിൽ സംഘട്ടമായിരുന്നെന്ന്…

ഭദ്രനെ വെളിയിൽ നിന്ന് വന്നയാരോ അടിച്ചു ബോധം കെടുത്തി ആശുപത്രിയിലാക്കിയെന്ന്…

എനിക്ക് ചിരിക്കണോ കരയണമെന്നോ എന്നറിയില്ലായിരുന്നു.വിവരമറിഞ്ഞ അമ്മ നിർവികാരിതയായിരുന്നു….

“വന്നയാളുടെ പേരെന്താ അമ്മിണിച്ചേച്ചി ഞാൻ ആവേശത്തിലായി”

അമ്മിണി ചേച്ചിയെന്നെ സൂക്ഷിച്ചു നോക്കിയട്ട് പറഞ്ഞു

“ഒറ്റയാൻ”

“(തുടരും”)