പ്രവാസികളുടെ പ്രിയപ്പെട്ട രാജ്യമായി ഒമാൻ
മസ്കത്ത്: വിദേശികൾക്ക് ഏറ്റവും ഇഷ്ടമുള്ള രാജ്യങ്ങളിൽ ഒമാൻ 12-ാം സ്ഥാനത്ത് . ലോകത്തിലെ ഏറ്റവും വലിയ പ്രവാസി ഗ്രൂപ്പായ ഇന്‍റർനാഷണൽസ് നടത്തിയ ‘എക്സ്പാറ്റ് ഇൻസൈഡർ സർവേ’യിലാണ് ഒമാൻ ഈ നേട്ടം കൈവരിച്ചത്. ഖത്തർ (26), സൗദി അറേബ്യ (27), കുവൈത്ത് (52) എന്നിങ്ങനെയാണ് മറ്റ് ജിസിസി രാജ്യങ്ങളുടെ റാങ്കിംഗ്.
181 രാജ്യങ്ങളിൽ താമസിക്കുന്ന 177 രാജ്യക്കാരായ 11,970 പ്രവാസികളാണ് സർവേയിൽ പങ്കെടുത്തത്. ജീവിത നിലവാരം, ജോലി കണ്ടെത്തുന്നതിനുള്ള എളുപ്പം, തൊഴിൽ സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തിയത്. മെക്സിക്കോ, ഇന്തോനേഷ്യ, തായ് വാൻ, പോർച്ചുഗൽ, സ്പെയിൻ, യു.എ.ഇ, വിയറ്റ്നാം, തായ്ലൻഡ്, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ ആദ്യ പത്തിൽ ഇടം നേടി. കുവൈത്ത്, ന്യൂസിലാന്‍റ്, ഹോങ്കോങ്, സൈപ്രസ്, ലക്സംബർഗ്, ജപ്പാൻ, ദക്ഷിണാഫ്രിക്ക, തുർക്കിയ, ഇറ്റലി, മാൾട്ട എന്നിവയാണ് അവസാന സ്ഥാനത്ത്.
സുൽത്താനേറ്റിൽ താമസിക്കുന്ന 72 ശതമാനം വിദേശികളും തങ്ങളുടെ ജീവിതനിലവാരത്തിൽ സന്തുഷ്ടരാണെന്ന് സർവേ പറയുന്നു. കുറഞ്ഞ ചെലവിൽ ഇവിടെ വീട് കണ്ടെത്താൻ കഴിയുമെന്ന് സർവേയിൽ പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു. അതിനാൽ, റിപ്പോർട്ടിന്‍റെ ഉപവിഭാഗമായ ‘ഈസി ഓഫ് സെറ്റിൽമെന്‍റ്’ സൂചികയിൽ ഒമാൻ അഞ്ചാം സ്ഥാനത്താണ്. സൗഹൃദപരവും സ്വാഗതാർഹവുമായ സംസ്കാരമാണ് ഒമാനിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ഉപവിഭാഗത്തിൽ ഒമാൻ 10-ാം സ്ഥാനത്താണ്.