Monday, April 29, 2024
HEALTHLATEST NEWS

സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അക്രഡിറ്റേഷൻ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 11 ആശുപത്രികൾക്ക് പുന: അംഗീകാരം നൽകുകയും 2 ആശുപത്രികൾക്ക് പുതിയ എൻ.ക്യു.എ.എസ് നൽകുകയും ചെയ്തു. എറണാകുളം രായമംഗലം കുടുംബാരോഗ്യകേന്ദ്രം 96 ശതമാനവും കോട്ടയം കല്ലറ കുടുംബാരോഗ്യകേന്ദ്രം 97 ശതമാനവും സ്കോർ നേടി. ഇതോടെ സംസ്ഥാനത്തെ 146 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചു. 4 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 8 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, 38 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ, 91 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് എൻ.ക്യു.എ.എസ്. അനുമതി ലഭിച്ചതായി മന്ത്രി പറഞ്ഞു.

Thank you for reading this post, don't forget to subscribe!

കൊല്ലം വെളിയം കുടുംബാരോഗ്യ കേന്ദ്രം 97%, മുണ്ടയ്ക്കൽ അർബൻ പ്രൈമറി ഹെൽത്ത് സെൻറർ 80.40%, പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം 89%, കോട്ടയം മറവന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം 95%, ഇടുക്കി പാറക്കടവ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 87.20%, എറണാകുളം തൃപ്പൂണിത്തുറ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 90.30%, മണീട് കുടുംബാരോഗ്യ കേന്ദ്രം 98.47%, മലപ്പുറം കുടുംബാരോഗ്യ കേന്ദ്രം 96% തുടങ്ങിയവയ്ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും എന്‍.ക്യു.എ.എസ്. ബഹുമതി ലഭിച്ചു.

സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട്കം എന്നീ 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്. ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നത്. ഈ വിഭാഗങ്ങളിൽ ഓരോന്നിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ് നൽകുന്നത്. എന്‍.ക്യു.എ.എസ് അംഗീകാരത്തിന് 3 വർഷമാണ് വാലിഡിറ്റി കാലാവധി. മൂന്ന് വർഷത്തിന് ശേഷം, ദേശീയതല ടീമിന്റെ ഒരു അവലോകനം ഉണ്ടാകും. എൻ.ക്യു.എ.എസ് അക്രഡിറ്റഡ് പി.എച്ച്.സികൾക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ വീതവും വാർഷിക ഇൻസെന്റീവ് ലഭിക്കും.