Saturday, December 21, 2024
Novel

നിയോഗം: ഭാഗം 55

രചന: ഉല്ലാസ് ഒ എസ്

ദേവനിൽ നിന്നും ഇങ്ങനെ ഒരു നീക്കം…… അതും അയാൾ അല്ലേ പറഞ്ഞത്, ദേവികയെ ഇവിടേക്ക് കെട്ടിച്ചു അയക്കാൻ പറ്റില്ല എന്നു…. അവർ ആയിട്ട് ഒഴിഞ്ഞു പോയത് അല്ലേ… എന്നിട്ട് എന്തിനാ ഈ തറ വേലത്തരം കാണിച്ചത്.. ” . തൊടിയിലെ വേലിയ്ക്ക് അരികിൽ നിൽക്കുക ആയിരുന്നു അച്ഛനും മകനും കൂടി. “കാരണം ഒന്നും എനിക്ക് അറിയില്ല അച്ഛാ… എന്നിരുന്നാലും അവനെ എനിക്ക് ഒന്ന് കാണണം.. പിന്നെ തത്കാലം ഈ കാര്യങൾ നമ്മൾ രണ്ടാളും അറിഞ്ഞാൽ മതി…. ..” “മ്മ്….. ” “എങ്കിൽ അച്ഛൻ കയറി പൊയ്ക്കോളൂ.. ഞാൻ ഇപ്പോൾ വരാം ” “ഞാനും കൂടി വരാം മോനേ ” .

“ഹേയ്… അതിന്റ ഒന്നും ആവശ്യം ഇല്ല അച്ഛാ…..” അതും പറഞ്ഞു കൊണ്ട് അവൻ മുറ്റത്തേയ്ക്ക് കയറി പോയി… ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം മുറിയിൽ ഇരുന്ന് കൊണ്ട് പദ്മയും കേട്ടിരുന്നു…. ദേവനെ പിടിച്ചു ഞെരിച്ചു കൊല്ലാൻ ഉള്ള ദേഷ്യത്തിൽ ആണ് കാർത്തി…. തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു മൂന്നാം കിട കളി അയാൾ കളിക്കും എന്നു സ്വപ്നത്തിൽ പോലും താൻ കരുതിയത് ഇല്ല.. മകളുടെ ജീവിതം തകർന്നപ്പോൾ അവൾ ഹോസ്പിറ്റലിൽ ആയപ്പോൾ, ഇവിടെ വന്നു അവൻ കാലു പിടിച്ചു… അന്ന് താൻ എല്ലാവരോടും പറഞ്ഞത് ആണ്, അവളെ കാണുവാൻ വേണ്ടി പോവേണ്ട കാര്യം ഇല്ലന്ന്.

പഴയ കാര്യങ്ങൾ ഓർക്കും തോറും അവന് വല്ലാത്ത ദേഷ്യം തോന്നി… എല്ലാത്തിനും ഉപരി അവനേ വിഷമിപ്പിച്ചത് അച്ഛമ്മയുടെ വിയോഗം ആയിരുന്നു.. പദ്മ ഗർഭിണി ആണെന്ന് അറിഞ്ഞത് മുതൽ അച്ഛമ്മ അവളുടെ പിന്നാലെ ആയിരുന്നു. സ്നേഹവും ലാളനയും, ഉപദേശവും ഒക്കെ ആയിട്ട് അവളുടെ കൂടെ കൂടും. ആ പാവം അത്രമേൽ ആഗ്രഹിച്ചതും കൊതിച്ചതും ആയിരുന്നു തന്റെ മോളെ കൊഞ്ചിച്ചു o കളിപ്പിച്ചും ഒക്കെ കഴിയണം എന്ന്… ഒരിക്കൽ പോലും… ഒരിക്കൽ പോലും അത് സാധിച്ചില്ല.. ഒടുവിൽ മരണ കിടക്കയിൽ ആണ് അച്ഛമ്മ തന്റെ മോളെ ഒന്ന് എടുത്തത്..

മെയിൻ റോഡ് കഴിഞ്ഞു അവരുടെ വീട്ടിലേക്ക് ഉള്ള പോക്കറ്റ് റോഡിലേക്ക് കയറിയപ്പോൾ കണ്ടു വിനീതിന്റെ സ്കൂട്ടർ പിന്നാലെ വരുന്നത്. ഹോൺ മുഴക്കി കൊണ്ട് ആണ് അവൻ വരുന്നത്. പെട്ടന് കാർത്തി തന്റെ വണ്ടി ഒതുക്കി. എന്നിട്ട് താല്പര്യം ഇല്ലാത്ത മട്ടിൽ മുഖം തിരിച്ചു അവനെ നോക്കി. തൊട്ട് പിന്നിലായി കൊണ്ട് വന്നു വണ്ടി നിറുത്തി. “കാർത്തി…. നീ എങ്ങോട്ടാ ” . “ഞാൻ വെറുതെ… ഈ വഴി ഒന്ന് ഇറങ്ങിയതാ ” .. “വിനീത് ജോലി കഴിഞ്ഞു വരുവാണോ ” “മ്മ്… അതേടാ..” “ഹ്മ്മ്…എവിടെ അച്ഛനും അമ്മയും ഒക്കെ…. വീട്ടിൽ ഉണ്ടോ ” . “അച്ഛൻ ഇന്നലെ കോയമ്പത്തൂർ പോയി….

രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞേ വരൂ….” അതു കേട്ടതും അവനു കലി കയറി.. നേരിട്ട് കണ്ടു അയാൾക്കിട്ട് രണ്ട് എണ്ണം പൊട്ടിക്കാൻ വേണ്ടി വന്നതാ.. പക്ഷെ….. “എപ്പോളാ പോയത് ” . “ഇന്നലെ വൈകിട്ട്….” “മ്മ്… ശരി ” ഉള്ളിലെ ദേഷ്യത്തെ നീയന്ത്രിച്ചു കൊണ്ട് കാർത്തി അവനോട് പറഞ്ഞു. “എന്നാൽ ശരി… പിന്നെ കാണാം ” . വിനീത് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. അവൻ കണ്ണിൽ നിന്നു മറയുവോളം കാർത്തി തന്റെ ബൈക്കിൽ ഇരുന്നു. ആ നാറി എന്നാലും കടന്നു കളഞ്ഞല്ലോ… ഒരുപക്ഷെ തന്റെ വീട്ടിൽ വന്നപ്പോൾ പദ്മ വന്നത് അറിഞ്ഞിട്ട് ഉള്ള അയാളുടെ നീക്കം ആകും.. അല്ലാതെ ഇത്ര തിടുക്കപ്പെട്ടു പോവേണ്ട കാര്യം ഇല്ല. തിരികെ അവൻ വീട്ടിൽ എത്തിയപ്പോൾ അച്ചൻ ഉമ്മറത്ത് ഉണ്ട്.

“എന്തായി മോനേ…” കോലായിലേക്ക് കയറി വന്ന അവനോട് ശബ്ദം താഴ്ത്തി അയാൾ ചോദിച്ചു. “എന്താവാൻ… അയാൾ നാട്ടിൽ ഇല്ലന്ന്… ” . വിനീതിനെ കണ്ട കാര്യങ്ങൾ എല്ലാം അവൻ അച്ഛനോട് പറഞ്ഞു കേൾപ്പിച്ചു. “സാരമില്ല മക്കളെ… അയാള് വരട്ടെ..നീ മുറിയിലേക്ക് ചെല്ല്…. എന്തായാലും പദ്മ ഇവിടെ ഉണ്ടല്ലോ… നമ്മൾക് പിന്നീട് കാര്യങ്ങൾ എല്ലാം പറഞ്ഞു മനസിലാക്കാം . ” മകന്റെ തോളിൽ കൈ വെച്ച് കൊണ്ട് അയാൾ അവനെ അശ്വസിപ്പിച്ചു. “എന്താ ഇവിടെ ഒരു അടക്കം പറച്ചില്… കുറച്ചു നേരം ആയല്ലോ തുടങ്ങിയിട്ട് ” .. സീത നെറ്റി ചുളിച്ചു കൊണ്ട് അവിടേക്ക് വന്നു അച്ഛനെയും മോനെയും നോക്കി. കാർത്തി അമ്മയെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു കൊണ്ട് മുകളിലേക്ക് കയറി പോയി.

വാതിൽ ചാരിയിട്ടേ ഒള്ളു.. അവൻ മെല്ലെ വാതിൽ തുറന്നു. അമ്മയും മോളും കൂടി കളിയും ചിരിയും ഒക്കെ ആയിട്ട് അവരുടെ ലോകത്ത് ആണ്…. വാവയെ ആണെങ്കിൽ തുരു തുരെ ഉമ്മകൾ കൊണ്ട് മൂടുക ആണ് പദ്മ…. തിരിച്ചു അവളുടെ കവിളിൽ പല്ലില്ലാത്ത മോണ കൊണ്ട് കടിക്കാൻ ശ്രമിക്കുന്നുണ്ട് കുഞ്ഞ്.. പെട്ടന്ന് ആണ് കാർത്തി മുറിയുലേക്ക് വന്നത്… അവനെ കണ്ടതും കുഞ്ഞ് ഒരു ശബ്ദം പുറപ്പെടുവിച്ചു.. എന്നിട്ട് കൈ കാലുകൾ ഇട്ടു ഇളക്കി മറിച്ചു. “അച്ചേടെ പൊന്നേ…. വാടാ ” അവൻ ചെന്നു കുഞ്ഞിനെ എടുത്തു… എന്നിട്ട് അറിയാതെ എന്ന പോൽ പദ്മയ്ക്കിട്ട് ഒരു തട്ടും കൊടുത്തു. പെട്ടന്ന് അവൾ ബെഡിലേക്ക് വീഴാൻ തുടങ്ങി. കുഞ്ഞിനേയും എടുത്തു കൊണ്ട് കാർത്തി താഴേക്ക് ഇറങ്ങി പോയി.

പദ്മ ഫോൺ എടുത്തു…. വീട്ടിലേക്ക് വിളിക്കാനായി. ഹരിക്കുട്ടൻ ആണ് ഫോൺ അറ്റൻഡ് ചെയ്തത്. “മോനേ…..” . “എന്തോ..” “കൊച്ച് എന്ത് ചെയ്യുവാടാ ” . “നാമം ചൊല്ലിട്ട് കയറി വന്നതേ ഒള്ളു… കുഞ്ഞാവ എന്ത്യേ ” . “താഴെ ഉണ്ട്…. മാഷ് ഇപ്പോൾ എടുത്തു കൊണ്ട് പോയതാ…” “മ്മ്…. കാണാഞ്ഞിട്ട് വല്ലാതെ വിഷമം ആണ് ചേച്ചി….ഇനി എന്നാ ഇവിടേക്ക് വരുന്നത് ” എന്തിനാ ഇവിടേക്ക് വരുന്നത്.. അവൾ അവിടെ അല്ലേ നിൽക്കേണ്ടത്.. അവരുടെ വീട് അതാണ്. അമ്മയുടെ പറച്ചിൽ ഫോണിലൂടെ പദ്മ കേട്ട്.. “ചേച്ചി… ഞാൻ അമ്മയ്ക്ക് ഫോൺ കൊടുക്കാവേ ” . “മ്മ് ” “ഹെലോ…. മോളെ ” “ആഹ് അമ്മേ…… അച്ഛനും ഭവ്യ യും എവിടെ ” “അച്ഛൻ ആണെങ്കിൽ ആ കവല വരെ ഒന്ന് പോയതാ… പിന്നെ ഭവ്യ കുളിക്കുന്നു…”

“മുത്തശ്ശി ചെറിയച്ഛന്റെ വീട്ടിൽ പോയിട്ട് വന്നില്ല അല്ലേ ” “ഇല്ല്യാ…. ഇനി കുറച്ചീസം കഴിഞ്ഞു വരുവൊള്ളൂ എന്ന് അച്ഛനോട് പറഞ്ഞു ” . “മ്മ്…” .. “കുഞ്ഞ് എന്ത്യേ ” “മാഷ് ഇപ്പോൾ എടുത്തു കൊണ്ട് പോയി ” “അച്ഛനും ആയിട്ട് കൂട്ടായി ല്ലേ ഇത്ര വേഗന്നു ” അമ്മ ആഹ്ലാദത്തോടെ ചോദിച്ചു. “മ്മ്…..” അവൾ ഒന്ന് മൂളി. കുറച്ചു സമയം കൂടി സംസാരം തുടർന്ന്.. എന്നിട്ട് അവൾ ഫോൺ കട്ട്‌ ചയ്തു. താൻ അവിടേക്ക് വരുന്നുണ്ടോ എന്ന് പോലും അമ്മ ചോദിച്ചില്ല.. ഇവിടുത്തെ സൗഭാഗ്യങ്ങൾ ആണ് വർണിക്കുന്നത് മുഴുവൻ.. അവൾക്ക് പുച്ഛം തോന്നി തന്റെ ജീവിതം ഇങ്ങനെ പുഴുവരിക്കും പോലെ തുടരട്ടെ… ആർക്കും വേണ്ടാത്തവൾ ആയി പോയില്ലേ..

കണ്ണുകൾ അടച്ചു അവൾ കസേരയിൽ ചാരി കിടന്നു. തല പൊട്ടി പോകുന്ന പോലെ. മനസും ആകെ കലുഷിതം ആണ്. ഒരു തുറന്ന് പറച്ചിൽ.. അതും ഇത്ര പെട്ടന്ന്.. താൻ ആഗ്രഹിച്ചത് അല്ല. പക്ഷെ തന്നെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി വിടാം എന്ന് മാഷ് വാക്ക് പറഞ്ഞത് കൊണ്ട് ആണ്…… എന്നാൽ അവിടേക്ക് ചെല്ലാൻ അമ്മ ഒട്ടു സമ്മതിക്കുന്നുമില്ല. സങ്കടം വന്നിട്ട് വയ്യാ.. എന്തൊരു വിധി ആണ്…. ഇപ്പോളും മറ്റൊരുവളെ മനസിൽ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന ഒരാളെ എനിക്ക് ഭർത്താവായി വേണ്ട ന്റെ ഗുരുവായൂരപ്പാ… കാർത്തി അകത്തേക്ക് കയറി വന്നപ്പോൾ കണ്ണുകൾ അടച്ചു കസേരയിൽ ഇരിക്കുന്ന പദ്മയെ ആണ് കാണുന്നത്. ആകെ വാടി തളർന്ന ഒരു താമരതണ്ട് പോലെ കിടക്കുക ആണ് അവൾ..

പനിയും ക്ഷീണവും ഒക്കെ ചെറുതായി ഉണ്ട്… അവൻ അരികിലേക്ക് ചെന്നത് ഒന്നും പദ്മ അറിഞ്ഞിരുന്നില്ല. നെറ്റിയിലേക്ക് അവൻ തന്റെ കൈ വെച്ചു നോക്കി.. നന്നായി പൊള്ളുന്നു. “പദ്മേ….” കാർത്തി അവളുടെ തോളിൽ പിടിച്ചു കുലുക്കി. പെട്ടന്ന് അവൾ ഞെട്ടി എഴുന്നേറ്റു. “നല്ല പനി ഉണ്ടല്ലോ…. മരുന്ന് കഴിച്ചില്ലേ നീയ് ” . മറുപടി ആയി അവനെ തുറിച്ചൊരു നോട്ടം നോക്കി അവള്. കാർത്തി അതു കാര്യം ആക്കാതെ ഗുളിക എടുത്തു അവളുടെ കൈലേക്ക് കൊടുത്തു. എന്നിട്ട് വെള്ളം എടുക്കനായി താഴേക്ക് ഇറങ്ങി പോയി. തിരികെ അവന്റ ഒപ്പം മീനുട്ടി യും വന്നു. “ഏടത്തി… പനി പിടിച്ചോ…വല്ലാത്ത ക്ഷീണം ആണല്ലോ..” “മ്മ്….. കുഴപ്പമില്ല…” പദ്മ ആണെങ്കിൽ വളരെ ബദ്ധപ്പെട്ടു ഒരു പുഞ്ചിരി ചൊടികളിൽ വരുത്തി…

“ഫുഡ്‌ എന്തെങ്കിലും കഴിക്കണ്ടേ ഏട്ടാ… ” പെട്ടന്ന് മീനുട്ടി ചോദിച്ചു. “മ്മ്… അത് ഞാൻ മറന്നൂല്ലോ ” പദ്മ… പോയി ഭക്ഷണം കഴിച്ചിട്ട് വരൂ..എന്നിട്ട് ഗുളിക കഴിച്ചാൽ മതി… ഒന്നും പറയാതെ കൊണ്ട് മീനു ന്റെ ഒപ്പം പദ്മയും മുറി വിട്ടു ഇറങ്ങി പോയി.. അച്ഛനും അമ്മയും കൂടി കുഞ്ഞിനെ കളിപ്പിക്കുക ആണ്. പലപ്പോളും അച്ഛമ്മയുടെ ഓർമ്മകൾ എല്ലാവരിലും കടന്ന് വരും. പാവം…. വാവയോട് ഒപ്പം കഴിയാൻ ഒരു ദിവസം പോലും സാധിച്ചില്ല. കുഞ്ഞിന്റെ പൊട്ടിച്ചിരികളും വാവിട്ട നിലവിളിയും, കൊഞ്ചലുകളും ഒക്കെ തെക്കേ തൊടി വരെ എത്തും.. അച്ഛമ്മ അതൊക്കെ കേൾക്കുന്നുണ്ടാവും എന്ന് ഇടയ്ക്ക് അമ്മ അവിടേക്ക് നോക്കി ഇരിന്നു പറയും..

അത്താഴം കഴിഞ്ഞു പദ്മ കേറി വന്നപ്പോൾ അവൾക്ക് വല്ലാത്ത ക്ഷീണം ഒക്കെ തോന്നി തുടങ്ങി. വേഗം തന്നെ കുട്ടിയ്ക്ക് പാല് കൊടുത്തു അവൾ ഉറക്കി. അതിൻ ശേഷം ആണ് ഗുളിക കഴിച്ചത്. വന്ന നാൾ മുതൽ കുഞ്ഞിനെ നടുക്ക് കിടത്തിയിട്ട് രണ്ടാളും ഇരു വശത്തും കിടക്കുക ആയിരുന്നു പതിവ്.. . വാഷ് റൂമിൽ പോയി വന്ന ശേഷം പദ്മ നോക്കിയപ്പോൾ കണ്ടത് കുഞ്ഞിനെ ഒരു വശത്തേക്ക് നീക്കി കിടത്തിയിട്ട് തലയിണ എടുത്തു സൈഡിലേക്ക് വെയ്ക്കുന്ന കാർത്തിയെ ആണ്. അവൾക്ക് ശ്വാസം വിലങ്ങി.…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…