Wednesday, December 18, 2024
Novel

നിയോഗം: ഭാഗം 37

രചന: ഉല്ലാസ് ഒ എസ്

മേഘ യും വിനീതും കൂടി വന്നത് ആയിരുന്നു ശ്രീഹരി യേ കാണാനായി. “ഒരു ഒത്തു തീർപ്പ് ചർച്ചക്ക് ആണ് വന്നത് എങ്കിൽ ഇവിടെ അതിന്റ ഒന്നും അവശ്യം ഇല്ല കേട്ടോ…” വിനീതിനെ നോക്കി ശ്രീഹരി പറഞ്ഞു.. ” ഒരിക്കലും ശ്രീഹരി അങ്ങനെ വിചാരിക്കരുത്… ഞാൻ വന്നത് എന്റെ പെങ്ങൾക്ക് വേണ്ടി ശ്രീഹരിയോട് മാപ്പ് പറയുവാനാണ്… ” അത് കേട്ടതും ശ്രീഹരി അവനെ നോക്കി ഒന്ന് ചിരിച്ചു.. ” ദേവു കാർത്തികേയൻ മാഷും ആയിട്ട് സ്നേഹത്തിലായിരുന്നു…. പക്ഷേ ശ്രീഹരിയുടെ വിവാഹാലോചന വന്നതോടെ, അവൾ തനിക്ക് ഈ ബന്ധത്തിനു താല്പര്യമുണ്ടെന്ന് ഞങ്ങളോട് എല്ലാവരോടും അറിയിച്ചു…

മാഷും ആയുള്ള ഇഷ്ടമൊക്കെ അവളുടെ പ്രായത്തിന്റെ വെറുമൊരു ചാപല്യങ്ങൾ ആവും എന്നാണ് ഞങ്ങളൊക്കെ അപ്പോൾ കരുതിയത്… അവൾക്ക് മാഷിനെ കെട്ടണമെന്ന് ഒരു വാക്കു പറഞ്ഞിരുന്നുവെങ്കിൽ ഞാൻ അവരുടെ വിവാഹം നടത്തി കൊടുക്കുമായിരുന്നു… പക്ഷേ അതിനു മുന്നേ തന്നെ മാഷിന്റെ വിവാഹം ഉറപ്പിക്കുകയും അത് ഏകദേശം എല്ലാം സെറ്റ് ആകുകയും ചെയ്തു… അതുകൊണ്ട് പിനീട് അതിലേക്ക് പോവാൻ അച്ഛനും തയ്യാറായില്ല… ” ” വിനീതിന് വേറെ എന്തെങ്കിലും പറയുവാൻ ഉണ്ടോ ” “ഇല്ല….. ശ്രീഹരിയെ ഞങ്ങളെല്ലാവരും കൂടി ചതിച്ചു എന്ന് ഓർക്കരുത് ”

ഒരു കാരണവശാലും ഞാൻ അങ്ങനെ ഓർക്കില്ല …. പോരേ… ശ്രീഹരി അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു.. ” ദേവു പാവമാണ് അവളെ ഉപേക്ഷിക്കരുത്” അതും പറഞ്ഞു കൊണ്ട് വിനീത് എഴുന്നേറ്റു .. എന്നിട്ട് അവൻ സിറ്റൗട്ടിലേക്ക് പോയി. “ഏട്ടാ… ദേവു ആണെങ്കിൽ ഭക്ഷണം ഒന്നും കഴിക്കുന്നില്ല എപ്പോഴും മുറിയിൽ കയറി കതകടച്ചിരിക്കുകയാണ്… അവള് പാവാണ് ഏട്ടാ… വിനീതേട്ടൻ പറയുംപോലെ അതൊക്കെ അവളുടെ പ്രായത്തിന്റെ ആണ്… തന്നെയുമല്ല ആ മാഷിന്റെ കല്യാണം കൂടി കഴിഞ്ഞ സ്ഥിതിക്ക്…. “മേഘ…. നീ ഇന്ന് പോകുന്നുണ്ടോ… അതോ ” “എന്താ ഏട്ടാ…..”

“ഞാൻ തിരിച്ചു ബാംഗ്ലൂർ ക്ക് പോകുവാ.. പെട്ടന്ന് രണ്ട് ദിവസത്തെ ലീവ് എടുത്തു വന്നതാ…” “മ്മ് … ഏട്ടാ…. ഏട്ടൻ ഒന്നുടെ ആലോചിക്കുമൊ… താലിമാല വരെയും മേടിച്ചു വെച്ചിട്ട്… ദേവു… അവൾ എങ്ങനെ സഹിക്കും ഏട്ടാ…. അവള് പാവം ആണ്… സത്യം ആയിട്ടും….” പെട്ടന്ന് ശ്രീഹരി കൈ എടുത്തു അവളെ തടഞ്ഞു. “നിനക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ ” “ഇല്ല ഏട്ടാ…..” . “എങ്കിൽ ശരി… എനിക്ക് ഒന്ന് ഫ്രഷ് ആവണം… പോകാൻ ധൃതി ഉണ്ട് ” മേഖ പിന്നീട് ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി പോയി. വിനീതു അപ്പോൾ അച്ഛനോടും അമ്മയോടും ഒക്കെ സംസാരിക്കുക ആയിരുന്നു.

“മോനേ… നീ പറയുന്ന ഒക്കെ ശരി ആണ്.. പക്ഷെ അവന്റെ തീരുമാനം അല്ലെ വലുത്… ഞങ്ങൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശ്രീഹരി എല്ലാം തീരുമാനിക്കേണ്ടത്..” “ശരിയാണ് അച്ഛാ… ഒക്കെയും ഞങ്ങൾക്ക് അറിയാം.. എന്നാലും അച്ഛൻ ഒന്നൂടെ ഒന്ന് പറഞ്ഞു നോക്കാമോ ” “മ്മ്… പറയാം മോനേ ” അയാൾ വിനീതിനോട് പറഞ്ഞു. അതു കേട്ടതും അവനു ചെറിയൊരു ആശ്വാസം തോന്നി.. എങ്ങനെ എങ്കിലും എല്ലാം ഒന്ന് കലങ്ങി തെളിയാൻ അവൻ ഒരുപാട് പ്രാർത്ഥിച്ചു. ** പദ്മയും കാർത്തിയും കുട്ടികളും ഒക്കെ തിരിച്ചു എത്തിയപ്പോൾ സമയം 9മണി കഴിഞ്ഞിരുന്നു. ഇത്ര യും വൈകിയത് എന്തെ എന്ന് ചോദിച്ചു കൊണ്ട് മുത്തശ്ശി പദ്മയെ വഴക്ക് പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ വെറുതെ ചിരിച്ചു കാണിച്ചു കൊണ്ട് കാർത്തിയിടെ പിന്നിലായ് മറഞ്ഞു നിന്നു.. അത്താഴത്തിനായി കുറച്ചു പുഴമീനും ചിക്കനും ഒക്കെ മേടിച്ചു കൊണ്ട് വന്നിരുന്നു ഗോപിനാഥൻ.. അതെല്ലാം കറി അക്കിയും പൊരിച്ചു ഒക്കെ വെച്ചിട്ടുണ്ട് ഗിരിജ.. എല്ലാവരും കൂടി വട്ടം ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു.. കാർത്തിയും അച്ഛനും കൂടി കുറച്ചു നാട്ടു കാര്യങ്ങൾ ഒക്കെ പറഞ്ഞു ഉമ്മറത്ത് ഇരുന്നു. ഹരിക്കുട്ടന്റെയും ഭവ്യ യുടെയും ഒപ്പം പദ്മ മുറിയിൽ കിടന്നു.. ഗിരിജ വന്നു വിളിച്ചപ്പോൾ പദ്മ ചെറുതായി മയങ്ങി തുടങ്ങി. “മോളെ… പദ്മേ ” അവർ മകളുടെ തോളിൽ തട്ടി

“എഴുനേറ്റ് പോയി കാർത്തിയുടെ ഒപ്പം കിടക്കു കുട്ടി… ” “ഞാൻ ഇന്ന് ഇവിടെ കിടന്നോളാം അമ്മേ ” . അവൾ ഒന്നുടെ ചുരുണ്ടു കൂടി. “ടി പെണ്ണേ… ചുമ്മാ കളിയ്ക്കല്ലേ… പാവം ആ കൊച്ചു നിന്നെയും കാത്തു ഉറങ്ങാതെ ഇരിക്കുവാ ” അമ്മ വീണ്ടും വീണ്ടും ശാസിച്ചപ്പോൾ പദ്മ മറുത്തൊന്നും പറയാതെ എഴുനേറ്റ് തന്റെ മുറിയിലേക്ക് പോയി. അവിടെ ചെന്നപ്പോൾ കണ്ടു ഉറങ്ങാതെ അവളെ കാത്തു ഇരിക്കുന്ന കാർത്തിയെ… “സോറി മാഷേ… ഞാൻ അവരുടെ കൂടെ കിടന്നു ഉറങ്ങി പോയി ” “ഇട്സ് ഒക്കെ പദ്മ…തനിക്ക് അവിടെ കിടക്കണം എങ്കിൽ പോയി കിടന്നോളു…” “ഹേയ് കുഴപ്പമില്ല…. അവര് ഉറങ്ങി.. ഇപ്പൊ അമ്മ ആണ് എന്നെ വിളിച്ചു ഇങ്ങോട്ട് പറഞ്ഞു അയച്ചത് ”

“ഓഹ്… അത് ശരി.. ഞാൻ കരുതി അവരെ ഒക്കെ ഉറക്കിയിട്ട് എന്റെ അരികിലേക്ക് വന്നത് ആവും എന്നു… അപ്പോൾ എനിക്ക് തെറ്റ് പറ്റി അല്ലെ ” “അയ്യോ അങ്ങനെ അല്ലന്നേ … ഞാൻ അവിടെ കിടന്ന് അവരുടെ ഒപ്പം ഉറങ്ങി പോയെന്നെ…സത്യം പറഞ്ഞാൽ ഞാൻ ഓർത്തത് ആണ് മാഷ് ഇവിടെ ഒറ്റയ്ക്ക് ആണല്ലോ എന്ന്” വളരെ നിഷ്കളങ്കതയോടെ പറയുന്നവളെ നോക്കി കാർത്തി ഇരു കൈകളും മാറിൽ പിണച്ചു കൊണ്ട് നിന്നു. “ശരി ശരി… താൻ വാ…. വന്നു കിടക്കു… കാലത്തെ പോണ്ടേ ” “മ്മ്……” അവൾ അവന്റ അരികത്തായി വന്നു കിടന്നു. മാഷിന് കിടക്കാമോ… ഇതു ഇത്തിരി ചെറിയ കട്ടിൽ ആണ്..

“എനിക്ക് കിടക്കാം…. നോ പ്രോബ്ലം….” അവൻ തന്റെ വലതു കൈ നീട്ടി വെച്ചു. പദ്മ അല്പം ചെരിഞ്ഞു അവനോട് ചേർന്ന് കിടന്നു. കാർത്തി അവളുടെ വലതു കൈ എടുത്തു തന്റെ ദേഹത്തേക്ക് വെച്ചു.. ദേ…. ഇങ്ങനെ കിടന്നോണം… എന്നും…… നിന്റെ ഈ കൈ ഇരിക്കേണ്ടത് ഇവിടെ ആണ്… കേട്ടോ… പദ്മ അവനോട് ചേർന്ന് കൊണ്ട് തന്റെ കൈ അല്പം കൂടി മുറുക്കെ പിടിച്ചു.. “അപ്പോൾ ശരി… ഉറങ്ങിക്കോ…..” അവളുടെ നെറുകയിൽ ഒന്ന് അമർത്തി ചുമ്പിച്ചു കൊണ്ട് കാർത്തി അവളെ പൊതിഞ്ഞു പിടിച്ചു. പദ്മ വേഗം തന്നെ ഉറങ്ങി പോകുകയും ചെയ്തു. . അവൻ അപ്പോൾ ഓർക്കുക ആയിരുന്നു..

തലേ ദിവസം ഉച്ചയ്ക്ക് തന്റെ ഫോണിലേക്ക് വന്ന ദേവൂന്റെ മെസ്സേജ്.. പ്രിയപ്പെട്ട കാർത്തിയേട്ടാ…. ഞാൻ ചെയ്ത തെറ്റ് ഒരുപാട് വലുത് ആണെന്ന് എനിക്ക് ബോധ്യം ആയി… ഏട്ടൻ ക്ഷമിക്കണം എന്നൊന്നും പറയാൻ പോലും ഉള്ള യോഗ്യത എനിക്ക് ഇല്ല…. പക്ഷെ എന്റെ ആ അറിവില്ലായമാ എന്നെ കൊണ്ട് എത്തിച്ചത് എന്റെ ജീവൻ വെച്ചുള്ള കളിയിൽ ആയിരുന്നു… ആഹ് അതൊക്കെ പോട്ടെ… ഏട്ടന് നല്ലൊരു ജീവിതം ഉണ്ടാവട്ടെ.. ഇനി ഏട്ടന്റെ നിഴൽ വെട്ടത്തു പോലും ദേവു വരില്ല….

പിന്നെ എനിക്ക് ഒരു കാര്യം നിശ്ചയം ആണ്, ഒരിക്കൽ പോലും എന്റെ കാർത്തിയേട്ടൻ എന്നെ മറന്നു കൊണ്ട് പദ്മയെ ഒന്ന് ചേർത്തു പിടിക്കുകയൊ ഒരു ചുംബനം പോലും കൊടുക്കുകയോ ചെയ്യില്ല എന്ന്…. ഒരിക്കലും ഒന്നാവില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ അല്ലെ പദ്മ ഏട്ടന്റെ ജീവിതത്തിലേക്ക് വന്നത്… അവളുടെ മെസ്സേജ് ഓർക്കും തോറും അവനു ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ ആയിരുന്നു.. എന്റെ പദ്മയെ ചേർത്തു പിടിക്കാനോ ചുംബിക്കാനോ എനിക്ക് ഇവള്ടെ ഔദാര്യം വേണോ….. അവളുടെ ഒരു ക്ഷമാപണം… ഒന്നൂടെ പദ്മയെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് കാർത്തിയും ഉറക്കത്തിലേക്ക് വഴുതി വീണു….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…