Sunday, December 22, 2024
Novel

നിവേദ്യം : ഭാഗം 33 – അവസാനിച്ചു

എഴുത്തുകാരി: ആഷ ബിനിൽ

കമ്പനിയുടെ ഒരു റീവ്യൂ മീറ്റിങ് നടക്കുകയായിരുന്നു. ഞാൻ കസേരയിലും ഏട്ടൻ തറയിലും ഇരുന്നാണ് അറ്റൻഡ് ചെയ്യുന്നത്. തറകൾക്ക് അല്ലെങ്കിലും തറയാണല്ലോ ആപ്റ്റ്. ഇടയ്ക്ക് എനിക്കെന്തോ അസ്വസ്ഥത പോലെ തോന്നി. തല ചുറ്റി വീഴാൻ പോയപ്പോഴേക്കും ഏട്ടൻ ഓടി വരുന്നത് കണ്ടു. മുഖത്തു വെള്ളം വീണപ്പോഴാണ് ബോധം വന്നത്. “നിവി.. ആർ യൂ ഓക്കെ..?” “ആഹ്. ഏട്ടാ. ഇപ്പോ കുഴപ്പം ഒന്നുമില്ല” ഞാൻ നേരെ ഇരുന്നു.

“എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറഞ്ഞൂടെ നിവി?” ഏട്ടൻ ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ ചോദിച്ചു. “അത്.. കുഴപ്പം ഒന്നും ഇല്ലെന്ന് വിചാരിച്ചു ഏട്ടാ” “വിചാരിച്ചു. അല്ലെങ്കിലും ഒക്കെ നിന്റെ വിചാരം ആണല്ലോ. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ..?” കുറച്ചു കാലമായി ദേഷ്യപ്പെടാറില്ലായിരുന്നു. കിട്ടിയ അവസരം മുതലെടുക്കുകയാണല്ലേ കള്ള ബടുവ. ഇനി ഒരു വഴിയേയുള്ളൂ. പത്തൊമ്പതാമത്തെ അടവ്. ആ മുഖം നേരെ പിടിച്ചു കവിളിൽ ഒരു കടി കൊടുത്തു.

പയ്യെ ദേഷ്യം മാറി ഒരു കള്ളച്ചിരി ആ മുഖത്തു വിരിഞ്ഞു. ഒന്നും കയ്യിൽ വച്ചുകൊണ്ടിരിക്കുന്ന ശീലം ഏട്ടന് ഇല്ലാത്തത് കൊണ്ട് പലിശ സഹിതം തിരിച്ചു കിട്ടി. കുറച്ചു ആഴ്ചകൾ ആയുള്ള കടം അങ്ങു വീടി. ലജ്ജാവതിയായി കാലുകൊണ്ട് നിലത്തു കളം വരയ്ക്കാൻ തുടങ്ങുമ്പോഴാണ് ലാപ്പിൽ സ്ക്രീനിലേക്ക് നോക്കുന്നത്. എംഡി അടക്കം സകലരും കണ്ണും തള്ളി ഇരിപ്പുണ്ട്. എല്ലാം കണ്ടെന്ന് വ്യക്തമാണ്. ഞാൻ ഏട്ടനെ വിളിച്ചു കാണിച്ചു കൊടുത്തു. ഒറ്റയ്ക്ക് അനുഭവിക്കാൻ ഒരു മടി. മരണ വീട്ടിൽ വച്ചു പരിചയക്കാരെ കണ്ടതുപോലെ ചിരിക്കണോ കരയണോ എന്നറിയാതെ ഞങ്ങൾ നിന്നു.

ഒരു അവിഞ്ഞ ഇളി മുഖത്തു ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്. “ആം റിയലി സോറി. ഷി ഈസ്‌ ക്യാരിയിങ്. പെട്ടന്ന് ഫെയിന്റ് ആയി വീണപ്പോൾ പേടിച്ചു പോയി….” “ഓക്കെ ഗയ്‌സ്. യൂ ക്യാരി ഓൺ. വിൽ ക്യാച്ച് യൂ ലേറ്റർ” അത്രയും പറഞ്ഞ് എംഡി മീറ്റിങ് വൈൻഡ് അപ്പ് ചെയ്തു. എന്നാലും അയാളെന്താ ക്യാരി ഓണ് എന്നു പറഞ്ഞത്? അതും പറയുമ്പോഴുള്ള ഒരു ഭാവവും… ഛെ… ഒരു വർഷത്തേക്ക് ഞങ്ങൾക്ക് സമ്പർക്കവിലക്ക് ഉള്ളത് മൂപ്പർക്ക് അറിയില്ലായിരിക്കുമോ? പെട്ടെന്ന് ഫോൺ റിങ് ചെയ്യുന്നത് കണ്ടു.

നോക്കുമ്പോൾ ആയുഷിന്റെ പേരാണ് ട്രൂ കോളറിൽ കാണിക്കുന്നത്. ഇവൻ ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നു അല്ലെ..? ഞാൻ ഏട്ടനെയും വിളിച്ചിരുത്തി കോൾ എടുത്തു. രണ്ടുവട്ടം ഹലോ ഹലോന്നു പറഞ്ഞു. ആ സമയം കൊണ്ട് കോൾ റെക്കോർഡ് ഓൺ ആക്കിയിട്ട് ഒന്നും അറിയാത്തത് സംസാരിക്കാൻ തുടങ്ങി. “ഹാലോ” ചിന്നുവിന്റെ ശബ്ദം ആണ് കാതിൽ പതിഞ്ഞത്. എന്റെ കുട്ടി കരയുകയാണ്..! ഞെട്ടിപ്പോയി. ശ്വാസം നിലയ്ക്കുന്നത് പോലെ. “കേട്ടല്ലോ.

ഇവൾക്ക് കുഴപ്പം ഒന്നും കൂടാതെ കിട്ടണം എന്നുണ്ടെങ്കിൽ ഞാൻ പറയുന്ന ലൊക്കേഷനിൽ നീ എത്തണം. അതും അര മണിക്കൂറിനുള്ളിൽ. ഇത് നിന്റെ കെട്ടിയോനെയോ മറ്റാരെയെങ്കിലുമോ അറിയിക്കാൻ ആണ് ശ്രമം എങ്കിൽ, പിന്നെ നീ ഇവളെ ഇങ്ങനെ നല്ല രീതിക്ക് കാണില്ല” ഞാൻ ഏട്ടനെ നോക്കി. മുഖമൊക്കെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി ഇരിക്കുകയാണ്. “ഞാൻ വരാം. ആരോടും പറയില്ല. ഏട്ടനോട് പ്രത്യേകിച്ചും പറയില്ല. ചിന്നുവിനെ ഒന്നും ചെയ്യരുത്” അവൻ മൂളിയത് കേട്ട് ഞാൻ ഫോൺ വച്ചു. ഏട്ടനെ നോക്കി.

“വാ…” ആൾ എഴുന്നേറ്റ് കഴിഞ്ഞു. “എങ്ങോട്ട്..?” “നീയെന്താ കളിക്കുകയാണോ? അവൻ പറഞ്ഞ സ്ഥലത്തേക്ക് പോകണ്ടേ?” “പോണം. പക്ഷെ നമ്മൾ രണ്ടും കൂടി ഒരുമിച്ചു പോയി അവൻ എന്തേലും ചെയ്താൽ പിന്നെ നമ്മളെ രക്ഷിക്കാൻ ഡിങ്കൻ വരുമോ..?” ഏട്ടൻ അന്തംവിട്ട് എന്നെ നോക്കുന്നു. ഞാൻ ആളെ അടുത്തു പിടിച്ചിരുത്തി. “ഏട്ടാ. നമ്മൾ എടുത്തുചാടി എന്തെങ്കിലും ചെയ്താൽ ശരിയാകില്ല. ഏട്ടൻ ആ ACPയെ ഫോണിൽ വിളിക്ക്. അയാൾ സഹായിക്കും” മുഖത്തു സംശയം ആണ്. അത് പറഞ്ഞു മനസിലാക്കാൻ തന്നെ കുറച്ചു സമയം വേണ്ടിവന്നു.

ACPയെ കിട്ടാനും പാടുപെട്ടു. ഒരുവിധം കാര്യങ്ങൾ പ്ലാൻ ചെയ്ത് ഞാനിറങ്ങി. ഹാരിമോനെ കയ്യിൽ കിട്ടിയപ്പോൾ ഭയങ്കര സന്തോഷം തോന്നി. പ്രെഗ്നൻറ് ആയതിൽ പിന്നെ അവനെയൊന്ന് തൊടാൻ സമ്മതിച്ചില്ല ഏട്ടൻ. ഇപ്പോഴും താൽപ്പര്യം ഉണ്ടായിട്ടല്ല, നിവൃത്തികേടുകൊണ്ടാണ്. ഏട്ടൻ പുറകെ ഉണ്ടായിരുന്നു. അവൻ പറഞ്ഞ സ്ഥലം എത്തി നോക്കുമ്പോൾ ആളെ കാണുന്നില്ല. ശെയ്. ട്രാക്കിങ് ഡിവൈസ് ഉള്ള മാലയോ മോതിരമോ എന്തെങ്കിലും കയ്യിൽ കരുതേണ്ടതായിരുന്നു.

ഇടയ്ക്ക് പലവട്ടം പോലീസ് ചെക്കിങ് ഉണ്ടായിരുന്നു. അവൻ ഇതിന്റെ ഇടയ്ക്ക് അവളെ എങ്ങനെ കടത്തി കൊണ്ടുപോയോ എന്തോ. ഒറ്റ നിലയിൽ പഴയൊരു വീടാണ്. നല്ല വൃത്തിയാക്കി ഇട്ടിരിക്കുന്നു. അടുത്തെങ്ങും ആൾത്താമസമില്ല. പഴയൊരു ഗോഡൗണും നിറയെ ഗുണ്ടകളെയും പ്രതീക്ഷിച്ചു ചെന്ന ഞാൻ ചമ്മി പോയി. ഏട്ടനെ കൂടി ഒപ്പം കൊണ്ടുവരാമായിരുന്നു. രണ്ടും കല്പിച് അകത്തേക്ക് കയറി. ഹാളിൽ തന്നെ ആയുഷ്മാൻ ഉപവിഷ്ടനായിട്ടുണ്ടായിരുന്നു.

ഒറ്റ ചവിട്ടിന് താഴെയിട്ടു കൊരങ്ങാവള്ളി പൊട്ടിക്കാൻ തോന്നി. പിന്നെ ചിന്നുവിനെ ഓർത്തു ഞാൻ സ്വയം അടങ്ങി. “ചിന്നു എവിടെ?” എലിയുടെ കണ്ണ് ഇപ്പോഴും പത്തായത്തിലെ നെല്ലിൽ തന്നെയാണ്. ചോദിച്ചത് കേട്ടില്ല എന്നു തോന്നുന്നു. “ചിന്നു എവിടെന്ന്..?” അല്പം ശബ്ദം ഉയർത്തിയാണ് ചോദിച്ചത്. അവൻ എഴുന്നേറ്റ് പോയി നേരെയുള്ള റൂമിന്റെ വാതിൽ തുറന്നു. ചിന്നു ഓടി വന്നെന്റെ നെഞ്ചിലേക്ക് ചാഞ്ഞു. “നീ എങ്ങനെയാ ചിന്നു ഇവിടെ..?” “സർ സോറി പറയാൻ ആണെന്നും പറഞ്ഞു വന്നതാ ചേച്ചീ. എന്തോ സ്‌പ്രേ ചെയ്തു. പിന്നെ ഞാനിവിടെയാ.” ഞാൻ അവളെ ആകെമൊത്തം പരിശോധിച്ചു.

ആയുഷ് എന്നൊരാളുടെ സാനിധ്യം ഞാൻ മറന്നേ പോയിരുന്നു. “നോക്കേണ്ട. അവളെ ഞാനൊന്നും ചെയ്തിട്ടില്ല. എനിക്ക് വേണ്ടത് അവളെയല്ല, നിന്നെയാ” ആയുഷ് അടുത്തേക്ക് വന്നു. സിനിമയിലെ നായികയെപ്പോലെ പുറകിലേക്ക് പോകാൻ മനസ് പറയുന്നുണ്ടെങ്കിലും ബുദ്ധി അതനുസരിച്ചില്ല. അവൻ അടുത്തെത്തുന്നതിന് മുൻപ് ഏട്ടനും ACPയും കയറി വന്നു. ആയുഷ് അമ്പരന്നു നിൽക്കുന്ന സമയം കൊണ്ട് ഞങ്ങൾ അവരുടെ അടുത്തേക്ക് ഓടി. നോക്കി നിൽക്കെ ആയുഷിന്റെ അമ്പരപ്പ് ഭയത്തിനും ദയനീയതയ്ക്കും വഴി മാറുന്നത് കണ്ടു ഞങ്ങൾ വണ്ടറടിച്ചു.

അവന്റെ കണ്ണുകളുടെ പുറകെ പോയി നിന്നത് ഒരു പെണ്കുട്ടിയിലാണ്. ഇരുപത്തിയഞ്ചു വയസൊക്കെ കാണും. കാണാൻ നല്ല ഭംഗിയുണ്ട്. “എന്റെ അനിയത്തിയാണ്. നർമദ. ഇവരുടെ വിവാഹം ആണ് അടുത്തയാഴ്ച” അട പാവി. തങ്കക്കട്ടി കയ്യിൽ വച്ചിട്ടാണോ നീ മുക്കുപണ്ടം പണയം വയ്ക്കാൻ ഇറങ്ങിയത്? അല്ലെങ്കിലും കട്ടു തിന്നുന്നതിന്റെ ഒരു സുഖം വേറെ ആണല്ലോ അല്ലെ. ആ കുട്ടി മുന്നോട്ട് വന്നു. ആയുഷിന് ഒരു നല്ല തല്ല് പ്രതീക്ഷിച്ചു നിന്ന ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അവൾ അവിടെ കിടന്ന സോഫ മറിച്ചിട്ടു.

മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ഭാവം ആണ് അപ്പോൾ തോന്നിയത്. അടുത്തത് അവനാണ്. നല്ല തല്ലു കിട്ടണെ കണ്ണാ. “ഇന്നേക്ക് ദുർഗാഷ്ടമി. ഉന്നേ നാൻ കൊന്ന് ഉൻ രക്തത്തെ കുടിച്……..” ഞാൻ ആ സീൻ ഓർത്തു ഞാനൊന്ന് പുളകം കൊണ്ടു. ആയുഷ് ആണെങ്കിൽ പേടിച്ചു മരിച്ചു പോകും എന്നൊക്കെയുള്ള എക്‌സ്പ്രഷനിൽ ആണ് നിൽക്കുന്നത്. “ബേബി സോറി” അവൻ പറഞ്ഞു. അവൾ ഒന്നും പറയാതെ ഞങ്ങളെ ചൂണ്ടി കാണിച്ചു. ഞങ്ങൾക്ക് കാര്യം മനസ്സിലായില്ലെങ്കിലും അവന് മനസിലായി.

പഴയ സിനിമകളിലെ ബാബു നമ്പൂതിരിയെ അനുസ്മരിപ്പിക്കുന്ന ഭാവത്തോടെ അവൻ ഞങ്ങളോട് വന്നു സോറി പറഞ്ഞു. അവളും വന്നു സംസാരിച്ചു. പിന്നെ വേഗത്തിൽ പുറത്തേക്ക് പോയി. ആ കുർത്തയുടെ അറ്റത് കുരുക്കിട്ട് വലിച്ചാൽ എന്നപോലെ ആയുഷും പുറകെ പോകുന്നത് കണ്ടു. “എന്താ സർ ഇതൊക്കെ..? ആ കുട്ടിയെക്കൊണ്ട് അവനെ വിവാഹം കഴിപ്പിക്കാൻ ആണോ തീരുമാനം?” “അതേ. അവൾക്ക് മാത്രമേ അവനെ മെരുക്കാൻ പറ്റൂ. ഇപ്പോ തന്നെ കണ്ടില്ലേ. വാലു പോലെ പുറകെ പോകുന്നത്” “എന്നാലും ഒരു കുട്ടിയുടെ ജീവിതം അല്ലെ..? അതും സാറിന്റെ സ്വന്തം സഹോദരി.

അവനെപ്പോലെ ഒരു അഭാസനെ ഒക്കെ…” ഏട്ടൻ സംശയം മറച്ചു വച്ചില്ല. “അവൻ ആഭാസൻ ഒന്നും അല്ലടോ. അസൂയ, കുശുമ്പ്, കോഴിത്തരം ഇതെല്ലാം അല്പം കൂടുതൽ ആണെന്നേ ഉള്ളൂ. അതിനൊക്കെ ഉള്ള മരുന്ന് അവളുടെ കയ്യിൽ ഉണ്ട്.” സാറിന്റെ ആത്മവിശ്വാസം ഞങ്ങൾക്ക് ധൈര്യം ആയി. ഞങ്ങൾ തിരികെ പോന്നു. ഹോട്ടലുകളിൽ ഒന്നും ഇരുന്ന് കഴിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് മൂന്ന് മസാലദോശ പാർസൽ വാങ്ങി. ഫ്ലാറ്റിൽ ചെന്നപാടെ ഡ്രെസ് പോലും മാറാൻ നിൽക്കാതെ ഞാൻ അത് കഴിച്ചു. പിന്നേം വിശപ്പ് തോന്നിയിട്ടു ഏട്ടന്റേത് കൂടി കഴിച്ചു. അഞ്ചു മിനിറ്റിനുള്ളിൽ ഒക്കെ കൊണ്ടുപോയി ശർദ്ധിച്ചു കളഞ്ഞു. ആഹാ. ഇരട്ടപെറ്റ സുഖം.

വർഷങ്ങൾ കൊഴിഞ്ഞു പോകുന്നത് എത്ര പെട്ടന്നാണ്. അന്നെന്റെ വയറ്റിൽ ഉണ്ടായിരുന്ന കുഞ്ഞാമി ഇപ്പോൾ ഒന്നാം ക്ളാസിലാണ്. ഒരു മോളും കൂടിയുണ്ട്, പൊടിമോള്, ഒന്നര വയസായി. അവൾ വളർന്നു വന്നിട്ട് വേണം ഈ പേര് ഇട്ടത്തിന് ചീത്ത കേൾക്കാൻ. അപ്പു വിവാഹം കഴിച്ചു. നാത്തൂന്റെ പേര് മീര. ഒരു മോനുണ്ട്, ചിക്കു. ഒരു വയസ്സായി. അച്ഛനും മോനും കൂടിയാണ് ഇപ്പോൾ ചോട്ടാ ബീം കാണുന്നത്. ചിന്നുവും കിച്ചുവും കല്യാണം കഴിച്ചു. അവൾക്കും ഒരു മോനാണ്, അച്ചു. എന്റെ പൊടിയുടെ പ്രായം.

അമ്മയ്ക്ക് ഈ ഒരുവർഷം മൂന്ന് പ്രസവം നോക്കി നിന്ന് തിരിയാൻ പറ്റാതെ ആയിരുന്നു. അച്ഛൻ ആഭിജാത്യം ഒക്കെ ഇപ്പോഴും കർശനമായി പിന്തുടരുന്നുണ്ട്. അത്യാവശ്യ കൃഷിയും കൊച്ചുമോനെ നോട്ടവും ഒക്കെയായി നടക്കുന്നു. പാറുവും വിവാഹം കഴിച്ചു. അളിയൻ വിശാൽ. അവർ കാനഡയിൽ ആണ്. രണ്ടു കുട്ടികൾ, ട്വിൻസ് ആണ്. അച്ഛനും അമ്മയും പ്രസവ സമയത്ത് അവിടേക്ക് പോയിരുന്നു. ഇപ്പോൾ ഞങ്ങളുടെ കൂടെയുണ്ട്. ഫ്ലാറ്റിൽ അല്ല കേട്ടോ. ഞങ്ങൾ ലോണെടുത്ത് ഒരു വീട് വാങ്ങി.

അവിടെയാണ് ഞങ്ങളും അച്ഛനും അമ്മയും. ഹരിയേട്ടന്റെ ഉണ്ണിക്കുട്ടൻ ഇപ്പോ നാലാം ക്ലാസിൽ ആയി. മാളൂട്ടി രണ്ടിലും. അതേ സ്‌കൂളിൽ ഒന്നിൽ പഠിക്കുകയാണ് എന്റെ കുഞ്ഞാമി. മാളൂട്ടിക്ക് ശേഷം മൂന്ന് കുട്ടികൾ കൂടി അവർക്കുണ്ടായി. മിന്നു UKG, ചാരുവിന് മൂന്ന് വയസ്, ഏറ്റവും ഇളയ കുഞ്ചന് ഒരു വയസ്. ഇനി ഒരു കുഞ്ഞും കൂടി ആയിട്ട് പരിപാടി നിർത്തുന്നതിനെ കുറിച്ച് ആലോചിക്കാം എന്നാണ് ഹരിയേട്ടൻ പറയുന്നത്. ഞങ്ങൾ പിരിഞ്ഞത് നന്നായി, ഇല്ലെങ്കിൽ രണ്ടു വർഷം കൂടുമ്പോൾ പ്രസവിച്ചു പ്രസവിച്ച് ഞാൻ ഒരു പരുവത്തിൽ ആയേനെ. “ആമികൃഷ്ണയുടെയും അക്ഷയ്യുടെയും പേരന്റ്സ് അകത്തേക്ക് വരൂ.”

പ്രിൻസിപ്പലിന്റെ റൂമിൽ നിന്ന് അറിയിപ്പ് കിട്ടിയപ്പോൾ ഞങ്ങൾ അകത്തേക്ക് കയറി. ഞാനും രാജുവേട്ടനും ഹരിയേട്ടനും ദേവച്ചനും. “നിങ്ങൾ ഫാമിലി ഫ്രണ്ട്സ് അല്ലെ..?” അവർ ചോദിച്ചു. ഞങ്ങൾ തലയാട്ടി. “എന്നിട്ടാണോ ആമി അക്ഷയ്യുടെ ചന്തിക്ക് കോമ്പസ്‌ കൊണ്ട് കുത്തിയത്?” ഞങ്ങൾ പകച്ചു പരസ്പരം നോക്കി. കുട്ടികൾ സ്‌കൂളിൽ എന്തോ വഴക്ക് ഉണ്ടാക്കിയതിന് വിളിപ്പിച്ചു എന്നല്ലാതെ പ്രശ്നം ഇത്ര ഗുരുതരം ആണെന്നറിഞ്ഞില്ല. ആമിയെ നോക്കിയപ്പോൾ ഒന്നും അറിയാത്ത ഭാവത്തിൽ മിസിന്റെ ടേബിളിലേക്ക് നോക്കി ഇരിക്കുന്നു.

അപ്പുറത്ത് ഉണ്ണികുട്ടനും അതേ ഭാവം. “ആമി. മോള് ഉണ്ണിക്കുട്ടനെ കുത്തിയോ?” “കുത്തി. പിന്നെ സോറിയും പറഞ്ഞു.” അച്ചോടാ. എന്താ ഒരു നിഷ്‌കു. “എന്തിനാ കുത്തിയെ?” ഞാൻ ചോദിച്ചു. “അത് ഉണ്ണി ചേട്ടന് എന്റെ ഫ്രണ്ട് ചാന്ദിനിയോട് ഐ ലവ് യൂ ആണെന്ന്. അവൾക്ക് ഇഷ്ടം അല്ലെന്ന് പറഞ്ഞു. പിന്നേം വന്നപ്പോ ഞാൻ പോകാൻ പറഞ്ഞു. അപ്പൊ ചേട്ടൻ എന്നെ കറമ്പീന്ന് വിളിച്ചു. എന്നെ കാണാൻ കൊള്ളാത്തത് കൊണ്ടാ ആരും നോക്കാത്തത് എന്നു പറഞ്ഞു. എന്നോട് ആരും ഐ ലവ് യൂ പറയില്ലെന്നും പറഞ്ഞു.

അന്നേരം എനിക്ക് ദേഷ്യം വന്നു. ഞാൻ കോമ്പസ്‌ എടുത്തു ചേട്ടന്റെ ചന്തിക്ക് ഒറ്റ കുത്തു കുത്തി. പിന്നെ ചേട്ടൻ കരയുന്നത് കണ്ടു സങ്കടം വന്നപ്പോ മിസുമാരോട് പറഞ്ഞു മരുന്ന് വയ്പ്പിച്ചു. ഇത്രയേ ഞാൻ ചെയ്തുള്ളൂ” അച്ചോടാ. ഇത്രയും ചെയ്താൽ മതീലോ അമ്മേടെ പൊന്ന്. വീട്ടിലേക്ക് വാട്ടോ. അമ്മ നല്ല സമ്മാനം തരുന്നുണ്ട് ചക്കരയ്ക്ക്. ഞാനും ഏട്ടനും മിസ്സിനോട് സോറി പറഞ്ഞു പുറത്തിറങ്ങി. ഹരിയേട്ടനും അച്ഛനും ഞങ്ങളെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

ഞാൻ ആശ്വസിപ്പിച്ചു. ഓരോ കിൻഡർജോയ് കുഞ്ഞുങ്ങളെ കൊണ്ട് ഷെയർ ചെയ്യിച്ചു. അവരുടെ വഴക്കും ദേഷ്യവും അവിടെ തീർന്നു. ഇവരുടെ സ്ഥാനത്ത് മറ്റേതെങ്കിലും പേരന്റ്സ് ആയിരുന്നെങ്കിൽ ഇതൊരു വലിയ വിഷയം ആയേനെ. കുഞ്ഞുങ്ങൾ പിന്നീട് കൂട്ടുകൂടും. മുതിർന്നവരുടെ മനസിൽ നിന്ന് കാര്യങ്ങൾ മായുകയുമില്ല. “പോകാം?” ഏട്ടൻ ചോദിച്ചും ഞാൻ തലയാട്ടി. ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി. പണ്ട് ഞാനും രാജുവേട്ടനും സ്‌കൂളിൽ വച്ചു ഇതുപോലെ അടിയുണ്ടാക്കിയത് വെറുതെ ആലോചിച്ചു. “ചരിത്രം ആവർത്തിക്കുകയാണല്ലേ..?” എന്റെ മനസറിഞ്ഞപോലെ ഏട്ടൻ ചോദിച്ചു. ഞാൻ ആ തോളിലേക്ക് ചാഞ്ഞു. കുഞ്ഞാമിയുടെ കുഞ്ഞിക്കണ്ണുകൾ മൂടിവച്ച് ഒരു നിമിഷം ഞങ്ങൾ ഞങ്ങളുടെ മാത്രമായൊരു ലോകത്തേക്ക് ചേക്കേറി.

അവസാനിച്ചു…. ആദ്യമായിട്ടാണ് കോമഡി പരീക്ഷിക്കുന്നത്. അതും നായിക കഥ പറയുന്ന രീതിയിൽ ഉള്ള എഴുത്ത്. വിജയിപ്പിക്കാൻ കഴിയും എന്ന് കരുതിയതല്ല. വായിച്ച, പിന്തുണച്ച, വിമർശിച്ച എല്ലാവരോടും ഒരുപാടിഷ്ടം, നന്ദി… നാളെ ഇതേ സമയത്ത് തന്നെ പുതിയ ഒരു നോവലുമായി ഞാൻ വരും. ഭാര്യ എന്നാണ് നോവലിന്റെ പേര്… ഇതിന് തന്ന സപ്പോർട്ട് ഭാര്യ എന്ന നോവലിനും ഉണ്ടാകും എന്ന പ്രതീക്ഷയോടെ…

നിവേദ്യം : ഭാഗം 32