Wednesday, December 18, 2024
Novel

നിവേദ്യം : ഭാഗം 24

എഴുത്തുകാരി: ആഷ ബിനിൽ

ആ മുറിയിൽ, ഒരേ കട്ടിലിന്റെ ഇരു ദ്രുവങ്ങളിലായി ഞങ്ങൾ നേരം വെളുപ്പിച്ചു. രാവിലെ എഴുന്നേറ്റ് ഫ്രഷായി വന്നപ്പോഴും പൃഥ്വി നല്ല ഉറക്കത്തിൽ ആണ്. ശല്യം ചെയ്യാൻ തോന്നിയില്ല. ഞാൻ താഴേക്ക് പോയി. “അല്ലെങ്കിലും നിങ്ങൾക്കൊന്നും നിന്നോടൊരു സ്നേഹവുമില്ല” പാറു അമ്മയോടെന്തോ പറഞ്ഞു തർക്കിക്കുന്നത് കണ്ടുകൊണ്ടാണ് ചെന്നത്. “എന്താണ് പാറുക്കുട്ടിയമ്മേ എന്റെ അമ്മയോട് വഴക്ക് കൂടുന്നത്?”

ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. “ആഹാ മോള് എഴുന്നേറ്റോ?” അമ്മ എനിക്കൊരു കപ്പിൽ ചായ എടുത്തു തന്നു. “ആഹ് അമ്മേ. ഞാൻ നേരത്തെ എഴുന്നേൽക്കാറുണ്ട്” “അവനും എന്നും നേരത്തെ എഴുനേല്കുന്നത് ആയിരുന്നു. ഇന്ന് ഇതെന്ത് പറ്റിയോ എന്തോ” അമ്മ അതു പറഞ്ഞതും പാറു എന്നെയൊരു നോട്ടം. അയ്യേ….! “ഇവൾക്ക് കോളേജിൽ നിന്ന് ടൂർ പോണം എന്നും പറഞ്ഞു വാശി ആയിരുന്നു മോളെ..” അമ്മ പറഞ്ഞു. പാറു ബിഎസ്സി ഫിസിക്സ് ആണ് പഠിക്കുന്നത്. ഫൈനൽ ഇയർ ആണ്. “എവിടേക്കാ പോകുന്നത്?”

“മൈസൂർ ബാംഗ്ലൂർ പിന്നെ കൂർഗ്” മറുപടി പെട്ടന്ന് വന്നു. ആഹാ. ഇതുവരെ ഒരു കോളേജിൽ നിന്നും പോകാത്ത വെറെയ്റ്റി സ്ഥലങ്ങൾ. “ഫൈനൽ ഇയർ അല്ലെ അമ്മേ.. വിട്ടൂടെ?” ഞാൻ ചോദിച്ചു. അമ്മ അവളെയും കൂടെ എന്നെയും ഒരു പുച്ഛം. “മോള് ഇതെന്ത് അറിഞ്ഞിട്ടാ? ഇപ്പോഴും വിമാനമോ ജേസീബിയോ പോകുന്ന സൗണ്ട് കേട്ടാൽ മുറ്റത്തേക്ക് ഒടുന്നവൾ ആണ്. ഞങ്ങളെങ്ങാൻ കണ്ടിട്ട് പറഞ്ഞില്ലെങ്കിൽ ഈ വീടെടുത്തു മറിച്ചു വയ്ക്കും ഇവൾ. ഞാനെങ്ങനെ ഇവളെ വിശ്വസിച്ചു പറഞ്ഞുവിടും?” ഒരമ്മയുടെ രോദനം..!

ഞാൻ പാറുവിനെ നോക്കി. പറഞ്ഞതൊക്കെ സത്യം ആണെന്ന് ആ മുഖത്ത് എഴുതി വച്ചിട്ടുണ്ടായിരുന്നു. “അത് പിന്നെ ടീച്ചേഴ്സ് ഒക്കെ ഉണ്ടല്ലോ ഏടത്തി. പിന്നെ ഫ്രണ്ട്സും ഉണ്ട്. അമ്മയ്ക്ക് എന്നെ കാണാതെ ഇരിക്കാൻ പറ്റാത്തത് കൊണ്ട് ഓരോ കാരണം പറയുന്നതാ” പാറു ചിണുങ്ങി. എനിക്ക് വീണ്ടും ചിന്നുവിനെ ഓർമവന്നു. “ഓഹ്. രണ്ടു ദിവസം അല്ല രണ്ടു മാസത്തേക്ക് ആണെങ്കിലും ഈ മുതലിനെ കൊണ്ടുപോകാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ ഞാൻ കൊടുത്തു വിട്ടേനെ.

ഇതിപ്പോ അങ്ങോട്ട് കാശ് കൊടുക്കാം എന്നു പറഞ്ഞാൽ പോലും ആർക്കും വേണ്ട” അമ്മ പറഞ്ഞു. അതു കേട്ട് “കൂട്ടു വെട്ടി” എന്നും പറഞ്ഞു കവിൾ വീർപ്പിച്ച് അതിൽ സ്വയം കൈകൊണ്ടു കൊട്ടി പൊട്ടിച്ചു പോകുന്ന പാറുവിനെ നോക്കി ഞാനും അമ്മയും ചിരിയോടെ നിന്നു. “കുറുമ്പിയാ…” അമ്മയുടെ ശബ്ദത്തിൽ സ്‌നേഹം തുളുമ്പുന്നുണ്ടായിരുന്നു. “അവൾ ഇത്ര നേരത്തെ എഴുന്നേൽക്കുമല്ലോ അമ്മേ. അവിടെ രണ്ടെണ്ണതിനെ കുത്തി പൊക്കണം” ഞാൻ പറഞ്ഞു. അമ്മ വീണ്ടും ചിരിച്ചു.

“മോള് ഇതെന്ത് അറിഞ്ഞിട്ടാ. ഇന്നിപ്പോ ടൂർ വിടാൻ സോപ്പ് ഇടാൻ എഴുന്നേറ്റതാ. ഇനി ഒൻപത് മണി ആകാതെ നോക്കേണ്ട.” അമ്മ പറഞ്ഞു. ചായ കുടിച്ചു കഴിഞ്ഞ് ഞാൻ പോയി പൃഥ്വിയെ വിളിച്ചു എഴുന്നേൽപ്പിച്ചു. ഒരുമിച്ച് അമ്പലത്തിൽ പോകാൻ അമ്മ പറഞ്ഞിരുന്നു. കണവൻ കുളി കഴിഞ്ഞു വന്നപ്പോഴേക്കും ഞാൻ എന്റെ മാസ്റ്റർ പീസ് ആയ സെറ്റും മുണ്ടും ഉടുത്തു കഴിഞ്ഞിരുന്നു. ആദ്യം കാണുന്നത് പോലെ ആളുടെ നോട്ടം കണ്ടപ്പോൾ ലജ്ജയുടെ പുഷ്പങ്ങൾ എന്നിൽ വിരിയുന്നത് ഞാനറിഞ്ഞു. “നിവേദ്യാ. ഉറക്കം ഒക്കെ കുഴപ്പം ഇല്ലായിരുന്നല്ലോ അല്ലെ..?” വിരിഞ്ഞ പൂവെല്ലാം അപ്പോ തന്നെ വാടിപ്പോയി.

സച്ച് ആൻ അൺറൊമാന്റിക് മൂരാച്ചി..! “ആഹ്മ്…” ഞാനൊന്ന് മൂളിയെന്നു വരുത്തി. രണ്ടാളും വേഗം ഒരുങ്ങി. അച്ഛനോടും അമ്മയോടും പറഞ്ഞിട്ടാണ് ഇറങ്ങിയത്. മുറ്റത്തു വരെ വന്നിട്ട് ആൾ എന്തിനോ തിരിച്ചു കയറി പോകുന്നത് കണ്ടു. പിന്നെ വേഗം വന്നു ബൈക്ക് സ്റ്റാർട്ട് ചെയ്തു. ബൈക്ക് എന്നു പറഞ്ഞാൽ ഈ ലോകത്തുള്ളത് ബുള്ളറ്റ് മാത്രം അല്ല കേട്ടോ. കണവന്റേത് ഒരു 160 സിസി ഹോണ്ട ഹോർണറ്റ് ആണ്. എനിക്ക് ഉയരം അല്പം കൂടുതൽ ഉള്ളതുകൊണ്ട് പുറകിൽ ചാടി വലിഞ്ഞു കയറേണ്ടി വന്നു.

ഇയാൾക്ക് ഇതിൽ ഒരേണി വച്ചാൽ എന്താ? ഒരുവിധം ആ തോളിൽ പിടിച്ചിരുന്നു. ഇരിങ്ങോൾ കാവിലേക്ക് ആണ് പോയത്. ആലുവയിലെ എന്റെ വീട്ടിൽ നിന്ന് അധികം ദൂരെയല്ലെങ്കിൽ കൂടി, ഞാനവിടെ ആദ്യം ആയിരുന്നു. കണ്ണ് നിറയ്ക്കുന്ന സുന്ദരമായ കാഴ്ചകൾ ആണ് ചുറ്റിലും. എന്റെ കണ്ണനെ മിസ് ചെയ്യും എന്നു വിചാരിച്ചു ചെന്നിട്ട് ഒരു മായാവലയത്തിൽ അകപ്പെട്ടത് പോലെ തോന്നി. മനസിന് പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സമാധാനം തോന്നി. തിരിച്ചിറങ്ങുമ്പോൾ പൃഥ്വി കാത്തുനിൽകുന്നുണ്ടായിരുന്നു.

ആ കണ്ണുകളിലെ പ്രണയം പകൽ പോലെ തിളങ്ങുന്നുണ്ടെങ്കിലും, അത് ആ വായിൽ നിന്ന് തന്നെ കേൾക്കാൻ ഞാൻ കൊതിച്ചു. പ്രസാദം നീട്ടിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്നു. ഓഹ്, തൊട്ടു കൊടുക്കാൻ ആയിരിക്കും. ഇതിക്കെ സിനിമയിൽ മാത്രം അല്ലല്ലേ… ചെറിയ ചമ്മൽ ഉണ്ടെങ്കിലും അതു പ്രകടിപ്പിക്കാൻ നിൽക്കാതെ ഞാൻ പ്രസാദം തൊട്ടുകൊടുത്തു. ചന്ദ്രന്റെ പ്രഭ ആ മുഖത്തു ഞാൻ തെളിഞ്ഞു കണ്ടു. കാവിനടുത്തെ കുളത്തിന്റെ പടവുകളിൽ ഞങ്ങളിരുന്നു. “നിവേദ്യാ..” ആ ശബ്ദം എന്റെ ഹൃദയത്തിലേക്ക് കയറാൻ വണ്ണം അത്ര ആർദ്രമായിരുന്നു. മെല്ലെയൊന്ന് മൂളാൻ മാത്രമേ എനിക്കായുള്ളൂ.

“ഞാൻ.. എനിക്ക്… തന്നോടൊന്ന് മനസു തുറന്ന് സംസാരിക്കണം. എത്ര ദിവസമായി ശ്രമിക്കുന്നു എന്നറിയോ..? ഇനി ഇവിടെ നമ്മളെ ആരും ശല്യം ചെയ്യില്ലല്ലോ.” ആളെന്റെ കൈയ്യെടുത്തു തന്റേതിനോട് ചേർത്തുവച്ചു. ഈ കൈ തനിക്കൊരു വീക്നെസ് ആണല്ലേ..? “നിവേദ്യാ ഈ ലവ് യൂ” ആൾ പെട്ടന്ന് പറഞ്ഞു. ഞാനാകെ ഷോക്ക് അടിച്ചത് പോലെയായി. പൃഥ്വിയെ നോക്കിയപ്പോൾ എന്തോ ഭയങ്കര ജോലി ചെയ്തത് പോലെ ശ്വാസം വലിച്ചു വിടുന്നു. എനിക്ക് പെട്ടന്ന് കരച്ചിൽ വന്നു.

“ഹേയ്. എന്തു പറ്റി..? നിനക്ക് ഇഷ്ടമല്ലേ എന്നെ?” “അതല്ല. പൃഥ്വിക്ക് എന്നെ ഇഷ്ടമല്ല എന്നു കരുതി കല്യാണ തലേന്ന് നാട് വിടാൻ വരെ ആലോചിച്ചതാ ഞാൻ. അങ്ങനെ പോയിരുന്നെങ്കിൽ എന്തായേനെ എന്നു ആലോചിച്ചതാ..” ആളുടെ മുഖത്തു ദേഷ്യവും ചിരിയും ഒരുപോലെ വിരിഞ്ഞു. കുറച്ചു കഴിഞ്ഞു വീണ്ടും പറഞ്ഞു തുടങ്ങി: “നിന്നെ വീണ്ടും കണ്ടപ്പോൾ മുതൽ അന്ന് പറഞ്ഞതിനൊക്കെ ഒരു സോറി എങ്കിലും പറയണം എന്ന് തോന്നിയിരുന്നു. പക്ഷെ അതിന് എന്റെ ഈഗോ അനുവദിച്ചില്ല. ദേഷ്യം ആയിട്ടാണ് അത് പുറത്തേക്ക് വന്നത്” ആഹാ. കുറ്റബോധം ദേഷ്യം ആയിട്ടാണോ പുറത്തേക്ക് വരുന്നത്? പറയാൻ പറ്റില്ല.

ചിക്കൻ ബിരിയാണിയും പഴംകഞ്ഞിയും ഉണ്ടാകുന്നത് അരിയിൽ നിന്ന് തന്നെ ആണല്ലോ. ആഹ്, എന്നിട്ട് എന്നിട്ട്..??? “അന്ന് നിന്നെ ഹരിയുടെ ഫാമിലിയുടെ കൂടെ ലുലുവിൽ വച്ചു കണ്ടില്ലേ..? അവിടെ പഴയ നിവേദ്യയെ വീണ്ടും കണ്ടു ഞാൻ. നിന്നിൽ ഞാൻ അറിയാത്ത എന്തൊക്കെയോ ഉണ്ടെന്ന് തോന്നി. എക്‌സ് ഹസ്ബൻഡിന്റെ മകനെ എനിക്ക് കാണിച്ചു തരുമ്പോൾ, നിന്റെ ഉള്ളിൽ നീ ഒരുപാട് വേദന ഒളിപ്പിച്ചിട്ടുണ്ട് എന്നു മനസിലായി. അങ്ങനെയാണ് ഞാൻ നിന്നെകുറിച്ചു പാർഥിയോട് അന്വേഷിച്ചത്.

നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ അവൻ പറഞ്ഞു” “ഞങ്ങൾ തമ്മിൽ അതിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല പൃഥ്വി” ഞാൻ പെട്ടന്ന് പറഞ്ഞു. “പരസ്പരം കാണുകയും സംസാരിക്കുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്യാത്ത രണ്ടുപേർ തമ്മിൽ എന്ത് പ്രശ്നം ഉണ്ടാകാൻ ആണ്” ആളെന്നെ ഒന്ന് നോക്കി. കയ്യിലെ പിടുത്തത്തിന്റെ ബലം കൂടി. ഞാൻ കൂടെയുണ്ട് എന്നു പറയാതെ പറഞ്ഞു. “വേതാളം പോലെ കൂടെ തുടരുന്ന ശാപം വേവുന്നേ നെഞ്ചിനുള്ളിൽ താപം ഓരോരോ കാലക്കേടിൽ തട്ടിപ്പൊടിതൂക്കി കുന്നോളം കൂട്ടി വയ്ക്കു മോഹം” ഫോൺ റിങ് ചെയ്തതാണ്.

ആൾ എന്നെ കൂർപ്പിച്ചു നോക്കുന്നു. “അത് പിന്നെ ഇന്നലത്തെ റിങ് ടോൺ പ്രിത്വിക്ക് ഇഷ്ടമായില്ലല്ലോ. അതാ ഞാൻ….” “നിനക്ക് ഇമ്മാതിരി പാട്ടൊക്കെ എവിടുന്ന് കിട്ടുന്നു എന്റെ നിവി?” എന്റെ നിവിയോ? ശോ. എനിക്ക് വയ്യ… “അത് പിന്നെ ഗൂഗിൾ…” ആളെന്നെ നോക്കി തലയിൽ കൈ വച്ചു. സത്യമായും ഗൂഗിളിൽ ഉണ്ട് ചേട്ടാ. വേണേൽ ഞാൻ കാണിച്ചു തരാം. “എന്തായാലും ഫോണെടുക്ക്. വീട്ടിൽ നിന്ന് എങ്ങാനും ആകും” “ഹേയ്. ഇത് മരിയ ആണ്. അടുത്ത മാസം അവളുടെ കല്യാണം അല്ലെ.

ഫസ്റ്റ് നെറ്റിന്റെ കാര്യം ചോദിക്കാനാ” ഞാൻ പറഞ്ഞു. അബദ്ധം മനസിലായത് പൃഥ്വിയുടെ മുഖത്തെ കള്ള നോട്ടത്തിൽ ആണ്. “ഫസ്റ്റ് നെറ്റിന്റെ എന്തു കാര്യം?” കണ്ണാ.. എന്നെ അടിക്കാൻ ഉള്ള വടി ഞാൻ തന്നെ വെട്ടി കൊടുത്തല്ലോ. “അത്.. അത് പിന്നെ…..” ആൾ എന്റെ ലജ്ജ ആസ്വദിക്കുന്നത് പോലെ തോന്നി. കണ്ണാ.. ഞാനിപ്പോ എന്തു പറയും? “തനിക്ക് ബാക്കി കേൾക്കേണ്ടേ?” മൂപ്പര് ചോദിച്ചു. എനിക്കും ആശ്വാസമായി. “പിന്നീട് നിന്നെ ഓരോ തവണ കാണുമ്പോഴും, എന്റെ മനസിൽ നീ കൂടു കൂട്ടുകയായിരുന്നു” കൂട് കൂട്ടാൻ ഞാനെന്തോ തത്തയോ? “ഒരു നല്ല സുഹൃത്തായി നീ എന്നെ കാണുന്നുണ്ട് എന്നായിരുന്നു വിശ്വാസം.

ബാംഗ്ലൂർ ട്രിപ്പ് കഴിഞ്ഞു നിന്നോട് ഇഷ്ടം പറയാൻ വന്നപ്പോൾ നീ ഭയങ്കര മൂഡോഫ്. അതിന്റെ കാരണം അറിഞ്ഞപ്പോൾ ഉണ്ടല്ലോ, നിന്നെ തല്ലി കൊല്ലാൻ ആണ് തോന്നിയത്” “അത് പിന്നെ എന്റെ മാലയിൽ കാമറ ഉണ്ടല്ലോ. ആ ധൈര്യത്തിൽ ആണ് ഞാൻ പോയത്….” ആളെന്നെ ഇപ്പോ കത്തിക്കും എന്ന മട്ടിൽ നോക്കി: “ബാംഗ്ലൂരിൽ നിന്ന് അഞ്ഞൂറ് രൂപയ്ക്ക് വാങ്ങിയ ആ മാലയുടെ ധൈര്യത്തിൽ ആണോ നീ ആ അഭാസന്റെ മുറിയിലേക്ക് പോയത്? അവിടെ അവന്റെ ഫ്രണ്ട്സ് ഉണ്ടായിരുന്നെങ്കിലോ? അവരെല്ലാം കൂടി നിന്നെ ഉപദ്രവിച്ചിരുന്നെങ്കിലോ?

അല്ലെങ്കിൽ തന്നെ അവൻ ആ ക്യാമറ കണ്ടിരുന്നെങ്കിൽ നീ എന്തു ചെയ്തേനെ?” എങ്കിൽ പിന്നെ ഞാൻ വൈറൽ ആയേനെ. കണ്ണാ… “സോറി” ഞാൻ ചെവിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു. ആൾ ഒന്ന് ശാന്തനായി. “നിനക്ക് ഞാൻ ആരുമല്ല എന്നു തോന്നിയപ്പോ ഭയങ്കര സങ്കടം വന്നു. നിന്നെ ഫേസ് ചെയ്യാതിരിക്കാൻ ആണ് ലീവെടുത്തത്. അന്ന് നീ മെസേജ് ചെയ്‌തെപ്പോൾ ഒക്കെ പറയണം എന്ന് കരുതി. പിന്നെ തോന്നി ഫോൺ വിളിക്കാം എന്നു. നീ ആണെങ്കിൽ ഫോണെടുത്തും ഇല്ല. ഒടുവിൽ നേരിട്ട് പറയാം എന്ന് കരുതി വന്നു നോക്കിയപ്പോൾ നീ സകല കോഴികളുടെയും നടുക്ക് കയറി നിൽക്കുന്നു.

ഇന്നലെ ഫോൺ എടുക്കാത്തതും ഇതും കൂടി ആയപ്പോൾ എനിക്ക് നല്ല ദേഷ്യം തോന്നി. അവന്മാരുടെയൊക്കെ നോട്ടം കണ്ടപ്പോൾ കണ്ണ് കുത്തി പൊട്ടിക്കാൻ ആണ് തോന്നിയത്. നീ അവരോടെല്ലാം എത്ര ഫ്രണ്ട്ലി ആയിട്ടാ സംസാരിക്കുന്നത്. എന്നോട് മാത്രം സീരിയസ്. അങ്ങനെ ആലോചിച്ചപ്പോൾ വിഷമവും തോന്നി” “അത് പിന്നെ എന്നെ കാണുമ്പോഴേ കടിച്ചു കീറാൻ വരികയല്ലേ. അതാ ഞാൻ…” ഞാൻ പറഞ്ഞു. ആൾ ചിരിച്ചു. “സത്യം പറഞ്ഞാൽ നിന്നോട് ഇഷ്ടം പറയാൻ വേണ്ടിയാ അന്ന് നീ തന്നെ മീറ്റിങ്ങിന് വരണം എന്നു വാശി പിടിച്ചത്. ലഞ്ച് കഴിച്ചിട്ടില്ല എന്നെനിക്ക് അറിയാമായിരുന്നു. അതാ കഴിക്കാൻ കയറിയത്.

ആ സമയത്ത് നിന്നോട് മനസു തുറക്കാം എന്നു വിചാരിച്ചു. പക്ഷെ ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ടപോലെയുള്ള നിന്റെ കഴിക്കൽ കണ്ടപ്പോ അതിന് പറ്റിയില്ല.” ഞാൻ നന്നായിട്ട് ഒന്നു ചമ്മി. “പിന്നെ മറൈൻ ഡ്രൈവിൽ പോയി പറയാം അന്ന് വച്ചു. അവിടെ ആണെങ്കിൽ ഒടുക്കത്തെ റൊമാന്റിക് അറ്റ്മോസ്ഫിയറും. കറക്റ്റ് സമയത്ത്‌ ആ നാറി ആയുഷ് കയറി വന്ന് എല്ലാം കുളമാക്കി. എന്തായാലും അതുകൊണ്ട് നമ്മുടെ കല്യാണം വേഗത്തിൽ കഴിഞ്ഞു. അങ്ങനെ നോക്കുമ്പോൾ അവനോട് നന്ദിയുണ്ട്.”

“അവനെ എന്ത് ചെയ്തു?” ഞാൻ ചോദിച്ചു. “കയ്യും കാലും തല്ലി ഓടിച്ചിട്ടുണ്ട്.” “ഒറ്റയ്ക്കോ?” “അല്ല, പത്തു നൂറ് പേര് കൂടെ ഉണ്ടായിരുന്നു.” ഞാനൊന്നൂടെ ചമ്മി. തിരിച്ചുള്ള യാത്രയിൽ മനസ് തൃപ്തമായിരുന്നു. അപ്പൂപ്പൻ താടി പോലെ അതിങ്ങനെ പാറി പറന്നു നടന്നു. നവ്യമായ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ തെളിഞ്ഞു നിന്നു. ആ ചിരിയോടെ ആണ് വീട്ടിലേക്ക് ചെന്നു കയറിയതും.

തുടരും

നിവേദ്യം : ഭാഗം 23