Saturday, January 18, 2025
Novel

നിവേദ്യം : ഭാഗം 10

എഴുത്തുകാരി: ആഷ ബിനിൽ

നാളെയാണ് ഞങ്ങൾ കാത്തിരുന്ന കോടതി വിധി. ഞാനും ഹരിയേട്ടനും തമ്മിലുള്ള ബന്ധം നാളെ നിയമപരമായി വേർപെടുകയാണ്. ഹരിയേട്ടൻ വൈകിട്ടെത്തും. ഞാൻ അതിനുമുമ്പ് ഹോസ്റ്റലിലേക്ക് മാറാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു. എന്നെ അവിടെ തന്നെ നിർത്താൻ അച്ഛനും ശ്രീദേവിയമ്മയും ആവുന്നത്ര ശ്രമിച്ചു. പക്ഷെ അർഹതയില്ലാത്ത ഒരിടത്തു തുടരാൻ എനിക്ക് താൽപര്യമില്ല.

അത് മാത്രമല്ല, ഇനിയുള്ള ജീവിതം, അത് നന്മയായാലും, തിന്മയായാലും, ഒറ്റയ്ക്ക് നേരിടാൻ ആണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. മടത്തിലേതായി ഒന്നും കയ്യിൽ ഇല്ലാതെ ആ പടിയിറങ്ങണം എന്നായിരുന്നു ആഗ്രഹം. ഹാരിമോന്റെ കീ അച്ഛനെ ഏൽപ്പിക്കാൻ പോയി. “ഇത് ഞങ്ങളുടെ മകൾക്ക് ഞങ്ങൾ കൊടുത്ത സമ്മാനമാണ്. നീ ഇതോടെ ഞങ്ങളോടുള്ള ബന്ധവും വേര്പെടുത്തുകയാണോ?” പിന്നെ ഞാനൊന്നും പറയാൻ നിന്നില്ല. അച്ഛനും അമ്മയും എനിക്കായി തന്നതെല്ലാം ഞാൻ കയ്യിലെടുത്തു.

ഹരിയേട്ടൻ വാങ്ങി തന്ന വസ്ത്രങ്ങളെല്ലാം അലക്കി തേച്ചു പാക്ക് ചെയ്ത് അടുത്തുള്ള അനാഥാലയത്തിൽ ഏൽപ്പിക്കാൻ രാജൻ ചേട്ടന്റെ കയ്യിൽ കൊടുത്തയച്ചു. മറ്റ് സാധനങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ ലതിക ചേച്ചിയെ ഏല്പിച്ചു. “തല്ലും വഴക്കും ഒഴിഞ്ഞ നേരം ഉണ്ടായിട്ടില്ലെങ്കിലും നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു മോളെ” ഇറങ്ങുന്നതിന് മുൻപ് ലതികേച്ചി പറഞ്ഞു. ഈ ഡയലോഗ് ഇതിന് മുൻപ് ഞാൻ കേട്ടിട്ടുള്ളത് നന്ദനം സിനിമയിലാണ്. വൈകിട്ട് ദേവച്ഛനാണ് എന്നെ ഹോസ്റ്റലിൽ കൊണ്ടുപോയി ആക്കിയത്. അടുത്ത ഒരു വർഷത്തേക്കുള്ള കോളേജ് ഫീസും ഹോസ്റ്റൽ ഫീസും അച്ഛൻ അടച്ചു.

എടിഎം കാർഡ് തന്നെങ്കിലും ഞാനത് സ്നേഹപൂർവം നിഷേധിച്ചു. സിംഗിൾ റൂം ആയിരുന്നു എടുത്തത്. ഒറ്റക്ക് ഒരു മുറിയിൽ. ആ വീർപ്പുമുട്ടൽ ഒന്നും ആ സമയം എന്നെ ബാധിക്കുന്നെയില്ലായിരുന്നു. ശൂന്യമായ മനസും തളർന്ന ശരീരവുമായി ഞാനിരുന്നു. പിറ്റേന്ന് വിധി വന്നു. നിവേദ്യ നാരായണൻ വീണ്ടും നിവേദ്യ നാരായണനായി. പതിനാല് മാസത്തെ ദമ്പത്യബന്ധം അവസാനിച്ചു. ഓർമിക്കാൻ ഒരുമിച്ചൊരു നല്ല നിമിഷം പോലുമില്ലാത്ത ഞങ്ങൾ പരസ്പരം പുഞ്ചിരി നൽകി വേർപിരിഞ്ഞു. വേദന പോലും തോന്നാത്തയത്ര ശൂന്യമായിരുന്നു മനസ്. ഇരുപത്തിരണ്ട് വയസിനുള്ളിൽ ഞാൻ ജീവിതത്തിൽ ഒറ്റക്കായി.

ഒറ്റയ്ക്ക് ജീവിക്കാനും സ്വയം തീരുമാനങ്ങൾ എടുക്കാനുമുള്ള പ്രാപ്തി ഇനിയും ഞാൻ ആർജിക്കണം. ഞാൻ ഹോസ്റ്റലിലേക്ക് മടങ്ങി. ഓർമകൾ വല്ലാതെ ശ്വാസം മുട്ടിക്കാൻ തുടങ്ങി. നിയന്ത്രണം നഷ്ടപ്പെടും എന്നു തോന്നിയപ്പോൾ ഞാൻ ഹാരിമോനെയും കൊണ്ട് മറൈൻ ഡ്രൈവിൽ പോയി കുറേനേരം ഇരുന്നു. ആർത്തിരമ്പുന്ന എന്റെ മനസിനെ ശമിപ്പിക്കാൻ ഏറെ പ്രിയമുണ്ടായിരുന്ന ആ കാഴ്ചകൾക്കും കഴിഞ്ഞില്ല. പെട്ടെന്നുണ്ടായ ഒരുൾപ്രേരണയിൽ ഞാൻ വീട്ടിലേക്ക് തിരിച്ചു. ആഭിജാത്യം ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു, എന്റെ വരവ് പ്രതീക്ഷിച്ചെന്നപോലെ.

“എനിക്ക് അറിയാമായിരുന്നു, ഇന്ന് നീ ഇവിടേക്ക് തന്നെ വരുമെന്ന്” ഞാനോടിപ്പോയി അച്ഛന്റെ നെഞ്ചിൽ ചാരി. അമ്മ അടുത്തു വന്നു നിന്നു. ആ കണ്ണുകൾ കലങ്ങിയിരുന്നു. ഞാനാ മടിയിൽ തലവച്ചു കിടന്നു. എന്റെ എല്ലാ വേദനകൾക്കുമുള്ള മരുന്നായിരുന്നു അവരുടെ സാന്നിധ്യം. ലോകത്ത് എവിടെ പോയാലും, പൊന്നിന്റെ കൂട്ടിലായാലും, സ്വന്തം വീടും അമ്മയുടെ മടിതട്ടും അച്ഛന്റെ നെഞ്ചും നൽകുന്ന സമാധാനവും സാന്ത്വനവും മറ്റൊന്നിനും നൽകാൻ കഴിയില്ല. വീട്ടിൽ എല്ലാവരും വലിയ വിഷമത്തിൽ ആയിരുന്നു. അവരുടെ തീരുമാനം ആയിരുന്നല്ലോ ഈ വിവാഹം.

ആദ്യ ദിനങ്ങളിൽ എത്ര സന്തോഷിച്ചോ, അതിന്റെ ആയിരം ഇരട്ടിയാണ് ഈ വേദന. മൂന്നാല് ദിവസം ഞാൻ വീട്ടിൽ തന്നെ നിന്നു. അപ്പുവും ചിന്നുവും ക്ലാസിൽ പോകാതെ എന്നോടൊപ്പമിരുന്നു. മനസ് ഒന്ന് ശാന്തമായി എന്നു തോന്നിയപ്പോൾ ഞാൻ ഹോസ്റ്റലിലേക്ക് മടങ്ങി. വിവാഹിതയാണ് എന്ന കാര്യം കോളേജിൽ ആർക്കും അറിയാത്തത് കൊണ്ട് ഡിവോഴ്സിന്റെ കാര്യം അവിടെ ചർച്ചയായില്ല. പഠനത്തിന് സൗകര്യം നോക്കി ഹോസ്റ്റലിലേക്ക് വന്നു എന്നു മാത്രം എല്ലാവരോടും പറഞ്ഞു.

കോളേജിൽ ചേരുന്നതിന് മുൻപ് തന്നെ കല്യാണക്കാര്യം ആരോടും പറയേണ്ട എന്നു ഹരിയേട്ടൻ പറഞ്ഞത് ഞാനോർത്തു. ഇത്ര ദീർഘവീക്ഷണം ഉള്ളൊരു ഭർത്താവിനെ കയ്യിൽ കിട്ടിയിട്ടും സൂക്ഷിക്കാൻ കഴിയാത്ത ഞാൻ എന്തൊരു മണ്ടിയാണ്..! ഡിവോഴ്‌സ് കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ എഡ്വിന കുടുംബമായി നാട്ടിലെത്തി. ആചാരപ്രകാരം ഹരിയേട്ടൻ അമ്പലത്തിൽ വച്ചുതന്നെ അവളെ താലികെട്ടി. രഹസ്യമായി ആണ് തീരുമാനിച്ചിരുന്നതെങ്കിലും ഒരു വിദേശ വനിത കേരളത്തിലെ ആചാര പ്രകാരം മലയാളി പയ്യനെ വിവാഹം കഴിക്കുന്നതും അവരുടെ പത്തു വർഷത്തോളം നീണ്ട പ്രണയവും എല്ലാം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു.

അതോടെ ഞങ്ങളുടെ ബന്ധം പിരിഞ്ഞ കാര്യം നാട്ടിലെങ്ങും പാട്ടായി. “ഈ ചെറിയ പ്രായത്തിൽ ആ കുട്ടിക്ക് ഇങ്ങനൊരു ഗതി വന്നല്ലോ” എന്നാണ് ഇപ്പോൾ നാട്ടിലെ സംസാരം എന്നറിഞ്ഞു. ഞാൻ രണ്ടുമൂന്ന് മാസത്തേക്ക് വീട്ടിൽ പോയില്ല. ദേവച്ചനും ശ്രീദേവിയമ്മയും ഇടയ്ക്കിടെ കൈ നിറയെ സമ്മാനങ്ങളുമായി എന്നെ കാണാൻ വന്നിരുന്നു. ഹരിയേട്ടനും എഡ്വിയും അടുത്തൊരു ഹോസ്പിറ്റലിൽ ജോലിക്ക് കയറി. “വീട് ആകെ ഉറങ്ങിപ്പോയി മോളെ. അവർ രണ്ടുപേരും രാവിലെ എഴുന്നേറ്റ് റെഡിയായി ജോലിക്ക് പോകും. രാത്രി വന്ന് കയറും. ഞാനും ദേവേട്ടനും ആ വീട്ടിൽ ഉള്ളത് പോലും അവർ അറിയാറില്ല.

അവളുടെ രീതിയിൽ ഞാൻ വച്ചു വിളമ്പിയാലും ഭക്ഷണം മിക്കവാറും പുറത്തു നിന്നാണ്. രണ്ടാളും തമ്മിൽ ഭയങ്കര സ്നേഹം ആണ് മോളെ. സ്നേഹമെന്നൊക്കെ പറഞ്ഞാൽ ഭ്രാന്തമായ സ്നേഹം. വേറെ ആർക്കും അവർക്കിടയിൽ സ്ഥാനമില്ല. ആകെയുള്ള ആശ്വാസം അവൻ കണ്മുന്നിൽ തന്നെ ഉണ്ട് എന്നതാണ്.” എന്റെ പിറന്നാളിന് സമ്മാനങ്ങളുമായി വന്നപ്പോഴും ശ്രീദേവിയമ്മയ്ക്ക് പറയാൻ ഉള്ളത് വേവലാതികൾ തന്നെ ആയിരുന്നു. ഞാൻ അച്ഛനെ നോക്കി. ആ മുഖത്തും വിഷാദമാണ്. ഒരു മാസത്തിനകം എഡ്വിന ഗർഭിണിയാണ് എന്നറിഞ്ഞു. ഒൻപതാം മാസം വരെ അവൾ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നു.

അതിനുള്ളിൽ അവർ രണ്ടാളും നല്ല കൈപ്പുണ്യം ഉള്ള ഡോക്ടർമാർ ആയി പേരെടുത്തിരുന്നു. ഞാൻ MBA കഴിഞ്ഞു. പ്രോജക്ട് സബ്മിഷനും എക്സാംസും ആണ് ഇനി ബാക്കിയുള്ളൂ. പ്രോജക്ട് ഞാൻ അഡ്വർടൈസ്മെന്റ് മാനേജ്‌മെന്റിൽ ആണ് ചെയ്തത്. ഒരു ജോലി ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം ഇപ്പോൾ എനിക്കുണ്ട്. ഹരിയേട്ടനു ആണ്കുട്ടി ആയിരുന്നു. എഡ്വിയെപ്പോലെ പൂച്ചക്കണ്ണും ചെമ്പൻ മുടിയുമുള്ള കുറുമ്പൻ. മോന് ഞാൻ പൊന്നിന്റെ കാൽതള സമ്മാനിച്ചു. കോഴ്‌സ് കഴിഞ്ഞു ഞാൻ വീട്ടിലേക്ക് പോയി.

നാട്ടുകാരുടെ പതം പറച്ചിലുകൾ ഇപ്പോ എന്നെ ബാധിക്കാറേയില്ല. ഒരു ജോലി നേടുക എന്നത് മാത്രമായി ലക്ഷ്യം. “അവനും അവൾക്കും മോനെ പോലും വേണ്ട മോളെ. പാൽ കൊടുക്കാൻ മാത്രമാണ് കുഞ്ഞിനെ എടുക്കുന്നത്. ബാക്കി സമയം മുഴുവൻ ഇവൻ എന്റെകൂടെയാണ്” അത്തവണ വന്നപ്പോൾ അമ്മ സന്തോഷത്തോടെയാണ് അത് പറഞ്ഞത്. അച്ഛന്റെ മുഖത്തും തെളിച്ചം ഉണ്ടായിരുന്നു. മകനും മരുമകളും അവരുടെ മാത്രം ലോകത്തായത് കൊണ്ട് ചെറുമകൻ അവർക്ക് സ്വന്തമായി.

അച്ഛന്റെ കമ്പനിയിലും ആൾ പറഞ്ഞ കമ്പനികളിലും ജോലിക്ക് കയറാത്തതിൽ ആൾക്ക് ചെറിയ നീരസം ഉണ്ടായിരുന്നു. എങ്കിലും സ്വന്തം അധ്വാനം കൊണ്ട് ജോലി നേടണം എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചുനിന്നു. ക്യാമ്പസ് സെലക്ഷനിൽ ഒന്നും ഞാൻ ആഗ്രഹിച്ച ജോലി അവസരങ്ങൾ വന്നില്ല. പ്രോജക്ട് ചെയ്ത കമ്പനിയിലെ ഹെഡ് എന്നെ സാമാന്യം വലിയൊരു അഡ്വർടൈസിംഗ്‌ ഫേമിലേക്ക് റെഫർ ചെയ്തിരുന്നു. ഇന്റർവ്യൂവിന് ഡിപ്പാർട്ട്‌മെന്റ് ഹെഡിന്റെ അപ്പോയിന്റിമെന്റ് എടുത്തു.

ചെന്നപ്പോൾ വെയ്റ്റ് ചെയാൻ പറയുന്നു..! ചുമ്മാ ജാഡ ആയിരിക്കും. അല്ലെങ്കിലും ഈ വല്യ വല്യ ആളുകളുടെ സ്ഥിരം പരിപാടിയാണ്, ഇന്റർവ്യൂ എന്നും പറഞ്ഞു വിളിച്ചു വരുത്തുന്ന പാവങ്ങളെ കാത്തിരുത്തി മുഷിപ്പിക്കുക എന്നത്. കയ്യിലെ പണമെല്ലാം തീരാറായത് കൊണ്ടു തന്നെ ഈ ജോലി എനിക്ക് അത്രമാത്രം അത്യാവശ്യം ആയിരുന്നു. ഞാൻ കാത്തിരുന്നു. രണ്ടു വർഷം മുൻപ് വിവാഹം കഴിക്കുമ്പോൾ എന്റെ പഠനവും ജീവിതവും ഒന്നും മുന്നിൽ ഇല്ലായിരുന്നു. വരുന്നത് പോലെ വരട്ടെ എന്ന ചിന്ത മാത്രം.

ഇപ്പോ തിരിച്ചറിയാൻ പറ്റുന്നുണ്ട്, വിവാഹവും വിവാഹമോചനവും എന്റെ ജീവിതത്തിലെ ഏടുകൾ മാത്രം ആയിരുന്നുവെന്ന്. ജീവിതം തുടങ്ങുന്നേയുള്ളൂ ഞാൻ. ഇപ്പോ മുന്നിലൊരു ലക്ഷ്യമുണ്ട്. ജോലി നേടണം. സ്വന്തം കാലിൽ നിൽക്കണം. അമ്മയുടെ കഷ്ടപ്പാടിനു അവസാനം കൊടുത്തുകൊണ്ട് അപ്പുവിനെയും ചിന്നുവിന്റെയും പഠിപ്പിക്കാനും വീട് നോക്കാനും എല്ലാം എനിക്ക് കഴിയണം. എന്റെ അച്ഛൻ എന്നെക്കുറിച്ചു അഭിമാനിക്കണം. ഹരിയേട്ടൻ എന്നെ സ്നേഹിച്ചിരുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ ഭാര്യ മാത്രമായി ഞാൻ ഒതുങ്ങി പോയേനെ.

എന്റെ കുടുംബത്തോടുള്ള എന്റെ കടമകൾ ഞാൻ മറന്നേനെ. “മിസ് നിവേദ്യാ നാരായണൻ?” ചോദ്യം കേട്ട് ഞാൻ വേഗം അകത്തേക്ക് കയറി. അവിടെയും ഞാൻ ചെന്നു പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ ആയിരുന്നു. ഉസ്താത് ജോസഫ് കുര്യൻ ഖാൻ..! തിരിച്ചും മറിച്ചും ചോദ്യം ചെയ്തശേഷം ആണ് സെലക്ട് ചെയ്തത്. പടിച്ചിറങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ ആഗ്രഹിച്ച ജോലി നേടിയത്തിൽ എനിക്ക് സന്തോഷം തോന്നി. നൻപൻ സിനിമയിലെ പ്രൊഫസർ വൈറസിന്റെ ചേട്ടൻ ആയിട്ട് വരും ജോസഫ്‌ സർ.

രണ്ടു കൈകൊണ്ടും രണ്ടു കാലുകൊണ്ടും ഒരേ സമയം ജോലി ചെയ്യാൻ കഴിയുന്ന മഹാൻ. ഓഫീസിൽ ചെന്നിറങ്ങിയപ്പോൾ തന്നെ ഹാരിമോന്റെ കൂടെ എന്നെ കണ്ട ചിലരെല്ലാം അന്തംവിട്ട് നോക്കുന്നുണ്ടായിരുന്നു. എനിക്കിപ്പോ ഇതൊക്കെ ശീലമാണ്. രാവിലെ ഓഫീസിൽ ചെല്ലുമ്പോൾ മുതൽ ആറര- ഏഴുമണിക്ക് ഇറങ്ങുന്നത് വരെ ഒരു നൂറ് തവണ എങ്കിലും എന്നെ സ്റ്റുപ്പിഡ് എന്നു വിളിക്കും. കേട്ട് കേട്ട് ഇതൊക്കെ ഇത്രയേ ഉള്ളൂ എന്നു ചിന്തിച്ചു തുടങ്ങി ഞാൻ. ഒരു വർഷം ആളുടെ കൂടെ ഞാൻ നിന്നു.

അപ്പു ഇപ്പോൾ ഫൈനലിയർ ആണ്. ചിന്നു CAയ്ക്ക് ചേർന്നു. അമ്മ ഇപ്പോൾ തയ്യൽ മാത്രമാണ് ചെയ്യുന്നത്. അതിനും വയ്യാതെയായിട്ടുണ്ട്. ഇപ്പോഴത്തെ സാലറികൊണ്ട് രണ്ടറ്റവും മുട്ടിക്കാൻ കഴിയുന്നില്ല എന്നു കണ്ട ഞാൻ മറ്റൊരു കമ്പനിയിൽ വേക്കൻസി ഉണ്ടെന്നറിഞ്ഞു അപ്ലൈ ചെയ്തു. കിട്ടിക്കൊണ്ടിരുന്ന സാലറിയേക്കാൾ പതിനായിരം രൂപ അധികം ഉണ്ട് എന്നത് തന്നെയായിരുന്നു ഏറ്റവും വലിയ ആകർഷണം. ഇന്റർവ്യൂവിന് ജോസഫ് കുര്യൻ സാറിന്റെ ശിഷ്യ ആണെന്ന് പറഞ്ഞതിൽ പിന്നെ അധികം ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല. ജോലി കിട്ടി.

അച്ഛനും അമ്മയ്ക്കുമൊക്കെ വലിയ സന്തോഷം ആയിരുന്നു അത്. വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും അമ്പലത്തിൽ പോയി. എന്റെ കണ്ണന്റെ മുന്നിൽ പോയി നിൽക്കുമ്പോൾ അന്നാദ്യമായി കുറ്റബോധം കൊണ്ടെന്റെ തല താഴ്ന്നുനിന്നു. ജീവിതത്തിൽ പരീക്ഷണങ്ങൾ തരുന്നത് എന്നെ കൂടുതൽ ശക്തയാക്കാൻ വേണ്ടിയാണ്. അതിൽ മൂപ്പരോട് ഞാൻ പിണങ്ങി നടന്നത് ശരിയായില്ല. ഒട്ടും ശെരിയായില്ല. കണ്ണന്റെ പിണക്കം മാറ്റാൻ ഒരുകുടം വെണ്ണ നേദിച്ചിട്ടാണ് മടങ്ങിയത്.

ഡിപ്പാർട്ട്‌മെന്റ് ഹെഡിന്റെ മുന്നിലാണ് ജോയിൻ ചെയ്യാൻ ചെന്നത്. കസേരയിൽ കറങ്ങിവന്ന മുതലിനെ കണ്ട എന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. “കോഴി രാജപ്പൻ…!” എന്നാലും കണ്ണാ, എന്റെ വെണ്ണയും തിന്നിട്ട് എന്നോടീ ചതി വേണ്ടായിരുന്നു കേട്ടോ… സെഡ് ആയല്ലോ മോനൂസേ…….

തുടരും

നിവേദ്യം : ഭാഗം 9