Tuesday, December 17, 2024
Novel

നിന്നോളം : ഭാഗം 1

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ


“യു ബ്ലഡി ഫൂൾ…..

മതിലിനപ്പുറം നിന്ന് കൊണ്ട് ശങ്കരൻ അലറി……

“എന്താന്ന്… ബ്ലഡോ…..

മോഹനൻ നെറ്റി ചുളിച്ചു

“ബ്ലഡ്‌ അല്ലാച്ചാ… ബ്ലഡി ഫൂൾ….വിഢി എന്നാ…ശങ്കരമാമ അച്ഛനെ വിളിച്ചേ…

മോഹനൻ നന്ദിയോടെ മകളെ നോക്കി ചിരിച്ചു…. എന്നിട്ട് ശങ്കന് നേരെ തിരിഞ്ഞു

“ഓഹോ…. നീ പോടാ മരതലയാ….അവന്റൊരു ഡോക്ടർ പത്രാസ്…

“നീ പോടാ കർഷകശ്രീമാനേ…. എടാ നീയൊക്കെ സ്കൂളിന്റെ വരാന്തയെങ്കിലും കണ്ടിട്ടുണ്ടോടാ..

ആ പറഞ്ഞത് വീക് പോയിന്റ് ആയിരുന്നു….

അതോടെ മോഹനൻ ചെറുതായി ഒന്ന് അടങ്ങി…

“ശെരിയാ ഈപ്പച്ചൻ (പുള്ളി സ്വയം സംബോധന ചെയ്യുന്നതാ😇)പള്ളിക്കൂടത്തില് പോയിട്ടില്ല….. പക്ഷെ ഞങ്ങള് ആണുങ്ങള് എരിപൊരിവെയിലത് നിന്ന് അധ്വാനിച്ചാട ജീവിക്കുന്നെ അല്ലാതെ നിന്നെ പോലെ ഏതാണ്ട് രണ്ടു കൊല്ലമെങ്ങാണ്ട് മെഡിക്കൽ കോളേജിൽ പോയെന്ന് പറഞ്ഞു ഡോക്ടർ ചമഞ്ഞു നടക്കുവല്ലേട കോൺട്രാക്ടർ ചങ്കര….

മോഹനനും വിട്ടുകൊടുത്തില്ല

നിങ്ങളിപ്പോൾ കണ്ടു കൊണ്ടിരിരുന്നത് രണ്ട് അളിയന്മാരുടെ പരസ്പരമുള്ള സ്നേഹവായ്പ്പ് നിറഞ്ഞ വാചകങ്ങളാണ് സുഹൃത്തുക്കളെ..

അല്ല അയിന് നീ ഏതാ…

എന്റെ പേര് സരാ 😊

എന്താന്ന്….

സരാ….

“എടി…. സരസമ്മേ…. നിന്റെ ഫോണിന്റെ ചാർജർ എന്തേയ്….

ഹരി പടിക്കൽ നിന്ന് വിളിച്ചു ചോദിക്കുന്നത് കേട്ട് അവളവന്റെ നേർക്ക് റോക്കറ്റ് പോലെ പാഞ്ഞടുത്തു….

“പ്ഫാ…..

അവളുടെ ഒറ്റ ആട്ടിന്റെ പവറിൽ അവന്റെ കയ്യിലിരുന്ന ഫോൺ തറയിലൊന്ന് വീഴാൻ പോയെങ്കിലും അതിവിദഗ്തമായി അവനത് പിടിച്ചു …കൊണ്ട് അവളെ നോക്കി ഇളിച്ചു കാണിച്ചു

ദ്രോഹി……. എന്റെ ഇൻട്രോ പൊളിച്ചടുക്കിയല്ലോ ന്റെ കൃഷ്ണ 😩

മോഹനൻ മകനെ നോക്കി കണ്ണും പുരികവും വെച്ച് വിലക്കവെ ചെക്കന് ബോധോദയമുണ്ടായി…

“മോളെ സരസ്വതി….. നിന്റെ ഫോണിന്റെ ചാർജർ എവിടാ…. എവിടാ…..

“കാൾ മി സരാ…. !!!!!!!!!😤

“ഒക്കെ…. സരാ….. ചാർജർ….തന്നിരുനെങ്കിൽ….. അടിയൻ…പോയേനെ

ഹരി വിനയത്തോടെ പറയവേ അവനെയൊന്ന് തറപ്പിച്ചു നോക്കി കൊണ്ടവൾ അകത്തേക്ക് നടന്നു മുറിയിൽ കയറി അവന് ചാർജർ എടുത്തു കൊടുത്തു..

“അപ്പോ… ഒക്കെ സരസമ്മേ…..

അവളുടെ തലയിൽ ചെറുതാനെ കൊട്ടികൊണ്ട് ഹരി ഓടി

അവളും പിറകെ പോയെങ്കിലും അവൻ മുറിയിൽ കയറി വാതിലടച്ചിരുന്നു…

“തെണ്ടി….

കതകിനിട്ടു ഒരു ചവിട്ട് കൊടുത്തു…. കാല് നൊന്തത് മിച്ചം….

ഇവനൊക്കെ എങ്ങനാണാവോ പിള്ളേരെ പഠിപ്പിക്കുന്നത്…..

സാർ ആണത്രേ സാറ്…. ബ്ലഡി ചാറ്…..

എന്തിന് അവനെ പറയണം
ഇതിനെല്ലാം കാരണം എന്റെ തന്തപ്പടി ഒറ്റ ഒരാളാണ്…

കല്യാണം കഴിച്ചു ജനിക്കുന്ന കുഞ്ഞിന് സഫലമാകാത്ത പ്രണയിനിയുടെ പേര് ഇടണമെന്ന് ശപഥം ചെയ്ത പുള്ളിയെ ആദ്യം വരവേറ്റത് ഒരാണ്കുട്ടിയായിരുന്നു…

ഹരി ചന്ദ്രൻ……. എന്റെ പൊന്നാങ്ങള കരി 😏

രണ്ടാമത്തെ കുട്ടിയുടെ കാര്യത്തിൽ പുള്ളിക്കാരൻ നമ്മടെ കള്ളക്കണ്ണന്റെ സപ്പോർട്ട് കൂടി തേടി… ഗുരുവായൂരിൽ ഉരുളി വരെ കമിഴ്ത്തി…

അങ്ങനെ സരസമ്മ എന്ന പൂർവ്വകാമുകിയുടെ പേര് അമ്മയുടെ നിർബന്ധം സഹിക്ക വയ്യാതെ അച്ഛനൊന്ന് പരിഷ്കരിച്ചു സരസ്വതി എന്നെനിക്ക് ഇട്ടു…

രണ്ടായാലും സരസു എന്ന് വിളിക്കാല്ലോ അയിനാണ്….

“മോളെ സരസു…..

പറഞ്ഞു തീർന്നില്ല…..ദാണ്ടെ വരുന്നു…..പടയപ്പ…

മോഹനൻ അവള്തടടുത്തായി വന്നിരുന്നു…

വാക്ക് തർക്കമൊക്കെ തീർത്തു രണ്ടാളും രണ്ടു വഴിക്ക് പിരിഞ്ഞു എന്ന് സാരം

ഇനി ഒരു ഒരാഴ്ചത്തേക്ക് പരസ്പരം മിണ്ടില്ല….

പിന്നൊരു മാസത്തേക്ക് മിണ്ടാതെയും ഇരിക്കില്ല…

ഇതിങ്ങനെ തുടർന്നൊണ്ടെ ഇരിക്കും

ഇവര് രണ്ടാളും പണ്ടുമുതലേ ഇങ്ങനെയാണ്….അതോണ്ട് വേറാരും ഇത് മൈൻഡ് ചെയ്യാറില്ല

നിസാര കാര്യങ്ങൾക്ക് വഴക്കിടുക്ക, പരസ്പരം മംഗ്ലീഷ് ശ്ലോകങ്ങൾ ചൊല്ലുക വല്ലാത്ത ജാതി ഹോബികളാണ്…

അതിനിടയിൽ പെടുന്നത് ഞാനും….

അച്ഛനെ തറപറ്റിക്കാനായി മാമ കൊറേ വായിൽ കൊള്ളാത്ത ഇംഗ്ലീഷ് വാക്കുകൾ ഇടയ്ക്ക് വിളിച്ചു പറയും…

ബി എ ഇംഗ്ലീഷ് കോഴ്സ് പഠിക്കുന്ന കൊച്ചേന്ന ഒറ്റ കാരണം കൊണ്ട് അച്ഛനതൊക്കെ എനിക്ക് ഫോർവേഡും…..

അച്ഛന്റെ വിചാരം ഞാനിപ്പോ സായിപ്പിന് പഠിക്കുന്നെന്നാണ്….

എന്നാ… ബിരിയാണി പ്രതീക്ഷിച്ചു ചെന്നവർക്ക് പഴങ്കഞ്ഞി കിട്ടിയ പോലെ കണ്ടവന്മാരുടെ എഴുത്തുകുത്തുകളും ചരിത്രവുമാണ് എന്റെ ബി എ ഇംഗ്ലീഷ് പഠനമെന്ന് എനിക്കല്ലേ അറിയൂ

എന്റച്ഛൻ ഒരു കൃഷിപണിക്കാരനാണ്….ചെറുപ്പത്തിലേ അനാഥത്വം അഭിമുകീകരിക്കേണ്ടി വന്ന അച്ഛന് സ്വന്തമെന്ന് പറയാൻ അപ്പച്ചി മാത്രമേ ഉണ്ടായിരുന്നുള്ളു… അതോണ്ട് സ്കൂളിൽ പോവാനൊന്നും ടൈം കിട്ടില്ല….

ശങ്കരമാമ…. എന്റെ മോഹിനിഅപ്പച്ചിടെ ഭർത്താവ് എന്റെ രണ്ടു മുറച്ചെറുക്കന്മാരുടെ അടക്കം മൂന്ന് പുള്ളേകളുടെ അപ്പാ…. കോൺട്രാക്ടർ ആണ്…

ഇവിടത്തെ മെഡിക്കൽ കോളേജിൽ എംബിബിസ്‌ പഠിക്കണമെന്ന മോഹവുമായി വന്നതാ… തൊട്ടടുത്തൊള്ള ആശുപത്രിയിൽ പനി പിടിച്ചു കിടപ്പിലായ എന്റച്ഛന് കൂട്ടുനിന്ന അപ്പച്ചിയെ പുള്ളി ലൈൻ വലിച്ചു… നടന്നത് നടന്നു എന്ന് വിചാരിച്ചു വീട്ടുകാരെല്ലാം കൂടി പെണ്ണാലോചിക്കാൻ വന്നതും ജാതി ഏതെന്ന ചോദ്യത്തിന് മനുഷ്യജാതിയെന്നു എന്റച്ഛൻ പറഞ്ഞതോട് കൂടി ആദ്യമുണ്ടായിരുന്ന ഇഷ്ടക്കേട് കൂടി ചേർത്ത് വലിയൊരു പിണക്കത്തിന് ഇടവെച്ചു…ഇ പെണ്ണിനെ നീ കെട്ടിയാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ലെന്ന ആത്മഹത്യാ ഭീക്ഷണി വരെ മാമയുടെ അമ്മ പ്രഖ്യാപിച്ചു

പക്ഷെ മാമ അതിലൊന്നും തളർന്നില്ല…എന്റെ അച്ഛന്റെ സപ്പോർട്ടോടു കൂടി അപ്പച്ചിയെ കെട്ടി…

അങ്ങനെ പുള്ളിടെ പഠിപ്പ് പകുതിക്ക് മുടങ്ങി.. പല ബിസിനെസ്സിലേക്ക് തിരിഞ്ഞു….അവസാനം കോൺട്രാക്ടിൽ പുള്ളി പച്ച പിടിച്ചു

ഞങ്ങളുടെ വീടിനടുത്തായി വീടും വെച്ചു….

അതിന്റെ മതിലിന് അപ്പുറം ഇപ്പുറം നിന്നാണ് ഇ ശ്ലോകം ചൊല്ലൽ….

ആ അരമതില് പോലും ഏതോ വഴക്കിന്റെ പരിണിത ഫലമാണ്…

സ്വയം ഒരു ഡോക്ടർ ആവാൻ പറ്റില്ലെങ്കിലുംപുള്ളിടെ മൂത്ത മകൻ ഡോക്ടർ ആയി…

ഡോക്ടർ. ആദിത്യാശങ്കർ…

പിന്നാലെ ഇളയമകളും ഡോക്ടർ അവനുള്ള തയ്യാറെടുപ്പില….

ഡോക്ടർ. അമൃതശങ്കർ… എന്ന അമ്മു ഇപ്പോ ബിഡി സ്‌ സെക്കന്റ്‌ ഇയർ

ഒരാള് എല്ലും.. ഒരാള് പല്ലും… ഇനി ഇതിനിടക്കയിട്ട് ഒരു പുല്ലുണ്ട്… അതിനെ പറ്റി വഴിയേ പറയാം

എല്ലിന് കൊറച്ചു എല്ല് കൂടുതലാണ്….

എനിക്കങ്ങേരെയും അങ്ങേർക്ക് എന്നെയും ദൈവം സഹായിച്ചു പരസ്പരം കണ്ണെടുത്താൽ കണ്ടൂടാ…

ആള് പൊതുവെ സമാധാനപ്രിയനാണെങ്കിലും അങ്ങേര് എന്റെ മോന്തയിൽ നോക്കി വാ തുറക്കുന്നത് ഒന്നുങ്കിൽ എന്റെ കുറ്റം പറയാൻ… അല്ലെങ്കിൽ എന്നെ കളിയാക്കാൻ…

ബെർതെ നിക്കണ എന്നെ വന്ന് ചൊറിയും….. ഞാൻ മൊത്തത്തിലങ് മാന്തി വിടും

എനിക്ക് ആരെങ്കിലും പാര വയ്കാറുണ്ടെങ്കിൽ അതിങ്ങേര്‌ മാത്രമാണ്….

അതോണ്ട് തന്നെ അങ്ങേരെനിക്ക് വ്യാധിയാണ്

പിന്നെ അമ്മു ….എന്നെ അവളുടെ കൂടെ ഡോക്ടർന് പഠിപ്പിക്കാൻ അയക്കാൻ എല്ലാർക്കും ഒരു പ്ലാൻ ഉണ്ടായിരുന്നു. പക്ഷെ ഞാൻ സമ്മതിച്ചില്ല.. ഇല്ലെങ്കി മാമ എന്നെ വല്ല മെഡിക്കൽ കോളേജിലും സംഭാവന ചെയ്തേനെ..അവളൊരു വർഷം കുത്തിയിരുന്ന് പഠിച്ചു എൻട്രൻസ് എഴുതി പഠിക്കാൻ കയറിയപ്പോ ഞാൻ ഡിഗ്രി സെക്കന്റ്‌ ഇയർ എന്ന സീനിയർ സിറ്റിസണ്ണിലേക്ക് കടന്നിരുന്നു

അവളൊരു ശെരിക്കും പാവം പഠിപ്പിയാണ്.. പെണ്ണിപ്പൊ കാല് കഞ്ഞിക്കലത്തില് വരെ ഇട്ടേച്ചു പഠിക്കണോണ്ടെന്ന കേട്ടെ….

ഇതിന് ഇടയില് ഒരാളുണ്ട് പുള്ളിയാണ് മെയിൻ….അഭിശങ്കർ.. വ്യാധിയും അഭിയും ട്വിൻസ് ആണ്… എന്റെ ചേട്ടനാവേണ്ടത് ശെരിക്കും അവനായിരുന്നു… അജ്ജാതി സ്വഭാവസാമ്യത…

എന്റെ ബെസ്റ്റ് ഫ്രണ്ട്…

പക്ഷെ മുറച്ചെറുക്കനായത് കൊണ്ട് ഞങ്ങളുടെ ബോണ്ടിങ് കാണുമ്പോ ചിലർക്കൊക്കെ കൃമികടിക്കാറുണ്ട്…

പുള്ളി ഇപ്പൊ എഞ്ചിനീയറിങ്ങ് ഒക്കെ കഴിഞ്ഞു സപ്പ്ളി കോഴ്സിലാ…

അതിന്റെ പേരും പറഞ്ഞു കൂട്ടുകാർക്കൊപ്പം ട്രിപ്പ് പോയിരിക്കുവാണ് തെണ്ടി…

സംസാരിച്ചു സമയം പോയതറിഞ്ഞില്ല…..

ദേണ്ടെ… നമ്മടെ നീലു കുട്ടി നല്ല ചക്കവെറ്റലും ചായയും നമ്മക്ക് മുന്നിൽ വെച്ചു തന്നു…

നമ്മുടെ നാലുമണി പലഹാരവും ചായയും….

“തിന്ന്… അധ്വാനിച്ചു ക്ഷീണിച്ചതല്ലേ

കണ്ണുരുട്ടി കൊണ്ട് അമ്മയത് പറയവേ ഞാനും അച്ഛനും പരസ്പരം ഒന്ന് നോക്കിയ ശേഷം ഇളിച്ചു കാണിച്ചു കൊടുത്തു

“എത്ര പറഞ്ഞാലും കേൾക്കൂലെന്നു വെച്ച…. പ്രായമായ പിള്ളേരുടെ മുന്നിൽ വെച്ചാണ് ഓരോന്ന് വിളിച്ചു കൂവുന്നത്….

അമ്മ പതിവ് പരായണം തുടങ്ങി

അവസാനം എന്നെങ്കിലും ഒരു ദിവസം ആദി വന്ന് അവന്റച്ഛനോട് പറഞ്ഞെന് പകരം എന്തെങ്കിലും പറഞ്ഞാ നിങ്ങൾ ശെരിക്കും നാണം കെട്ട് പോവും മനുഷ്യ….

“അവനങ്ങനെ പറയുകേല….

മോഹനന്റെ സ്വരത്തിൽ ആത്മവിശ്വാസം നിറഞ്ഞിരുന്നു

ഇനി പറഞ്ഞാലും ഞാനതങ് സഹിച്ചു…..

ഗ്ലാസിലെ ബാക്കി ചായ ഒറ്റ വലിക്ക് കുടിച്ചു തീര്ത്തു കൊണ്ട് അയാൾ എഴുന്നേറ്റു

“നിങ്ങൾക്കെങ്ങനെ പറയാം..ഇത് അവസാനം ആൺമക്കള് തമ്മിലൊരു വാക്കുതർക്കത്തിനെ ഇട വയ്ക്കു… ഒരു പെണ്ണ് ഉള്ളതാണെങ്കിൽ പറയുകയും വേണ്ട

അമ്മ വിഷയത്തിൽ നിന്ന് തെന്നി മാറാൻ തുടങ്ങിയിരിക്കുന്നു…..

ഇനി ഇവിടെ നിന്നാ ശെരിയാവൂല

സരസു പതിയെ എഴുനേറ്റു..

“എവിടെ പോണ് അവിടെ ഇരിക്കേഡി…

നിൽകൂല…. ചത്താലും നിൽകൂല……

അവളോടി തന്റെ മുറിയിൽ കയറി കതകടച്ചു…

അമ്മ അച്ഛനോട് എന്തൊക്കെയോ ഉറക്കെ പറയുന്നുണ്ട്

സൽസ്വഭാവിയായ എന്റെ ഗുണങ്ങൾ തന്നെ….. 😁 അല്ലാതെന്താ

കൊറച്ചു കഴിഞ്ഞു ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു…

അച്ഛൻ പുറത്തേക്ക് പോകുന്നതാവും…..

ബെഡിലേക്ക് വന്നു കിടന്നു ജനാലയിൽ കൂടി പുറത്തേക്ക് നോക്കവേ രണ്ടാം നിലയിലെ ബാൽക്കണിയുടെ കൈവരിയിൽ ചാരി നിന്ന് ദേണ്ടെ വ്യാധി ഫോൺ ചെയ്യുന്നു…

എന്നെ കണ്ടതും ചുണ്ടൊന്ന് കൊട്ടി അങ്ങേര് സൈഡിലേക്ക് നോക്കി നിൽപ്പായി…

എന്നെകാണുമ്പോഴുള്ള അങ്ങേരുടെ സ്ഥിരം എക്സ്പ്രെഷൻ ആണിത്….

നവരസങ്ങളിൽ പുച്ഛത്തിലാണ് പുള്ളി പി എച് ഡി എടുത്തിരിക്കുന്നത്

ജനാലയുടെ വാതില് വലിച്ചടച്ചു ഞാനും പ്രതികരിച്ചുകൊണ്ട് ഞാൻ ബെഡിലേക്ക് കിടന്നു….

അവളുടെ മനസ്സിലേക്ക് കണ്ണന്റെ മുഖം തെളിഞ്ഞു വന്നു…

ഓരോന്നാലോചിച്ചു എപ്പഴോ ഉറങ്ങി..പോയി

വാതിലിലെ ശക്തിയായി മുട്ട് കേട്ട് എഴുന്നേറ്റ് ഫോണിൽ സമയം നോക്കുമ്പോ മണി ആറര കഴിഞ്ഞു…..

സന്ധ്യ്ക്ക് കിടന്നുറങ്ങിയെന്നു പറഞ്ഞു നീലു ഇന്ന് നീലിയാവും

വാതിൽക്കൽ അനുവായിരുന്നു….

എന്റെ ചങ്കത്തി…. ഒരിക്കൽ ഒരേയവസ്ഥ ഞങ്ങൾക്ക് തന്നുകൊണ്ട് ദൈവം ഞങ്ങളെ കണ്ടുമുട്ടിച്ചു കൂട്ടുകാരാക്കി… സ്കൂള് കഴിഞ്ഞും ദേ ഇപ്പൊ കോളേജിലും ഇവൾഎന്റൊപ്പം ഉണ്ട്.. ഞങ്ങളുടെ വീടിന്റെ രണ്ട് വീടപ്പുറമാണ് അവള് താമസിക്കുന്നത്..

“നീ ഒറങ്ങുവായൂരുന്നോ…. ഇ സന്ധ്യക്ക്…

“ഹാ..ഡി. . ഒന്ന് കിടന്നതേ ഓര്മയുള്ളു…..

“ബെസ്റ്….

“നീ വാ….

ഞാനവളെയും കൊണ്ട് അടുക്കളയിലേക്ക് നടന്നു..

“എഴുന്നേറ്റോ തമ്പുരാട്ടി…..

അമ്മയാണ്

ഞാൻ തിട്ടയുടെ പുറത്ത് കയറി ഇരുന്നു അടുത്തായി അനുവും

ഞാൻ മനഃപൂർവം വിളിക്കാഞ്ഞതാ….

“നന്നായി….

“ന്ത്…. ദേ പെണ്ണെ സന്ധ്യ സമയത്ത് കുളിച്ചു വിളക്ക് വെച്ച് നാമം ചൊല്ലേണ്ടന് പകരം കിടന്നുറങ്ങാൻ നിനക്ക് നാണമുണ്ടോടി….വല്ലോടത്തും കെട്ടിച്ചു വിടേണ്ട പെണ്ണാണ്….. പോത്ത് പോലെ വളർന്നു…അടുക്കളയിൽ . ഒരു കൈ സഹായം പോലും സ്വന്തം തള്ളയ്ക്ക് ചെയ്ത് തരണമെന്ന് അവൾക്കൊരു ചിന്തയും എഹേ…

അമ്മ കത്തികേറുവാണ്….

അതെ നിങ്ങൾ ചിരിക്കണ്ട…. നമ്മൾ പെൺപിള്ളേർ ജീവിതത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ കേട്ടിട്ടുണ്ടാവും…ഇല്ലെന്ന് കള്ളം പറഞ്ഞാ മൂട്ട കുത്തും (എന്നെ പോലുള്ള നല്ല പിള്ളേര് ഡെയിലി കേൾക്കാറുണ്ട് )

“നീ അമ്പലത്തിൽ ഒന്ന് പോയിട്ട് തന്നെ എത്രയനാളായെടി….

“ഉയ്യോ… കഴിഞ്ഞു കൊല്ലം ഉത്സവതിന് നമ്മളെല്ലാരും കൂടി ഒരുമിച്ചു പോയല്ലേ ഐസ്ക്രീം.. കപ്പലണ്ടിയും..പൊരിയും.. പഞ്ഞിമുട്ടായിയും ഒക്കെ വാങ്ങി കഴിച്ചത്… അല്ലേടി അനു…

എന്റെ ചോദ്യത്തിന് അവൾ അതേയെന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് ചിരിക്കാൻ തുടങ്ങി

“ഓ… എപ്പം നോക്കിയാലും തീറ്റി… തീറ്റി….. തീറ്റി…എന്നിട്ട് അത് വല്ലതും ദേഹത്ത് കാണാനുണ്ടോ അതുമില്ല….

സരസു ചുണ്ട് കൂർപ്പിച്ചു അവരെ നോക്കി

“അമ്മായി……

അമ്മുവായിരുന്നു…..

കയ്യിലൊരു പൊതിയുണ്ട്….

“ഇതെന്താടി….

സരസു അതവളുടെ കയ്യിൽ നിന്ന് വാങ്ങി തുറന്നു

ലഡു 😋

“അമ്മ ഉണ്ടാക്കി തന്നു വിട്ടതാ …. നിനക്ക് വലിയ ഇഷ്ട്ടല്ലേ….

അത് പറയുമ്പോ അവളുടെ കണ്ണുകളിൽ ഒരു തിളക്കമുണ്ടായത് അനു ശ്രെദ്ധിച്ചു

സരസു ലഡു ഒരെണ്ണം വീതം അനുവിന്റേയും അമ്മയുടെയും വായിൽ വെച്ചുകൊടുത്തു കൊണ്ട് ബാക്കിയുള്ളതെടുത്തു കൊണ്ട് എഴുനേറ്റു പോയി.. പിറകെ അനുവും…

അമ്മു ഒരു വല്ലായ്മയോടെ അത് നോക്കി നിന്നു….

ഒരെണ്ണം തനിക്ക് കൂടി തന്നിരുന്നെങ്കിലെന്ന് ആവളാശിച്ചു..

എന്തുകൊണ്ടോ അവളുടെ കണ്ണ് നിറഞ്ഞു…

(തുടരട്ടെ ) ഞാൻ പിന്നെയും വന്ന്… നന്ദു നെ ഇഷ്ട്ടായ പോലെ ന്റെ സരസു നെ കൂടി ഇഷ്ട്ടാവുന്ന എന്റോരിത്…. 🤔😬….കൊള്ളൂലെങ്കിൽ ഇപ്പോ തന്നെ പറയാനാട്ടോ… ഞാൻ ദേ…. 🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️..