Tuesday, December 17, 2024
Novel

നിന്നെയും കാത്ത്: ഭാഗം 32

രചന: മിത്ര വിന്ദ

കൃത്യം ഒരു മണി അയപ്പോൾ തന്നെ മഹി എത്തിയിരുന്നു. ഗൗരി അപ്പോൾ കുളി ഒക്കെ കഴിഞ്ഞു റെഡി ആയി നിൽക്കുക ആണ്. “ഊണ് എടുത്തു വെയ്ക്കാം മഹിയേട്ടാ….” ഷർട്ട്‌ മാറുന്നവനെ നോക്കി ഗൗരി പറഞ്ഞു. “മ്മ്….. ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ…” അവൻ വാഷ് റൂമിലേക്ക് പോയി. ഗൗരി ചോറും കറികളും എല്ലാം എടുത്തു മേശമേൽ നിരത്തി. മത്തനും പയറും ഇട്ട എരിശ്ശേരിയും, ബീൻസ് പയർ തോരനും, പിന്നെ മീൻ പൊരിച്ചതും, മീൻ കറി യും പപ്പടവും…..അതൊക്ക ആയിരുന്നു അന്നത്തെ വിഭവങ്ങൾ. . ആസ്വദിച്ചു ഇരുന്ന് തന്നെ ആണ് അന്നും മഹി ഭക്ഷണം കഴിച്ചത്.

ഗൗരി അവന്റ ഒപ്പം കഴിക്കാൻ ഇരിക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് അവൻ ഒട്ട് വിളിക്കാനും മുതിർന്നില്ല.. ഏകദേശം രണ്ട് മണിയോടെ ഗൗരിയും മഹിയും കൂടി ലെച്ചു വിനെ ഒക്കെ കാണാനായി പുറപ്പെട്ടു. ഒരു ബേക്കറി യുടെ മുന്നിൽ എത്തിയപ്പോൾ അവൾ അവനോട് വണ്ടി നിർത്താമോ എന്ന് ചോദിച്ചു. അവൻ വണ്ടി ഒതുക്കിയതും ഗൗരി ഇറങ്ങി.. മഹി ക്യാഷ് എടുത്തു നീട്ടി എങ്കിലും, തന്റെ കൈയിൽ ഉണ്ടെന്ന് പറഞ്ഞു ഗൗരി വാങ്ങി ഇല്ല. കുറച്ചു സ്വീറ്റ്സ് ഒക്കെ മേടിച്ചു കൊണ്ട് അവൾ വേഗം ഇറങ്ങി വന്നു. ലെച്ചു അവളോട് വഴി പറഞ്ഞു കൊടുത്തത് കൊണ്ട് വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടി ഇല്ല..

ഒരു ഇരു നില മാളികയുടെ മുന്നിൽ ചെന്നു വണ്ടി നിന്നു. ഗൗരി ആണ് ആദ്യം ഇറങ്ങിയത്. അവൾ വീട് ആകമാനം ഒന്ന് നോക്കി. അപ്പോളേക്കും ലെച്ചു ഓടി വന്നു അവളെ കെട്ടിപിടിച്ചു.. എന്നിട്ട് അവളുടെ കവിളിൽ മാറി മാറി മുത്തം കൊടുത്തു. രണ്ട് പേരും കരഞ്ഞു പോയിരുന്നു… ഗൗരി യോട് ആ വീട്ടിൽ സ്നേഹവും കരുണയും ഒക്കെ ഉള്ള ഒരേ ഒരു വ്യക്തി ആയിരുന്നു ലെച്ചു.. “ചേച്ചി… എത്ര ദിവസം ആയി കണ്ടിട്ട്… എനിക്ക് ചേച്ചിയെ കാണാഞ്ഞപ്പോൾ സങ്കടം വന്നിരുന്നു ” “ചേച്ചിക്കും വിഷമം ആയിരുന്നു മോളെ…പക്ഷെ വേറെ നിവർത്തി ഇല്ലാലോ…” രണ്ടാളും സംസാരിച്ചു നിന്നപ്പോൾ മഹി വണ്ടി ഒതുക്കി ഇട്ടിട്ട് അവരുടെ അരികിലേക്ക് എത്തി..

“മോളെ… ഇതു മഹിയേട്ടൻ… നിനക്ക് മനസിലായില്ലേ ” . “പിന്നേ….. എനിക്ക് അറിയാം…..കേറി വാ ചേട്ടാ…” അവൾ അവനെ അകത്തേക്ക് ക്ഷണിച്ചു. “ചെറിയമ്മ ഒക്കെ എവടെ… കാണുന്നില്ലല്ലോ ” . “അമ്മ കുളിക്കുവാ ചേച്ചി… സേതു ക്ലാസ്സിൽ പോയി…. ” ഹാളിലേക്ക് പ്രവേശച്ചപ്പോൾ പുതിയ സെറ്റിയും കസേരയും ഡൈനീങ് ടേബിളും ഒക്കെ കിടക്കുന്നു. “കയറി വാ ചേട്ടാ… ഇരിക്ക് കേട്ടോ ” ലെച്ചു പറഞ്ഞപ്പോൾ മഹി അവിടെ കിടന്ന ഒരു സെറ്റിയിൽ പോയി ഇരുന്നു.. “അല്ലാ….. ഇതു ആരൊക്കെ ആണ് ഈ വന്നിരിക്കുന്നത്…. ഗൗരിയേ… നീ ഞങ്ങളെ ഒക്കെ മറന്നോ….” അല്പം തടിച്ച ഇരു നിറം ഉള്ള ഒരു സ്ത്രീ തലയിൽ തോർത്ത്‌ ചുറ്റി കൊണ്ട് ഇറങ്ങി വരുന്നത് മഹി കണ്ടു. ഓഹ് അപ്പോൾ ഇതാണ് ചെറിയമ്മ…. അവൻ ഊഹിച്ചു.

“ചെറിയമ്മ കുളിക്കുവാരുന്നോ ” . “അതേ മോളെ…. കഥ പറഞ്ഞു നിൽക്കാതെ മോന് കുടിക്കാൻ എന്തെങ്കിലും എടുക്ക് കേട്ടോ..ഇങ്ങോട്ട് കേറി വന്നേ ഗൗരി….ലെച്ചു നീയും കൂടി ചെല്ല്……..” അവർ മഹിയുട അടുത്തേക്ക് വന്നു. “മോനേ…. ഞാൻ ഗൗരി ടേ ചെറിയമ്മ ആണ്..പേര് രാധമ്മ….ഞാനേ ഈ പാചകo ഒക്കെ കഴിഞ്ഞു ഒന്ന് കുളിക്കുവാരുന്നേ ..” “എനിക്ക് മനസിലായി…. …..” അവൻ അവരെ നോക്കി ഒന്ന് ചിരിച്ചു. സ്വയമ്പൻ സാധനം ആണെന്ന് ഒറ്റ നോട്ടത്തിൽ മഹിയ്ക്ക് മനസിലായി.. ഗൗരി യും ലെച്ചുവും കൂടി നേരെ അടുക്കളയിലേക്ക് പോയി. “മോനേ… കുടിക്കാൻ എന്താണ് വേണ്ടത്… ചായയോ അതോ ” “ഇപ്പൊ ഒന്നും വേണ്ട….. ഞങ്ങൾ ഊണ് കഴിച്ചു ആണ് ഇറങ്ങിയേ ” .

“അല്ലാ… അതെന്ത്‌ പരിപാടി ആണ് കാണിച്ചേ…. ഇങ്ങോട്ട് നല്ലപ്പം വിരുന്നിനു വന്നപ്പോൾ കഴിച്ചിട്ട് ആണോ ഇറങ്ങിയേ…. പിന്നെ ഇതൊക്കെ ആർക്ക് വേണ്ടിയാ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത്….” അവർ താടിക്ക് കയ്യും കൊടുത്തു നിന്നു. “സമയം ഉണ്ടല്ലോ ചെറിയമ്മേ… അതൊക്ക കഴിച്ചോളാം…..” അവരോട് മറുപടി പറഞ്ഞപോൾ മഹിയുട ഫോൺ ശബ്ദിച്ചു അവൻ അത് എടുത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങി പോയി. ഗൗരി ഒരു ഗ്ലാസ്‌ il നാരങ്ങ വെള്ളം കലക്കി കൊണ്ട് മഹിയുടെ അടുത്തേക്ക് ഇറങ്ങി വന്നു. അവൻ അപ്പോൾ ഫോണിൽ ആയിരുന്നു. ഇടം കൈ കൊണ്ട് അവളോട് ഗ്ലാസ്‌ മേടിച്ചു പിടിച്ചു മഹി. എന്നിട്ട് സംസാരം തുടർന്ന്. രാധ ഗൗരി ടേ അടുത്തേക്ക് വന്നു. “എടി”

“എന്താ ചെറിയമ്മേ ” “മറ്റേ കാര്യം എങ്ങനെ ആണ്…” “ഏത് കാര്യം…” “നമ്മുടെ വീട് വിൽക്കുന്നത് ” . “ഓഹ്.. അതൊന്നും ഇപ്പൊ വേണ്ട….ഞാൻ സമ്മതിക്കില്ല….” “എടി.. നല്ല വില കിട്ടും ഗൗരി… അത് അവിടെ കിടന്നാലും നശിച്ചു പോകുക അല്ലേ ഒള്ളു ” . അവർ കുറെ പറഞ്ഞു നോക്കി.. ഗൗരി പക്ഷെ അമ്പിനും വില്ലിനും അടുത്തുള്ള… സ്ഥല വിൽപ്പന ആവും എന്ന് അവൾക്ക് തോന്നിയിരുന്നു…. അവരുടെ സ്നേഹ സംഭാഷണം അതു പോലെ ആയിരുന്നു. പിന്നെ ഓർത്തു, ഇനി വല്യ വീട് ഒക്കെ കിട്ടിയപ്പോൾ അവർക്ക് ഇത്തിരി എങ്കിലും സ്നേഹം വന്നു എന്ന്… ഒക്കെ തന്റെ വ്യാമോഹങ്ങൾ ആയിരുന്നു.. ഇവരു ഒന്നും ഒരു കാലത്തും ശരി ആവില്ല.. ഗൗരി ഓർത്തു. രാധ ആണെങ്കിൽ കലി പുരണ്ടു നിൽക്കുക ആണ്.. മഹി വെളിയിൽ നിന്നും ഉമ്മറത്തേക്ക് കയറുന്നത് അവര് കണ്ടു. ഗൗരി ക്കിട്ട് ഒരു പണി കൊടുക്കാൻ രാധമ്മയും തീരുമാനിച്ചു..

“എങ്ങനെ ഉണ്ടെടി ഗൗരി നിന്റെ ടീച്ചറമ്മ….നിന്നോട് പിന്നെ പണ്ടേ കാര്യം ആണല്ലോ അല്ലേ ” ചെറിയമ്മ ചോദിച്ചപ്പോൾ ഗൗരി ഒന്നും അവരോട് പറഞ്ഞില്ല. “നിന്റെ പേരിലേക്ക് സ്വത്ത്‌ ഒക്കെ മാറ്റിയോടി… എല്ലാം കയ്യോടെ. ചെയ്തോണം……” അവർ വീണ്ടും ചോദിച്ചു. “ആരുടെ സ്വത്ത്‌… ചെറിയമ്മ ഇതു എന്തൊക്കെ ആണ് പറയുന്നത്… മഹി ഏട്ടൻ എങ്ങാനും കേട്ടാല്…” അവൾ അടുക്കളയിലേക്ക് ജനാലയിൽ കൂടി ഏന്തി വലിഞ്ഞു മുറ്റത്തേക്ക് നോക്കി.. മഹി അവിടെ നിൽപ്പില്ലായിരുന്നു.. “കേട്ടാൽ എന്താടി…… ഈ കുടിയനെ തലയിൽ കേറ്റി വെച്ചതും പോരാ…. നിന്നോട് എല്ലാവരും എത്ര തവണ പറഞ്ഞത് ആണ് ഈ ബന്ധം വേണ്ടാ വേണ്ടാ എന്ന്….. ഇന്നും അവനെ നാറ്റം ഉണ്ട്… കുടിച്ചു കാണും അല്യോ ” അവർ ഉറക്കെ ചോദിച്ചു..

അവൻ കേൾക്കാൻ പാകത്തിന് തന്നെ. “ചെറിയമ്മേ… ഒന്ന് പതുക്കെ പറയു….” “ഓഹ്… കേട്ടാൽ ഇപ്പൊ എന്നാ.. എന്നെ പിടിച്ചു മൂക്കിൽ കേറ്റുമൊ…. എനിക്ക് ഒരുത്തനേം പേടി ഇല്ല…. പൊന്നുപോലെ ഇരുന്ന പെണ്ണാ…എന്നോട് എന്തെങ്കിലും പറഞ്ഞാലേ വിവരം അറിയും….. എന്തിനടി നീ ഇങ്ങനെ ഒരു നരകത്തിലേക്ക് പോയത്… നിന്റെ അമ്മ പോലും എന്നെ ശപിക്കും…” “ചെറിയമ്മേ….. എന്റെ ഇഷ്ടത്തിനാ ഞാൻ മഹിയേട്ടനെ കല്യാണം കഴിച്ചത്… അതിനു നിങ്ങൾ ആരും ദെണ്ണപ്പെടേണ്ട…” “മ്മ്… ഈ തർക്കുത്തരവും തന്റെടവും കാരണം ആണ് നിനക്ക് ഈ ഗതി വന്നത്….. തന്തേം തള്ളേം നിന്റെ തല കണ്ടപ്പോൾ തെക്കോട്ടു തന്നെപ്പോയി…. നീ ആരുടെ കൂടേ കൂടിയാലും അവരുടെ മരണം ഉറപ്പാ….ഇനി ഇവനു എങ്കിലും ദൈവം ആയുസ് കൊടുത്താൽ മതി ആയിരുന്നു….”

“അമ്മേ…. ഇതു എന്തൊക്ക ആണ് ഈ വായിട്ട് അലയ്ക്കുന്നത്…” ലെച്ചു അവരോട് തട്ടി കയറി. “ദേ… പെണ്ണേ… മിണ്ടാതെ പോടീ അപ്പുറത്ത്……. ഇല്ലെങ്കിൽ എന്റെ കൈയിൽ നിന്നും മേടിക്കും കേട്ടോ ” അവർ ലെച്ചു വിനെ അടിക്കാനായി കൈ ഓങ്ങി. “അമ്മേ .. അമ്മ എന്തിനാണ് ചേച്ചിയോട് ഇങ്ങനെ ഒക്കെ പറയുന്നത്… ” “എടി പെണ്ണേ… ഞാൻ ഒള്ളത് ആണ് പറഞ്ഞെ….. ഒരുപാട് അങ്ങ് നെഗളിച്ചാലെ പണി വരുന്നത് അറിയില്ല… ഒന്നാമത് അവൻ ഒരു മുക്കുടിയൻ…. രാത്രി യിൽ കുടിച്ചു വണ്ടി ഓടിച്ചു ഒന്ന് വന്നാൽ മതി…….. എന്തെങ്കിലും പറ്റി പോയാലെ…. പിന്നെ പറഞ്ഞിട്ട് ഒരു കാര്യവും കാണില്ല…” “എന്റെ ഈശ്വരാ… ഈ അമ്മ ഇതു എന്തൊക്ക ആണ് ഈ പറയുന്നത്…” ലെച്ചു തലയ്ക്കു കയ്യും കൊടുത്തു ഇരുന്നു. ഗൗരി ഒന്നും മിണ്ടാതെ നിൽക്കുക ആയിരുന്നു അപ്പോളും.. “ഗൗരി…..”

മഹിയുട ശബ്ദം കേട്ടതും അവള് വേഗം അവന്റ അടുത്തേക്ക് വന്നു. “നമ്മൾക്ക് ഇറങ്ങിയാലോ….എന്റെ ഒരു ഫ്രണ്ട് വെയിറ്റ് ചെയ്യുന്നുണ്ട്….” “Mm… പോകാo…..” എത്രയും പെട്ടന്ന് അവിടെ നിന്നും രക്ഷപെട്ടാൽ മതി എന്നായിരുന്ന് അവൾക്കും അപ്പോള്… അവൾ ലെച്ചുവിനെ വിളിച്ചു കാര്യം പറഞ്ഞു. “ശോ… അങ്ങനെ പറഞ്ഞാൽ പറ്റില്ല….. ഇതു ഇപ്പൊ ഇങ്ങട് വന്നത് അല്ലെ ഒള്ളു….അപ്പോളേക്കും ചേച്ചി പോവാ ” “ചേച്ചി വേറൊരു ദിവസം വരാം മോളെ…അല്ലെങ്കിൽ ഒരു കാര്യം ചെയ്യൂ… മോളെന്റെ ഒപ്പം പോരേ… രണ്ട് ദിവസം അവിടെ നിന്നിട്ട് പോന്നാ ലോ ..” ഗൗരി അവളെ ചേർത്തു പിടിച്ചു. “അമ്മേ… എന്നാൽ ഞാനും കൂടി പൊയ്ക്കോട്ടേ ” . ലെച്ചു അടുക്കളയിൽ ചെന്നു പതിയെ അമ്മയോട് ചോദിച്ചു “എങ്ങോട്ട്…..” “ചേച്ചിടെ ഒപ്പം… രണ്ട് ദിവസം നില്ക്കാന് ……”

“ഫ….നീ ഇതു എന്തൊക്കെയേടി പറയുന്നത്…..”.. എന്നും ചോദിച്ചു കൊണ്ട് ഒരൊറ്റ ആട്ടായിരുന്നു അവർ ലെച്ചുവിന്റെ നേർക്ക്.. അമ്മേം പെങ്ങളേം തിരിച്ചു അറിയാതെ കുടിച്ചു കൂവി നടക്കുന്നവന്റെ ഒക്കെ വീട്ടിലോട്ട് പോകാൻ നിനക്ക് തിടുക്കം ആയോടി…. വെട്ടി അരിയും ഞാന്… പറഞ്ഞില്ലെന്നു വേണ്ട….” “ചെറിയമ്മേ…..” പിന്നിൽ നിന്നും ഗൗരി അല്പം ഉച്ചത്തിൽ ആണ് വിളിച്ചത്… രാധമ്മ തിരിഞ്ഞു നോക്കി. “നിങ്ങൾ എന്താണ് ഇപ്പൊ പറഞ്ഞത്…. ഒന്നൂടെ ഒന്ന് പറഞ്ഞെ ” അവൾ അടുത്തേക്ക് വന്നതും രാധമ്മ ചെറുതായി ഒന്ന് വിരണ്ടു. പക്ഷെ തോറ്റു കൊടുക്കാൻ തയ്യാറല്ല താനും. “എന്നാടി… ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്…നീ എന്നെ പേടിപ്പിക്കുവാണോ….. ”

“മേലാൽ…. ഈ പറഞ്ഞ പോലെ തരം താഴ്ന്ന വർത്താനം ഇനി നിങ്ങളുടെ നാവിൽ നിന്നും വരരുത്….” “അല്ലേ…. ഇതെന്താ കൂത്ത്.. എന്റെ വീട്ടിൽ വന്നിട്ട് എന്നോട് വഴക്കിനു വരുന്നോ……. എന്നാൽ കേട്ടോ നീയ്…. ഞാനേ . ഇനിയും പറയും….” “പറഞ്ഞാൽ പിന്നെ നിങ്ങടെ നാവ് കാണില്ല… പിഴുതു എറിഞ്ഞു കളയും…..” ഗൗരി യ്ക്ക് അവരോട് വല്ലാതെ അമർഷം തോന്നി..ദേഷ്യം കൊണ്ട് അവളുടെ ചുണ്ടുകൾ പോലും വിറ കൊണ്ട്… മഹി പിന്നിൽ വന്നു നിന്നത് ഒന്നും അവൾ കണ്ടില്ല.. “എന്നെ എന്ത് വേണേലും പറഞ്ഞൊ… ഞാൻ അത് ഒന്നുംinകാര്യം ആക്കുന്നില്ല.. കാരണം ഞാൻ ഇതു ഇന്നും ഇന്നലെയും അല്ല കേൾക്കാൻ തുടങ്ങിയിട്ട്…. പക്ഷെ….. എന്റെ ഭർത്താവിനെ കുറിച്ച് നിങ്ങൾ പറയുന്ന തോന്നിവാസം കേട്ട് നിൽക്കാൻ ഗൗരിക്ക് കഴിഞ്ഞു എന്ന് വരില്ല……” “തോന്നിവാസം കാണിക്കാം….. പറയുന്നതിൽ ആണ് അല്ലേടി കുഴപ്പം ”

“ആര്….. എന്താ കാണിച്ചത്…. എന്റെ ഭർത്താവ് തോന്നിവാസം കാണിച്ച ആരെങ്കിലും നിങ്ങളുടെ കുടുംബത്തിൽ ഉണ്ടോ ” .. “എടി… എങ്ങോട്ടടി നീ കത്തി കയറുന്നത്… അവൻ രുചിച്ചു നോക്കി വലിച്ചെറിഞ്ഞു കഴിഞ്ഞു ഇവിടേക്ക് തന്നെ അല്ലേ നീയ് വരേണ്ടത്… അതുകൊണ്ട് അധികം വിളയാതെ പോകാൻ നോക്ക് ” “പോയ്കോളാം… അതിനു തന്നെ ആണ് വന്നത്…. പക്ഷെ…നിങ്ങളുടെ അടുത്തേക്ക് ഒരു തിരിച്ചു വരവ്… അത് ഉണ്ടാവില്ല… ” “ഹ്മ്മ്… കാണാം മോളെ ” “അങ്ങനെ ഒരു അവസ്ഥ വന്നാലേ…. ആ നിമിഷം ഗൗരി ലോകത്തു നിന്നും അപ്രത്യക്ഷമാകും… ” അതും പറഞ്ഞു കൊണ്ട് ഗൗരി അവിടെ നിന്നും ഇറങ്ങി പോയി…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…