Saturday, January 18, 2025
Novel

നിൻ നിഴലായ് : ഭാഗം 21

എഴുത്തുകാരി: ശ്രീകുട്ടി

വർക്ക്‌ ലോഡ് കൂടുതലായിരുന്നത് കൊണ്ട് രാത്രി അല്പം വൈകിയായിരുന്നു ശ്രീജിത്ത്‌ റൂമിൽ വന്നത്. അകത്ത് കയറി വാതിലടച്ച് തിരിയുമ്പോൾ ബെഡിൽ ചാരിയിരുന്നുറങ്ങുകയായിരുന്നു സമീര. മടിയിൽ തുറന്നപടിയൊരു ബുക്കും കിടന്നിരുന്നു. ” ഓഹോ വായിച്ചിരുന്നുറങ്ങിപ്പോയതാണ് ” ഒരു ചിരിയോടെ ഓർത്തുകൊണ്ട് വന്ന അവനവളെ സാവധാനം കിടക്കയിലേക്കിറക്കി കിടത്തി. അവൾ വായിച്ചുകൊണ്ടിരുന്ന ബുക്ക്‌ മടക്കി സൈഡിലെ ടേബിളിലേക്ക് വച്ചു.

പുതപ്പെടുത്തവളെ പുതപ്പിച്ചുകൊടുത്തിട്ട് ലൈറ്റണച്ച് അവൾക്കരികിലായി കിടന്നു. കിടന്നിട്ടുറക്കം വരാതെ അവനവളുടെ മുഖത്തേക്ക് വെറുതെ നോക്കിക്കിടന്നു. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ തനിക്കെതിരായി ചരിഞ്ഞുകിടന്നുറങ്ങുന്ന അവളെയവനൊരു കൗതുകത്തോടെ നോക്കി. അവളുടെ നീണ്ട മുടി അഴിഞ്ഞുലഞ്ഞ് കിടന്നിരുന്നു. ഫാനിന്റെ കാറ്റിൽ അവയവളുടെ മുഖത്തേക്ക് പാറി വീണുകൊണ്ടിരുന്നു. എപ്പോഴോ ഉറക്കം മിഴികളെ തഴുകുന്ന വരെയും ആ മുഖത്തേക്ക് തന്നെ മിഴിനട്ടവനങ്ങനെ കിടന്നു.

രാവിലെ അലാറമടിക്കുന്ന ശബ്ദം കേട്ടുകൊണ്ടായിരുന്നു സമീര മിഴികൾ തുറന്നത്. ഉണർന്ന് അല്പനിമിഷങ്ങൾക്ക് ശേഷമായിരുന്നു താൻ ബെഡിലാണ് കിടക്കുന്നതെന്നവൾക്ക് ബോധ്യമായത്. അവൾ വേഗത്തിൽ എണീറ്റ് അഴിഞ്ഞുകിടന്ന മുടി വാരി ഉച്ചിയിൽ കെട്ടിവച്ചു. മറുസൈഡിലപ്പോഴും കമിഴ്ന്ന് കൈപ്പത്തിക്ക് മേൽ കവിൾ ചേർത്തുവച്ച് ഉറക്കത്തിൽ തന്നെയായിരുന്നു ശ്രീജിത്ത്‌. ആ കിടപ്പ് നോക്കിയിരുന്ന അവളുടെ ചുണ്ടിലൊരു ചെറുപുഞ്ചിരി വിരിഞ്ഞു. സമീര താഴേക്ക് ചെല്ലുമ്പോഴേക്കും അടുക്കളയിൽ ഏകദേശമെല്ലാം റെഡിയായിരുന്നു. “

ഈ മുട്ടുവേദനയും വച്ചോണ്ട് അമ്മ കാലത്തേ അടുക്കളയിൽ കേറിയോ ?? ഞാൻ ചെയ്തോളുമായിരുന്നല്ലോ ” അങ്ങോട്ടുവന്നുകൊണ്ട് അവളത് പറയുമ്പോൾ സുധയൊന്ന് ചിരിച്ചു. ” സാരമില്ല മോളേ…. ഒറ്റക്കിതൊക്കെ ചെയ്തുതീർത്തിട്ട് നീയെപ്പോ പോകും ” ” അതൊന്നും സാരമില്ല അമ്മയിനിയിങ്ങ് മാറ് ബാക്കി ഞാൻ ചെയ്തോളാം ” ചപ്പാത്തി ചുട്ടുകൊണ്ട് നിന്നിരുന്ന സുധയിൽ നിന്നും ചട്ടുകം കയ്യിൽ വാങ്ങിക്കൊണ്ട് അവൾ പറഞ്ഞു. ” ശ്രീ എഴുന്നേറ്റില്ലേ മോളേ ??? ” അവിടെക്കിടന്ന കസേരയിലേക്കിരിക്കുമ്പോൾ സുധ ചോദിച്ചു. “

ഇല്ലമ്മേ… ഇന്നലെ ഒരുപാട് ലേറ്റായിട്ടാ ലാപ്ടോപ്പിന്റെ മുമ്പിൽ നിന്നെണീറ്റ് വന്നുകിടന്നത്. അതുകൊണ്ട് കുറച്ചൂടെ കിടന്നോട്ടെന്ന് കരുതി ഞാൻ വിളിച്ചില്ല. ” ചിരിയോടെ അവൾ പറഞ്ഞു. പറഞ്ഞുകൊണ്ട് നിൽക്കുമ്പോഴാണ് സമീരയുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത്. അവൾ വേഗം കൈ തുടച്ച് ഫോണെടുത്തു. ” ഹലോ അമ്മേ … ” ചിരിയോടെ ഫോണെടുത്തുകൊണ്ട് അവൾ വിളിച്ചു. പക്ഷേ പെട്ടന്നവളുടെ മുഖത്തെ ചിരി മാഞ്ഞു. ” അയ്യോ എന്നിട്ട് ??? ” ” ശരി ചേച്ചി ഞാനുടനെ വരാം. “

ഫോൺ എടുക്കുമ്പോഴുള്ള സന്തോഷമൊന്നും കാൾ കട്ട് ചെയ്യുമ്പോൾ അവളുടെ മുഖത്തുണ്ടായിരുന്നില്ല. പകരം അവിടെ വെപ്രാളവും ടെൻഷനുമായിരുന്നു. ” എന്താ മോളേ എന്തുപറ്റി ??? സാവിത്രിയല്ലേ വിളിച്ചത് ??? ” അവളുടെ ഭാവം കണ്ട് സുധ ചോദിച്ചു. ” അല്ലമ്മേ അപ്പുറത്തെ വീട്ടിലെ ചേച്ചിയാ വിളിച്ചത്. അമ്മയൊന്ന് വീണു ഇപ്പൊ ഹോസ്പിറ്റലിലാണെന്ന് പറഞ്ഞു. എനിക്ക് പേടിയാവുന്നമ്മേ എന്റമ്മ…. ” അത്രയും പറയുമ്പോഴേക്കും അവൾ കരഞ്ഞുതുടങ്ങിയിരുന്നു. “

കരയല്ലേ മോളേ… കുഴപ്പമൊന്നുമുണ്ടാവില്ല. മോളെന്തായാലും വേഗം ശ്രീയേയും കൂട്ടി ഹോസ്പിറ്റലിലേക്ക് ചെല്ല്. ” അവളെ ആശ്വസിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു. അവൾ വേഗം മുകളിലേക്കോടി. ” ഇവളിതെങ്ങോട്ടാ ഈ ഓടുന്നത് ??? ” കരഞ്ഞുകൊണ്ടോടുന്ന സമീരയെക്കണ്ട് അങ്ങോട്ട് വന്ന ശ്രദ്ധ ചോദിച്ചു. ” അവളുടമ്മ ഹോസ്പിറ്റലിലാണെന്ന് ഫോൺ വന്നു ” വലിയ താല്പര്യമില്ലാത്തത് പോലെയാണ് സുധയത് പറഞ്ഞത്. ” ഓഹ് അതിനാണോ ഈ ഷോ ??? ഞാൻ കരുതി അവളുടെ തള്ള ചത്തുകാണുമെന്ന്. “

ഒരു പുച്ഛച്ചിരിയോടെ അവളത് പറഞ്ഞുതീരും മുൻപ് സുധയുടെ കയ്യവളുടെ കവിളിൽ വീണിരുന്നു. ” മിണ്ടിപ്പോകരുത്. ഇനിയൊരിക്കൽക്കൂടി നിന്റെ നാവിൽ നിന്നിമ്മാതിരി സംസാരം ഉണ്ടായാൽ മകളാണെന്ന് ഞാൻ നോക്കില്ല. കൊന്നുകളയും ഞാൻ. നിന്നെപ്പോലെ ആരോടും സ്നേഹമില്ലാത്ത ഒരു മൃഗത്തിനിതൊക്കെ വെറും ഷോ ആയിരിക്കും. എന്നുവച്ച് എല്ലാവരെയും ആ ഗണത്തിൽ പെടുത്തരുത്. പെറ്റവയറിന്റെ നൊമ്പരം മനസ്സിലാക്കുന്ന മക്കളുമുണ്ട്. ജയിക്കാൻ വേണ്ടി സ്വന്തം അമ്മയുടെ വരെ ജീവനെടുക്കാൻ മടിക്കാത്ത നിനക്കൊരിക്കലുമത് മനസ്സിലാവില്ല. “

അവസാനവാചകങ്ങൾ പറയുമ്പോൾ നിറഞ്ഞുവന്ന മിഴികൾ അമർത്തിത്തുടച്ചുകൊണ്ട് അവർ പുറത്തേക്ക് നടക്കുമ്പോഴും തരിച്ചുനിൽക്കുകയായിരുന്നു ശ്രദ്ധ. സമീര മുകളിൽ മുറിയിലെത്തുമ്പോഴും ശ്രീജിത്ത്‌ നല്ല ഉറക്കത്തിൽ തന്നെയായിരുന്നു. ” ശ്രീയേട്ടാ ഒന്നെണീക്ക്…. ” അവളോടിവന്ന് അവനെ കുലുക്കിവിളിച്ചു. ” എന്താ മാളു എന്തുപറ്റി നീയെന്തിനാ ഇങ്ങനെ കരയുന്നത് ??? ” കണ്ണുതുറക്കുമ്പോൾ മുന്നിലിരുന്ന് കരയുന്ന അവളെ നോക്കി അമ്പരപ്പോടെ അവൻ ചോദിച്ചു. ” ശ്രീയേട്ടാ എന്റമ്മ….. ” വിതുമ്പിക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു. ” അമ്മയ്ക്കെന്ത് പറ്റി ??? “

” എനിക്കൊന്നുമറിയില്ല അമ്മ ഹോസ്പിറ്റലിലാണെന്നും പറഞ്ഞ് ഇപ്പൊ ഫോൺ വന്നിരുന്നു. ” കരയുന്നതിനിടയിൽ എങ്ങനെയൊക്കെയോ അവൾ പറഞ്ഞൊപ്പിച്ചു. ” നീയിങ്ങനെ കരയല്ലേ മാളൂ നമുക്കുടനെ പോകാം നീ വേഗം റെഡിയാവ്‌. ” പറഞ്ഞുകൊണ്ട് അവൻ വേഗമെണീറ്റ് ഫ്രഷാവാനായി ബാത്‌റൂമിലേക്ക് പോയി. അവൻ തിരികെ വരുമ്പോഴും അവളവിടെത്തന്നെയിരിക്കുകയായിരുന്നു. ” ഹാ എന്താ മാളൂ ഇത് ??? നീയിതുവരെ റെഡിയായില്ലേ ??

” അവൻ തന്നെ അലമാര തുറന്ന് അവളുടെയൊരു ചുരിദാറെടുത്തവൾക്ക് നേരെ നീട്ടി. ” ദാ വേഗമൊരുങ്ങ്. ” ” ശ്രീയേട്ടാ എന്റമ്മയ്ക്കെന്തേലും…. ” ” ഒന്നുല്ലഡീ…. ” അവനത് പറയുമ്പോഴേക്കും അവളവനെ ചുറ്റിപ്പിടിച്ച് പൊട്ടിക്കരഞ്ഞിരുന്നു. അലിവോടവനവളുടെ തലയിൽ പതിയെ തലോടി. അരമണിക്കൂറിനുള്ളിൽ അവർ റെഡിയായി ഒറ്റപ്പാലത്തേക്ക് പുറപ്പെട്ടു. പോകുംവഴിയെല്ലാം സമീരയുടെ മിഴികൾ പെയ്തുകൊണ്ടിരുന്നു. അവർ ഹോസ്പിറ്റലിലെത്തുമ്പോഴേക്കും സാവിത്രിയെ റൂമിലേക്ക് മാറ്റിയിരുന്നു. “

എന്താമ്മേ എന്തുപറ്റി ?? ” അവരെ കിടത്തിയിരുന്ന റൂമിലേക്കോടി കയറുമ്പോൾ വെപ്രാളത്തോടെ സമീര ചോദിച്ചു. ” ഒന്നൂല്ലെടാ …. നമ്മുടെ തൊടിയിലേക്കിറങ്ങുമ്പോ കാലുവഴുതിയൊന്ന് വീണു അത്രേയുള്ളൂ. ഞാനപ്പോഴേ അനിതയോട് പറഞ്ഞതാ നിന്നെയറിയിക്കേണ്ടെന്ന്. ” പുഞ്ചിരിയോടെയാണ് സാവിത്രിയത് പറഞ്ഞത്. ” ഹ്മ്മ്… ഒന്നൂല്ല പോലും. കാലിന് പൊട്ടലുണ്ട് മോളെ. രണ്ടുമൂന്നാഴ്ചത്തേക്ക് കാലൊന്നനക്കാൻ പോലും പാടില്ലെന്നാ ഡോക്ടറ് പറഞ്ഞത്. “

അവരുടെ കാട്ടിലിനരികിൽ നിന്നിരുന്ന അയൽക്കാരിയായ അനിത പറഞ്ഞു. ” ചേച്ചി വേണമെങ്കിലിനി പൊയ്ക്കോ ഞങ്ങളെത്തിയല്ലോ ” അവര് പറഞ്ഞതെല്ലാം കേട്ടിട്ട് സമീര പറഞ്ഞു. ” എന്നാ ശരി മോളെ. മോള് സ്കൂളിൽ നിന്നും വരാറായി നിങ്ങള് വന്നിട്ടിറങ്ങാമെന്ന് കരുതിയാ ഞാനും നിന്നത്. പോട്ടേ മോളെ ” പറഞ്ഞിട്ട് അവർ ധൃതിയിൽ തന്റെ പേഴ്സുമെടുത്ത് പുറത്തേക്ക് പോയി. അപ്പോഴാണ് സാവിത്രിയുടെ മിഴികൾ റൂമിന്റെ വാതിലിൽ തന്നെ നിന്നിരുന്ന ശ്രീജിത്തിന് നേർക്ക് നീണ്ടത്. ” ഇരിക്ക് മോനെ…. ” അവരവനെ നോക്കി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് കസേരയിലേക്ക് ചൂണ്ടിപ്പറഞ്ഞു.

അവൻ മടിച്ചുമടിച്ച് അവരുടെ മുഖത്ത് നോക്കാതെ കസേരയിലേക്കിരുന്നു. സാവിത്രിയെന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നുവെങ്കിലും അപ്പോഴെല്ലാം കുറ്റബോധം കൊണ്ട് അവന്റെ ശിരസ്സ് താഴ്ന്നിരുന്നു. ” ഞാനെന്നാൽ പോയി ചായ വാങ്ങിയിട്ട് വരാം. ” നാലുമണിയോടടുത്തതും ടേബിളിലിരുന്ന ഫ്ലാസ്ക്ക് കയ്യിലെടുത്തുകൊണ്ട് സമീര പറഞ്ഞു. ” ഞാൻ പോയിട്ട് വരാം മാളൂ .. ” അവിടുന്നൊന്ന് രക്ഷപെടാനുള്ള വെപ്രാളത്തിൽ അവൻ പറഞ്ഞുവെങ്കിലും അതുകേൾക്കാതെ അവൾ പുറത്തേക്ക് നടന്നുകഴിഞ്ഞിരുന്നു.

” മോനെന്താ ഒന്നും മിണ്ടാത്തത് ?? ” കുറേ സമയത്തെ നിശബ്ദതയെ ഖണ്ഠിച്ചുകൊണ്ട് സാവിത്രി ചോദിച്ചു. ” അതമ്മേ ഞാൻ…. എന്നോട്…. ” ” വേണ്ട മോനെ…. ഇപ്പൊ എനിക്കൊ മാളൂനോ നിന്നോടൊരു ദേഷ്യവുമില്ല. ഒരിക്കൽ നിന്നെയൊരുപാട് ശപിച്ചിട്ടുണ്ട്. ശരിയാണ് ആ അവസ്ഥയിൽ നിസ്സഹായയായ ഒരമ്മയ്ക്ക് മറ്റെന്ത് ചെയ്യാൻ കഴിയും ??? പക്ഷേ ഇപ്പൊ അന്നത്തെ നിന്റെ പ്രായത്തിന്റെ പക്വതകുറവിൽ സംഭവിച്ചുപോയ ഒരബദ്ധമായിക്കണ്ട് എല്ലാം ക്ഷമിക്കാനെനിക്ക് കഴിയുന്നുണ്ട്.

ഏതൊരമ്മയും ആഗ്രഹിക്കുന്നത് സ്വന്തം മക്കളുടെ നല്ല ജീവിതമാണ്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അതിന്നെന്റെ മാളൂനുണ്ട്. നിന്നോടൊപ്പം അവൾ സന്തോഷവതിയാണ് ആ നേരത്ത് ചത്ത കുഞ്ഞിന്റെ ജാതകം നോക്കാൻ ഞാനും നിൽക്കുന്നില്ല. ഇനിയങ്ങോട്ട് നിങ്ങള് സന്തോഷത്തോടെ ജീവിച്ചുകണ്ടാൽ മതിയീ അമ്മയ്ക്ക്. ” സാവിത്രി പറഞ്ഞുനിർത്തുമ്പോൾ ശ്രീജിത്തിന്റെയും കണ്ണുകൾ നനഞ്ഞിരുന്നു. ” പൊറുത്തേക്കമ്മേ…. ചെയ്തുപോയ തെറ്റിന് ഓരോ നിമിഷവും സ്വയം നീറിപ്പുകഞ്ഞുകൊണ്ടിരിക്കുകയാണ് ഞാനിന്ന്. എങ്ങനെ പ്രായശ്ചിത്തം ചെയ്യണമെന്നെനിക്കറിയില്ല.

പക്ഷേ ഒരുറപ്പ് ഞാൻ തരാം അമ്മയുടെ മോളെയിനിയൊരിക്കലും ഞാൻ കരയിക്കില്ല. ” സാവിത്രിയുടെ നഗ്നമായ കാൽപ്പാദങ്ങളിൽ പിടിച്ചുകൊണ്ട് അവനത് പറയുമ്പോൾ അവരുടെ മിഴികൾ നിറഞ്ഞൊഴുകി. അവരവന്റെ തലയിൽ പതിയെ തലോടി. പരസ്പരം തുറന്ന് സംസാരിക്കുകകൂടി ചെയ്തുകഴിഞ്ഞപ്പോൾ ഇരുവരുടെയും ഉള്ളിലുള്ള എല്ലാ ഭാരങ്ങളുമിറങ്ങിയിരുന്നു. പിന്നീട് സാവിത്രിയെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുവന്നശേഷം സമീരയേയും അവിടെ നിർത്തിയിട്ട് രണ്ടുദിവസത്തിനുശേഷമായിരുന്നു ശ്രീജിത്ത്‌ തിരുവനന്തപുരത്തേക്ക് തിരികെ പോന്നത്.

സമീരയുടെ കുറവ് ആ വീടിനെ വല്ലാതെ ബാധിച്ചിരുന്നു. അവൾ വന്നതിന് ശേഷം വല്ലാത്ത ഉത്സാഹത്തിലായിരുന്ന സുധയും ആകെ വിഷമത്തിൽ തന്നെയായിരുന്നു. അങ്ങനെ ദിവസങ്ങൾ പതിയെ കടന്നുപൊയ്ക്കോണ്ടിരുന്നു. ” ഒന്നനങ്ങി നടക്കെഡീ മടിച്ചിക്കോതേ…. ” അതിരാവിലെ ജാനകിയേം കൂട്ടി റോഡിലൂടെ നടക്കുകയായിരുന്ന അഭി വിളിച്ചുപറഞ്ഞു. ” എനിക്കിനി വയ്യഭിയേട്ടാ നടുവൊക്കെ വേദനിക്കുന്നു. ” നടുവിന് കൈ കൊടുത്തുനിന്നുകൊണ്ട് ജാനകി ചിണുങ്ങി. ” അതൊന്നും പറഞ്ഞാൽ പറ്റൂല നടന്നേ പറ്റു. ഡോക്ടറ് പറഞ്ഞിട്ടുണ്ട് രാവിലെ നന്നായിട്ട് നടക്കണോന്ന് “

അവളുടെ തോളിൽ പിടിച്ച് പതിയെ മുന്നോട്ട് തള്ളി നടത്തിക്കൊണ്ട് അഭി പറഞ്ഞു. ” വയ്യാത്തോണ്ടല്ലേ അഭിയേട്ടാ…. ” അവൾ വീണ്ടും കൊഞ്ചി. ” അതൊക്കെ നടന്ന് ദേഹമൊക്കെയിളകുമ്പോഴങ്ങ് മാറിക്കോളും. തല്ക്കാലം പൊന്നുമോള് നടന്നേ… ” അവൻ വീണ്ടുമവളെ മുന്നോട്ട് നടത്തി. പെട്ടന്നവന്റെ ഫോണിൽ കാൾ വന്നത് കേട്ട് ആംഗ്യത്തിൽ അവളോട് മുന്നോട്ട് നടക്കാൻ പറഞ്ഞിട്ട് അഭി ഫോണെടുത്ത് ചെവിയിൽ വച്ചു. മുഖം വീർപ്പിച്ചുകൊണ്ട് ജാനകി വീണ്ടും മുന്നോട്ട് നടന്നുതുടങ്ങി. പെട്ടന്നാണ് എതിരെയൊരു കാർ ചീറിപ്പാഞ്ഞുവന്നത്.

ജാനകിക്കൊഴിഞ്ഞുമാറാൻ കഴിയും മുന്നേ അതവളേ ഒരുസൈഡിലേക്കിടിച്ചിട്ടുകൊണ്ട് കടന്നുപോയിരുന്നു. ” അഭിയേട്ടാ…… ” അവളിൽ നിന്നൊരു നിലവിളി ഉയർന്നു. കുറച്ചപ്പുറം നിന്നിരുന്ന അഭി വിളികേട്ടൊരാന്തലോടെ തിരിഞ്ഞുനോക്കി. റോഡരികിൽ ചോരയിൽ കുളിച്ചുകിടക്കുന്ന അവളെക്കണ്ട് അവനൊരുനിമിഷം തറഞ്ഞുനിന്നു. ” ജാനീ……. ” അലറി വിളിച്ചുകൊണ്ടവനോടി വന്നവളെ വാരിയെടുത്തു. നിമിഷനേരം കൊണ്ട് അവിടം ആളുകളേക്കൊണ്ട് നിറഞ്ഞു.

ഏതോ ഒരു വണ്ടിയിൽ അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ എന്തിനെന്നറിയാതെ അവന്റെ നെഞ്ച് പിടഞ്ഞുകൊണ്ടിരുന്നു. ഒരനക്കവുമില്ലാതെ തന്റെ മടിയിൽ കിടക്കുന്ന അവളെ നോക്കുംതോറും അവന്റെ കണ്ണുകളിൽ കണ്ണീർ വന്നുമൂടി. ഹോസ്പിറ്റലിലെത്തി കാഷ്വാലിറ്റി ബെഡിലേക്കവളെ കിടത്തി പുറത്തേക്കിറങ്ങുമ്പോഴേക്കും എങ്ങനെയോ വിവരമറിഞ്ഞ് മേനോനും ശ്രീജയും ഹോസ്പിറ്റലിലെത്തിയിരുന്നു. ” അഭീ എന്താ ഉണ്ടായത് ??? “

ഓടിയവന്റെ അടുത്തേക്ക് വന്നുകൊണ്ട് മേനോൻ ചോദിച്ചു. അയാളുടെ ചോദ്യങ്ങൾക്ക് മറുപടിയൊന്നും പറയാതെ ഒരു കൊച്ചുകുട്ടിയേപ്പോലെ വിതുമ്പിക്കോണ്ടവൻ അയാളെ കെട്ടിപിടിച്ചു. ” അച്ഛാ എന്റെ ജാനി…. ” അതുപറയുമ്പോൾ അവന്റെ വാക്കുകൾ വിറച്ചിരുന്നു. ” ഒന്നൂല്ലഡാ അവൾക്കൊന്നും സംഭവിക്കില്ല…. ” അവന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു. കുറച്ചുസമയത്തിന് ശേഷം കാഷ്വാലിറ്റിയുടെ വാതിൽ തുറക്കപ്പെട്ടു. ” ഡോക്ടർ ജാനീ…… ” പുറത്തേക്ക് വന്ന ഡോക്ടർ ശ്യാമയുടെ അരികിലേക്കോടിച്ചെന്നുകൊണ്ടാണ് അഭിയത് ചോദിച്ചത്. “

അത് മിസ്റ്റർ അഭിജിത്ത്….. ജാനകിയുടെ കണ്ടിഷൻ കുറച്ച് ക്രിട്ടിക്കലാണ്. ” ” എന്നുവച്ചാൽ. ??? ” ഡോക്ടർ പറഞ്ഞത് കേട്ട് ആധിയോടെ അവൻ ചോദിച്ചു. ” അഭിജിത്ത്…. വയറ്റിൽ കിടക്കുന്ന കുഞ്ഞിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്ന ഒരവസ്ഥയിലല്ല ഇപ്പോൾ ജാനകിയുള്ളത്. അതുകൊണ്ട്…. ” ” ഡോക്ടറെന്താ ഉദ്ദേശിച്ചത് ??? ” ” അതുതന്നെ അഭിജിത്ത് ജാനകിയുടെ ജീവൻ രക്ഷിക്കാൻ അതല്ലാതെ മറ്റൊരു വഴിയില്ല. ഇപ്പോ ഒരബോർഷനല്ലാതെ ഇപ്പോ നമ്മുടെ മുന്നിൽ വേറെ വഴികളൊന്നുമില്ല.

അതുകൊണ്ട് നിങ്ങളീ ഫോമിലൊന്നൊപ്പിടണം. ” അവന്റെ മുഖത്ത് നോക്കാതെ അത് പറയുമ്പോൾ ഡോക്ടറുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു. എല്ലാം കേട്ടശേഷം അഭിജിത്ത് തളർന്ന് പിന്നിലെ കസേരയിലേക്കിരുന്നു. ” ഒപ്പിട്ട് കൊടുക്ക് മോനെ നമുക്ക് വലുത് ജാനകി മോളല്ലേ ” അവന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞ മേനോനെ അവനാദ്യം കാണുന്നത് പോലെ നോക്കി. ” പക്ഷേ അച്ഛാ എന്റെ കുഞ്ഞ്…. ” ” വേറെ വഴിയില്ലാത്തതുകൊണ്ടല്ലേ അഭീ ഇപ്പോ ഇതാണ് ശരി. ” നേഴ്സ് കൊണ്ടുവന്ന ഫോമും പേനയും അവനുനേരെ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു. അയാളിൽ നിന്നും അത് വാങ്ങി ഒപ്പിടുമ്പോൾ അവന്റെ കൈകൾ വല്ലാതെ വിറപൂണ്ടിരുന്നു.

തുടരും….

നിൻ നിഴലായ് : ഭാഗം 20