Wednesday, January 22, 2025
Novel

നിൻ നിഴലായ് : ഭാഗം 19

എഴുത്തുകാരി: ശ്രീകുട്ടി

” മതി നിങ്ങടെ അഭിനയം…. എന്റെയൊരു മുടിനാരിൽ പോലും നിങ്ങളൊന്ന് സ്പർശിച്ചുപോകരുത്. ” കാലിൽ നിന്നും അവന്റെ പിടിവിടുവിച്ച് പിന്നിലേക്ക് മാറിക്കോണ്ട് അവൾ പറഞ്ഞു. ” ഞാനീ വേഷം കെട്ടിയത് എല്ലാം മറന്നും പൊറുത്തുമാണെന്ന് കരുതണ്ട. ഞാൻ നിങ്ങൾക്ക് പേരിനൊരു ഭാര്യ മാത്രമായിരിക്കും. എന്റെ മേൽ നിങ്ങൾക്കൊരവകാശവുമില്ല. ” പറഞ്ഞിട്ട് അവൾ ദയനീയതയോടെ തന്നെത്തന്നെ നോക്കിയിരിക്കുന്ന അവന് നേരെനോക്കിയൊന്ന് പുച്ഛിച്ചിട്ട് ബാത്‌റൂമിലേക്ക് നടന്നു. ഓരക്ഷരം പോലും മറുത്തുപറയാനില്ലാതെ അവനവിടെത്തന്നെ തളർന്നിരുന്നു. ദിവസങ്ങൾ ഒന്നിനുവേണ്ടിയും കാത്തുനിൽക്കാതെ ഓടിമറഞ്ഞുകൊണ്ടിരുന്നു. സമീര വളരെ വേഗത്തിൽ തന്നെ ആ വീടിനോടിണങ്ങിച്ചേർന്നിരുന്നു.

ശ്രദ്ധയെ മാറ്റി നിർത്തിയാൽ അവൾ വളരെ സന്തോഷവതിയുമായിരുന്നു. സുധയുടെ നല്ല മരുമകളും ബെഡ്റൂമിന് പുറത്ത് ശ്രീജിത്തിന് നല്ല ഭാര്യയുമായി അവൾ വേഗം തന്നെ മാറിയിരുന്നു. അടുക്കളയിലേക്കൊന്ന് തിരിഞ്ഞുപോലും നോക്കാതെ കഴിക്കാൻ നേരം ഡൈനിങ്ങ് ടേബിളിലേക്ക് മാത്രം വരുന്ന ശ്രദ്ധയിൽ നിന്നും തീർത്തും വ്യത്യസ്തയായിരുന്നു അവൾ. അതുകൊണ്ട് തന്നെ വീട്ടിലെ സകലജോലികളും ഏറ്റെടുത്തുകൊണ്ട് ആദ്യം തന്നെ അവൾ സുധയ്ക്ക് പ്രീയങ്കരിയായിരുന്നു. അയൽവക്കത്തെ സംഭവവികാസങ്ങളൊക്കെ ശ്രീമംഗലത്തുള്ളവരും അറിയുന്നുണ്ടായിരുന്നു. ശ്രീജിത്തിന്റെ മാറ്റത്തിലും സമീരയുടെ വരവിലും അവരും ഒരുപാട് സന്തോഷിച്ചിരുന്നു.

” ഇവിടൊന്നുമില്ലേ കഴിക്കാൻ ??? ” പതിവുപോലെ കാലത്തേ സുധ വീട്ടിലില്ലാത്തതറിയാതെ ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നുകൊണ്ട് അടുക്കളയിലേക്ക് നോക്കി ശ്രദ്ധ വിളിച്ചുചോദിച്ചു. അവിടെനിന്നും മറുപടിയൊന്നും കിട്ടാതെയായപ്പോൾ അവളെണീറ്റങ്ങോട്ട് ചെന്നു. അവിടെ കറിക്ക് നുറുക്കിക്കൊണ്ട് സമീര നിന്നിരുന്നു. ” നിനക്കെന്താഡീ ചെവി കേട്ടൂടെ ??? ” അവളെകണ്ടതും ദേഷ്യമടക്കാൻ കഴിയാതെ ശ്രദ്ധ ചോദിച്ചു. ” ഏഹ്… എന്താ നീ ചോദിച്ചത് ??? ” തിരിഞ്ഞുനോക്കാതെ ചെയ്തുകൊണ്ടിരുന്ന ജോലിയിൽ തന്നെ ശ്രദ്ധിച്ചുകൊണ്ട് അവൾ ചോദിച്ചു. ” കഴിക്കാനൊന്നുമില്ലേന്ന്…. ” വന്ന ദേഷ്യത്തെ അടക്കിപ്പിടിച്ചുകൊണ്ട് അവൾ പറഞ്ഞു. ” ദോശയും ചമ്മന്തിയുമായിട്ടുണ്ട് സാമ്പാറിന് നുറുക്കുന്നേയുള്ളൂ. അത് മതിയെങ്കിൽ എടുത്ത് കഴിച്ചോ. അല്ലെങ്കിൽ ഈ പച്ചക്കറിയൊക്കെയൊന്ന് നുറുക്ക്.

അപ്പോ വേഗം സാമ്പാറുമാവും. ” ശാന്തമായിത്തന്നെ അവൾ പറഞ്ഞു. അതുകൂടി കേട്ടതും ശ്രദ്ധയുടെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. ” നീ പറയുമ്പോൾ കേൾക്കാൻ നിന്റെ തള്ളയൊന്നുമിവിടില്ല. ഞാൻ നിന്റെ വേലക്കാരിയുമല്ല. ” പറഞ്ഞിട്ട് ചവിട്ടിത്തുള്ളി അവളകത്തേക്ക് പോയി. അതുനോക്കി നിന്ന സമീരയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. അവൾ വേഗം നുറുക്കിയ പച്ചക്കറികൾ മാറ്റിവച്ച് മറ്റെന്തൊക്കെയോ ജോലികൾ ചെയ്യാൻ തുടങ്ങി. അപ്പോഴും ശ്രദ്ധ ഡൈനിങ്‌ ടേബിളിൽ തന്നെ കാത്തിരിക്കുകയായിരുന്നു. ” മാളൂ… കഴിക്കാനായോ ??? ” കുറേക്കൂടി കഴിഞ്ഞപ്പോൾ എവിടേക്കോ പോകാൻ റെഡിയായി താഴേക്ക് വന്ന ശ്രീജിത്ത്‌ അടുക്കളയിലേക്ക് നോക്കി വിളിച്ചുചോദിച്ചു. ” ആഹ് ദാ വരുന്നു.

ഇരുന്നോ… ” വിളിച്ചുപറഞ്ഞുകൊണ്ട് കാസറോളുമായി അവളങ്ങോട്ട് ചെന്നു. ശ്രീജിത്തിനരികിലായിരുന്ന ശ്രദ്ധയെ മൈൻഡ് ചെയ്യാതെ അവന്റെ മുന്നിലെ പ്ലേറ്റിലേക്ക് ചൂട് ദോശയും ചമ്മന്തിയും വിളമ്പികൊടുത്തു. അല്പസമയം കാത്തിരുന്നിട്ടും അവൾ ശ്രദ്ധിക്കുകയോ വിളമ്പിക്കൊടുക്കുകയോ ചെയ്യൂന്നില്ലെന്ന് മനസ്സിലായപ്പോൾ പല്ലുകടിച്ചുകൊണ്ട് ശ്രദ്ധ പ്ലേറ്റെടുത്ത് സ്വന്തമായി വിളമ്പാൻ തുടങ്ങി. ” സാമ്പാറെവിടെ ??? ” ചമ്മന്തിപ്പാത്രം തുറന്ന് നോക്കി ടേബിളിലാകെ പരതിക്കൊണ്ട് ദേഷ്യത്തിൽ അവൾ ചോദിച്ചു. ” ഉണ്ടാക്കിയില്ല. എല്ലാത്തിനും കൂടി സമയം വേണ്ടേ ” ഒട്ടും കൂസലില്ലാതെയാണ് അവളത് പറഞ്ഞത്. ” എനിക്ക് ചമ്മന്തിയിഷ്ടമല്ല… “

” എങ്കിൽ കഴിക്കണ്ട. നിനക്കിഷ്ടമുള്ളത് ഉണ്ടാക്കി കഴിച്ചോ. ” ചുണ്ടിലൊരൂറിയ ചിരിയോടെയാണ് സമീരയത് പറഞ്ഞത്. ” അവളുടെയൊരു ചമ്മന്തി…. ” പറഞ്ഞതും ടേബിളിലിരുന്ന പാത്രങ്ങളെല്ലാം കൂടി അവൾ തട്ടിത്തെറുപ്പിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത ആ നീക്കത്തിൽ സമീരയൊന്ന് പതറി. പെട്ടന്ന് തറയിൽ ചിതറിക്കിടന്നിരുന്ന ആഹാരത്തെ ചവിട്ടിമെതിച്ച് മുകളിലേക്ക് പോകാനൊരുങ്ങിയ ശ്രദ്ധയുടെ കയ്യിലവൾ കടന്നുപിടിച്ചു. ” എന്താടീ…. ” ” ഠപ്പേ…. ” ദേഷ്യത്തിൽ അലറിക്കൊണ്ടവൾ തിരിഞ്ഞതും ആ കരണം പുകച്ചുകൊണ്ട് സമീരയുടെ കയ്യവളുടെ കവിളിൽ പതിഞ്ഞു. അടികൊണ്ട കവിളിൽ അമർത്തിപ്പിടിച്ച് അമ്പരപ്പോടെ ശ്രദ്ധയവളെ നോക്കി.

” ഇതെന്തിനാണെന്നറിയാമോ ??? അന്നത്തെ ചവിട്ടിമെതിച്ചതിന് ” ” ഠപ്പേ…. ” ” പിന്നെയിത് അന്നത്തെ തട്ടിത്തെറുപ്പിച്ചതിന്. ” അവളുടെ കവിളിൽ രണ്ടാമത്തെ അടിയും പൊട്ടിച്ചുകൊണ്ടാണ് സമീരയത് പറഞ്ഞത്. ” നീയെന്നെ തല്ലിയല്ലേഡീ… ” അവൾ ചീറിക്കോണ്ട് ചോദിച്ചു. ” അതേടി തല്ലി. നീ കാണിച്ചതിന് നിന്നെ തല്ലുകയല്ല ചെയ്യേണ്ടത്. നിന്റമ്മയോട് കാണിക്കുന്നത് പോലെ എന്നോടിനി കാണിച്ചാൽ അടിച്ചുനിന്റെ പല്ല് ഞാൻ താഴെയിടും. പിന്നെ ആഹാരമിങ്ങനെ നശിപ്പിക്കാൻ ഇതുനിന്റെയമ്മയുണ്ടാക്കിയതല്ല ഞാനുണ്ടാക്കിയതാ. അതുകൊണ്ട് ഇനി മേലിൽ ഇമ്മാതിരി ഭ്രാന്തൊക്കെ കാണിക്കാൻ തോന്നുമ്പോൾ ഇതെന്റെ മോളോർക്കണം. “

പറഞ്ഞിട്ട് ഒന്നും സംഭവിക്കാത്തത് പോലെ അവൾ വീണ്ടുമൊരു ദോശയെടുത്ത് ശ്രീജിത്തിന്റെ പ്ളേറ്റിലേക്കിട്ടു. അവിടെ നടന്നതൊന്നും അറിഞ്ഞമട്ടില്ലാതെ സാവധാനത്തിൽ കഴിച്ചുകൊണ്ടിരിക്കുന്ന അവനെകണ്ടപ്പോഴാണ് ശ്രദ്ധ വീണ്ടുമമ്പരന്നത്. ” അതേ… എങ്ങോട്ടാ ഈ ചവിട്ടിക്കുലുക്കി ?? പിന്നീക്കിടക്കുന്നതൊക്കെ ആര് വന്ന് വൃത്തിയാക്കും ??? ” പല്ലുകൾ കടിച്ചുപൊട്ടിച്ചുകൊണ്ട് മുകളിലേക്ക് നടക്കാനൊരുങ്ങിയ ശ്രദ്ധയെ തടഞ്ഞുകൊണ്ട് അവൾ ചോദിച്ചു. അതുകേട്ട് തിരിഞ്ഞുനോക്കിയ ശ്രദ്ധ ദേഷ്യം കൊണ്ട് അടിമുടി വിറയ്ക്കുകയായിരുന്നു. ” നിന്ന് വിറയ്ക്കാതെ വന്നിത് വൃത്തിയാക്കെഡീ… ” അല്പം ശബ്ദമുയർത്തിയാണ് സമീരയത് പറഞ്ഞത്.

കണ്ണുകളിൽ ആളുന്ന പകയോടെ തിരികെവന്ന അവൾ കുനിഞ്ഞ് നിരന്നുകിടന്ന ഭക്ഷണമെല്ലാം വാരി ഒരു പ്ളേറ്റിലേക്കിട്ട് ടേബിളിലേക്ക് തന്നെ വച്ചിട്ട് സമീരയെ നോക്കി. ” നിന്നെ ഞാൻ വെറുതേ വിടില്ലെഡീ….. നീ നോവിച്ചതീ ശ്രദ്ധയേയാ. ഓർത്തോ നീ ഇതിന് നീ കണക്ക് പറയേണ്ടി വരും. ” എച്ചിൽകൈ സമീരയ്ക്ക് നേരെ ചൂണ്ടിക്കോണ്ട് പറഞ്ഞിട്ട് അവൾ തുള്ളിക്കലിച്ച് മുകളിലേക്ക് പോയി. അപ്പോഴും സമീരയുടെ ചുണ്ടിലൊരു ചെറുപുഞ്ചിരി തത്തിക്കളിച്ചിരുന്നു. എല്ലാം കണ്ടും കേട്ടുമിരുന്നിരുന്ന ശ്രീജിത്തപ്പോൾ ആദ്യം കാണുന്നത് പോലെ അവളെ നോക്കിയിരിക്കുകയായിരുന്നു. ” ആഹാ എന്റെ മോൾക്ക് പറഞ്ഞാൽ കേൾക്കാനൊക്കെ അറിയാമോ ??? ” പെട്ടന്ന് ചിരിയോടെ അങ്ങോട്ട് വന്നുകൊണ്ട് സുധ ചോദിച്ചു.

അവരെ കണ്ടതും സമീരയൊന്ന് വല്ലാതെയായി. ” അതമ്മേ ഞാൻ…. ” ” ഒന്നൂല മോളെ… എല്ലാം ഞാൻ കണ്ടു. നീ ചെയ്തതിലൊരു തെറ്റുമില്ല. നീയിപ്പോഴീ ചെയ്തത് വർഷങ്ങൾക്ക് മുന്നേ ഞാനോ ഇവന്റെയച്ഛനോ ചെയ്തിരുന്നെങ്കിൽ അവളൊരുപക്ഷേ ഇങ്ങനെയൊന്നുമാവില്ലായിരുന്നു. ” നിറഞ്ഞ മിഴികൾ സാരിത്തുമ്പാലമർത്തിത്തുടച്ച് കൊണ്ടാണ് അവരത് പറഞ്ഞത്. ” നീയെന്റെ മോളാണ് . ഈ വീട്ടിൽ നിനക്ക് സർവ്വസ്വാതന്ത്ര്യവുമുണ്ട്. അവളൊരു തെറ്റ് ചെയ്താൽ ശിക്ഷിക്കാനുള്ള അധികാരം നിനക്കുമുണ്ട്. ശ്രദ്ധയേയും നേർവഴിക്ക് കൊണ്ടുവരാൻ നിനക്ക് കഴിയും. ” അവളെ ചേർത്തുപിടിച്ച് നെറുകയിൽ മുത്തിക്കോണ്ടാണ് അവരത് പറഞ്ഞത്. ” കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി ക്ഷേത്രത്തിൽ അർച്ചന കഴിപ്പിച്ചതിന്റെ പ്രസാദമാ. “

പറഞ്ഞുകൊണ്ടവർ കയ്യിലിരുന്ന ഇലച്ചീന്തിൽ നിന്നെടുത്ത ചന്ദനം അവളുടെ നെറ്റിയിൽ തൊടുവിച്ചു. എന്നിട്ട് ഇലയോടെ തന്നെ അതവളെയേൽപ്പിച്ചിട്ട്‌ മുകളിലേക്ക് പോയി. ” പ്രസാദം ” കഴിച്ചുകഴിഞ്ഞ് കൈകഴുകി പുറത്തേക്ക് പോകാനിറങ്ങിയ ശ്രീജിത്തിന്റെ പിന്നാലെ ചെന്നുകൊണ്ടവൾ പറഞ്ഞത് കെട്ട് അവനവിടെത്തന്നെ നിന്നു. അവൾ വേഗം അല്പം ചന്ദനമെടുത്ത് അവന്റെ പുരികങ്ങൾക്കിടയിലായി തൊട്ടുകൊടുത്തു. അപ്പോഴവളെ നോക്കിയ ശ്രീജിത്തിന്റെ ഓർമ്മകൾ അവരുടെ കലാലയ ജീവിതത്തിലേക്കൂളിയിടുകയായിരുന്നു. പ്രണയത്തോടെ തന്റെ നെഞ്ചിൽ ചാഞ്ഞിരുന്ന മാളുവിനെ ഓർത്തപ്പോൾ എന്തുകൊണ്ടോ അവന്റെ മിഴികൾ നനഞ്ഞു.

അത് കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ച് ഭാവഭേദമേതും കൂടാതെ അവൾ പൂജാമുറിയിലേക്ക് നടന്നു. അല്പനേരം അവിടെത്തന്നെ നിന്നിട്ട് അവനും പുറത്തേക്ക് പോയി. പൂജാമുറിയിലേക്ക് കയറിയ സമീര പ്രസാദം ഉണ്ണിക്കണ്ണന്റെ മുന്നിലേക്ക് വച്ചിട്ട് തിരിഞ്ഞുനടന്നു. പെട്ടന്നെന്തോ ഓർത്തത് പോലെ അവൾ തിരികെച്ചെന്ന് അതിൽ നിന്നും അല്പം കുങ്കുമമെടുത്ത് സ്വന്തം നെറുകയിലും കഴുത്തിലെ താലിയിലും തൊട്ടു. പിന്നെ കണ്ണടച്ച് അല്പനേരം പ്രാർത്ഥിച്ചിട്ട്‌ പുറത്തേക്ക് ഇറങ്ങുമ്പോൾ ആ മിഴികൾ ചുവന്നുകലങ്ങിയിരുന്നു. ” ദാ മോളേയീ പാല് കുടിക്ക് ” ലിവിങ് റൂമിലിരുന്ന് ടീവി കണ്ടുകൊണ്ടിരുന്ന ജാനകിയുടെ മുന്നിലേക്ക് ഒരുഗ്ലാസ്‌ പാല് കൊണ്ടുവന്ന് വച്ചിട്ട് ശ്രീജ പറഞ്ഞു. “

വേണ്ടമ്മേ എനിക്കുവയ്യിനിയും കിടന്ന് ഛർദിക്കാൻ. ഛർദിച്ചുഛർദിച്ച് വയ്യാതായി. ” പാൽഗ്ലാസിലേക്കും ശ്രീജയേയും മാറി മാറി നോക്കി തളർച്ചയോടെ സോഫയിലേക്ക് ചാരിക്കൊണ്ട് ജാനകി പറഞ്ഞു. ” ഛർദിക്കുമെന്ന് വിചാരിച്ച് കഴിക്കാതിരിക്കാൻ പറ്റുവോ മോളെ. ഈ സമയത്ത് ഇതൊക്കെ പതിവാ. ” അടുക്കളയിൽ നിന്നും അങ്ങോട്ട്‌ വന്ന് അവളുടെ അരികിലേക്കിരുന്നുകൊണ്ട് കാർത്യായനി പറഞ്ഞു. ” വയ്യാഞ്ഞിട്ടാ മുത്തശ്ശി… ” പറഞ്ഞുകൊണ്ട് അവളവരുടെ മടിയിലേക്ക് ചരിഞ്ഞുകിടന്നു. പ്രായാധിക്യത്താൽ ചുളിവുകൾ വീണ കൈകൊണ്ടവരവളുടെ മുടിയിൽ വാൽസല്യത്തോടെ തലോടി. ” ഇതെന്തുപറ്റി ഈ നേരത്തൊരു കിടപ്പ് ??? ” എവിടെയോ പോയിട്ട് വന്ന അഭി ജാനകിയെ നോക്കി ചോദിച്ചു. ” പാലുകുടിക്കാൻ മടിച്ചുള്ള കിടപ്പാ ” ഒരു ഗ്ലാസിൽ വെള്ളം കൊണ്ടുവന്ന് അഭിക്ക് കൊടുത്തിട്ട് ശ്രീജ പറഞ്ഞു. “

ആഹാ അതുശരി എണീക്കെഡീ മടിച്ചിപ്പാറൂ അങ്ങോട്ട്‌ ” അവരുടെ മടിയിൽ നിന്നും അവളെ പിടിച്ചുപൊക്കിക്കോണ്ട് അവൻ പറഞ്ഞു. ” ദാ കുടിക്ക് ” ” വേണ്ടഭിയേട്ടാ ഞാനിനിയും ഛർദിക്കും. ” അവൻ നീട്ടിയ ഗ്ലാസ്സിനെ ഒരു കൈകൊണ്ട് തടഞ്ഞ് ചിണുങ്ങിക്കൊണ്ട് ജാനകി പറഞ്ഞു. ” അതൊന്നും പറഞ്ഞാൽ പറ്റൂല. ചെക്കപ്പിന് പോയപ്പോ ഡോക്ടറ് പറഞ്ഞതൊക്കെ മറന്നോ ??? ഛർദിക്കത്തൊന്നുമില്ല നീയിതങ്ങോട്ട് കുടിച്ചേ ജാനീ…. ” തന്റെ മാറിലേക്ക് ചാഞ്ഞിരുന്ന അവളുടെ ചുണ്ടിലേക്ക് നിർബന്ധപൂർവ്വം ഗ്ലാസടുപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു. അവസാനം വേറെ വഴിയില്ലാതെ ദയനീയമായി അവനെയൊന്നുനോക്കി അവളത് മുഴുവനും കുടിച്ചു. ഒരു മിനുട്ട് കഴിയും മുന്നേ അടിവയറ്റിലൊരു ഉരുണ്ടുകയറ്റം പോലെ തോന്നി അവളെണീറ്റ് വാഷ് ബേസിനരികിലേക്കോടി.

പിന്നാലെ അഭിയും. ഭിത്തിയിൽ പിടിച്ചുനിന്ന് അവൾ ഛർദിക്കുന്നത് കണ്ട് പിന്നിലൂടവനവളെ താങ്ങിപ്പിടിച്ചു. ഛർദില് കഴിഞ്ഞപ്പോഴേക്കും അവളാകെ വാടിക്കുഴഞ്ഞിരുന്നു. അവൻ തന്നെ വെള്ളം പിടിച്ചവളുടെ വായും മുഖവും കഴുകിച്ചശേഷം കോരിയെടുത്ത് മുറിയിലേക്ക് നടന്നു. ” പാവമെന്റെ മോളാകെ തളർന്നു. ഒന്നാമത് ഈർക്കിലി പോലായിരിക്കുന്നത്. അതിന്റെ കൂടിപ്പോ ഛർദികൂടായപ്പോ പറയാനുമില്ല. ദിവസങ്ങൾ കൊണ്ടത് പകുതിയായി. ” അഭിയുടെ കൈകളിൽ തളർന്നുകിടക്കുന്ന ജാനകിയെ നോക്കി വിഷമത്തോടെ ശ്രീജ പറഞ്ഞു. ” ഛർദി മാറിയാലെ ശരീരം നന്നാവൂ. അതുവരെ ഇങ്ങനെയൊക്കെയാവും. ” ശ്രീജയുടെ വാക്കുകൾക്ക് മറുപടിയെന്നത് പോലെ കാർത്യായനി പറഞ്ഞു.

അപ്പോഴേക്കും അഭി ജാനകിയെ മുറിയിൽ കൊണ്ടുചെന്ന് കിടത്തിയിരുന്നു. ക്ഷീണിച്ചുതളർന്ന് കിടക്കുന്ന അവളുടെ തലമുടിയിലവൻ അരുമയായി തലോടി. അപ്പോൾ ഒരു വാടിയ പുഞ്ചിരി അവളുടെ അധരങ്ങളിൽ വിരിഞ്ഞു. രക്തമയമില്ലാത്ത ആ മുഖം വല്ലാതെ വിളറിയിരുന്നു. അവൻ പതിയെ അവളെ ചേർത്തുപിടിച്ച് ആ നെറുകയിൽ മൃദുവായി ചുംബിച്ചു. ജാനകിയുടെ മിഴികൾ പതിയെ അടഞ്ഞു. കുറച്ചുസമയം കൂടി അവളെയും നോക്കിയങ്ങനെയിരുന്നിട്ട് അവളുറങ്ങിയെന്ന് മനസ്സിലായപ്പോൾ അഭി പതിയെ എണീറ്റ് പുറത്തേക്ക് നടന്നു. ” എന്താടീ നിന്റെ മുഖമൊക്കെ വല്ലാതെ ?? ” ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഇടതുവശത്തിരിക്കുന്ന ശ്രദ്ധയുടെ മുഖം ശ്രദ്ധിച്ചുകൊണ്ട് ദിയ ചോദിച്ചു.

” എനിക്ക് ഭ്രാന്ത് പിടിക്കുന്നെടീ…. ” ” അതിനിപ്പോ പുതിയ പ്രശ്നമെന്താ ??? ജാനകിയുമായി വീണ്ടുമുടക്കിയോ ??? ” കൈ നീട്ടി മ്യൂസിക് പ്ലയർ ഓഫ് ചെയ്തുകൊണ്ട് അവൾ ചോദിച്ചു. ” ജാനകിയുമായി ഉടക്കുന്നതെന്തിനാ ഇപ്പൊ വീട്ടിനകത്ത് തന്നെയുണ്ടല്ലോ പുതിയൊരു മാരണം. ” ” ഓഹ് നിന്റേട്ടത്തിയാണോ പുതിയ പ്രശ്നം ??? ” ചിരിയോടെയുള്ള ദിയയുടെ ചോദ്യം കേട്ട് അരിശത്തോടെ ശ്രദ്ധയവളെ തുറിച്ചുനോക്കി. ” ഏട്ടത്തി…. അവളെ ഞാനെന്റേട്ടത്തിയായി വാഴിക്കുന്നുണ്ട്. വന്നുകയറിയില്ല അതിന് മുൻപവൾ ഭരണം തുടങ്ങി. നിനക്കറിയോ എന്റച്ഛൻ പോലുമെന്നെയൊന്ന് നുള്ളി നോവിച്ചിട്ടില്ല. ആ എന്റെ കരണത്തവളടിച്ചു വെറുതെ വിടില്ല ഞാനവളെ.

” പകയോടെ പല്ലുകൾ ഞെരിച്ചമർത്തിക്കോണ്ട് ശ്രദ്ധ പറഞ്ഞു. അതുകണ്ട് ചിരിയമർത്താൻ പാടുപെടുകയായിരുന്നു ദിയ. ” ആഹാ നിന്റെ കരണത്തടിക്കാൻ മാത്രം ധൈര്യമുണ്ടെങ്കിൽ ആള് നിസ്സാരക്കാരിയല്ലല്ലോ മോളെ ” ചിരിയോടെ അവൾ പറഞ്ഞു. ശ്രദ്ധ വീണ്ടും കണ്ണുരുട്ടി കലിയോടവളെ നോക്കി. ദിയ വേഗം ചിരിയമർത്തി നേരെ നോക്കിയിരുന്ന് ഡ്രൈവ് ചെയ്യാൻ തുടങ്ങി. ഇരുവരുരുമൊരുമിച്ച് ബീച്ചിലിരിക്കുമ്പോഴും സിനിമ കാണുമ്പോഴുമൊക്കെ സമീരയോടുള്ള പകയിൽ നീറിപ്പുകയുകയായിരുന്നു ശ്രദ്ധയുടെ ഉള്ളം. സന്ധ്യയോടെ ശ്രീജിത്ത്‌ വീട്ടിൽ തിരിച്ചെത്തുമ്പോൾ തുളസിത്തറയിൽ വിളക്ക് കൊളുത്തിക്കോണ്ടിരിക്കുകയായിരുന്നു സമീര. കുളികഴിഞ്ഞ് ഭസ്മക്കുറിയും നെറുകയിൽ സിന്ദൂരവുമിട്ട അവളെയവൻ കണ്ണിമയ്ക്കാതെ നോക്കി.

അവളുടെ കയ്യിലേ തിരി നാളത്തിൽ മൂക്കിൽ കിടന്നിരുന്ന കല്ലുവച്ച കുഞ്ഞുമൂക്കുത്തി വെട്ടിത്തിളങ്ങി. ” മ്മ്മ് ??? ” അവന്റെ നോട്ടം കണ്ട് പുരികമുയർത്തി ഗൗരവഭാവത്തിൽ അവൾ ചോദിച്ചു. ഒരു ചമ്മലോടെ ഒന്നുമില്ലെന്ന അർഥത്തിൽ ചുമൽകൂച്ചിക്കാണിച്ചിട്ടവനകത്തേക്ക് നടന്നു. പിന്നാലെ വിളക്കുമായി അവളും. രാത്രി അത്താഴമൊക്കെ കഴിഞ്ഞ് സമീര മുറിയിലെത്തുമ്പോഴും ബെഡിലിരുന്ന് ഫോണിൽ തോണ്ടിക്കോണ്ടിരിക്കുകയായിരുന്നു ശ്രീജിത്ത്‌. ” എന്താ കിടക്കുന്നില്ലേ ??? ” ” മ്മ്മ്…. ” അവളുടെ ചോദ്യത്തിന് മറുപടിയെന്നവണ്ണം അവനൊന്ന് മൂളി. പിന്നീടൊരു സംസാരത്തിന് നിൽക്കാതെ അവൾ കുനിഞ്ഞ് ബെഡിനടിയിൽ ചുരുട്ടി വച്ചിരുന്ന പായ എടുത്ത് തറയിൽ വിരിച്ചു.

എന്നിട്ട് അതിലിരുന്ന് കൈകൾ മാറോട്‌ ചേർത്ത് പ്രാർത്ഥിച്ചിട്ട്‌ പതിയെ കിടന്നു. അപ്പോഴും അവളുടെ ചെയ്തികളൊക്കെ നോക്കിയിരിക്കുകയായിരുന്നു ശ്രീജിത്ത്‌ . ” എന്തിനാ മാളു എന്നേത്തോൽപ്പിക്കാനായി നീയിങ്ങനെയീ തറയിൽ കിടക്കുന്നത് ??? നിനക്കീ ബെഡിൽ കയറിക്കിടന്നൂടെ ??? ” അവളെത്തന്നെ നോക്കിയിരുന്ന് ശബ്ദം താഴ്ത്തിയവൻ ചോദിച്ചു. അതുകേട്ട് അവളൊന്ന് ചിരിച്ചു. ” എന്താ പെട്ടന്നൊരു സ്നേഹം പണ്ട് നിങ്ങളെന്നിൽ കണ്ട ആ വെറുമൊരു പെൺശരീരമായി തോന്നുന്നോ ഇപ്പോ എന്നേകാണുമ്പോ ?? ” ശാന്തമായിരുന്നു അവളുടെ സ്വരമെങ്കിലും ചാട്ടുളിയുടെ മൂർച്ചയുണ്ടായിരുന്നു ആ വാക്കുകൾക്ക്. ” മാളൂ…. ” തളർച്ചയോടവൻ വിളിച്ചു.

” മാളു…. അന്നത്തെ ചോരത്തിളപ്പിലല്ല ഇപ്പോ ഞാൻ നിന്നെ വിളിച്ചത്. ശരിയാണ് അന്ന് നീയെനിക്ക് വെറുമൊരു പെൺശരീരം മാത്രമായിരുന്നു. പക്ഷേ അന്ന് കൂട്ടിനുണ്ടായിരുന്ന ലഹരിയോ കൂട്ടുകാരോ ഒന്നുമില്ലാതെ തടവറയ്ക്കുള്ളിൽ കിടന്ന സമയം ഞാൻ തിരിച്ചറിഞ്ഞു ഞാനന്ന് ചതച്ചരച്ച് കളഞ്ഞത് വെറുമൊരു ശരീരം മാത്രമല്ല എന്നെ ജീവനുതുല്യം സ്നേഹിച്ച എന്റെ പെണ്ണിന്റെ മനസ്സ് കൂടിയാണെന്ന്. അതുകൊണ്ട് മാളു… നീ വിശ്വസിച്ചാലുമില്ലെങ്കിലും നിന്റനുവാദമില്ലാതെ തെറ്റായ രീതിയിൽ ഞാൻ നിന്നെയൊന്ന് നോക്കുക പോലുമില്ല. ” അവസാനവാക്കുകൾ പറയുമ്പോൾ അവന്റെ സ്വരമിടറിയിരുന്നു. എല്ലാം കേട്ടെങ്കിലും പ്രതികരണമൊന്നുമില്ലാതെ അവളവിടെത്തന്നെ കിടന്നു.

അല്പനേരം കൂടി അവളെത്തന്നെ നോക്കിയിരുന്നിട്ട് കൈ നീട്ടി ലൈറ്റണച്ചിട്ട്‌ അവൻ പതിയെ കിടക്കയിലേക്ക് ചാഞ്ഞു. മുറിയിലെ വെളിച്ചമണഞ്ഞതും സമീര പതിയെ മിഴികൾ തുറന്നു. ജനലിലൂടെ അരിച്ചെത്തുന്ന നിലാവെളിച്ചത്തിൽ ബെഡിൽ കിടക്കുന്ന അവനെ നോക്കി കിടക്കുമ്പോൾ അവളുടെ മിഴിക്കോണിലൂടെ കണ്ണീർ ചാലിട്ടൊഴുകി. ” എന്നെങ്കിലും നീയെന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും മാളു. അന്ന് നിന്റെയീ മനസ്സിലെന്നോ നഷ്ടപ്പെട്ടുപോയ എന്നോടുള്ള സ്നേഹം വീണ്ടും ഉറവപൊട്ടിയൊഴുകും അതിനിയെന്നായാലും ആ ദിവസത്തിനായി ഞാൻ കാത്തിരിക്കും”

❤️❤️❤️❤️❤️❤️

നിൻ നിഴലായ് : ഭാഗം 18