ബലാത്സംഗക്കേസിൽ നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചാനെ അറസ്റ്റില്‍
കാഠ്മണ്ഡു: നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സന്ദീപ് ലാമിച്ചാനെ 17കാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി. ഓഗസ്റ്റിൽ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വച്ച് താരം തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുകയായിരുന്ന താരത്തെ വെസ്റ്റ് ഇൻഡീസിൽ നിന്ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 21ന് കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വച്ച് സന്ദീപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പരാതി നൽകിയതിനെ തുടർന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് സന്ദീപ് പെണ്‍കുട്ടിയുമായി സമ്പർക്കം പുലർത്തിയത്.
നേപ്പാൾ ക്രിക്കറ്റ് ടീം കെനിയയിലേക്ക് പുറപ്പെടുന്നതിന്‍റെ തലേദിവസമാണ് സന്ദീപ് പെണ്‍കുട്ടിയോട് തന്നോടൊപ്പം യാത്ര ചെയ്യാൻ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 21ന് രാത്രി എട്ട് മണിയോടെ ഹോസ്റ്റൽ അടച്ചതിനാൽ പെൺകുട്ടി കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ താമസിക്കാൻ നിർബന്ധിതയായി. ഈ സമയത്താണ് താരം പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് ആരോപണം.
ഇതേ തുടർന്ന് 22 കാരനായ ലാമിച്ചാനെയെ നേപ്പാളിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കി. 2018 ൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ ഡൽഹി ക്യാപിറ്റൽസിന്‍റെ ഭാഗമായിരുന്നു ലാമിച്ചാനെ. താൻ നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കുകയാണെന്നും ലാമിച്ചാനെ ആരോപിച്ചു.