Saturday, January 18, 2025
Novel

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

നോവൽ:  ❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1 ❤️
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

***

ദേവ് പതിയെ ആണ് കാർ ഓടിച്ചത്…

“എന്റെ പൊന്നു കിച്ചുവേട്ടാ… ഒന്ന് വേഗത്തിൽ ഓടിക്കു… ഇങ്ങനെ പതിയെ പോയാൽ നമ്മള് അവരുടെ റിസപ്ഷന് അല്ല.. അവരുടെ കുഞ്ഞിന്റെ പേര് വിളിക്ക് ആണ് എത്തുക…”

പാറു ക്ഷമ കെട്ടു കൊണ്ട് പറഞ്ഞു…

“ദേ…പാറു… മിണ്ടാതെ ഇരുന്നോ… ഡോക്ടർ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ അല്ലെ… പതിയെ പോയാൽ മതി… ”

ദേവ് അവളെ കലിപ്പിച്ച് നോക്കിക്കൊണ്ട് പറഞ്ഞു…

” കലിപ്പൻ… ”

അവള് പിറുപിറുത്തു…

” ദേ അപ്പു.. നീ എങ്കിലും പറയ്… ഇങ്ങനെ പോയാല് നമ്മൾ എപ്പഴാ അവിടെ എത്തുക.. എല്ലാരും നമ്മളെ കാത്തിരിക്കുക ആയിരിക്കും… അല്ലെങ്കിൽ അമ്മ പറയ്.. ”

പാറു പിറകിലേക്ക് തിരിഞ്ഞു ഗൗരിയെയും അപ്പുവിനെയും നോക്കി പരാതി പോലെ പറഞ്ഞു…

” മോനേ ദേവ… പാറു പറഞ്ഞതിലും കാര്യമുണ്ട്.. ഇങ്ങനെ പോയാല്… ”

ഗൗരി ചിരിച്ചു കൊണ്ട് പറഞ്ഞു…

” സാരമില്ല ഗൗരിയമ്മേ… പാറുവിന്റെ അവസ്ഥ അറിയാലോ.. ഡോക്ടർ പറഞ്ഞത് അല്ലെ.. നമുക്ക് പതിയെ പോയാൽ മതി…”

അപ്പു ദേവിനെ സപ്പോര്ട്ട് ചെയ്ത് കൊണ്ട് പറഞ്ഞു…

“ആഹ്.. അതാണ് എന്റെ അനിയത്തി.. കണ്ടോടി.. അവള്ക്കു വിവരം ഉണ്ട്.. നിന്റെ ഈ അവസ്ഥയില് കാര് പറപ്പിച്ച് വിട്ട് പോകാൻ പാടില്ല എന്ന് എന്റെ അനിയത്തിക്ക് അറിയാം.. ”

ദേവ് അപ്പുവിനെ അഭിനന്ദിച്ചു കൊണ്ട്‌ പറഞ്ഞു…

“ഓഹ്.. വല്യ ഒരു ഏട്ടനും അനിയത്തിയും… ഞാൻ പുറത്ത്.. ”

പാറു കുശുമ്പോടെ പുറത്തേക്ക് നോക്കി ഇരുന്നു…

ദേവ് അവളെ നോക്കി.. എവിടുന്നു കക്ഷി പുറത്തുള്ള മരങ്ങളും മനുഷ്യരെയും എണ്ണുന്ന തിരക്കില് ആണ്.. മൈന്റ് ആക്കുന്നത് പോലും ഇല്ല..

ദേവ് പതിയെ ഇടതു കൈ നീട്ടി അവളുടെ കൈയ്യിൽ പിടിച്ചു.

എവിടെ… പാറു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി..

പിന്നെ കൈ വലിച്ചു എടുത്തു വയറിന് മീതെ വച്ചു..

ദേവ് വിടാന് ഭാവം ഇല്ലായിരുന്നു.. അവന് കൈ വീണ്ടും നീട്ടി.. ഇത്തവണ അവളുടെ സാരി പതിയെ മാറ്റി വയറിൽ തഴുകി…

അപ്പു ദേഷ്യത്തോടെ അവന്റെ കൈ എടുത്ത് മാറ്റാൻ ശ്രമിച്ചു..

പെട്ടെന്ന് ആണ് പാറുവിന് വയറിൽ ഒരു അനക്കം തോന്നിയത്… രണ്ട് പേരും ചവിട്ടുന്നു…

അവള് വീണ്ടും അവന്റെ കൈ വയറിനോട് ചേര്ത്തു പിടിച്ചു..

കൈ പിടിച്ചു മാറ്റാൻ പോയ ആള് കൈ വയറിന് മേലെ അമര്ത്തി പിടിച്ചപ്പോൾ ദേവ് ഒന്ന് അമ്പരന്നു..

അവന് ഡ്രൈവിങിന് ഇടയില് അവളെ നോക്കി..

“വാവകൾ രണ്ടും അനങ്ങി കിച്ചുവേട്ടാ….”

അവള് സന്തോഷത്തോടെ വിളിച്ചു കൂവി…

ദേവും ആകെ എക്സെറ്റഡ് ആയിരുന്നു…

“അഞ്ചാം മാസം കഴിയാറായല്ലോ ദേവാ.. ഇനി ചവിട്ടും കുത്തും കൂടും… കുഞ്ഞുങ്ങൾ പ്രതികരിക്കാൻ തുടങ്ങും…”

പിന്നില് ഇരുന്ന ഗൗരി പറഞ്ഞു…

ദേവ് പാറുവിനെ നോക്കി.. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു…

ജീവന്റെ തുടിപ്പിന്റെ ചലനം… അവളുടെ മുഖത്ത് ഒരു വാത്സല്യ ഭാവം വിടരുന്നത് അവന് കണ്ടു..

ഇത്തിരി മുന്നേ കൊച്ചു കുഞ്ഞിനെ പോലെ വാശി പിടിച്ച പാറുവിൽ നിന്നും ഒരു അമ്മയിലേക്ക് ഉള്ള അവളുടെ ഭാവ മാറ്റം അവനെ അല്ഭുതപ്പെടുത്തി….

“ദേവേട്ടാ.. മുന്നോട്ടു നോക്കി വണ്ടി ഓടിക്കുട്ടോ…”

അപ്പു അവനെ കളിയാക്കി കൊണ്ട് പറഞ്ഞു..

ദേവ് കൈകൾ പിന്വലിച്ചു കൊണ്ട് ഡ്രൈവിങ് തുടർന്നു… ഇടയ്ക്കു പാറുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു…അവളുടെ കണ്ണില് നാണം വിടര്ന്നു…

*********
ഷാലോം എന്ന് എഴുതിയ വലിയ വീടിന് ഉള്ളിലേക്ക് കാര് പ്രവേശിച്ചു..

പാറു കാറിന്റെ ഡോര് തുറന്നു പുറത്തേക്കു ഇറങ്ങി..

വീടിന് മുന്നിലെ വിശാലമായ ലോണിൽ വൈറ്റ് ഫ്ലവര്സ് കൊണ്ടുള്ള ഡെക്കറേഷൻ ഉണ്ടായിരുന്നു…

ഒപ്പം സന്ധ്യയുടെ സൗന്ദര്യം ഒപ്പിയെടുക്കാൻ പാകത്തിന് ബ്ലൂ ആന്ഡ് വൈറ്റ് ലൈറ്റും..

അതിനിടയില് ആയി ബ്ലൂ ആന്റ് വൈറ്റ് കോമ്പിനേഷനിൽ ഉള്ള കസേരകളും ഭംഗിയായി അറേഞ്ച് ചെയ്തിരിക്കുന്നു…

അതിനു നടുവില് ആയി ഒരു ചെറിയ സ്റ്റേജ് മാതിരി ഒരുക്കിയിരുന്നു… അതിന്റെ മുകളില് ആയി സാം വെഡ്സ് ജോ എന്ന് എഴുതിയിരിക്കുന്നു…

“അലങ്കാരം ഒക്കെ കൊള്ളാം അല്ലെ കിച്ചുവേട്ടാ..”

അവള് വിടര്ന്ന കണ്ണുകളോടെ പറഞ്ഞു…

“ഉം.. നന്നായിട്ട് ഉണ്ട്.. സാം സിവിൽ എഞ്ചിനീയർ ആയതു കൊണ്ട് വീടിന് മൊത്തത്തില് ഒരു ലുക്ക് ഉണ്ട്… കാശും നന്നായി പൊടിഞ്ഞു…”

ദേവ് ചിരിയോടെ പറഞ്ഞു…

“ആഹ്.. വര്ഗീസ് അങ്കിളിന്റെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയപ്പോള് ഇങ്ങനെ ഒരു വീട് എടുത്തത് എന്തായാലും നന്നായി.. കാണാന് ഒരു ചേല് ഉണ്ട്.. ”

പാറു ചിരിയോടെ പറഞ്ഞു…

” അല്ല അപ്പുവിനെ ഇറക്കണ്ടേ… ഞാൻ അത് മറന്നു… ”

പാറു തലയ്ക്കു കൈ കൊടുത്തു കൊണ്ട്‌ പറഞ്ഞു…

ദേവ് തന്നെ കാറിന്റെ ഡിക്കി തുറന്നു വീൽചെയർ പുറത്തെടുത്തു വച്ചു…

” ഇത് കൊണ്ടാണ് ഞാൻ വരുന്നില്ല എന്ന് പറഞ്ഞത് ഗൗരിയമ്മേ… ”

അപ്പു വാടിയ മുഖത്തോടെ പറഞ്ഞു…

” എങ്കിലേ എന്റെ അനിയത്തി കുട്ടി അതൊന്നും ഓര്ത്തു വിഷമിക്കേണ്ട.. നിനക്ക് കൂട്ട് ആയിട്ട് ഇവിടെ എല്ലാരും ഉണ്ട്. കേട്ടല്ലോ…”

ദേവ് ശാസനയോടെ പറഞ്ഞ്‌ കൊണ്ട് അവളെ വീൽചെയറിൽ ഇരുത്തി… ഗൗരിയും അവനെ സഹായിച്ചു…

” ഇനി വാ നമുക്ക് അങ്ങോട്ട് പോകാം.. ആളുകൾ വന്നു തുടങ്ങിയിട്ടേ ഉള്ളു എന്ന് തോന്നുന്നു…. അല്ല അമ്മയും അച്ചന്മാരും ഒക്കെ എവിടെ… ”

പാറു ഗൗരിയുടെ മുഖത്ത് നോക്കി…

” ആഹ്.. നിങ്ങൾ ഇപ്പോഴാണോ. എത്തിയത്…”

മാധവനും ദേവിയും ഗോപിയും അവര്ക്ക് അരികിലേക്ക് വന്നു…

” ആഹ്.. അച്.. ”

ദേവ് പറഞ്ഞു തുടങ്ങുന്നതിന് മുന്നേ പാറു ഇടയില് കേറി…

” അച്ഛന്റെ മരുമോൻ ഇതും തുഴഞ്ഞു വരുകയല്ലായിരുന്നോ… ഇപ്പോഴെങ്കിലും എത്തിയത് ഭാഗ്യം.. ”

പാറു കളിയാക്കി കൊണ്ട് പറഞ്ഞു..

” ദേ പാറു.. നിന്റെ ആരോഗ്യം നോക്കി അല്ലെ അവന് ഡ്രൈവ് ചെയ്തത്… അതിനു ഇങ്ങനെ കളിയാക്കണ്ട…”

ഗൗരി അവളുടെ ചെവിയില് പിടിച്ചു കൊണ്ട് പറഞ്ഞു..

” ഹൂ.. എന്റെ അമ്മേ.. എനിക്ക് അറിഞ്ഞൂടെ എന്റെ കിച്ചുവേട്ടനെ…. ഞാൻ ഒരു തമാശ പറഞ്ഞത്‌ അല്ലെ…”

ദേവിന്റെ നെഞ്ചിലേക്ക് ചാരി നിന്ന് കൊണ്ട്‌ അവള് പറഞ്ഞു…

” ആഹ്. മതി മതി… സാം നിങ്ങളെ അന്വേഷിച്ചു… ഇങ്ങോട്ട് വന്നേ…”

ഗോപി അവരുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

പതിയെ എല്ലാരും സ്റ്റേജിന് അരികിലേക്ക് നടന്നു…

” അപ്പു… പാറു… ”

അവരെ കണ്ട സന്തോഷത്തില് സാം ഉച്ചത്തില് വിളിച്ചു…

പാറു അപ്പുവിന്റെ വീൽചെയർ തള്ളി കൊണ്ട് സ്റ്റേജിലേക്ക് കയറി…

സ്റ്റേജിലേക്ക് വീൽചെയർ കയറാൻ പാകത്തിന് ഒരു ചെരിവ് പോലെ ഉണ്ടായിരുന്നു…

“എനിക്ക് കയറാൻ ആണോ ഇച്ചാ ഇത് ഉണ്ടാക്കിയത്…..”

അപ്പു വേദന കലർന്ന ചിരിയോടെ ചോദിച്ചു…

“അതേ.. എന്റെ അപ്പുവിന് കയറാൻ തന്നെ ആണ്… കുറച്ച് നാളുകളെ ആയുള്ളു കാണാന്‍ തുടങ്ങിയിട്ട് എങ്കിലും എന്റെ പെങ്ങളെ എനിക്ക് അറിയാലോ… നീ വരാൻ മടിക്കും എന്ന് എനിക്ക് അറിയാമായിരുന്നു.. അതാണ് പിടിച്ച പിടിയാലെ കൂട്ടി വരാൻ ഞാന്‍ പാറുവിനോട് പറഞ്ഞത്…”

അപ്പുവിന് മുന്നില്‍ മുട്ട് കുത്തി ഇരുന്നു കൊണ്ട് സാം പറഞ്ഞു…

അവന്റെ കണ്ണുകൾ നിറഞ്ഞ് തുടങ്ങിയിരുന്നു..

” അയ്യേ.. ഞാനൊരു തമാശ പറഞ്ഞത് അല്ലെ ഇച്ചാ… അതിനു കല്യാണ ചെക്കന്‍ ഇങ്ങനെ കരയാന്‍ പാടുണ്ടോ…. ”

അപ്പു അവന്റെ കണ്ണീര് തുടച്ചു കൊണ്ട് പറഞ്ഞു…

“ദേ.. അവിടെ ഒരാളെ നോക്കിക്കേ.. ഇനി ഇച്ചൻ പുറത്ത്…”

അപ്പു കൈ ചൂണ്ടിക്കാട്ടി കളിയാക്കി പറഞ്ഞു…

പാറു ജോയെ കെട്ടി പിടിക്കുക ആണ്… ഇടയ്ക്കു ജോ അവളുടെ വയറിൽ കൈ വച്ചു നോക്കുന്നുണ്ട്…. അവര്‍ക്കു അരികില്‍ ആയി തന്നെ മേരിയും ഉണ്ട്.. അവള്‍ക്കു ഇത് എട്ടാം മാസം ആണ്…

മൂന്ന് പേരും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്…

“ആഹാ… കൂട്ടുകാരികളെ കിട്ടിയപ്പോള്‍ ഇവിടെ എന്റെ പെങ്ങള്‍ക്ക് എന്നെ വേണ്ട അല്ലെ…”

അപ്പുവിന്റെ വീൽചെയർ അവരുടെ അടുത്തേക്ക് തള്ളി കൊണ്ട് അവന്‍ പറഞ്ഞു…

“എന്റെ ഇച്ചനെ ഞാന്‍ മറക്കുമോ… എന്റെ പുന്നാര ഇച്ചൻ അല്ലെ…”

പാറു അവന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

” കേട്ടോ അപ്പു.. ഒക്കെ വെറുതെയാ… ”

സാം കള്ള പരിഭവത്തോടെ പറഞ്ഞു..

” ഇച്ചാ…. ദേ…”

പാറുവിന്റെ സ്വരം ഇടറി…

“ദേ സാം… എന്റെ പെണ്ണിനെ കരയിക്കല്ലേ… ”

പിന്നാലെ വന്ന ദേവ് അവന്റെ ചുമലില്‍ തട്ടി കൊണ്ട്‌ കളിയായി പറഞ്ഞു…

“ആഹ്.. അളിയാ.. ഒന്നുമില്ലെങ്കിലും അളിയന്റെ രണ്ട് പെങ്ങന്മാരും ഗര്‍ഭിണികൾ ആണെന്ന് ഓര്‍ക്കണം…”

ഡേവിഡ് ഏറ്റുപിടിച്ചു..

“അത് ശരി.. എന്റെ പെങ്ങന്മാരെ ഈ കോലത്തിൽ ആക്കിയ കശ്മലന്മാരെ… നിങ്ങള്‍ക്ക് ഞാന്‍ വച്ചിട്ടുണ്ട്…”

സാം അവരെ രണ്ടാളെയും ചേര്‍ത്തു നിർത്തി കൊണ്ട് പതിയെ പറഞ്ഞു…

” നീയും പണി കൊടുത്തോ അളിയാ.. ഇനിയിപ്പൊ ആരെ പേടിക്കാൻ ആണ്… ”

ഡേവിഡ് അതേ ടോണിൽ മറുപടി പറഞ്ഞു…

” ആഹ്.. അതേടാ.. ഇനിയിപ്പൊ ഞാന്‍ അത് തന്നെ ചെയ്യേണ്ടി വരും… അവള് കുറച്ച് നേരത്തേ കൂടി പറഞ്ഞത് അതാണ്.. പാറുവിനെയും മേരിയെയും പോലെ അവൾക്കും ഒരു കുഞ്ഞിനെ പെട്ടെന്ന് വേണം എന്ന്… നിനക്ക് ഒക്കെ എന്തിന്റെ തിരക്ക് ആയിരുന്നെടാ…”

സാം ദൈന്യതയോടെ ചോദിച്ചു…

“എല്ലാം ദൈവത്തിന്റെ അനുഗ്രഹം… അല്ലെ അളിയാ… ”

ദേവ് ഡേവിഡിനെ നോക്കി കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു…

” ആഹ് മതി.. മതി.. എന്റെ പെങ്ങന്മാരെ നിങ്ങള് കരയിക്കാതെ നിന്നാൽ മതി… ”

വിഷയം മാറ്റാൻ എന്നോണം സാം പറഞ്ഞു…

അതിഥികൾ ഒരുപാട് ഉണ്ടായിരുന്നു…

പാറുവും അപ്പുവും മേരിയും കുറേ നേരം ഒരുമിച്ച് ഇരുന്നു സംസാരിച്ചു… പൂളിന്റെ ഭാഗത്ത് ആയാണ് അവര് ഇരുന്നിരുന്നത്…

“എന്തായാലും അമ്മു അന്ന് ഒഴിഞ്ഞു പോയതു നന്നായി.. അത് കൊണ്ടാണല്ലോ ഇച്ചന് ജോയെ കിട്ടിയത്… ”

മേരി നെടുവീര്‍പ്പിട്ടു കൊണ്ട് പറഞ്ഞു…

“ആഹ്.. നന്നായി… എന്നാലും അവളുടെ കാര്യം കഷ്ടം ആണെന്ന് ആണ് അറിഞ്ഞത്….

ആറ്റു നോറ്റ് ഉണ്ടായ കുഞ്ഞും പ്രസവത്തില്‍ മരിച്ചു… പാവം.. ഇനി ഒരു കുഞ്ഞിനെ പ്രസവിക്കാൻ അവള്‍ക്ക് കഴിയില്ല… അവളുടെ ഭർത്താവിന്റെ വീട്ടുകാര് കയ്യൊഴിഞ്ഞു എന്നാണ് കേട്ടതു… എത്ര ആയാലും നമ്മുടെ അമ്മു അല്ലെടി… പാവം… ഇപ്പൊ മാനസിക നില തകർന്ന അവസ്ഥയില്‍ ആണെന്ന് അച്ഛൻ പറയുന്നത്‌ കേട്ടു…”

പാറു വിഷമത്തോടെ പറഞ്ഞു…

പാറു പറഞ്ഞു സാമിന്റെ പ്രണയകഥ അറിയുന്നത് കൊണ്ട് അപ്പു ഒന്നും പറഞ്ഞില്ല…

” മം… പാവം തോന്നും ചിലപ്പോൾ… ജോയും ഇടയ്ക്കു പറഞ്ഞു.. അന്ന് അവള് അങ്ങനെ ഒരു ബുദ്ധി മോശം കാണിച്ചില്ലായിരുന്നെങ്കിൽ അവള് ഇവിടെ ഹാപ്പി ആയിട്ട് ജീവിച്ചേനെ എന്ന്… പാവം..ജോ… അവള്‍ക്ക് ഇച്ചന്റെ സന്തോഷം ആയിരുന്നു എന്നും വലുത്.. അത് കൊണ്ടാണല്ലോ ഇച്ചനും അമ്മുവും ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞപ്പോള്‍ അവള് അവളുടെ മനസ്സിലെ പ്രണയം പൂട്ടി വെച്ചത്… ”

മേരി പറഞ്ഞു..

” മം.. എനിക്ക് അന്നേ സംശയം ഉണ്ടായിരുന്നു.. പിന്നെ ഇച്ചന്റെ സന്തോഷം തല്ലി കെടുത്താൻ തോന്നിയില്ല… പക്ഷേ അമ്മു ചതിച്ചിട്ട് പോയപ്പോള്‍ ഇച്ചൻ ആകെ തളര്‍ന്നു… അന്ന് ആണ് ജോയ്ക്കു ഇച്ചനെ എത്ര മാത്രം ഇഷ്ടം ആണെന്ന് എനിക്ക് മനസ്സിലായത്… എന്തായാലും ഒടുവില്‍ ഇച്ചൻ അവളുടെ മനസ്സു കണ്ടല്ലോ.. അത് മതി.. ”

പാറു സന്തോഷത്തോടെ പറഞ്ഞു.

” അതാണ് പാറു ഏറ്റവും വലിയ ഭാഗ്യം… നമ്മളെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും… നമ്മളെ താങ്ങി നിര്‍ത്താനും. ആണൊരുത്തൻ ഉണ്ടെന്ന് ഉള്ള ധൈര്യം… ആ കരുതൽ…. ”

അപ്പു വിദൂരതയിലേക്ക് നോക്കി കൊണ്ട്‌ പറഞ്ഞു…

അപ്പുവിന്റെ വാക്കുകളില്‍ നിരാശ നിറഞ്ഞിരുന്നു… അവളുടെ കണ്‍ കോണില്‍ മിഴി നീര് തുള്ളികള്‍ സ്ഥാനം പിടിച്ചിരുന്നു…

പാറുവും മേരിയും വല്ലാതെ ആയി…

” അപ്പു…….. ”

പാറു സങ്കടത്തോടെ വിളിച്ചു…

” ആഹ്..”

അപ്പു ചിന്തയില്‍ നിന്നും ഉണര്‍ന്നു അവരെ നോക്കി…

“അപ്പു.. എല്ലാം ശരിയാവും….”

പാറു അവളുടെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു…

“ഏയ്.. എനിക്ക് ഒന്നുമില്ല.. ഞാൻ ചുമ്മാ…”

അപ്പു വിക്കി…

“എനിക്കറിയാം പെണ്ണേ.. നിന്റെ പ്രായം തന്നെയല്ലേ ഞാനും… എനിക്ക് മനസ്സിലാവും..”

പാറു വിഷമത്തോടെ പറഞ്ഞു…

“പാറു.. എനിക്ക് ഒന്ന് വാഷ് റൂമിൽ പോകണം… ഞാൻ പോയിട്ട് വരാം..”

മേരി എഴുന്നേറ്റു കൊണ്ട് പറഞ്ഞു..

” എനിക്കും വരണമായിരുന്നു മേരി.. പക്ഷേ അപ്പു ഇവിടെ തനിച്ചു ആവും… ”
പാറു സങ്കോചത്തോടെ പറഞ്ഞു…

” ഏയ്.. കുഴപ്പമില്ല… നിങ്ങള് പോയിട്ട് വാ.. ഞാൻ ഇവിടെ തന്നെ കാണും… ”

അപ്പു അവളെ നിര്‍ബന്ധിച്ചു പറഞ്ഞു വിട്ടു…

മനസ്സില്ലാ മനസ്സോടെ ആണ് പാറു മേരിയുടെ കൂടെ പോയതു…

” ദേടാ… ഒരു കിടിലൻ പെണ്ണ്.. കാണാനും കൊള്ളാം… ”

ഗ്ലാസ്സിൽ മദ്യവുമായി കുറച്ച് പേര്‍ അവിടേക്ക് വന്നു…

അപ്പു പേടിയോടെ ചുറ്റും നോക്കി…

പാറുവിനെ പറഞ്ഞു വിടാന്‍ തോന്നിയ നിമിഷത്തെ അവള് പഴിച്ചു…

“അയ്യോടാ… നമ്മുടെ സുന്ദരി കുട്ടി ഈ കസേരയില്‍ നിന്നും എഴുന്നേൽക്കില്ല എന്ന് തോന്നുന്നു… ”

മറ്റൊരുത്തന്‍ പറഞ്ഞു…

അപ്പുവിന് കൈയ് വിറച്ച് തുടങ്ങിയിരുന്നു…

അവളുടെ കണ്ണുകൾ പേട മാനിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടന്നു…

അടുത്തെങ്ങും ആരുമില്ല.. ആരുടെയും ശല്യം ഇല്ലാതെ ഇരിക്കാൻ ആണ് പൂൾ സൈഡിലേക്ക് വന്നത്…

സഹായത്തിന് വിളിക്കാൻ കൂടി ആരുമില്ല…

അപ്പു പേടിയോടെ അവരെ നോക്കി… മദ്യ ലഹരിയില്‍ ആണ് എന്ന് വ്യക്തമാണ്…

“അയ്യോടാ.. പറഞ്ഞത് പോലെ കൊച്ചിന് എഴുന്നേൽക്കാൻ പറ്റില്ലല്ലോ.. ഒരു കാര്യം ചെയ്യാം… നമുക്ക് ഈ കൊച്ചിന് ഇത്തിരി എനര്‍ജി ഡ്രിങ്ക് കൊടുക്കാം.. എന്തേയ്…”

കൈയ്യിൽ ഇരുന്ന മദ്യ ഗ്ലാസ്സ് കാണിച്ച് കൊണ്ട് ഒരുത്തൻ പറഞ്ഞു..

അപ്പു പേടിയോടെ ചുറ്റും നോക്കി… എന്തെങ്കിലും സംഭവിച്ചാല്‍ കൂടി ആരും അറിയില്ല…

” കൊച്ചിന് ഡ്രിങ്ക് കുടിക്കാന്‍ തിരക്ക് ആയെന്നു തോന്നുന്നു…ഇപ്പൊ തരാം… ”

ഒരുവന്‍ കൈയ്യില്‍ ഡ്രിങ്ക്സ് നിറച്ച ഗ്ലാസ്സുമായി അവള്‍ക്ക് അരികിലേക്ക് വന്നു…

“കുടിക്കു മോളേ…”

അവന്‍ ഗ്ലാസ്സ് അവളുടെ ചുണ്ടിലേക്ക് ചേര്‍ത്തു വച്ചു…

“വേണ്ട… വേണ്ട…”

അപ്പു രണ്ട്‌ ഭാഗത്തേക്കും തല തിരിച്ചു കൊണ്ടു പറഞ്ഞു…

അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.. അവളുടെ നിസ്സഹായാവസ്ഥയെ അവള് സ്വയം പഴിച്ചു….

അപ്പു കുടിക്കാന്‍ തയാറല്ല എന്ന് കണ്ടതും മറ്റൊരുത്തന്‍ മുന്നിലേക്ക് വന്നു..

അവന്‍ ബലമായി തന്നെ അവളുടെ വായിലേക്ക് ഡ്രിങ്ക്സ് ഒഴിച്ച് കൊടുത്തു…

അപ്പു അത് പുറത്തേക്ക്‌ തുപ്പി…

അവള് ആകെ തളര്‍ന്ന്‌ പോയിരുന്നു…

ഇനിയും പിടിച്ചു നിൽക്കാൻ ആവില്ല എന്ന് അവള്‍ക്കു തോന്നി..

ദേഷ്യം വന്ന ഒരുത്തൻ അവളുടെ വീൽചെയർ പിടിച്ചു തള്ളി…

ഒരു കരച്ചിലോടെ അവളും വീൽചെയറും കുളത്തിലേക്ക് മറിഞ്ഞ് വീണു…

തിരിച്ചു എത്തിയ പാറുവും മേരിയും അതാണ് കണ്ടത്…

“അപ്പു…”

പാറു സ്വന്തം വയ്യായ്മയെയും മറന്നു നിലവിളിച്ചു കൊണ്ട് അങ്ങോട്ടേക്ക് ഓടി…

പൂളിലേക്ക് വീണതിന്റെ ഷോക്കിൽ ആയിരുന്നു അപ്പു.. നീന്തല്‍ അറിയാമെങ്കില്‍ കൂടി കാലിന്റെ ചലന ശേഷി ഇല്ലാത്തത് അവളെ തളർത്തി…

തനിക്കു മുന്നില്‍ ഇനി മരണം മാത്രമേ ഉള്ളൂ എന്ന് അവള്‍ക്ക് തോന്നി…

മൂക്കിലും വായയിലും വെള്ളം കയറി… അബോധാവസ്ഥയിലേക്ക് പോകുന്നതിനു ഇടയിലും രണ്ട് കൈകൾ തന്നെ കോരി എടുക്കുന്നത് അവള്‍ സ്വപ്നം കണ്ടു.. ഒരു മനോഹരമായ സ്വപ്നം…

(തുടരും)

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹