💔 മൊഴിയിടറാതെ 💔 : ഭാഗം 26

Spread the love

എഴുത്തുകാരി: തമസാ

ഷർട്ടിന്റെ പോക്കെറ്റിൽ കിടക്കുന്ന DNA ടെസ്റ്റ്‌ റിസൾട്ടിന്റെ തടിപ്പിനെ മീതെ കൂടി ദീപൻ ബൈക്ക് ഓടിക്കുന്നതിനിടയിലും ഇടതു കൈ കൊണ്ട് ഉഴിഞ്ഞു കൊണ്ടിരുന്നു ……ആ തടിപ്പിന്റെ ഉള്ളിലാണ് ഇപ്പോൾ അവൻ്റെ ഹൃദയത്തിന്റെ തുടിപ്പും ….. ഇരുട്ടായി …..അവളിപ്പോൾ PSC ക്ലാസ്സിന് പോയിട്ട് മടങ്ങി എത്താറായിട്ടുണ്ട് …..അവർ തിരിച്ചിറങ്ങും മുന്നേ അവിടെ എത്തണം ….. എന്നത്തേയും പോലെ അല്ല …..

ഇന്ന് ഒരുപാട് പ്രതീക്ഷകളോടെയാണ് ഗീതുവിന്റെ വീട്ടിലേക്ക് കയറിച്ചെല്ലുന്നത് …..മോളേ വാരി എടുക്കണം ….എന്നിട്ട് വേണം ആ റിസൾട്ട്‌ അവളുടെ കയ്യിലേക്ക് വെച്ചു കൊടുക്കുവാൻ …….. പോസിറ്റീവ് ആണ് …..തനിക്ക് നല്ല ഉറപ്പുണ്ട് ……… അത് വായിച്ചു കഴിയുമ്പോൾ ചോദിക്കണം എന്റെ കൂടെ വരാമോ എന്ന് …….നീയല്ലാതെ മറ്റൊരാളെ മനസ് കൊണ്ടോ ശരീരം കൊണ്ടോ ഞാൻ പ്രേമിക്കുകയോ കാമിക്കുകയോ ഇല്ലെന്ന് വാക്ക് കൊടുക്കണം ……… അവൾ ആ റിസൾട്ട്‌ കണ്ടിട്ടെങ്കിലും മനസ് മാറി സമ്മതം പറഞ്ഞിരുന്നെങ്കിൽ ……….

ടൗണിലേക്ക് എത്തുന്നതിനു കുറച്ചു മുൻപാണ് ദേവസി വക്കീൽ മുന്നിൽ കൊണ്ട് വന്ന് വണ്ടി ചവിട്ടിയത് …… പിന്നെ വണ്ടികൾ കുറവുള്ള ഇടവഴിയിലേക്ക് രണ്ടു വണ്ടിയും ഒതുക്കി നിർത്തി സംസാരിച്ചു …..മുംബൈയ്ക്ക് തിരിച്ച പോകുന്ന കാര്യമെല്ലാം ചോദിച്ചു …..അയാളെ ദീപൻ സംശയിച്ചു …… പക്ഷേ തികച്ചും നോർമൽ ആയിട്ട് ആണ് ദേവസി സംസാരിച്ചത് ……. “””” ശേഷൻ നിന്നെ അന്വേഷിച്ചിരുന്നു …..ഇപ്പോ ഇറങ്ങുന്നുണ്ടോ അങ്ങോട്ട് ……..””” ദേവസി ചോദിച്ചു ..അവൻ്റെ മുഖത്തെ ഭാവങ്ങൾ പഠിച്ചു കൊണ്ട് ……. “””” കുറച്ചു കഴിഞ്ഞങ്ങോട്ട് ഇറങ്ങണം ….ഇവിടത്തെ ആവശ്യം കഴിഞ്ഞു …..

ഇനിയിപ്പോ പുതിയ വല്ല പരിപാടിയും ഉണ്ടോ എന്ന് അന്വേഷിക്കണം …..”””” സംസാരിച്ചു കൊണ്ട് ഇരിക്കുന്നതിനിടയിൽ പെട്ടെന്ന് തന്നെ ശേഷാദ്രിയുടെ ഓഡി കാറും , കൂടെ ഒരു വാഗണറും അവരുടെ അടുത്ത് വന്നു നിന്നു ……പശ മുക്കി തേച്ചു മിനുക്കിയ മുണ്ടും ചന്ദന ജുബ്ബയും ഇട്ട് ശേഷാദ്രി ദീപന്റെ അടുത്തേക്ക് നടന്നു വന്നു ……അയാൾ നടക്കുമ്പോൾ കാലിൽ മുണ്ട് തട്ടി ശബ്ദം ഉണ്ടാകുന്നുണ്ടായിരുന്നു …. അടുത്തതിൽ നിന്നും ഇറങ്ങിയ അഞ്ചു പേരിൽ പഴയ കൂട്ടുകാരിൽ ചിലരെ കൂടി കണ്ടതോടെ അവർ തന്നെ പിന്തുടർന്ന് പിടിച്ചത് തന്നെ ആണെന്ന് അവന് മനസിലായി …..

ആദ്യമായി ഉള്ളിൽ അവനൊരു ഭയം ഉണ്ടായി ….. പുതിയൊരു ജീവിതം കൊതിച്ചു നിൽക്കുകയാണ് …..ആയുസ്സെടുക്കല്ലേ ….. സ്വന്തം ആത്മാവിനോട് തന്നെ അവൻ മൗനമായി പറഞ്ഞു …… “”” എന്താടോ ദീപാ ഇന്ന് എക്‌സ്‌കോർട്ട് പോയില്ലേ PSC ക്ലാസ്സിൽ ???”””” വായിൽ കിടക്കുന്നത് നാവ് കൊണ്ട് ഒരു വശത്തേക്ക് നീക്കി , ശേഷാദ്രി ദീപനോട് ചോദിച്ചു ….. അയാളുടെ ശരീരത്തിൽ നിന്ന് ചന്ദനത്തിന്റെയും വായിൽ നിന്ന് വില കൂടിയ മുറുക്കിന്റെയും മണം വരുന്നുണ്ടായിരുന്നു …. തന്റെ ഓരോ നീക്കവും അവർ ശ്രദ്ധിച്ചിരുന്നു എന്ന് അവൻ നിരാശയോടെ ഓർത്തു ….

നിഴലിനെ പേടിച്ച് ഇരുട്ടിൽ തേടി വന്നതായിരുന്നു തന്റെ ഗീതുവിനെയും മോളെയും ……പക്ഷേ അടുത്ത് കാണുംതോറും ആവേശം കൂടിയിരുന്നു …….ഈ ലോകം തന്നെ എതിർത്താലും അവരെ സ്വന്തമാക്കണം എന്ന ചിന്തയിൽ മറ്റൊന്നും മനസ്സിൽ വന്നില്ല …….അതുകൊണ്ട് സുരക്ഷയെ കുറിച്ച് പോലും മറന്ന് പോയിരുന്നു …….. ഗീതു ……മോള് ……..അവരെ തനിച്ചാക്കി ഈ നേരത്തു പോരരുതായിരുന്നു ഇങ്ങോട്ട് …..ഇവർ തന്നെ ലക്ഷ്യം വെച്ച് തന്നെ വന്നതാണെന്ന് അവന് നല്ല ബോധ്യം ഉണ്ടായിരുന്നു …… തന്നെ കൊന്നാലും വേണ്ടില്ല ……..

അവരെ വെറുതെ വിട്ടേച്ചാൽ മതി …….. “””” ദീപൻ എന്താ മിണ്ടാത്തത് , ശേഷൻ ചോദിച്ചത് കേട്ടില്ലേ ..?…..””” ശേഷനെയും പിന്തുണച്ചു കൊണ്ട് വക്കീലും കൂടി …..മറ്റുള്ളവർ ഒന്നും മിണ്ടാതെ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു ……. “””” എനിക്ക് വേറെ തിരക്കുണ്ടായിരുന്നു …നിങ്ങളിവിടെ ഇരുന്നു സംസാരിക്ക് ……”””” ബൈക്കിനടുത്തേക്ക് നടക്കുവാനൊരുങ്ങി തിരിഞ്ഞു, ദീപൻ ……. “””” നീയിവിടെന്ന് തിരിച്ചു പോയാലല്ലേ ദീപാ …..നീ മാത്രം അല്ല ……ഇനി അവളും കൊച്ചും പോലും നാളെ സൂര്യനെ കാണില്ല ……””” അവനെ പുച്ഛിച്ചു കൊണ്ട് തൊട്ട് പുറകിൽ നിന്ന് ശേഷൻ വിളിച്ചു പറഞ്ഞു …… “”

“‘ ദീപൻ ജീവനോടെയിരിക്കുമ്പോൾ അവരുടെ ഒരു മുടിനാര് പോലും കിട്ടില്ല നിങ്ങൾക്ക് ……പിന്നല്ലേ ജീവൻ …….”””” അവർക്ക് അഭിമുഖമായി നിന്ന് അവൻ വെല്ലുവിളിച്ചു ….. “”” ഇനി പറഞ്ഞിട്ട് കാര്യമില്ലെടാ ……അവള് ക്ലാസും കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ തന്നെ ഞാൻ കരുതി വെച്ച സമ്മാനം അവൾ കൈപ്പറ്റിക്കോളും …..അതിനുള്ള ആൾക്കാരെ അങ്ങോട്ട് പറഞ്ഞു വിട്ടിട്ട് തന്നെയാ ദീപാ നിന്നെ ഞങ്ങള് ബ്ലോക്ക്‌ ചെയ്തത് …….””” മുറുക്കി തുപ്പിയിട്ട് അവനെ നോക്കി വക്രിച്ചു ചിരിച്ചു കാണിച്ചു അയാൾ ……

പാഞ്ഞു വന്ന് അയാളുടെ കവിൾ നോക്കി ഒന്ന് കൊടുത്തു ദീപൻ ….ദേഷ്യം കൊണ്ട് ജുബ്ബയിൽ വലിച്ചു പിടിച്ചു നിൽക്കുന്ന ദീപന്റെ കയ്യിൽ എല്ലാവരും കൂടി പിടിച്ചു മാറ്റി …… “””” എന്താടോ താൻ പറഞ്ഞത് ….അവൾക്ക് വല്ലതും പറ്റിയാലുണ്ടല്ലോ ….. ജീവനോടെ വെച്ചേക്കില്ല ഒറ്റയെണ്ണത്തിനെയും ഞാൻ ……..”””” തന്നെ പിടിച്ചവരെ ശരീരത്തിൽ നിന്ന് മണൽ കുടഞ്ഞു കളയും പോലെ കുടഞ്ഞെറിഞ്ഞു ദീപൻ …… “”” അതിനു നിന്നെ ഇനി ഇവര് ബാക്കി വെച്ചിട്ട് വേണ്ടേ ഡാ …. ?…..നീ …..പിന്നെ ഗീതു ……ഒടുക്കം അവകാശം പറഞ്ഞു നീ കേസ് കൊടുക്കാൻ പോയില്ലേ …..ആ പിഴച്ച സന്തതി ……

അതിനെ കൂടി തീർക്കും ……….. ഇതോടെ തീരണം എല്ലാം …….നാളെ കൂട്ടത്തിൽ വേറൊരുത്തന് കൂടി ആ കൊച്ചിനോട് ചായ്‌വ് തോന്നിയാലോ …..അതുകൊണ്ട് ഇനി അത് ഈ ഭൂമി ചവിട്ടണ്ട ……..””” ദീപന് തന്റെ ഹൃദയം നിലച്ചു പോകും പോലെ തോന്നി ….ആരെ കൊന്നിട്ടാണെങ്കിലും അവരുടെ അടുത്തേക്ക് ഓടിയെത്തി , അവർക്ക് മീതെ സംരക്ഷണം തീർക്കാൻ അവൻ്റെ നെഞ്ച് പിടച്ചു …… അതിലൂടെ ഒന്ന് രണ്ട് വണ്ടികൾ അവരെ നോക്കി കടന്നു പോയി …. തന്റെ വസ്ത്രത്തിലെ ചുളുക്ക് കൈ കൊണ്ട് തട്ടി നിവർത്തിക്കൊണ്ട് ദേവസ്സിയുടെ തോളിൽ കൈ മടക്കി വെച്ച് പറയുന്നതിനൊപ്പം ദീപന്റെ അടുത്ത് നിൽക്കുന്നവരെ നോക്കി കണ്ണ് കാണിച്ചു ശേഷൻ ……

അയാളുടെ കണ്ണ് ചലിക്കുന്നതിനൊപ്പം തിരിഞ്ഞു നോക്കിയ ദീപന്റെ ഇടുപ്പിൽ പോറൽ വീഴിച്ചു കൊണ്ട് ആദ്യത്തെ പ്രഹരം പാഞ്ഞു പോയി ….കൃത്യ സമയത്ത് നെഞ്ച് കുനിച്ചത് കൊണ്ട് മാത്രം ആയിരുന്നു അത് വലിയ മുറിവായി മാറാതിരുന്നത് …….തന്നെ മുറിവേൽപ്പിച്ച കത്തി പിടിച്ച കൈകൾ കണ്ട് ദീപന് ചെറിയ വിഷമം തോന്നി ……മുംബൈയിൽ ആയിരുന്നപ്പോൾ മിക്ക ദിവസവും തന്റെ കൂടെ കളി പറഞ്ഞു കിടന്നുറങ്ങിയവൻ ….ദീപേട്ടാ എന്നല്ലാതെ വിളിക്കുകയേ ഇല്ലായിരുന്നു ……. അല്ലെങ്കിലും കൊലപാതകികൾക്കും പീഡിപ്പിക്കുന്നവർക്കും ബന്ധങ്ങൾക്ക് എന്ത്‌ വില ….!!…..

അവനെ അവർ ആക്രമിച്ചു തുടങ്ങിയത് കണ്ടു കൊണ്ട് ദേവസിയും ശേഷനും അവരവരുടെ കാറിൽ കയറി …… “””” തീർത്തിട്ട് ഗെസ്റ്റ് ഹൗസിലേക്ക് എടുത്തോ …..വഴി ഉണ്ടാക്കാം …….”””” അത്രയും പറഞ്ഞിട്ട് ഓഡി കാറിൽ അയാൾ മടങ്ങി ……പുറകെ ദേവസ്സിയും …….. “””” ഡാ …..കൂടെപ്പിറപ്പിനെ പോലെ അല്ലായിരുന്നോ ഡാ പിള്ളേരെ നിങ്ങളെ ഞാൻ കണ്ടത് …..എന്നിട്ടും ……””” ഇടുപ്പിലെ ചോര പൊടിഞ്ഞതിൽ തൊട്ട് മുറിവിന്റെ ആഴം അളന്നിട്ട് കുത്തിയവനെ നോക്കി ദീപൻ ചോദിച്ചു ……. ””””

ഒരു കൊട്ടേഷൻ കിട്ടിയാൽ മറ്റൊന്നും നോക്കരുത് , അല്ലെങ്കിൽ നമ്മൾ ആ കൊട്ടേഷൻ അറിഞ്ഞത് കൊണ്ട് അടുത്ത ഇര നമ്മളാവുമെന്ന് പറയാറുള്ളത് ദീപേട്ടനല്ലേ ……എനിക്ക് ജീവിക്കണം ദീപേട്ടാ …….”””” ദീപന്റെ മുഖത്ത് നോക്കിത്തന്നെ അയാൾ പറഞ്ഞു …… രക്ഷപെടാൻ സാധ്യത വളരെ കുറവാണെന്നറിഞ്ഞിട്ടും ദീപന്റെ കൈകൾ അരയിൽ തിരുകിയ കഠാര വലിച്ചെടുത്തു ……അപ്പോഴേക്കും ദീപന്റെ ഇടത്തേ കയ്യിലേക്ക് നീളത്തിൽ കത്തി മറ്റൊരുത്തന്റെ പോക്കറ്റ് കത്തി തുളഞ്ഞു കയറിയിരുന്നു ……..  — തുടരും….. © തമസാ ലക്ഷ്മി ….

💔 മൊഴിയിടറാതെ 💔 : ഭാഗം 25

-

-

-

-

-