Sunday, December 22, 2024
GULFHEALTH

കുരങ്ങുപനി പടരുന്നു; യുഎയില്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി

ദുബായ്: കൂടുതൽ പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ യുഎഇയിൽ ക്വാറൻറൈൻ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം 3 പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് യു.എ.ഇ സുരക്ഷാ, പ്രതിരോധ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. കുരങ്ങുപനി ഉൾപ്പെടെയുള്ള വൈറസുകൾ എളുപ്പത്തിൽ കണ്ടെത്താൻ പരിശോധനാ സംവിധാനങ്ങൾ വിപുലീകരിച്ച് രോഗവ്യാപനം തടയാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സമ്പർക്ക രോഗികൾക്ക് 21 ദിവസത്തെ ക്വാറൻറൈൻ നിർബന്ധമാണ്. രോഗബാധിതർക്കും ഇവരുമായി സമ്പർക്കം പുലർത്തിയവർക്കും ഐസൊലേഷൻ, ക്വാറൻറൈൻ സൗകര്യങ്ങളും ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗം ബാധിച്ചവർ പൂർണ്ണമായും സുഖം പ്രാപിക്കുന്നതുവരെ ആശുപത്രിയിൽ തുടരേണ്ടിവരും. കുരങ്ങുമായി സമ്പർക്കം പുലർത്തിയവർ കുറഞ്ഞത് 21 ദിവസമെങ്കിലും ഹോം ക്വാറൻറൈനിൽ കഴിയണം. സമ്പർക്കം പുലർത്തിയവർ ഹോം ഐസൊലേഷൻ നിബന്ധനകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇവരുടെ ആരോഗ്യനില ആരോഗ്യ വകുപ്പ് അധികൃതർ നന്നായി നിരീക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു. യു.എ.ഇ.യിലെ ആദ്യ കേസ് പശ്ചിമാഫ്രിക്കയിൽ നിന്നുള്ള 29 കാരനിൽ നിന്നാണ്. ഈ മാസം 24 നാണ് കുരങ്ങുപനിയുടെ ആദ്യ കേസ് കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.