Friday, January 17, 2025
Novel

മിഴിനിറയാതെ : ഭാഗം 7

എഴുത്തുകാരി: റിൻസി പ്രിൻസ്

വൈകുന്നേരം ദത്തൻ പോയി കഴിഞ്ഞപ്പോഴാണ് സ്വാതിക്ക് സമാധാനമായത്. ജോലികളൊക്കെ തീർത്ത് അവൾ വേണിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.ഇന്നത്തെ നോട്ട് എഴുതി എടുക്കാൻ ഉള്ള ബുക്കുകളും കയ്യിലെടുത്തു. വൈകുന്നേരത്തെ ചായ കുടിക്കും പിന്നെ കുറച്ച് സ്ഥലം കാണലും വേണ്ടി ഇറങ്ങിയതായിരുന്നു ആദി . അപ്പോഴാണ് ഗോപാലേട്ടൻ്റെ കടയിലേക്ക് പലഹാരങ്ങളും പാലും കൊണ്ടൂ കൊടുക്കുന്ന സ്വാതിയെ അവൻ കണ്ടത് . “സാറേ പുറകിൽ നിന്നുള്ള വിളി കേട്ട് ആദി അങ്ങോട്ട് നോക്കി. നോക്കിയപ്പോൾ ബാലനാണ് “ആ ബാലൻ ചേട്ടൻ ആയിരുന്നോ?

“ചായ കുടിക്കാൻ ഇറങ്ങിയതാണോ സാറേ “അതേ ചേട്ടാ “ഞാനും അതിന് ഇറങ്ങിയതാ “ചേട്ടൻറെ വീട്ടിൽ ഭാര്യയും മക്കളും ഒന്നുമില്ലേ “അത് സാറേ ഭാര്യക്ക് ചെറിയൊരു സർക്കാർ ജോലി ഉണ്ട് അവളും പിള്ളേരും അങ്ങ് ഇടുക്കിയിലാ “ആഹാ എന്ത് ജോലിയാ “വലിയ ജോലി ഒന്നും അല്ല സാറേ വില്ലേജ് ഓഫീസിൽ തൂപ്പാ “അതിനെന്താ ബാലൻചേട്ടാ എല്ലാ ജോലിക്കും അതിൻറെ തായ മഹത്വമുണ്ട് “അത് സാർ പറഞ്ഞത് ശരിയാണ് “ഇത് ആ വീട്ടിലെ കുട്ടിയല്ലേ ആ കുട്ടി എന്താ ഇവിടെ സ്വാതിയെ ചൂണ്ടി ആദി ബാലനോട് ചോദിച്ചു

“ഹോ അതിൻറെ കാര്യം വലിയ കഷ്ടമാണ് സാറേ അത് പറയാനാണെങ്കിൽ വലിയൊരു കഥയാ “എന്താ ? ആദി ആകാംക്ഷയോടെ തിരക്കി “എൻറെ സാറേ ആ കൊച്ചിന്റെ അമ്മ അതായിണ് നമ്മുടെ ദേവകിയമ്മയുടെ ഇളയ മോള് സീത ഈ നാട്ടിൽ അവളെ ആഗ്രഹിക്കാത്ത ചെറുപ്പക്കാർ ഉണ്ടായിരുന്നില്ല. അത്രയ്ക്കു സുന്ദരിയായിരുന്നു. നല്ല സ്വഭാവവും. അതിനെ പഠിക്കാൻ എങ്ങോട്ട് കൊണ്ടുവിട്ടു. അവിടെവച്ച് ഒരു ക്രിസ്ത്യാനി ചെറുക്കനും ആയിട്ട് പ്രേമത്തിൽ ആയി. പ്രേമം മൂത്തപ്പോൾ വീട്ടിൽ പറഞ്ഞു.

വീട്ടുകാരെ സമ്മതിക്കാതെ വന്നപ്പോൾ ഒളിച്ചോടിപ്പോയി. കൊൽക്കത്തയിലോ മഹാരാഷ്ട്രയിലോ അവനോടൊപ്പം പോയി താമസിച്ചു വിവാഹം കഴിച്ചിട്ട് ഉണ്ടായിരുന്നില്ലെന്ന് ഒക്കെയാ കേൾക്കണേ അവിടെ വച്ച് ഒരു കാർ ആക്സിഡൻറ് മറ്റോ അയാള് മരിച്ചു.സീത 4 മാസം ഗർഭിണി. പിന്നീട് ദേവകിയമ്മ പോയി കൊണ്ടുവന്ന് ഇവിടെ താമസിപ്പിച്ചു പ്രസവത്തോടെ സീത മരിച്ചുപോയി. പിന്നീട് ഈ കൊച്ച് ഒറ്റക്ക് ആയതുപോലെ ആയി. ഇപ്പൊ അവർക്ക് ജോലിക്ക് ഒരാൾ എന്നേ ഉള്ളൂ. ദേവകിയമ്മയ്ക്ക് മാത്രമേ അതിനെ ഇത്തിരി ഇഷ്ടം ഉള്ളൂ. ഈ പാലു കൊടുപ്പും പലഹാരം വിൽക്കലും ഒക്കെ അതിൻറെ ചെലവുകൾ നടക്കാൻ വേണ്ടിയാ.

ആ വീട്ടിലെ സകല ജോലിയും അതിനെക്കൊണ്ട് ചെയ്പ്പിക്കുന്നത് എന്നിട്ട് അതിനെ ആഹാരം പോലും കൊടുക്കില്ല എന്ന് നാട്ടുകാർ പറയണേ എന്ത് ചെയ്യാനാ ഓരോ മനുഷ്യ ജന്മങ്ങളുടെ വിധി അപ്പനും അമ്മയും ചെയ്ത തെറ്റിന് അനുഭവിക്കുന്നത് മുഴുവൻ ആ കൊച്ചാ സാർ ഇപ്പോ താമസിക്കുന്ന മുറി പോലും സീതയുടെ അച്ഛൻ അവൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ആരുടെയും സഹായമില്ലാതെ അവൾക്ക് കൊച്ചിനെ കൊണ്ട് താമസിക്കാൻ . “ഭയങ്കര കഷ്ടം ആണല്ലോ ആദി പറഞ്ഞു “എന്തുചെയ്യാനാ സാറേ ഓരോരുത്തർക്ക് ഓരോ വിധിയുണ്ട് അത് തമ്പുരാൻ കല്പിക്കുന്നത് ആണ് പെട്ടെന്ന് ആദിയുടെ ഫോൺ ബെല്ലടിച്ചു നോക്കിയപ്പോൾ പ്രിയ അവൻ കോൾ എടുത്തു

“ഹലോ പ്രിയ “ആദി നീ എത്തിയോ “എത്തി പ്രിയ ഇന്നലെ വൈകിട്ട് “എന്നിട്ട് നീ ഒന്ന് വിളിച്ചു പോലുമില്ലല്ലോ ആദി ഞാൻ എത്ര ടെൻഷനടിച്ചുന്നോ പ്രിയയുടെ വാക്കുകൾ സ്നേഹത്തോടെയുള്ള പരിഭവം നിറഞ്ഞിരുന്നു എന്തോ ആ സംസാരം ആദിക്ക് ഇഷ്ടമായില്ല “എന്തിനാ ടെൻഷനടിക്കുന്നത് ഞാനെന്താ കൊച്ചുകുട്ടിയാണോ “അത്രയും ദൂരം നീ തന്നെ ഡ്രൈവ് ചെയ്തു പോയതല്ലേ “അതിനെന്താ ആദ്യത്തെ സംഭവം ഒന്നും അല്ലല്ലോ പ്രിയ “ഒക്കെ ഓക്കേ എങ്ങനെയുണ്ട് നാടും ഹോസ്പിറ്റലും ഒക്കെ “എല്ലാം കണ്ടു പരിചയപ്പെട്ടു വരുന്നതേയുള്ളൂ പുറകെ പറയാം ഞാൻ കുറച്ചു തിരക്കിലാണ് പ്രിയ, പിന്നെ വിളിക്കാം

” ഒക്കെ ഫോൺ വെച്ചു കഴിഞ്ഞ് പ്രിയയ്ക്ക് വല്ലാത്ത സങ്കടം തോന്നി എന്തൊക്കെയോ അവനോട് പറയണം എന്നുണ്ടായിരുന്നു പക്ഷെ അവൻ തന്നിൽ നിന്നും അകന്ന് മാറുന്നത് പോലെ ഇല്ല ഇനി ഒരിക്കലും അവനെ തനിക്ക് നഷ്ടപ്പെടുത്താൻ ആവില്ല ആദി പ്രിയയുടെ സ്വന്തമാണ് അവൾ മനസ്സിൽ പറഞ്ഞു . അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മുഴുവൻ ആദി സ്വാതിയെ പറ്റി ആയിരുന്നു ചിന്തിച്ചത്. എന്തിനാണ് താൻ ആ പെൺകുട്ടിയെ പറ്റി ചിന്തിക്കുന്നത് എന്ന് അവൻ പലവട്ടം സ്വന്തം മനസാക്ഷിയോട് ചോദിച്ചു. അവളെ തനിക്ക് അറിയുകപോലുമില്ല ആദ്യമായി കണ്ടതാണ് പക്ഷേ അവളുടെ കഥകൾ തന്നെ നോവിച്ചു എന്നത് സത്യമാണ്.

ഒരുപക്ഷേ അമ്മയുടെ മുഖച്ഛായ ഉള്ളത് കൊണ്ടായിരിക്കാം താൻ അവളെ കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത് ആദി മനസ്സിലോർത്തു . ഓരോന്ന് ചിന്തിച്ചു കൂട്ടി ആദി എപ്പോഴോ ഉറങ്ങി . രാവിലെ ഫോണിൻറെ അലാറം കേട്ടാണ് ആദ്യ ഉണർന്നത് . ഉണർന്ന പാടെ അവൻ ജനൽപ്പാളികൾ തുറന്നു. മഞ്ഞിന്റെ കുളിരുള്ള സുഖമുള്ള ഒരു തണുപ്പ് അവൻറെ ശരീരത്തിലേക്ക് ആവാഹിച്ചു . പുറത്തേക്ക് നോക്കുമ്പോൾ കോടമഞ്ഞ് കയറിക്കിടക്കുന്ന ആകാശം അവന് ഒരു പുതിയ കാഴ്ചയായിരുന്നു . പുറത്ത് മുറ്റം തൂക്കുന്ന സ്വാതിയെ അവൻ കണ്ടു . ഒരുവേള അവളും അറിയാതെ അവിടേക്ക് നോക്കി കണ്ണുകൾ തമ്മിലിടഞ്ഞു ആദി ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു അവൾ തിരിച്ചും .

ആദി വേഗം ബ്രഷ് ചെയ്ത് പാൻറും ബനിയനും ഇട്ട് ജോഗിങിനായി ഇറങ്ങി. പുറത്തേക്ക് നടക്കുന്തോറും മഞ്ഞിനെ കാഠിന്യം കൂടി വരുന്നുണ്ടായിരുന്നു .എങ്കിലും ആ യാത്ര അവൻറെ മനസ്സിൽ ഒരുപാട് കുളിർമ നൽകിയിരുന്നു . തിരിച്ചുവന്ന് ഗോപാലേട്ടൻ കടയിൽ നിന്നും ചൂടുള്ള ഒരു ചായയും കുടിച്ച് വീട്ടിലേക്ക് നടന്നു അപ്പോഴാണ് എതിരെ വരുന്ന സ്വാതിയെ അവൻ കണ്ടത് . “ഹേയ് ഒന്ന് നിൽക്കു അവൻ അവളോടായി പറഞ്ഞു “എന്താ സാറേ അവൾ ചോദിച്ചു “നാളെ മുതൽ അരകുപ്പി പാൽ എനിക്ക് കൂടി തരുമോ “ഞാൻ മുത്തശ്ശിയോട് ചോദിച്ചിട്ട് വൈകിട്ട് പറയാം

“മതി അവൻ പുഞ്ചിരിച്ചു ഹൃദ്യമായ ഒരു പുഞ്ചിരി അവന് സമ്മാനിച്ചു അവൾ നടന്നു “നിൽക്ക് ഞാനും അങ്ങോട്ട് അല്ലേ ആദി വിളിച്ചുപറഞ്ഞു ഒരുവേള എന്ത് വേണമെന്ന് അറിയാതെ അവൾ കുഴങ്ങി പിന്നീട് നിന്നു ആദി അവളിൽ നിന്നും ഒരു അല്പം അകലം ഇട്ട് നടന്നു “താൻ കാലത്ത് എപ്പോ എഴുന്നേൽക്കും മൗനത്തിന് വിരാമമിട്ട് ആദി സംസാരിച്ചു “നാലു മണി ഒക്കെ ആകുമ്പോൾ എഴുന്നേൽക്കും അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു “താൻ എത്രയിലാ പഠിക്കണേ “പ്ലസ്ടുവിന് “ഞാൻ കാണുമ്പോഴൊക്കെ താൻ ജോലിയിൽ ആണല്ലോ വീട്ടിൽ വേറെ ആരും ഒന്നും ചെയ്യില്ലേ “അത് മുത്തശ്ശിക്ക് വയ്യാതെ ഇരിക്കാ വല്യമ്മയ്ക്കും കൈ വയ്യ.

പിന്നെ അമ്മു ചേച്ചി കോളേജിൽ ഒക്കെ പോകുന്നുണ്ട് ഒരുപാട് താമസിച്ചു വരൂ. അതുകൊണ്ട് എല്ലാം ഞാൻ തന്നെ ചെയ്യും . ആരെയും കുറ്റപ്പെടുത്താതെ ഉള്ള അവളുടെ ആ മറുപടി ആദിക്ക് ഒരുപാട് ഇഷ്ടമായി . അതിൽ നിന്നു തന്നെ അവളുടെ സ്വഭാവം അവന് വ്യക്തമായിരുന്നു . “ഞാൻ കുറച്ചു സ്പീഡ് നടന്നോട്ടെ സാറേ കുറെ വീടുകളിൽ പാല് കൊടുക്കാൻ ഉണ്ട് . അവൾ ചോദിച്ചു “ആയിക്കോട്ടെ അവൻ പുഞ്ചിരിയോടെ പറഞ്ഞു അവൾ നടന്നകലുന്നു നോക്കി ആദി നിന്നു. പ്രിയപ്പെട്ട എന്തോന്ന് തന്നിൽ നിന്നും അകന്നു പോകുന്നതായി അവന് തോന്നി .

മുറിയിൽ ചെന്ന് ഫ്രഷായി ആദി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു ഹോസ്പിറ്റലിലേക്ക് ഉള്ള യാത്രയിൽ ആദി കണ്ടിരുന്നു സ്കൂൾ യൂണിഫോം അണിഞ്ഞ് കൂട്ടുകാരോട് സംസാരിച്ച് സ്കൂളിലേക്ക് നടക്കുന്ന സ്വാതിയേ. ഹോസ്പിറ്റലിൽ ചെന്ന് ഇറങ്ങിയ ആദിയെ എല്ലാവരും നോക്കി. ലൈറ്റ് പീച്ച് കളർ ഷർട്ടും ബ്ലൂ ജീൻസും ആയിരുന്നു അവൻറെ വേഷം. ” അയാം ആദിത്യൻ വർമ്മ . അവൻ സ്വയം പരിചയപ്പെടുത്തി “ഞാൻ നഴ്സിങ് സൂപ്രണ്ട് വിമല വിമല സിസ്റ്റർ പരിചയപ്പെടുത്തി “വേറെ ഡോക്ടേർസ് ആരുമില്ലേ? ആദി ചോദിച്ചു “ഒരാൾ കൂടെ ഉണ്ടായിരുന്നു സാർ, ഡോക്ടർ ഹബീബ്. അദ്ദേഹം വീട്ടിൽ പോയിരിക്കുകയാണ്.

മലപ്പുറം, ഡ്യൂട്ടി ഡോക്ടേർസ് രണ്ടു പേരെ ഇവിടെ ഉണ്ടാകാറുള്ളു ” മമ് എങ്ങനെയാണ് കൺസൾട്ടിങ് ടൈം “രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആണ് ഒരു ഡോക്ടർ സാധാരണ ഇരിക്കാറ് . അത് കഴിഞ്ഞ് അടുത്ത ഡോക്ടർ 2 മണി മുതൽ വൈകിട്ട് 8 മണി വരെ. ഇപ്പോൾ ഹബീബ് ഡോക്ടർ ഇല്ലാത്തതുകൊണ്ട് സാർ ഒരു മൂന്നുമണിവരെ ഇരുന്നാൽ മതി .ഇവിടെ പിന്നെങ്ങനെ എമർജൻസി കേസുകൾ ഒന്നും വരാറില്ല. അതെല്ലാം പത്തനംതിട്ട ഹോസ്പിറ്റലിലേക്ക് പോകാറുള്ളൂ . ” അതെന്താ….? “നമ്മുടെ ഹോസ്പിറ്റലിൽ എമർജൻസി കേസുകൾക്ക് വേണ്ട സൗകര്യങ്ങൾ ഒന്നുമില്ലല്ലോ.

ഇതൊരു ഹെൽത്ത് സെൻറർ അല്ലേ. ഫസ്റ്റ് എയ്ഡ് കൊടുക്കാറുണ്ട് “ഓക്കേ ഓക്കേ ഡ്യൂട്ടി കഴിഞ്ഞ് ആദി നേരെ വീട്ടിലേക്ക് പോയി , കുളികഴിഞ്ഞ് വന്നപ്പോഴാണ് ഡോറിൽ ഒരു തട്ട് കേട്ടത്, അവൻ പോയി ഡോർ തുറന്നു . മുന്നിൽ ഒരു കുപ്പി പാലുമായി സ്വാതി, സ്കൂൾ യൂണിഫോമിൽ ആണ് വന്നതേയുള്ളൂ എന്ന് കണ്ടാൽ തന്നെ അറിയാം, “സാർ പാൽ പാൽക്കുപ്പി അവനു നേരെ നീട്ടി സ്വാതി പറഞ്ഞു “മുത്തശ്ശി സമ്മതിച്ചോ ആദി പുഞ്ചിരിയോടെ തിരക്കി “അയ്യോ മുത്തശ്ശി സമ്മതിക്കാഞ്ഞ് അല്ല സാറേ വല്യമ്മയോട് ചോദിക്കാതെ ചെയ്താൽ ചിലപ്പോൾ വഴക്ക് പറയും അതുകൊണ്ടാ “എന്നിട്ട് വല്യമ്മ സമ്മതിച്ചോ “സമ്മതിച്ചു, വാടക കാശിന് കൂട്ടത്തിൽ ഇതും കൂടി തന്നാൽ മതി എന്ന് പറഞ്ഞു

“ആയിക്കോട്ടെ ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ പോകാനായി ഇറങ്ങി. ആദി അകത്തേക്ക് ചെന്ന് കെറ്റിലിൽ ചായ വെച്ചു . ചായകുടിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. നോക്കിയപ്പോൾ വിജയ് ആണ് അവൻ കോൾ അറ്റൻഡ് ചെയ്തു , “ഹലോ മച്ചൂ പോയിട്ട് നീ വിളിച്ചില്ലല്ലോ ഫോണെടുത്ത പാടെ വിജയ് പറഞ്ഞു “ഇവിടെയൊന്ന് സെറ്റ് ആയിട്ട് വിളിക്കാമെന്ന് വിചാരിച്ചതാ അളിയാ “എന്നിട്ട് സെറ്റ് ആയോ “ആയി എന്ന് പറയാം “എങ്ങനെയുണ്ട് ആ നാടും സാഹചര്യങ്ങളും ഒക്കെ “എനിക്കിഷ്ടമായി വിജയ് ഈ നാടും നാട്ടുകാരും ഹോസ്പിറ്റലും പിന്നെ ……………….. പിന്നെ…..? വിജയ് ആകാംക്ഷയോടെ ചോദിച്ചു

(തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 6