Sunday, December 22, 2024
Novel

മീനാക്ഷി : ഭാഗം 2

എഴുത്തുകാരി: അപർണ അരവിന്ദ്

അഭിയേട്ടൻ എന്നും എനിക്കേറെ പ്രിയപെട്ടവനായിരുന്നു.. അമ്മായിയുടെ ഏക മകൻ.. എന്റെ കളികൂട്ടുകാരൻ.. മീനുട്ടി എവിടെ പോയാലും കൂടെ അഭിയേട്ടൻ ഉണ്ടാകും.. രാജാവും റാണിയും കളിക്കുമ്പോൾ എന്റെ രാജാവ് എന്നും അഭിയേട്ടനായിരുന്നു..സ്കൂളിൽ പോകാനും, പാടത്തു കളിക്കാൻ പോകാനും, എന്തിന് ഊണിനും ഉറക്കത്തിനും പോലും അഭിയേട്ടൻ കൂടെവേണമായിരുന്നു…എന്റെ കൂടെപ്പിറന്നില്ലെങ്കിലും എപ്പോളും കൂട്ടായ് അഭിയേട്ടൻ ഉണ്ടാകും..

സഹോദര സ്ഥാനത്ത് നിന്ന് അഭിയേട്ടൻ എന്ന് മുതലാണ് അല്പം മാറി സഞ്ചരിക്കാൻ തുടങ്ങിയത്.. ആവോ… അറിയില്ല.. എന്ന് മുതലാണ് അഭിയേട്ടനും മീനുട്ടിയും അല്പം അകന്ന് തുടങ്ങിയത്.. അതും ഓർമ്മയില്ല.. അമ്മായി തറവാട്ടിൽ നിന്ന് വല്യച്ഛന്റെ കൂടെ വാര്യത്തേക്ക് യാത്രയായ ദിവസം ഇന്നും ഓർമയുണ്ട്.. അന്ന് ഞാൻ കരഞ്ഞിരുന്നോ.. ഉണ്ടെന്ന് തോന്നുന്നു.. കാരണം അഭിയേട്ടനെ വിട്ടുനിൽക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. അഭിയേട്ടന്റെ മുഖത്തും വിഷാദചുവ നിറഞ്ഞുനിന്നിരുന്നു.

എന്റെ കൈ പിടിച്ച് യാത്ര പറയുമ്പോൾ അഭിയേട്ടൻ കണ്ണ് നിറച്ചു പറഞ്ഞതെന്തായിരുന്നു… നീയില്ലാതെ ഞാൻ ഇല്ലാ മീനുട്ടി… എനിക്ക് നിന്നെ വേണം.. എന്റേത് മാത്രമായ്.. എട്ടാം ക്ലാസുകാരി പാവാടക്കാരിക്ക് അന്ന് അഭിയേട്ടന്റെ വാക്കുകളുടെ അർത്ഥം മനസിലായില്ലേ..? അതോ അറിയാത്ത ഭാവം നടിച്ചോ.. ഇല്ലാ… ഒന്നും ഓർമയില്ല… മറവിയുടെ ചിതലരിച്ച പുസ്തകത്തിൽ എല്ലാം ഒളിപ്പിച്ചുവെച്ചു.. ആർക്കും ഉത്തരം നൽകാതിരിക്കാൻ എന്നും ചോദ്യങ്ങൾക്ക് മുൻപിൽ കണ്ണടയ്ക്കുകയായിരുന്നു പതിവ്.. പതിവ് തുടരട്ടെ.. എന്തിന് മാറി ചിന്തിക്കണം..

കാലങ്ങൾ ഏറെ കഴിഞ്ഞാണ് അഭിയേട്ടൻ വീണ്ടും ചിത്രോത്തേക്ക് മടങ്ങി വരുന്നത്.. അപ്പോഴേക്കും മീനുട്ടി വലിയ കുട്ടിയായിരുന്നു.. പ്ലസ്ടു പഠിക്കുമ്പോളാണ് അമ്മ വന്ന് എന്നോട് പറഞ്ഞിരുന്നത് അഭിയേട്ടനും അമ്മായിയും തറവാട്ടിൽ എത്തിയിട്ടുണ്ടെന്ന്.. പോയ്‌ കാണണം എന്ന് മനസ്സ് വാശിപിടിക്കുന്നുണ്ടായിരുന്നു.. പക്ഷേ എന്തോ കാലുകൾ മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നില്ല..അഭിയേട്ടൻ എന്നെ മറന്ന് കാണുമോ എന്നൊരു ഭയം എന്നെ വല്ലാതെ പേടിപ്പിച്ചിരുന്നു..

അമ്മയുടെ കൂടെ അവിടേക്ക് പോയ ദിവസം മീരയെ അഭിയേട്ടന്റെ കൂടെ കണ്ടതാണ് എന്നെ ചൊടിപ്പിച്ചത്.. എന്തിനാണ് അമ്മായി മീരയെ കൂടെ കൂട്ടിയത്.. എനിക്ക് നല്ല ദേഷ്യം തോന്നിയിരുന്നു.. മീരയും ഞാനും പണ്ടേ കുറച്ച് ശത്രുതയിലാണ്.. മേനോൻ അമ്മാവന്റെ മകളാണ് മീര.. തീർത്തും അഹങ്കാരി.. കാണാൻ കുറച്ച് സുന്ദരി ആയതിന്റെ എല്ലാ അഹങ്കാരവും അവൾക്കുണ്ട്.. പോരാത്തതിന് മുട്ടോളം നീണ്ട മുടിയും.. പോരെ അഹങ്കാരിക്ക് ഗമ പറയാൻ.. അമ്മ താളിതേച്ചു കോതിമിനുക്കി പിന്നിയിട്ട എന്റെ മുടി നോക്കി അവൾക്കൊരു ചോദ്യമുണ്ട്… എന്താ മീനാക്ഷിയിത് കോഴിവാലോ…

അവളുടെ ഓരോ വർത്താനം കേൾക്കുമ്പോൾ ഒരു ചവിട്ട് കൊടുക്കാൻ പലപ്പോളും തോന്നിയിട്ടുണ്ട്.. അതുകൊണ്ട് തന്നെ അവളെ എനിക്ക് കണ്ണിന് നേരെ കണ്ടുകൂടാ.. എന്റെ സ്ഥാനത്ത് പലപ്പോളും മീരയെ അഭിയേട്ടന്റെ കൂടെ കണ്ടപ്പോൾ ഏട്ടനോട് ദേഷ്യം തോന്നാൻ തുടങ്ങുകയായിരുന്നു.. എന്നിൽ നിന്ന് അഭിയേട്ടൻ അകന്ന് പോകുന്നപോലെ എപ്പോഴും അനുഭവപ്പെട്ടു.. ഇടവപ്പാതിയിലെ ഒരുതണുപ്പൻ പ്രഭാതത്തിൽ അഭിയേട്ടനും മീരയും അമ്മാത്തേക്ക് വന്നപ്പോളാണ് എന്റെ മുഖത്ത് നോക്കി പുച്ഛത്തോടെ അഭിയേട്ടൻ എന്റേതാണെന്ന് മീര പറഞ്ഞത്..

അന്ന് എന്താ പറയേണ്ടതെന്ന് പോലുമറിയാതെ ഞാൻ ആലില പോലെ വിറച്ചു.. അന്ന് എന്തിനാവും ഞാൻ വിഷമിച്ചത്… അഭിയേട്ടനെ ഒരുപക്ഷെ എന്റെ ഹൃദയവും മോഹിച്ചിരുന്നോ.. ആവോ… അതും നിശ്ചയമില്ല… ഒന്നും ഒന്നുമറിയില്ല.. മീനുട്ടി….. മോളെ.. ചിന്തകൾക്കിടയിലാണ് അമ്മയുടെ വിളി…തൊടിയിൽ എന്തോ ജോലിയിലാണ് അമ്മ.. പതിയെ അങ്ങോട്ട് നടന്നു.. തൊടിയുടെ താഴോട്ടിറങ്ങിയാൽ വയലാണ്.. കുറച്ച് അകലെയായി വിശാലമായ കുളിക്കടവും ഞങ്ങളുടെ നീന്തൽ കുളവും.. ഞാൻ നീന്തൽ പഠിച്ചത് ഈ കുളത്തിൽ നിന്നാണ്..

ഓർമ്മകൾ ഒരുപാട് ഈ കുളത്തിന്റെ അകത്തട്ടിൽ പൂണ്ടുകിടക്കുന്നുണ്ട്….നീന്തൽ പഠിത്തത്തിനിടയിൽ പിടിത്തം വിട്ട് കുളത്തിന്റെ അകത്തട്ടിൽ താഴ്ന്നു പോയതും മീനുകൾ മാത്രം താമസമുണ്ടെന്നു ഞാൻ കരുതിയ താഴ്ഭാഗത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ കണ്ണിൽ പതിഞ്ഞതും, കരഞ്ഞുകൊണ്ട് അഭിയേട്ടൻ കൈകളിൽ എന്നെ കോരിയെടുത്തതും, ഇനി മേലാൽ കുളത്തിൽ കണ്ട് പോവരുതെന്നു ശാസിച്ചതും…. അങ്ങനെയങ്ങനെ സുഖമുള്ള ഒരായിരം ഓർമകൾ.. എന്താ മീനു.. മതിയായില്ലേ ഇങ്ങനെ ചിന്തിച്ചുകൂട്ടിയിട്ട്.. ഇനിയെങ്കിലും പഴയതെല്ലാം മറക്ക് മോളെ..

അമ്മ തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞപ്പോളാണ് ചിന്തയിൽ നിന്നുമുണർന്നത് മതിയാക്കി… എല്ലാം മതിയാക്കി.. എനിക്ക് പഴയ പോലെ ചിരിക്കണം.. മനസമാധാനമായി ഒരിക്കലെങ്കിലും ഉറങ്ങണം.. ഒരിക്കലെങ്കിലും.. അമ്മയുടെ തോളിൽ തല ചായ്ച്ചുകൊണ്ട് പതിയെ പറഞ്ഞു. നിന്റെ മനസ്സ് ശാന്തമായ്ക്കോട്ടെ എന്ന് കരുതിയാണ് ഇങ്ങോട്ട് വിളിച്ചത്..ഇതിപ്പോൾ… ഇങ്ങനെയാണെങ്കിൽ ഞാൻ വിളിക്കില്ലായിരുന്നു.. ആരോ നടന്നുവരുന്ന ശബ്‌ദം തെളിഞ് കേൾക്കാമായിരുന്നു.. ഞാൻ പതിയെ തിരിഞ്ഞുനോക്കി ചെറിയമ്മേ…

അങ്ങോട്ടേക്ക് വരാമോ.. അഭിയേട്ടന്റെ ശബ്‌ദം കേട്ടപ്പോൾ എന്തോ മനസ്സിനൊരു സമാധാനംപോലെ തോന്നി.. മോനെ അഭി.. ഇതെന്താ അങ്ങനെയൊരു ചോദ്യം.. മോൻ വരൂ.. എന്താടോ മീനുട്ടി.. നിന്റെ കണ്ണീർ സീരിയൽ ഇനിയും തീർന്നില്ലേ.. ആ മുഖമുയർത്തി ഇനിയെങ്കിലും ഒന്ന് ചിരിക്ക് മീനു.. അഭിയേട്ടന് വേണ്ടി ഞാൻ പതിയെ പുഞ്ചിരിച്ചു.. ഒരു ചത്ത ചിരി… ജീവനില്ലാത്ത, തേജ്ജസ്സില്ലാത്ത ഒരു ആർട്ടിഫിഷ്യൽ ചിരി. നിങ്ങൾ സംസാരിക്ക്, എനിക്ക് കുറച്ച് ജോലികളുണ്ട്.. വീട്ടിൽ കേറി ചായകുടിച്ചിട്ട് പോയ മതിട്ടോ അഭി.. അങ്ങോട്ട് വന്നേയ്ക്കണേ..

അമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ട് വീട്ടിലേക്ക് നടന്നു.. ഞാൻ കുളത്തിലേക്കുള്ള പടികളിൽ പോയിരുന്നു, പതിയെ കാല് കുളത്തിലേക്ക് താഴ്ത്തി വെച്ചു.. ചെറുമീനുകൾ കാലിന് ചുറ്റും ഇക്കിളികൂട്ടുന്നുണ്ടായിരുന്നു.. നിന്നോട് ഈവഴി വന്നേക്കരുതെന്ന് ഞാൻ പറഞ്ഞതോർക്കുന്നുണ്ടോ മീനു.. അഭിയേട്ടൻ ചിരിച്ചുകൊണ്ട് ചോദിച്ചു.. ഞാനും ചിരിച്ചുകൊണ്ട് തലയാട്ടി.. ആ കാലം മതിയായിരുന്നു അഭിയേട്ടാ.. ഒന്നും ചിന്തിക്കാതെ ഓരോ ദിവസത്തിന്റെയും മാധുര്യം ആവോളം നുകർന്ന് ആകുലതകളില്ലാതെ, ആഗ്രഹങ്ങളില്ലാതെ… ആവേശത്തോടെ മീനു…

ഞാൻ ഇന്നലെയും പറഞ്ഞു.. ഫിലോസഫി നിനക്ക് ചേരില്ല പെണ്ണെ.. എനിക്ക് ഈ മീനുവിനെ ഇഷ്ടമേയല്ല.. ഞാൻ പതിയെ ചിരിച്ചു.. ഏത് മീനുവിനെയാണ് അഭിയേട്ടൻ ഇഷ്ടപെട്ടത്.. യഥാർത്ഥത്തിൽ അഭിയേട്ടൻ മീനുവിനെ ഇഷ്ടപ്പെട്ടിരുന്നോ… ഏയ് മീനു…ഏയ് ആ…. താൻ ഇതേത് ലോകത്താണ് മീനു.. ഞാൻ… അത് എന്താ ഇനി പരുപാടി… നിശാന്ത്… നിശാന്ത് പിന്നെ വിളിച്ചിരുന്നോ… ചെറിയ പിണക്കം വല്ലതുമാണെങ്കിൽ ഞാൻ നിങ്ങളെ ഒന്നാക്കാൻ ശ്രെമിക്കാം ട്ടോ.. ചെറിയ പിണക്കങ്ങൾ….. ഹം…. പണ്ട് അഭിയേട്ടനോട് പിണങ്ങിയ പോലെ നിസ്സാരമായ പിണക്കങ്ങളൊന്നുമല്ല അഭിയേട്ടാ…

പിണക്കത്തിന്റെ കാരണം ഒരു പെണ്ണിനും മറ്റൊരാളുടെ മുഖത്ത് നോക്കി പറയാൻ കഴിയില്ല.. അത്രയ്ക്കും അറപ്പ് തോന്നുന്നു എനിക്ക്.. മീനു.. വേണ്ട.. ഓർക്കാൻ ഇഷ്ടപെടുന്നില്ലെങ്കിൽ… വേണ്ടാ.. ഒന്നുമോർക്കേണ്ട ഇഷ്ടമില്ല അഭിയേട്ട…. ഒരിക്കലും ഇഷ്ടമല്ല.. ഡോക്ടർ ആയിട്ടുകൂടി പെൺകുട്ടികളെ ക്രൂരമായ് റേപ്പ് ചെയുന്ന അയാളെ ഓർക്കുന്നത് കൂടി എനിക്കിഷ്ടമല്ല മീനു… സത്യം.. അയാൾക് ഒരുപാട് സ്ത്രീകളുമായ് ബന്ധമുണ്ടായിരുന്നു.. അതിന്റെ പല തെളിവുകളും ലഭിച്ചപ്പോളാണ് ഞാൻ വീടുവിട്ടിറങ്ങിയത്. ഒരുപക്ഷെ ഇനിയുമവിടെ തുടർന്നിരുന്നെങ്കിൽ എന്റെ ശരീരവും അയാൾ ഇഞ്ചിഞ്ചായി……. ശേ…. എന്തൊക്കെയാണ് ഞാൻ കേൾക്കുന്നത്… ഇത്രയും കാലം നീ എന്തിനാ സഹിച്ചത് മീനു..

നീ അയാളെ ആദ്യമേ ശ്രെദ്ധിക്കണമായിരുന്നു.. ഞാൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്.. ഡിവോഴ്സ് നോട്ടീസ് ആൾറെഡി അയച്ചിട്ടുണ്ട്.. എന്ത് ചെയ്യാൻ കഴിയുമെന്ന് ഞാനും നോക്കട്ടെ… എന്റെ കൈയിൽ ഒരുപാട് തെളിവുകളുണ്ട്.. ഹം… ഞാൻ കൂടെയുണ്ടാകും എന്ത് സഹായത്തിനും.. ഞാൻ പതിയെ പുഞ്ചിരിച്ചു.. അഭിയേട്ടാ.. എന്താ മീനു.. എന്താ ഇങ്ങനെ ഒറ്റയ്ക്ക്… ഇനിയെങ്കിലും കൂട്ടിന് ഒരാൾ.. … അതൊക്കെ ഞാൻ അവസാനിപ്പിച്ച മാറ്ററാണ്.. നീ വേറെയെന്തെങ്കിലും ചോദിക്ക്.. എനിക്ക് ഇതാണ് അറിയേണ്ടത്.. പ്രായം കൂടിവരികയാണ്..

അമ്മായിയെകൊണ്ട് ഇനി ഒറ്റയ്ക്ക് കഴിയുകയുമില്ല.. ഇനിയെങ്കിലും…. അഭിയേട്ടൻ പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റ് വയലിലേക്ക് നടന്നു.. പിറകെ ഞാനും.. അഭിയേട്ടാ… പറയൂ… എന്താ കാര്യം.. അപ്പോൾ നീയോ മീനു… ഞാൻ… എന്റെ യോഗം കഴിഞ്ഞു.. നെറ്റിയിൽ കുങ്കുമം ചാർത്തി, കഴുത്തിൽ താലിയണിഞ്ഞു… കല്യാണവും കഴിഞ്ഞു… എല്ലാം എല്ലാം പെട്ടന്ന് തന്നെ അവസാനിക്കുകയും ചെയ്തു.. നീയും ചെറുപ്പമല്ലേ മീനു.. ചെറിയമ്മയ്ക്ക് നിന്റെ കാര്യത്തിൽ നല്ല ആധിയുണ്ട്.. അതൊക്കെ ശരിയാക്കാമെന്നെ… അമ്മയുടെ സമാധാനത്തിനു വേണ്ടി ഒരു കല്യാണം കഴിച്ച് എന്റെ ഉള്ള സമാധാനം കൂടെ പോയി കിട്ടി..

ഇനി ഒരു പരീക്ഷണത്തിന് വയ്യ.. തല്ക്കാലം ഇങ്ങനെ നിൽക്കട്ടെ.. വഴിയേ ആലോചിക്കാം.. ആയിക്കോട്ടെ… ഞാൻ കാത്തിരിക്കാം.. എന്താ.. അതല്ല.. ഞാൻ തന്റെ കല്യാണം കൂടാൻ കാത്തിരിക്കാമെന്ന്.. അതിനു അഭിയേട്ടനെ കല്യാണം കൂടാൻ വിളിച്ചെങ്കിലല്ലേ.. ഇനി നീ ഒന്ന് കേട്ടുന്നെങ്കിൽ ആ പന്തലിൽ ഈ അഭിഷേക് ഉറപ്പായും ഉണ്ടാകും.. അഭിയേട്ടൻ ഗൗരവത്തിൽ എന്റെ കണ്ണിൽ നോക്കി സംസാരിക്കുമ്പോൾ ഒന്നും മനസിലാകാതെ ഞാൻ വായും പൊളിച്ചു നിന്നു. വയൽ കരയിലൂടെ പതിയെ വീട്ടിലേക്ക് നടക്കുമ്പോളും അഭിയേട്ടന്റെ ചുണ്ടിൽ പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു.

പഴയ ഓർമയിലാണ് വയലിലൂടെത്തന്നെ നടന്ന് തുടങ്ങിയത്.. പക്ഷെ ഇപ്പോൾ വഴിപോലുമില്ലാതെ മുഴുവൻ ചളി നിറഞ്ഞിരുന്നു.. വെള്ളം ഒഴുകുന്ന ചാലിന് കുറുകെ പതിയെ ചാടിയതായിരുന്നു.. ചളിയിൽ വഴുതി പുറകോട്ട് മറഞ്ഞു… ഭാഗ്യത്തിന് അഭിയേട്ടൻ തൊട്ടുപുറകിലുള്ളത് കൊണ്ട് അദ്ദേഹം കൈകളിൽ താങ്ങി പിടിച്ചു.. സാരി വെള്ളത്തിൽ നനഞ്ഞു കുതിർന്നിരുന്നു.. അഭിയേട്ടന്റെ കൈകളിലെ തണുപ്പ് എനിക്ക് നന്നായി മനസിലാകുന്നുണ്ടായിരുന്നു..

എങ്ങനെയോ നിലത്ത് കാലുറപ്പിച്ചു.. കാല് ഉളുക്കിയിട്ടുണ്ടെന്ന് തോന്നുന്നു.. നടക്കാൻ നല്ല പ്രയാസമുണ്ട്.. പതിയെ പതിയെ നടന്നു തുടങ്ങി. എന്താടോ തനിക്ക് നടക്കാൻ പറ്റുന്നില്ലേ.. ഹം.. ചെറിയ വേദന.. ഞാൻ എടുത്തോണ്ട് പോണോ.. പണ്ട് സ്കൂളിലേക്ക് കൊണ്ടുപോകുന്ന പോലെ.. അന്നത്തെ നാലുവയസുകാരി മീനുട്ടിയല്ല.. ഇപ്പൊ ആള് വലുതായി മോനെ അഭിഷേകേ.. എന്നാൽ അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം.. ഒന്ന് ചിന്തിക്കാനുള്ള സമയം പോലും നൽകാതെ അഭിയേട്ടൻ എന്നെ എടുത്ത് പൊക്കി..

നിലത്ത് നിർത്താൻ കുറെ പറഞ്ഞിട്ടും ആൾക്ക് മൈൻഡ് ഇല്ല.. എന്നെ എടുത്ത് പിടിച്ച് വയലോരത്തുകൂടെ തലയുയർത്തി നടക്കാൻ തുടങ്ങി.. ഒരുനിമിഷം ഞാനാ കുഞ്ഞു മീനുട്ടിയായ് മാറുകയായിരുന്നു.. ദൂരെ ആകാശം ചുവന്നിരുന്നു.. കൂട്ടത്തോടെ പറവകൾ ഇണയുടെ അരികിലേക്ക് പറന്നണയുന്നുണ്ടായിരുന്നു.. ചുവന്ന മാനത്ത് പെണ്ണിന്റെ നെറ്റിയിലെ സിന്ദൂരമെന്നപ്പോൽ സൂര്യൻ മുങ്ങികുളിച്ച് നിന്നിരുന്നു.. അകലെ ആർക്കോവേണ്ടി രാക്കിളികൾ പാടിതുടങ്ങിയിരുന്നു

തുടരും

മീനാക്ഷി : ഭാഗം 1