Sunday, December 22, 2024
GULFLATEST NEWS

അബുദാബി വഴിയുള്ള വിമാനയാത്രയ്ക്ക് ഇനി മാസ്‌ക് നിര്‍ബന്ധമില്ല

അബുദാബി: അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍. എന്നാൽ വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കൊവിഡ് പ്രതിരോധ നടപടിയായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

വിമാനത്തിൽ മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് വിമാനക്കമ്പനികളാണ്. യു.എ.ഇ ആസ്ഥാനമായുള്ള ചില വിമാനക്കമ്പനികൾ ഇതിനകം തന്നെ വിമാനങ്ങളിലെ യാത്രക്കാർക്ക് മാസ്ക് നിർബന്ധമല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ, ഇന്തോനേഷ്യ,ചൈന,ജപ്പാന്‍,മാലിദ്വീപ്,ഫിലിപ്പൈന്‍സ്,ദക്ഷിണ കൊറിയ,കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നിലവിൽ യുഎഇയുടെ കോവിഡ്-19 പ്രതിരോധ ചട്ടങ്ങളിൽ അടുത്തിടെ പ്രഖ്യാപിച്ച ഇളവുകൾ അനുസരിച്ച് രാജ്യത്തെ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ല.  സാംസ്കാരിക പരിപാടികൾ നടക്കുന്ന അബുദാബിയിലെ വേദികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, വിനോദ മേഖലകൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചു.