Friday, April 19, 2024
GULFLATEST NEWSSPORTS

ട്വന്റി20 ലോകകപ്പിൽ യുഎഇയെ മലയാളി നയിക്കും

Spread the love

അബുദാബി: ഈ വർഷത്തെ ടി20 ലോകകപ്പിൽ മലയാളി താരം സി.പി റിസ്‍വാൻ യുഎഇ ടീമിനെ നയിക്കും. കണ്ണൂർ തലശേരി സൈദാർപള്ളി സ്വദേശിയായ ഈ യുവതാരം അടുത്ത മാസം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് ക്യാപ്റ്റന്‍റെ തൊപ്പി അണിയും. ഇതാദ്യമായാണ് ഒരു മലയാളി താരം ലോകകപ്പിന്‍റെ ക്യാപ്റ്റനാകുന്നത്. മലയാളി താരങ്ങളായ ബേസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഷ്ണു സുകുമാരനെ റിസർവ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സീനിയർ താരം രോഹൻ മുസ്തഫയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല. ലോകകപ്പിന് മുന്നോടിയായി ഈ മാസം 25 മുതൽ ബംഗ്ലാദേശിനെതിരെ രണ്ട് ടി20 മത്സരങ്ങളാണ് യുഎഇ കളിക്കുക.

Thank you for reading this post, don't forget to subscribe!

ദുബായിൽ നടന്ന ഏഷ്യാ കപ്പ് 2022 യോഗ്യതാ മത്സരങ്ങളിലും റിസ്‍വാൻ റൗഫ് യു.എ.ഇയെ നയിച്ചിരുന്നു. ഒക്ടോബർ 14ന് ആരംഭിക്കുന്ന ലോകകപ്പിന്‍റെ പ്രാഥമിക റൗണ്ടിലാണ് യു.എ.ഇ ആദ്യം കളിക്കുക. ഗ്രൂപ്പ് എയിൽ ശ്രീലങ്ക, നെതർലാൻഡ്സ്, നമീബിയ എന്നീ ടീമുകൾ യുഎഇയുമായി ഏറ്റുമുട്ടും. മൽസരത്തിന് യോഗ്യത നേടിയത് യുഎഇ ക്രിക്കറ്റിന് പുതിയൊരു നാഴികകല്ലാണ് എമിറേറ്റ്സ് ക്രിക്കറ്റ് സെക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. തയ്ബ് കമാലി പറഞ്ഞു. ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കട്ടേ എന്നും അദ്ദേഹം ആശംസിച്ചു.

കുടുംബത്തോടൊപ്പം യു.എ.ഇയിൽ താമസിക്കുന്ന റിസ്‍വാൻ അബ്ദുൾ റൗഫിന്‍റെയും നസ്രീൻ റൗഫിന്‍റെയും മകനാണ്. 2019 നേപ്പാളിനെതിരെയാണു രാജ്യാന്തര ഏക ദിനത്തിൽ അരങ്ങേറിയത്. ഇതേ പരമ്പരയിൽ ട്വന്റി 20യിലും അരങ്ങേറ്റം കുറിച്ചു. 29 ഏകദിനങ്ങളിൽ 736 റൺസാണ് ഇതുവരെയുള്ള സമ്പാദ്യം. 7 ട്വന്റി 20 മത്സരങ്ങളിൽ 100 റൺസും സമ്പാദിച്ചു.