LATEST NEWS

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലഭിച്ച 65 ലക്ഷം ‘യഥാര്‍ത്ഥ അവകാശിക്ക്’ കൈമാറി മലയാളി

Pinterest LinkedIn Tumblr
Spread the love

അജ്‍മാന്‍: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവ് 300,000 ദിർഹം (ഏകദേശം 65 ലക്ഷം രൂപ) സമ്മാനം ‘യഥാർത്ഥ അവകാശിക്ക്’ കൈമാറി മാതൃകയായി. കഴിഞ്ഞ ജൂലൈ 25ന് നടന്ന ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ കോഴിക്കോട് കോട്ടപ്പള്ളി സ്വദേശി ഇബ്രാഹിമിന്‍റെ മകൻ ഫയാസ് 300,000 ദിർഹം നേടിയിരുന്നു. എന്നാൽ, ഒരു സ്വദേശി വനിത നൽകിയ പണം ഉപയോഗിച്ചാണ് ഫയാസ് ടിക്കറ്റ് വാങ്ങിയത്.

ഫയാസിന്‍റെ ഒരു ബന്ധുവിനൊപ്പം ജോലി ചെയ്യുന്ന സ്വദേശി വനിത ഇടയ്‍ക്ക് ഫയാസിനോട് തനിക്കും ടിക്കറ്റ് വാങ്ങാൻ ആവശ്യപ്പെടുമായിരുന്നു. ജൂലൈയിൽ, സമാനമായി, മൂന്ന് ടിക്കറ്റുകൾ വാങ്ങാൻ അവർ ഫയാസിന്‍റെ ബന്ധു വഴി പണം നൽകിയിരുന്നു. സ്വന്തം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വന്തം പേരിലാണ് ഫയാസ് ടിക്കറ്റ് വാങ്ങിയത്. ജൂലൈ മാസത്തിലെ പ്രധാന നറുക്കെടുപ്പിന് പുറമേ, എല്ലാ ആഴ്ചയും ടിക്കറ്റ് വാങ്ങിയവരെ ഉൾപ്പെടുത്തി ബിഗ് ടിക്കറ്റ് പ്രത്യേക പ്രതിവാര നറുക്കെടുപ്പും നടത്തിയിരുന്നു. ജൂലൈ 25ന് നടന്ന പ്രതിവാര നറുക്കെടുപ്പിൽ ഫയാസിന് 300,000 ദിർഹം (65 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ലഭിച്ചിരുന്നു. 

സമ്മാനത്തെക്കുറിച്ച് അറിയിച്ച് ബിഗ് ടിക്കറ്റിൽ നിന്ന് ഒരു ഫോൺ കോൾ വന്നപ്പോൾ ഞെട്ടിയ ഫയാസ്, പണം തന്‍റേതല്ലെന്ന് മനസിലാക്കുകയും ടിക്കറ്റ് വാങ്ങാൻ പണം നൽകിയ സ്വദേശി വനിതയെ ഉടൻ തന്നെ വിവരമറിയിക്കുകയും ചെയ്തു. സെപ്റ്റംബർ 14ന് സമ്മാനത്തുക ലഭിക്കുന്നതിനാവശ്യമായ എല്ലാ രേഖകളും സമർപ്പിച്ച ശേഷം ബിഗ് ടിക്കറ്റ് അധികൃതർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫയാസിന്‍റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു. ഫയാസ് ഉടൻ തന്നെ സമ്മാനത്തുക യഥാർത്ഥ ഉടമയ്ക്ക് കൈമാറി.

Comments are closed.