Wednesday, January 22, 2025
Novel

മകരക്കൊയ്ത്ത്‌ : ഭാഗം 2

എഴുത്തുകാരൻ: സജി തൈപ്പറമ്പ്

നിങ്ങളൊന്ന് പുറത്തേയ്ക്കിറങ്ങുമോ? എനിക്ക് ഡ്രസ്സ് മാറണം ആറ്റിലെ കടവിൽ പോയി മുങ്ങിക്കുളിച്ചിട്ട്, ഈറൻ മാറാൻ, ബെഡ് റൂമിലേക്ക് കയറി വന്ന നീലിമ, സുധാകരനോട് പറഞ്ഞു. അതിന് ഞാനെന്തിനാ പുറത്തിറങ്ങുന്നത്, ഞാൻ നിൻ്റെ ഭർത്താവല്ലേ? അത് മറ്റുള്ളവരുടെ മുന്നിൽ, എൻ്റെയുള്ളിൽ നിങ്ങൾക്ക് ഞാൻ അങ്ങനെയൊരു സ്ഥാനം തന്നിട്ടില്ല ഇത്രയും അയിത്തം കാണിക്കാൻ ഞാനത്രയ്ക്ക് കൊള്ളരുതാത്തവനാണോ? നിങ്ങളെ കൊള്ളില്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ?

പക്ഷേ എനിക്ക് നിങ്ങളെ അംഗീകരിക്കാൻ കഴിയുന്നില്ല ,അത്ര തന്നെ അതെത്ര നാൾ ?എത്ര നാളിങ്ങനെ നമ്മൾ ഒരു മുറിയിൽ പരസ്പര ബന്ധമില്ലാതെ കഴിഞ്ഞ് കൂടും, നിനക്കെന്നെ ബോധിക്കാനായി ഞാനെന്താ നിനക്ക് ചെയ്ത് തരേണ്ടത് ,നിനക്ക് ഫാനില്ലാതെ ഉറങ്ങാൻ കഴിയില്ലെന്ന് പറഞ്ഞത് കൊണ്ടല്ലേ?എൻ്റെ അലർജിയെ വകവയ്ക്കാതെ, ഞാനീ മുറിയിൽ ഫാൻ ഫിറ്റ് ചെയ്ത് തന്നത് ,നിനക്ക് കുളിക്കാൻ ചന്ദനമണമുള്ള സോപ്പും, മുഖത്ത് പൂശാൻ ടാൽക്കം പൗഡറും, കണ്ണെഴുതാൻ കരിമഷിയുമൊമൊക്കെ ഞാൻ വാങ്ങിക്കോണ്ട് തന്നില്ലേ?

കവലയിലെ കൊട്ടകയിൽ ,പുതിയ പടമോടുന്നുണ്ടെന്നും, അവിടെ കൊണ്ട് പോകാമെന്നും ഞാൻ പറഞ്ഞില്ലേ?ഇനിയെന്താ നിനക്ക് ഞാൻ ചെയ്ത് തരേണ്ടത്, പറയു,എന്നോടല്പം സ്നേഹത്തോടെ പെരുമാറാൻ, നീ പറയുന്നതെന്തും ഞാൻ ചെയ്ത് തരാം എങ്കിൽ ,നിങ്ങളെന്നെ എൻ്റെ വീട്ടിൽ കൊണ്ട് വിടൂ, ഇവിടെ നില്ക്കുന്നതിനെക്കാൾ എനിക്കതാണ് സന്തോഷം അതിന് മറുപടിയൊന്നും പറയാതെ സുധാകരൻ വേദനയോടെ പുറത്തേയ്ക്കിറങ്ങി പോയി.

ദിവസങ്ങൾ കഴിഞ്ഞു ഒരു ദിവസം കടവിലെ വഞ്ചിയിൽ നിന്നും വൈക്കോൽ കെട്ടുകൾ ചുമന്ന്, കാലിത്തൊഴുത്തിന് അടുത്തുള്ള ഷെഡ്ഡിലേക്ക് കൊണ്ട് വന്ന് നിറയ്ക്കുമ്പോൾ നീലിമ സുധാകരനടുത്തേയ്ക്ക് കഞ്ഞിവെള്ളവുമായി വന്നു ദാ വെള്ളം കുടിക്ക് ,കുറെ നേരമായി വെയില് കൊള്ളുവല്ലേ? പതിവില്ലാതെ തനിക്ക് ദാഹം തീർക്കാൻ വെള്ളവുമായി ഭാര്യ വന്നപ്പോൾ, സുധാകരന് സന്തോഷത്തെക്കാൾ അത്ഭുതമാണ് തോന്നിയത് നാളെയാണ്, പൂർണ്ണിമേച്ചീടെ നാത്തൂൻ്റെ കല്യാണം ,

കല്യാണ പെണ്ണിന് എന്തേലും വാങ്ങി കൊടുക്കണ്ടെ? ഗിഫ്റ്റ് വാങ്ങാനുള്ള പൈസ തന്നാൽ കൊള്ളാമായിരുന്നു ങ്ഹാ ഞാനതങ്ങ് മറന്നിരിക്കുകയായിരുന്നു, സാരമില്ല, നാളെ നമുക്ക് പോകുന്ന വഴി കവലേന്ന് എന്തേലും വാങ്ങാം അല്ലാ.. അതിന് നിങ്ങള് വരണമെന്നില്ല, കല്യാണത്തിന് ഞാൻ അമ്മയുമായി പൊയ്ക്കൊള്ളാം, ആരെങ്കിലും ചോദിക്കുവാണെങ്കിൽ നിങ്ങൾക്ക് കണ്ടത്തിൽ പണിക്കാര് നില്ക്കുന്നത് കൊണ്ട് വരാൻ പറ്റിയില്ലെന്ന് പറയാം നീലിമ തന്നെ മന:പ്പൂർവ്വം ഒഴിവാക്കുകയാണെന്ന് അയാൾക്ക് മനസ്സിലായി. തൻ്റെ മുഖത്ത് തെളിഞ്ഞ മ്ളാനത, നീലിമ കാണാതിരിക്കാനായി ,

തോളിൽ കിടന്ന തുവർത്ത് കൊണ്ട്, സുധാകരൻ മുഖത്തെ വിയർപ്പ് കണങ്ങൾ അമർത്തിത്തുടച്ചു. മടിക്കുത്തിൽ നിന്നും അയാൾ എടുത്ത് കൊടുത്ത നോട്ടുകളുമായി, യാതൊരു മന:സ്ഥാപവുമില്ലാതെ, നീലിമ തിരിഞ്ഞ് അകത്തേയ്ക്ക് പോയി. പിറ്റേന്ന് പശുവിനെ കുളിപ്പിച്ച് കൊണ്ട് നില്ക്കുമ്പോൾ, അമ്മയും നീലിമയും കല്യാണത്തിന് പോകാനായി, വീട്ടിൽ നിന്നിറങ്ങുന്നത് സുധാകരൻ കണ്ടു. ഇളം നീല നിറത്തിലുള്ള പട്ട് സാരിയുടുത്ത്, സ്വർണ്ണാഭരണങ്ങളണിഞ്ഞ്, മുല്ലപ്പൂ ചൂടി നടന്ന് വരുന്ന നീലിമയെ, സുധാകരൻ കൊതിയോടെ നോക്കി നിന്നു. ഡാ ഞങ്ങളിറങ്ങുവാ,

മേശപ്പുറത്ത് പഴങ്കഞ്ഞിയെടുത്ത് വച്ചിട്ടുണ്ട് ,നീ അകത്തേയ്ക്ക് കയറുമ്പോൾ, തൊടീന്ന് രണ്ട് പച്ചമുളക് കൂടി പറിച്ചെടുത്തോ അമ്മയത് പറഞ്ഞെങ്കിലും, പിന്നാലെ വരുന്ന നീലിമ ,തന്നോട് യാത്ര ചോദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സുധാകരന്, നിരാശയായിരുന്നു ഫലം തൻ്റെ മുഖത്തേയ്ക്കൊന്ന് നോക്കുക പോലും ചെയ്യാതെ, അമ്മയെ അനുഗമിച്ചവൾ നടന്ന് പോയപ്പോൾ, ഇടനെഞ്ചിലൊരു സങ്കട പ്രാവ് കുറുകുന്നതയാളറിഞ്ഞു. ആറിനക്കരെയുള്ള ദേവീക്ഷേത്രത്തിലെ കല്യാണ മണ്ഡപത്തിൽ വച്ചായിരുന്നു വിവാഹം.

നമുക്കിന്ന് സദ്യ കിട്ടുമോ? എന്തൊരു തിരക്കാണവിടെ? കടത്തിറങ്ങി ചെളിയുണങ്ങിയ ഇടവഴിയിലൂടെ നടന്ന് ചെല്ലുമ്പോൾ, ദൂരെ നിന്നേ, തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ കണ്ട്, ശാരദ സംശയത്തോടെ മരുമകളോട് ചോദിച്ചു. അമ്മ വേഗം നടന്ന് വാ ,താലികെട്ട് കഴിഞ്ഞാൽ ഫസ്റ്റ് പന്തിക്ക് തന്നെ നമുക്ക് കയറി ഇരിക്കാം ധൃതിയിൽ അമ്മയുടെ കൈ പിടിച്ച് ഓഡിറ്റോറിയത്തിൻ്റെ മുറ്റത്തേക്ക് കടക്കുമ്പോൾ, മുന്നിലേക്ക് ഒരു രാജ് ദൂത് ബൈക്ക് വന്ന് നിന്നതും ,അതിൻ്റെ പിന്നിൽ നിന്ന് തൻ്റെ കോളേജ് മേറ്റായിരുന്ന സന്ധ്യ ,ഗമയോടെ ഇറങ്ങി വരുന്നതും കണ്ടപ്പോൾ, നീലിമയുടെയുള്ളിൽ നേരിയ കുശുമ്പ് തോന്നി.

ഡീ നീലിമേ.. നീ നടന്നാണോ വന്നത്, ഞാനും സുധിയോട് പറഞ്ഞതാണ് , പാടവരമ്പിലൂടെ കാറ്റും കൊണ്ട് നടന്ന് വന്നാൽ മതിയെന്ന്, അപ്പോൾ എന്നോട് ചോദിക്കുവാ, നിന്നെ വെയിലത്ത് നടത്തിക്കാനാണോ ഞാൻ സ്വന്തമായി ബൈക്ക് വാങ്ങി വീട്ടിൽ വച്ചിരിക്കുന്നതെന്ന് ,വല്ലാത്തൊരു കെയറിങ്ങാടീ ഈ മനുഷ്യൻ, ഓഹ് സോറി, ഞാൻ നിന്നെ സുധിക്ക് പരിചയപ്പെടുത്തിയില്ലല്ലോ? സുധീ ..ഇതാണെൻ്റെ കൂടെ കോളേജിലുണ്ടായിരുന്ന നീലിമ, അക്കരയിലാ ഇവളെ കെട്ടിച്ചിരിക്കുന്നത് ഹലോ… ഐ ആം സുധി ,നൈസ് റ്റു മീറ്റ് യു ജയൻ്റെ സ്റ്റൈലിൽ,

കറുത്ത കൂളിങ് ഗ്ളാസ് വച്ച്, ബൈക്കിൽ നിന്നും വലത് കാൽ ഉയർത്തി നിലത്ത് ചവിട്ടി, മസില് പിടിച്ച് തൻ്റെ മുന്നിലേക്ക് വന്ന് ഷെയ്ക്ക് ഹാൻറ് തരാൻ ഒരുങ്ങിയ സുധിയുടെ നേരെ, നീലിമ കൈകൂപ്പി. ഓഹ് നീയിപ്പോഴും തനി നാട്ടിൻ പുറത്ത്കാരി തന്നെ ,സുധിയ്ക്ക് ജോലി ടൗണിലായത് കൊണ്ട് ആളിത്തിരി മോഡേണാണ് അല്ലാ …. സുധീന്ദ്രനാഥനെന്നല്ലായിരുന്നോ പുള്ളീടെ പേര്, കല്യാണം ക്ഷണിക്കാൻ വന്നപ്പോൾ നീയെന്നോട് അങ്ങനെയല്ലേ പറഞ്ഞിരുന്നത്? നീലിമ ,കൂട്ടുകാരിയോട് അടക്കത്തിൽ ചോദിച്ചു.

ങ്ഹാ സർട്ടിഫിക്കറ്റിലൊക്കെ അങ്ങനാ, പക്ഷേ അടുപ്പമുള്ളവരൊക്കെ സുധീന്നാ വിളിക്കുന്നത് , എനിക്കുമതാണിഷ്ടം, മറ്റേ പേരൊക്കെ പഴഞ്ചനല്ലേടി? ഉം അത് ശരിയാ ,നിൻ്റെ ഭർത്താവിൻ്റെ പേര് മാത്രമല്ലേ പഴഞ്ചനായിട്ടുള്ളു, എനിക്കാണെങ്കിൽ പേരും ആളും പഴഞ്ചനാണ് ,എന്നവൾ മനസ്സിൽ പറഞ്ഞു. മോളേ … താലികെട്ട് കഴിഞ്ഞെന്ന് തോന്നുന്നു, ബാ നമുക്ക് പന്തിയിലോട്ട് കയറിയിരിക്കാം ശാരദ ധൃതിവച്ചു. നിങ്ങള്കയറുന്നില്ലേ സന്ധ്യേ? ഹേയ്, ഞങ്ങള് സദ്യ കഴിക്കാനൊന്നും നില്ക്കില്ല,

ഗിഫ്റ്റ് കൊടുത്തിട്ട് ഞങ്ങളുടനെ തിരിച്ച് പോകും , ടൗണിലെ തീയറ്ററിൽ മാറ്റിനി കാണാൻ പോകണം ,പോകുന്ന വഴി, ബിസ്മി ഹോട്ടലീന്ന് ,സുധി, ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞിരിക്കുവാ കൂട്ടുകാരി പറഞ്ഞത് കേട്ട് നീലിമയ്ക്കവളോട്, അസൂയ മൂത്തു. സന്ധ്യ എത്ര ഭാഗ്യവതിയാ, പാൻ്റ്സിനുള്ളിൽ ഷർട്ട് ഇൻസേർട്ട് ചെയ്യുന്ന, ഷൂ ധരിക്കുന്ന ,കൂളിംഗ് ഗ്ളാസ്സ് വയ്ക്കുന്ന, ഇംഗ്ളീഷ് സംസാരിക്കുന്ന നല്ല പരിഷ്കാരിയായ ചെറുപ്പക്കാരനെയാണ്, അവൾക്ക് ഭർത്താവായി കിട്ടിയത്, അത് മാത്രമോ?

സ്വന്തമായി ബൈക്കുള്ളത് കൊണ്ട്, എവിടെ വേണമെങ്കിലും അവൾക്ക് ഭർത്താവിൻ്റെയൊപ്പം ചുറ്റിക്കറങ്ങാം, ഇങ്ങനെയൊരു ജീവിതമാണ് ,താനും സ്വപ്നം കണ്ട് നടന്നത്, എന്നിട്ട് തൻ്റെ മാതാപിതാക്കൾ ,പുറം ലോകം കണ്ടിട്ടില്ലാത്ത ഒരുത്തനെയാണല്ലോ, തൻ്റെ തലയിൽ കെട്ടിവച്ച് തന്നതെന്ന് ഓർത്തപ്പോൾ, നീലിമയ്ക്ക് തൻ്റെ അച്ഛനോടും അമ്മയോടും വൈരാഗ്യം തോന്നി. ഉന്തും തള്ളും സഹിച്ച് ആദ്യ പന്തിയിൽ തന്നെ ശാരദയും മരുമകളും സ്ഥാനം പിടിച്ചു. അല്ലാ .. ശാരദേ.. ഇത് സുധാകരൻ്റെ കെട്ട്യോളല്ലേ?

ഇവൾക്ക് വിശേഷമൊന്നുമായില്ലേ? തൂശനിലയിൽ ആവി പറക്കുന്ന പുഞ്ചയരി ചോറ്, സാമ്പാറ് കൂട്ടി കുഴച്ച് വായിലേക്ക് വയ്ക്കുമ്പോഴാണ്, അമ്മായിയമ്മയോട് ആരോ തൻ്റെ വിശേഷം ചോദിക്കുന്നത് കേട്ട്, നീലിമ മുഖമുയർത്തി നോക്കിയത്. ഓഹ് ഇല്ലെടീ മേരിക്കുട്ടീ … ,ഇപ്പോഴത്തെ പിള്ളേർക്ക് കല്യാണം കഴിഞ്ഞാലുടനെ പെറുന്നത് വലിയ കുറച്ചിലല്യോ ,എന്നാലും ഞാനിവളോട് പറയാനിരിക്കുവായിരുന്നു, ഇനിയും വെച്ച് താമസിപ്പിക്കേണ്ടെന്ന്, കുട്ടികളുണ്ടെങ്കിലേ, പൊരേലൊരു അനക്കമുണ്ടാവു ,സുഷമേടെ പിള്ളേര് വല്ലപ്പോഴും വരുമ്പോഴാ, അവിടെയൊരു ഒച്ചയനക്കമുണ്ടാകുന്നത്,

അവൾക്കെപ്പോഴും തറവാട്ടിൽ വന്ന് നിക്കാൻ പറ്റുമോ ? അത് നേരാ ശാരദ പറഞ്ഞത്, കേട്ടോടീ കൊച്ചേ.. ഞങ്ങടെയൊക്കെ മംഗലം കഴിഞ്ഞതിന് ശേഷം, പെറാനേ നേരമുണ്ടായിരുന്നുള്ളു ,ഈ നാട്ടിൽ ശാരദ മാത്രമേ രണ്ട് പെറ്റിട്ടുള്ളു, അതവളുടെ കെട്ട്യോൻ നേരത്തെ ചത്ത് പോയത് കൊണ്ടാ ,നിൻ്റെയീ പ്രായത്തിൽ, ഞാൻ മൂന്നെണ്ണത്തിനെ പെറ്റ് കഴിഞ്ഞ്, നാലാമത്തെ വയറ്റിലൊണ്ടായിരുന്നു, നിനക്ക് വേറെ കൊഴപ്പമൊന്നുമില്ലല്ലോ അല്ലേ?

അവരൊരു നാക്കിനെല്ലില്ലാത്ത സത്രീയാണെന്ന് നീലിമയ്ക്ക് തോന്നി, എങ്കിലും അവരുടെ ചോദ്യത്തിന് ഉത്തരം നല്കാതിരിക്കാൻ ,അവൾക്ക് കഴിഞ്ഞില്ല എനിക്ക് കുഴപ്പമൊന്നുമില്ല , അമ്മ പറഞ്ഞത് പോലെ, ഞങ്ങള് തല്ക്കാലം വേണ്ടെന്ന് വച്ചിരിക്കുവാ അവരുടെ സംശയത്തിന് തല്ക്കാലം അയവ് വന്നെങ്കിലും, നാളുകൾ കഴിയുന്തോറും, വിശേഷം ചോദിക്കുന്നവരുടെ എണ്ണം കൂടി വന്നപ്പോൾ, ഗത്യന്തരമില്ലാതെ സുധാകരന് മുന്നിൽ, നീലിമയ്ക്ക് വിധേയത്വം പുലർത്തേണ്ടി വന്നു.

തുടരും.

മകരക്കൊയ്ത്ത്‌ : ഭാഗം 1