Friday, April 26, 2024
HEALTHLATEST NEWS

കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം; പ്രവേശനം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി

Spread the love

പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കമ്മിഷന്‍റെ അംഗീകാരം ലഭിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവിടെ പ്രവേശനം ഈ വർഷം തന്നെ ആരംഭിക്കും. 100 എംബിബിഎസ് സീറ്റുകളാണ് അനുവദിച്ചത്. അതേസമയം, മന്ത്രി വീണാ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തും.

Thank you for reading this post, don't forget to subscribe!

കോന്നി മെഡിക്കൽ കോളേജിനെ മറ്റ് പ്രധാന മെഡിക്കൽ കോളേജുകളെ പോലെ ആക്കാൻ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സജ്ജമാക്കും. ലേബർ റൂമും ബ്ലഡ് ബാങ്കും യാഥാർത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എംആർഐ, കാത്ത് ലാബ്, ന്യൂറോളജി സേവനങ്ങൾ, ഐസിയു, ഡയാലിസിസ് യൂണിറ്റുകൾ, കാർഡിയോളജി, കാർഡിയോ-തൊറാസി എന്നിവയും ലക്ഷ്യമിടുന്നു. നിലവിൽ കോന്നി മെഡിക്കൽ കോളേജിൽ ഒപി, ഐപി, അത്യാഹിത വിഭാഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. അക്കാദമിക് ബ്ലോക്ക് പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു.

എന്നാൽ കോന്നി മെഡിക്കൽ കോളേജ് ഇപ്പോഴും ശൈശവ ദശയിലാണ്. 2013 ലാണ് കോന്നി മെഡിക്കൽ കോളേജിന്‍റെ നിർമ്മാണം ആരംഭിച്ചത്. 36 മാസത്തിനകം പണി പൂർത്തിയാക്കി അഡ്മിഷൻ നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ പത്ത് വർഷത്തോളമെടുത്താണ് ഈ ലക്ഷ്യം പൂർത്തിയാകുന്നത്. 2020 സെപ്റ്റംബർ 14 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമർപ്പിച്ചത്. ഒ.പി മുതൽ മേജർ ഓപ്പറേഷൻ തിയേറ്റർ വരെ ഉടൻ സ്ഥാപിക്കുമെന്ന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും ഒപി അല്ലാതെ മറ്റ് ചികിത്സാ സൗകര്യങ്ങളില്ല. അത്യാഹിത വിഭാഗം പേരിന് മാത്രമുള്ളതാണ്. കിടത്തി ചികിത്സ ആരംഭിച്ചെങ്കിലും അനുബന്ധ പരിശോധനാ സൗകര്യമില്ലാത്തതിനാൽ ആളുകൾ എത്തുന്നില്ല. 394 ജീവനക്കാർക്കുള്ള തസ്തിക സൃഷ്ടിച്ചു. എന്നാൽ നിയമനം നൽകിയത് 258 പേർക്ക്. ശസ്ത്രക്രിയ സൗകര്യങ്ങൾ ഇല്ല. പലപ്പോഴും ഫാർമസിയിൽ അത്യാവശ്യ മരുന്നുകളുടെ കുറവും ഉണ്ട്.