കവചം 🔥: ഭാഗം 33
രചന: നിഹ
” ഹലോ മോളേ …” ദേവകി ഫോൺ ചെവിയോട് ചേർത്തു. ” അമ്മ മരുന്ന് കഴിച്ചോ ..? വേദനയൊക്കെ കുറവുണ്ടോ….?” ആതിരയും നാരായണിയും അവരുടെ സുഖ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ” അമ്മയോട് മോൾ എന്തെങ്കിലും കാര്യം മറച്ചുവയ്ക്കുന്നുണ്ടോ…? ” പെട്ടെന്നുള്ള നാരായണിയുടെ ചോദ്യം കേട്ടതും ആതിരയുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. താൻ പറയരുതെന്ന് പറഞ്ഞിട്ടും ഗൗരി എല്ലാവരോടും എല്ലാം പറഞ്ഞോയെന്ന് ആതിരയ്ക്ക് സംശയമായി. അവരുടെ ചോദ്യത്തിന് എന്താ പറയണ്ടെന്ന് അവൾക്ക് സംശയമായി.
ആതിരയുടെ മറുപടിക്കായി നാരായണി ചെവിയോർത്തു. ” എന്തു കാര്യമാ അമ്മേ….”? മനസ്സിന്റെ ഉള്ളിൽ പേടി തോന്നിയെങ്കിലും അത് പുറത്ത് കാട്ടാതെ ഒന്നുമറിയാത്ത രീതിയിൽ ആതിര ചോദിച്ചു. ” ഞാൻ ഗൗരി മോളുടെ കാര്യമാ ചോദിച്ചത്…?” ” ഗൗരിക്ക് എന്താ പറ്റിയേ..?” ഗൗരിയുടെ കാര്യം കേട്ടതും എടുത്ത പടിയെ ആതിര ചോദിച്ചു. ഗൗരിയുടെ കാര്യം ആതിരയ്ക്കും അറിയില്ലെന്ന് തോന്നിയ നാരായണി അവളോട് സങ്കടങ്ങൾ പറയാൻ തുടങ്ങി. ” ഗൗരി മോൾക്ക് വല്ലാത്തൊരു മാറ്റം. നമ്മുടെ പഴയ ഗൗരിയെ പോലെയല്ല അവൾ ഇപ്പോൾ പെരുമാറുന്നത്..?”
നാരായണിയമ്മ പറയുന്നത് കേട്ടപ്പോൾ ആതിരയ്ക്ക് പരിഭ്രമമായി . അവൾക്ക് എന്തെങ്കിലും സംഭവിച്ചോയെന്ന് ആതിര പേടിച്ചു. ” പണ്ട് വാ തോരാതെ സംസാരിച്ച് പുറകെ നടന്ന കുട്ടിയാണ്… ഇപ്പോൾ മിണ്ടാട്ടമില്ല.. വന്നപ്പോൾ മുതൽ ആരോടും മിണ്ടാതെ മുറിയിൽ കയറി ഇരിക്കാൻ തുടങ്ങിയതാ.. കാര്യമായിട്ട് ആലോചനയിലാണ് എപ്പോഴും…” മകളുടെ അവസ്ഥയിൽ നാരായണി അമ്മയ്ക്ക് നല്ല സങ്കടം ഉണ്ടായിരുന്നു. അവരുടെ സംസാരത്തിൽ നിന്നും ആർക്കും അത് വ്യക്തമാകുന്നതാണ്. ” ഇവിടെ നിന്ന് പോരാൻ അവൾക്ക് നല്ല സങ്കടം ഉണ്ടായിരുന്നു .
അതായിരിക്കും അമ്മേ …കുറച്ചു മുന്നേ കൂടി അവൾ എന്നെ വിളിച്ചതാ….” ഗൗരിയെ നേരിട്ട് കാണാൻ ആ നിമിഷം അവൾക്ക് തോന്നി. ” എന്താന്നറിയില്ല മോളെ.. അവൾക്ക് കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്.. എന്തൊക്കെയോ പറയാൻ വന്നു. പക്ഷേ ആലോചിച്ചിട്ട് അവൾ തിരിച്ചുപോയി..” മനയിലെ കാര്യമാണ് അവൾ പറയാൻ ചെന്നതെന്ന് മനസ്സിലാക്കാൻ ആതിരയ്ക്ക് അധികസമയം ആവശ്യമായി വന്നില്ല. ” ഗൗരിക്ക് വല്ല പ്രണയമോ മറ്റോ ഉണ്ടോയെന്ന് എനിക്കൊരു സംശയം അവള് വല്ലോം നിന്നോട് പറഞ്ഞോ..” തെല്ലൊരു ആധിയോട് കൂടിയാണ് നാരായണി അത് ചോദിച്ചത്. ” ഇല്ല അമ്മേ .. അവൾക്ക് അങ്ങനെയൊന്നും ഇല്ല .
ഗൗരിക്ക് പ്രണയം ഉണ്ടായിരുന്നുവെങ്കിൽ അവൾ എന്നോട് പറഞ്ഞേനെ..അവൾക്ക് പ്രണയമില്ല..അമ്മ അങ്ങനെയൊന്നും ചിന്തിക്കേണ്ട…” ആതിരയുടെ മറുപടി കേട്ടപ്പോൾ നാരായണിക്ക് സമാധാനമായി. ആര്യയുടെയും സംശയം മാറി. കാരണം ഗൗരിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ആദ്യം ആതിരയോടാകും പറയുകയെന്ന് രണ്ടാൾക്കും നല്ലതുപോലെ അറിയാം. ” ഇവിടെ നിന്നും അങ്ങോട്ടേക്ക് വന്നതിൻ്റെ സങ്കടമാ അവൾക്ക് അത് പതിയെ മാറിക്കോളും..” ആതിര വീണ്ടും ഓരോന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ച് കൊണ്ടിരുന്നു. 🥀🥀✨✨🥀🥀✨✨🥀🥀✨✨🥀🥀
വൈകുന്നേരം കഴിഞ്ഞതോടെ തിറയാട്ടത്തിന്റെ പരിപാടികളെല്ലാം അവർ ചെയ്തിരുന്നു. പണ്ട് തിറയാട്ടം കണ്ട ഓർമ്മയാണ് അവർക്ക് രണ്ടാൾക്കും ഉള്ളത്. ഡൽഹിയിൽ പോയി വന്നതിൽ പിന്നെ ഇത്തരം കാര്യങ്ങളിൽ ഒന്നും അവർ പങ്കെടുക്കാറില്ലായിരുന്നു. കുളി കഴിഞ്ഞ് പച്ച കരയുള്ള സെറ്റ് സാരിയാണ് ആതിര ഉടുത്തത്. മുടിയിൽ ഒരു തുളസി കതിരും വച്ചിരുന്നു. കാവിലേയ്ക്ക് പോകാൻ അവരുടെ കൂടെ രാമനും ദേവകിയും ഉണ്ടായിരുന്നു. ചെണ്ടക്കാരും തിറയാട്ടം അവതരിപ്പിക്കാനുള്ള ആളും കാണികളായി കുറച്ച് പേരും മനയിലേയ്ക്ക് എത്തിയിരുന്നു. ഗുരു സ്വാമിയുടെ ശിഷ്യന്മാർ കാവിൽ പോയി അനുഷ്ഠാനത്തിനുള്ള സജ്ജീകരണങ്ങൾ ചെയ്തിരുന്നു. ”
എന്നാൽ നമ്മുക്ക് ഇറങ്ങിയാലോ..” ചെണ്ടക്കാരിൽ ഒരാൾ ചോദിച്ചു. ” ഗുരുസ്വാമി ….” ” അദ്ദേഹം മറ്റെന്നാൾ പൂജകർമ്മങ്ങൾക്ക് മാത്രമേ വരൂ… ” ദേവകിയുടെ സംശയത്തിന് അയാൾ മറുപടി പറഞ്ഞു. നേരം ഇരുട്ടി തുടങ്ങിയതും അവരെല്ലാവരും കാവിലേയ്ക്ക് പോകാനായി ഇറങ്ങി. ഗുരുസ്വാമി ജപിച്ചു കൊടുത്ത രക്ഷ അവരുടെ കൈകളിൽ ഉണ്ടായിരുന്നു. അതാണ് അവരുടെ ധൈര്യവും … മുറ്റത്ത് നിൽക്കുന്ന മുത്തശ്ശി മാവിന്റെ വലത് ഭാഗത്തുള്ള ഇടവഴിയിലൂടെ അവർ മുന്നോട്ട് നടന്നു. എല്ലാവർക്കും ഉള്ളിൽ ഭയമുണ്ടായിരുന്നു. തനിച്ചല്ല ഒരു കൂട്ടം ആളുകൾ കൂടയുണ്ടെന്ന ബലത്തിലാണ് അവരുടെ നടുപ്പും ..
ഇരുട്ടിന്റെ ആധിപത്യം അധികരിച്ച് വന്നതും പ്രകൃതിയിലും അതിന്റെ മാറ്റങ്ങൾ കണ്ടുതുടങ്ങി. പേടിയോടെ ആ മാറ്റങ്ങൾ കണ്ടു നിൽക്കുക എന്നതല്ലാതെ കൂടുതൽ ഒന്നും ചെയ്യാൻ ആർക്കും കഴിവില്ലായിരുന്നു. പണ്ട് കീഴേ കാവിൽ വന്നിട്ടുണ്ടെന്ന് അല്ലാതെ കുറെ വർഷങ്ങളായി ആരും അങ്ങോട്ടേക്ക് പോകാറില്ലായിരുന്നു . രാമനും ദേവകിയും ഒഴികെ.. കാട്ടു മരങ്ങൾ പൂത്ത മണം കാറ്റിലൂടെ വ്യാപിച്ചു. അതിന്റെ ഇടയിലൂടെ ഇടയ്ക്കിടെ ചത്തു ചീഞ്ഞ ഗന്ധങ്ങളും ഒഴുകി നടന്നു. പാലപ്പൂക്കളുടെ ഗന്ധവും രൂക്ഷമായിരുന്നു . രാത്രി തന്റെ പൂർണ്ണ അധിപത്യം സ്ഥാപിക്കാനുള്ള തിരയോട്ടത്തിൽ പൂർണ്ണമായും വെളിച്ചത്തെ മറച്ചിരുന്നു.
വെളിച്ചത്തിനായി പന്തം കത്തിച്ച് അവർ മുന്നോട്ട് നടന്നു. പടുകൂറ്റൻ വൃക്ഷങ്ങളുടെ ഇടയിലൂടെ കടവാതിലുകൾ കടിപിടി കൂടെ പാറി നടന്നു. അതിന്റെ ശബ്ദം അവരുടെ ഹൃദയ താളം കൂട്ടുന്നതായിരുന്നു. ഇരുഭാഗത്തുമായി തിങ്ങി നിൽക്കുന്ന മരങ്ങൾ , അവയുടെ ശിഖരങ്ങളിൽ സ്ഥാനം പിടിച്ച് ഉച്ചത്തിൽ മൂളുകയും കൂവുകയും ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന കാട്ടുപ്പക്ഷികൾ അവരുടെ ഉള്ളിൽ ഭയത്തിന്റെ തിരയിളക്കം സൃഷ്ടിച്ചു. ഇനി മുന്നോട്ട് എന്ത് സംഭവിക്കുമെന്നറിയാതെ പേടിയോടെ അവർ മുന്നോട്ട് നടന്നതും പുറകിലൂടെ ഒരു നിഴൽ ഓടി മറഞ്ഞു..… തുടരും….