കവചം 🔥: ഭാഗം 19
രചന: നിഹ
അനന്തേട്ടൻ വേറെ ഒരു വീട് നോക്കുന്നുണ്ട്…അത് റെഡിയായാൽ നാളെ തന്നെ ഇവിടെ നിന്നും പോകും …” ” പോകാൻ കഴിയില്ല മോളേ…” സങ്കടത്തോടെ ദേവകി അത് പറഞ്ഞപ്പോൾ ആതിരയുടെ പുഞ്ചിരി മായുന്നുണ്ടായിരുന്നൂ. ഒരു ഞെട്ടലോടെ ആതിര ദേവകിയെ നോക്കി നിന്നു. അങ്ങനെ പോകാൻ കഴിയില്ല എല്ലാത്തിനും ഒരു പരിഹാരം കാണാതെ …” ആതിരയുടെ അടുത്ത ചോദ്യത്തിന് മുന്നേ ദേവകി പറഞ്ഞു. ആതിരയുടെ മനസ്സിൽ ആശങ്ക വന്നു നിറയാൻ തുടങ്ങി. ” ഈ മന രഹസ്യങ്ങളുടെ ഒരു കലവറയാണ് കുഞ്ഞേ .. നിനക്ക് അറിയാൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.
വന്നപ്പോൾ തന്നെ പോക്കോളൻ പറഞ്ഞേയല്ലേ? ഇനിയിപ്പോൾ അങ്ങനെ തിരിച്ച് മടങ്ങാൻ കഴിയില്ല..” എല്ലാം കേട്ടപ്പോൾ ആതിരയ്ക്ക് സങ്കടവും ദേഷ്യവുമെല്ലാം ഒന്നിച്ചു വന്നു . ” ഏത് നാശം പിടിച്ച നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത് … വന്നപ്പോൾ മുതൽ അനുഭവിക്കാൻ തുടങ്ങിയതാ … ഇനിയിപ്പോൾ എന്താ ഞങ്ങൾ ചെയ്യണ്ടത് …? ” ദേവകി പറയുന്നത് അത്ര നിസ്സാരമല്ലന്ന് അവൾക്ക് അറിയാമായിരുന്നു. ” നമ്മൾ കാണാൻ പോയ ആളെ ചെന്ന് കാണണം . പരിഹാരം ചെയ്യണം അത് കഴിഞ്ഞ് ഭർത്താവിനെയും കുഞ്ഞിനെ കൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോകണം …”
ദേവകി നോക്കിയപ്പോൾ ആതിര ആലോചിച്ചു നിൽക്കുകയാണ് . അവൾ മനസ്സിൽ ചില കണക്കുകൂട്ടൽ നടത്തുകയായിരുന്നു. ” ശാന്തി കിട്ടാതെ അലയുന്ന ഒരു ദുരാത്മാവ് ഇവിടെയുണ്ട് . അവളിൽ നിന്നും രക്ഷപ്പെടുക അത്ര എളുപ്പമല്ല .. ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും ജീവനു തന്നെ ആപത്താണ് . ഇപ്പോഴത്തെ കുട്ടികൾക്ക് ഇതിൽ ഒന്നും ഒരു വിശ്വാസവുമില്ല..പക്ഷേ ഞാൻ പറയുന്നത് അനുസരിക്കുന്നതാണ് നല്ലത് മോളേ… ” അവൾ ആരാണെന്ന് അറിയാൻ ആതിരയ്ക്ക് ആഗ്രഹമുണ്ടായിരുന്നു എങ്കിലും ഒന്നും ചോദിക്കാൻ തോന്നിയില്ല. ദേവകി പറയുന്നതെല്ലാം മനസ്സിൽ കുരുങ്ങി കിടക്കുന്നു.
അത് വീണ്ടും വീണ്ടും ശ്വാസം മുട്ടിക്കുന്നു. ശാന്തി കിട്ടാതെ അലയുന്ന ദുരാത്മാവ്.. ആ വാക്കുകൾ അവളുടെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു. ” പേടിക്കാൻ പറഞ്ഞത് അല്ല .. കരുതിയിരിക്കണം . ഇവിടെ ശാസ്ത്രം പറഞ്ഞോണ്ടിരുന്നിട്ട് കാര്യമില്ല മോളേ .. അതിനപ്പുറം വേറെ ചിലതുണ്ട് .. ” ദേവകി തിരികെ നടന്നു പോയപ്പോഴും ആതിര അവിടെ തന്നെ നിന്നു. അവളുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു. ഒരു നൂറുകൂട്ടം പ്രശ്നങ്ങൾ അവരെ വരിഞ്ഞു മറുക്കുന്ന പോലെ അവൾക്ക് തോന്നി. 🌿🌿🌿🌿♥️♥️🌿🌿🌿🌿♥️♥️🌿🌿🌿
” ആതിരെ … എടീ… നീ എന്താ അവിടെ തനിച്ച് നിൽക്കുന്നത് ? ” മുറ്റത്ത് ആലോചിച്ച് നിൽക്കുന്ന ആതിരയെ കണ്ട് അവൻ ഉറക്കെ ചോദിച്ചുകൊണ്ട് അവളുടെ അടുത്തേയ്ക്ക് ചെന്നു. അവൾ അനന്തനെ കണ്ടെങ്കിലും മറുപടി പറഞ്ഞില്ല . വീണ്ടും ആലോചിച്ചു കൊണ്ടിരുന്നു. ” നമ്മൾ പറഞ്ഞ ആ വീട് അവിടെയുണ്ട്. നമ്മുക്ക് ഇന്ന് തന്നെ പോകാം .. ഇനി ആരെങ്കിലും താമസത്തിന് വരുന്നതിനെ മുന്നേ … ” ” നമ്മുക്ക് ഇവിടെ നിന്നും പോകാൻ കഴിയില്ല അനന്തേട്ടാ …നമ്മൾ ഇവിടെ കുടുങ്ങിപ്പോയി..”
” നീ എന്ത് വട്ടാ ഈ പറയുന്നത് ? നിനക്ക് അല്ലായിരുന്നോ പോകാൻ തിടുക്കം .. ഇപ്പോൾ പോകാൻ പറ്റില്ലെന്ന് പറഞ്ഞാൽ..” ആതിരയുടെ പെട്ടെന്നുള്ള മാറ്റത്തിൽ അനന്തന് അതിശയം തോന്നി. ” ദേവകി ചേച്ചി പറഞ്ഞതാ … നമ്മുക്ക് പെട്ടെന്ന് ഇവിടെ നിന്നും മാറാൻ പറ്റില്ല.. ഇവിടെ ശാന്തി കിട്ടാതെ അലയുന്ന ഒരു ദുരാത്മാവ് ഉണ്ടെന്ന്… നമ്മുക്ക് മനസ്സിലായത് അല്ലേ അത് …? പരിഹാര ക്രിയ ചെയ്യാതെ ഇവിടെ നിന്നും പോകാൻ കഴിയില്ലെന്ന്… അന്ന് കാണാൻ പറ്റാതെ പോയ അദ്ദേഹത്തെ നമ്മുക്ക് കാണാൻ പോകണം ഏട്ടാ…” ആതിര പറഞ്ഞപ്പോൾ അനന്തൻ ഒന്നും നിഷേധിക്കാൻ പോയില്ല.
കൺമുന്നിൽ നടന്ന അനുഭവങ്ങൾ മാറി ചിന്തിക്കാൻ അവനെ പ്രേരിപ്പിച്ചു. തൻ്റെ പ്രിയപ്പെട്ടവരെ ബലികൊടുക്കുന്ന കാര്യം അവന് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല ഗൗരിയെയും കുഞ്ഞിയെയും കാണാതെ വന്നപ്പോൾ അവൻ അനുഭവിച്ച മാനസിക ദുഃഖം അത്ര ചെറുതായിരുന്നില്ല. ” പോകാം ആതീ …. എന്ത് വേണേലും ചെയ്യാം .. ആ കേസ് കൂടി ഒന്ന് തെളിഞ്ഞാൽ പിന്നെ നമ്മുക്ക് ഈ നാട് തന്നെ വിട്ട് പോകാം … ” അനന്തന്റെ മനസ്സിലും ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു . കുറച്ച് നാളുകളായി അവയെല്ലാം തെറ്റിച്ചുകൊണ്ടാണ് ഓരോ സംഭവങ്ങൾ അരങ്ങേറുന്നത്… ”
ഇന്ന് തന്നെ പോയി എന്താണ് ചെയ്യണ്ടതെന്ന് അറിയണം … നമ്മുക്ക് ഒരുപാട് ദിവസം ഇവിടെ നിൽക്കാൻ പറ്റില്ല. ഇന്നലെ തന്നെ കുഞ്ഞിയെ കാണാതെ പോയി . ഇനി ഒരിക്കൽ കൂടി അങ്ങനെ ഒക്കെ സംഭവിച്ചാൽ എൻ്റെ….എൻ്റെ ഹൃദയം നിലച്ചുപോകും ഏട്ടാ … ” ” നീ പോയി റെഡിയായിക്കോ… രാവിലെ തന്നെ പോയേക്കാം … സ്ഥലം നിനക്ക് അറിയാലോ …ഞാനും വരാം …” എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു കൊണ്ട് അനന്തൻ പറഞ്ഞു . അവൻ കൂടെ വരുമെന്ന് അവൾ വിചാരിച്ചിരുന്നതല്ല. അവനെ കൊണ്ട് എങ്ങനെ സമ്മതിപ്പിക്കുമെന്ന ആലോചനയിലായിരുന്നു അവൾ . അതുകൊണ്ട് തന്നെ അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾ സംശയത്തോടെ അവനെ നോക്കി. അവനിലും ചില മാറ്റങ്ങൾ വന്ന് തുടങ്ങിയെന്ന് അവൾക്ക് മനസ്സിലായി. 🌿🌿🌿🌹🌹🌿🌿🌿🌹🌹🌿🌿🌿🌹🌹
അനന്തൻ റെഡിയായി വന്നപ്പോഴേക്കും ആതിര അവനെ കാത്തിരിക്കുകയായിരുന്നു . കുട്ടിയെ ദേവകിയുടെ അടുത്ത് ഏൽപ്പിച്ച് അവർ അമ്പലത്തിലേക്ക് പോയി. കുഞ്ഞി ഏറ്റവും സുരക്ഷിതമായിരിക്കുന്നത് ദേവകിയുടെ കരങ്ങളിലാണെന്ന് അവർക്ക് തോന്നി. കാറിൽ വച്ചും ആതിരയുടെ മുഖം സങ്കടത്താൽ മങ്ങിയിരുന്നു. രണ്ടാളും പരസ്പരം ഒന്നും മിണ്ടിയില്ല … കാർ പാർക്ക് ചെയ്ത് രണ്ടാളും അമ്പലത്തിലേക്ക് പോകാൻ ഇറങ്ങി . ” ഞാൻ അകത്തേയ്ക്ക് വരണോ ..,” മടിയോടെ അനന്തൻ ചോദിച്ചു. ഒരു വർഷത്തോളമായി കാണും അനന്തൻ അമ്പലത്തിൽ പോയിട്ട്….
അമ്മ നാരായണി തികഞ്ഞ ദൈവഭക്തയാണ്. വീട്ടിൽ മറ്റുള്ളവർക്കും ദൈവ വിശ്വാസമുണ്ട് . എന്നാൽ അനന്തൻ ദൈവത്തോട് പരിഭവിച്ച് നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ” വാ ഏട്ടാ… ” ആതിര നിർബന്ധിച്ചു അവനെ കൂട്ടിക്കൊണ്ട് പോയി. രണ്ടാളും തൊഴുതിട്ട് നേരെ പോയത് തിരുമേനിയുടെ അടുത്തേക്കായിരുന്നു. അവർ ചെന്നപ്പോൾ നാലഞ്ചുപ്പേർ അദ്ദേഹത്തെ കാണാൻ കാത്തിരിക്കുന്നുണ്ടായിരുന്നു. ആതിരയും അനന്തനും അവിടെ അവരുടെ അവസരത്തിനായി കാത്തിരുന്നു . അദ്ദേഹം എന്താണ് പറയാൻ പോകുന്നത് ? എന്താണ് പരിഹാരവിധി ?
ആതിരയുടെ മനസ്സിൽ ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചു കൊണ്ടിരുന്നു. ” ഏട്ടാ .. എനിക്കൊരു ടെൻഷൻ … എന്തോ ഭയം തോന്നുന്നു.. ” അടുത്തിരിക്കുന്ന അനന്തന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ആതിര അവനെ നോക്കി. ” കൂൾ ആതു.. നീ നന്നായിട്ട് വിയർക്കുണ്ടല്ലോ … എന്താ എന്തേലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ… ?” നെറ്റിയിലൂടെ ഒഴുകുന്ന വിയർപ്പ് തുള്ളികൾ നോക്കിക്കൊണ്ട് അനന്തൻ ചോദിച്ചു. ” ഇല്ല… പക്ഷേ എന്തോ എനിക്ക് ആകെ ഒരു … അറിയില്ല ഏട്ടാ… ” അപ്പോഴേയ്ക്കും ഒരാൾ ഇറങ്ങി വന്ന് അവരോട് അകത്തേയ്ക്ക് കയറി ചെല്ലാൻ പറഞ്ഞത്. ” വാ ആതീ … നമ്മുക്ക് ചെന്ന് നോക്കാം ..” അനന്തൻ എഴുന്നേറ്റ് നടന്നു , അവനു പുറകെ ആതിരയും ……… തുടരും….