കവചം 🔥: ഭാഗം 16
രചന: നിഹ
ആതിര വേദയെ കണ്ടെത്താൻ കഴിയാത്തത് കൊണ്ട് പൊട്ടിക്കരയാൻ തുടങ്ങി. താൻ കണ്ട ദുസ്വപ്നം ശരിയാണെന്നുള്ള ബോധ്യം ആതിരയുടെ ഹൃദയം തകർത്തു. കുഞ്ഞിൻ്റെ കാര്യം ഓർത്ത് അനന്തനും ഭയം തോന്നി. ” ആതി … വാ നമുക്ക് മോളെ നോക്കാം…” സ്വബോധമില്ലാതെ കരഞ്ഞുകൊണ്ടിരിക്കുന്ന ആതിരയെ വിളിച്ചുകൊണ്ട് അനന്തൻ പുറത്തേക്കിറങ്ങി . “കുഞ്ഞി …. മോളേ…..” ” കുഞ്ഞി ….. ” 💫💫💫💫💫💫💫💫💫💫💫💫💫💫💫💫 ആതിരയും അനന്തനും കുഞ്ഞിനെ ഉറക്കെ വിളിച്ചു. പക്ഷേ കുഞ്ഞിൻ്റെ ശബ്ദം കേൾക്കാൻ ഉണ്ടായിരുന്നില്ല.
“മോളേ കുഞ്ഞി……” പൂർണ്ണ ചന്ദ്രൻ്റെ നിലാ വെളിച്ചം ചുറ്റുമുള്ള കാഴ്ചകൾ വ്യക്തമാക്കി കൊണ്ടിരുന്നു. മുറ്റത്ത് കിടക്കുന്ന കരിയില വരെ കാണാൻ സാധിക്കുന്നു . ” അനന്തേട്ടാ… നമ്മുടെ മോള് ഈ സമയത്ത് ഒറ്റയ്ക്ക് എവിടെ പോകനാ..? അവളെ ആരെങ്കിലും കൊണ്ട്പോയതാണോ… ?” ” ഇല്ല ആതീ … മോള് ഇവിടെ എവിടേലും കാണും… നമ്മുക്ക് നോക്കാം … ” ആതിരയെ സമാധാനിപ്പിക്കാൻ ഉള്ളിലെ ഭയം മറച്ചു കൊണ്ട് പറഞ്ഞു. നിമിഷങ്ങൾ കഴിയുംതോറും രണ്ടാളുടെയും ഉള്ളിൽ അഗ്നി എരിഞ്ഞു തുടങ്ങി. “കുഞ്ഞി …. മോളേ നീ എവിടാ….. “?
മുറ്റവും പരിസരവും അരിച്ചു പെറുക്കിയിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ” അയ്യോ…. എൻ്റെ മോള് …. എൻ്റെ മഹാദേവാ എൻ്റെ കുഞ്ഞിനെ തിരികെ തരണേ … ” ആതിരയുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ” കുഞ്ഞി ഇതെവിടാ…. ?അവള് എങ്ങോട്ട് പോയി… ?മോള് ഒറ്റയ്ക്ക് ഇറങ്ങി പോകുമോ… ? ആതിര വന്നല്ലേ മോളെ എടുത്തോണ്ട് പോയത്… അവൾ അല്ല കുഞ്ഞിനെ കൊണ്ടു പോയെങ്കിൽ പിന്നെ ആരാണ് ആതിരയുടെ രൂപത്തിൽ വന്നത്..? എന്തായാലും ആതിര അല്ല … ”
അനന്തൻ ആലോചിച്ച് നിന്നപ്പോൾ ആതിര എന്തോ ഓർത്തത് പോലെ അവനെ തട്ടി വിളിച്ചു. ” ഏട്ടാ… ഞാൻ ഗൗരിയുടെ മുറിയിൽ ഒന്ന് നോക്കിയിട്ട് വരാം… ഇനി കുഞ്ഞി അവിടെ ഉണ്ടെങ്കിലോ …. ” പ്രത്യാശയുടെ ഒരു ചെറു നാളം അവരുടെ മനസ്സിൽ തെളിഞ്ഞു. ” ഈശ്വരാ കുഞ്ഞ് അവളുടെ മുറിയിൽ തന്നെ ഉണ്ടാകണേ…. ” മനസ്സിൽ അപേക്ഷ രൂപേണ പറഞ്ഞുകൊണ്ട് ആതിര ഗൗരിയുടെ മുറിയിലേക്ക് ഓടി. ചാരിയിട്ട വാതിൽ തള്ളി തുറന്നു കൊണ്ട് വെപ്രാളത്തിൽ ആതിര മുറിയിൽ കയറി .
ശബ്ദം കേട്ട് ഗൗരി പതിയെ കണ്ണു തുറന്നു. ഗൗരിയുടെ മുറിയിൽ കുഞ്ഞില്ലെന്ന് മനസ്സിലായ നിമിഷം ആതിരയുടെ ശരീരത്തിലൂടെ വിറയൽ കടന്നുപോയി. കരഞ്ഞുകൊണ്ട് നിൽക്കുന്ന ആതിരയെ കണ്ടപ്പോൾ കാര്യം മനസ്സിലാകാതെ ഗൗരി ചാടി എഴുന്നേറ്റു. ” എന്താ … ഏടത്തി…? ” ഗൗരി ആതിരയുടെ അടുത്തേയ്ക്ക് ഓടി ചെന്നു. ” പറ … എന്തിനാ കരയുന്നത് … ? ” ” മോളേ… കാണുന്നില്ല ടീ… ” കരച്ചിലിൻ്റെ ഇടയിൽ നേർത്ത ഇടമുറിഞ്ഞ ശബ്ദം പുറത്തേയ്ക്ക് വന്നു .
ങേ…. ആതിരയുടെ വാക്കുകൾ വിശ്വസിക്കാനാവാതെ ഗൗരി ഞെട്ടലോടെ അവളെ നോക്കി. ” ഇവിടെയെല്ലാം നോക്കി ഒരിടത്തുമില്ല…” എന്ത് പറയണമെന്നോ ചെയ്യണമെന്നോ ഗൗരിക്കും അറിയില്ലായിരുന്നു. തനിക്ക് ഉണ്ടായ അനുഭവങ്ങൾ മനസ്സിലൂടെ കടന്നുപോയപ്പോൾ അതിന്റെ തീവ്രതയിൽ ഗൗരിയുടെ കണ്ണുകളും നിറഞ്ഞൊഴുകി. ” കുഞ്ഞി ഇവിടെ ഉണ്ടാകും.. ടെൻഷൻ ആകാതെ നോക്കാം…. വാ … ” ആതിരയും ഗൗരിയും നിരാശയോടെ വീണ്ടും മുറ്റത്തേക്ക് ഇറങ്ങി . ” ആതി….. മോളേ കിട്ടിയോ … “? ആതിരയെ കണ്ടതും അനന്തൻ ഓടി വന്നു.
പക്ഷേ രണ്ടുപേരുടെയും കൈയിൽ കുട്ടിയെ കാണാത്തത് കൊണ്ട് അവന് കാര്യം മനസിലായി. അനന്തനെ കണ്ടതും ആതിര സങ്കടത്തോടെ ഓടി ചെന്ന് കെട്ടിപിടിച്ച് കരയാൻ തുടങ്ങി. അവളെ ചേർത്ത് പിടിക്കുമ്പോൾ അവൻ്റെ കണ്ണുകളും നിറഞ്ഞു . 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 ആരോ തന്നെ കെട്ടിപ്പിടിക്കുന്നത് പോലെ തോന്നിയതും ദേവകി അരികത്ത് തപ്പി നോക്കി. ഒരു കുഞ്ഞി കൈ തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു. ഒരു ഞെട്ടലോടെ ദേവകി എഴുന്നേറ്റിരുന്നു.
ഒരു നിമിഷം എന്തോ ആലോച്ചിരുന്നിട്ട് അവർ വേഗം ലൈറ്റിട്ടു. കട്ടിലിൽ കിടക്കുന്ന വേദയെ കണ്ട് ദേവകി ഞെട്ടിപ്പോയി. ഒന്നും അറിയാതെ പുഞ്ചിരിയോടെ കിടന്നുറങ്ങുന്ന അവളെ കണ്ടതും ദേവകി അവളുടെ അരികിലേയ്ക്ക് ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ച് വാരി പുണർന്നു. അവളുടെ കുഞ്ഞി കവിളിലും മുഖത്തും തുര തുരാ ഉമ്മ വച്ചു . “മീനുട്ടി…. മോളേ…..” കരച്ചിലിൻ്റെ ചീളുകൾ തൊണ്ടയിൽ കുടുങ്ങി ഞെരിഞ്ഞമർന്നപ്പോൾ ഒരു ഗദ്ഗദമായി ആ വിളി പുറത്തേയ്ക്ക് വന്നു .
അപ്പോഴേയ്ക്കും ഉറങ്ങി കിടന്ന വേദയും രാമനും ഉണർന്നിരുന്നു. ദേവകിയുടെ പ്രവർത്തി കണ്ട് രാമൻ പകച്ചു നിന്നു. ആതിരയെ കാണാതെ വേദ പേടിച്ച് കരയാൻ തുടങ്ങി. ” അമ്മടെ മീനൂട്ടി കരയണ്ട … അമ്മ അടുത്തുണ്ട് …… ” വെപ്രാളത്തിൽ ദേവകി കുഞ്ഞിനെ നെഞ്ചോട് ചേർത്തു. ” ദേവകി….. ” രാമേട്ടൻ വിളിച്ചതും ദേവകി ഞെട്ടലോടെ നോക്കി . അയാൾ അടുത്ത് നിൽക്കുന്നത് അപ്പോഴാണ് ദേവകി ശ്രദ്ധിച്ചത് . ” നീ എന്താ ചെയ്യുന്നത് … ? അത് നമ്മുടെ മകൾ അല്ല… ” വേദനയോടെ അയാൾ അത് പറഞ്ഞതും ദേവകി ചാടി കയറി പറഞ്ഞു . ” രാമേട്ടൻ എന്തായീ പറയണത് … ഇത് നമ്മുടെ മീനാക്ഷിയാ…. ” ദേവകി വേദയെ നോക്കിയപ്പോൾ ചെറുപ്പത്തിൽ നഷ്ടമായ അവരുടെ മകളെയാണ് കാണാൻ കഴിഞ്ഞത്. ”
ഇത് ആതിരയുടെ കുട്ടിയാ… നമ്മുടെ മോൾ അല്ല ദേവകി …. ” ദേവകിയുടെ തോളത്ത് പിടിച്ച് രാമൻ പറഞ്ഞു. ദേവകി ഒരിക്കൽ കൂടി വേദയുടെ മുഖത്തേയ്ക്ക് നോക്കി . ആ നിമിഷം അവൾക്ക് മനസ്സിലായി അത് അവരുടെ കുട്ടിയല്ല….. .. മകളുടെ ഓർമ്മകൾ മനസ്സിൽ തികട്ടി വരാൻ തുടങ്ങിയതും വേദയെ തന്നിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചൊണ്ടിരുന്നു. കുഞ്ഞിൻ്റെ കരച്ചിൽ ഉച്ചത്തിൽ നിർത്താതെ ആയതും രാമൻ കുഞ്ഞിനെ അവളുടെ കൈയിൽ നിന്നും പിടിച്ച് വാങ്ങി. ” കരയണ്ടാട്ടോ…. അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകാം… ” പുഞ്ചിരിയോടെ രാമൻ നായർ അത് പറയുമ്പോൾ അദ്ദേഹത്തിന്റെ ചിരിയിൽ വേദന നിറഞ്ഞിരുന്നു.
കൊഞ്ചിച്ചും ലാളിച്ചും മതിവരാത്ത അവരുടെ കുഞ്ഞ് അകാലത്തിൽ പൊഴിഞ്ഞു വീണപ്പോൾ അവളുടെ കുഞ്ഞു മുഖം അവരുടെ മനസ്സിൽ വിങ്ങലായി. ” അവൻ ഒരു കാലത്തും ഗുണം പിടിക്കില്ല നരകിച്ച് പുഴുത്ത് ചാകും … ഒരമ്മയുടെ ശാപമാ…. നശിച്ചുപോകും…. ” ദേവകി മനസ്സ് നീറി ശപിച്ചുകൊണ്ടിരുന്നു. പലവട്ടം കേട്ട് പഴകിയതാണെലും ഓരോ വട്ടവും ദേവകിയക്ക് ഒപ്പം അദ്ദേഹം പോലും അറിയാതെ അദ്ദേഹത്തിന്റെ മനസ്സും ശപിച്ചു കൊണ്ടിരുന്നു. ” രാമേട്ടാ… മോളേ ഇപ്പോൾ തന്നെ ആതിരയ്ക്ക് കൊടുക്കണം . ഇവളെ കാണാതെ ആ പാവം സങ്കടപ്പെടുന്നുണ്ടാകാം … ”
മകളെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന ദേവകിയെക്കാൾ നന്നായി മറ്റാർക്ക് മനസ്സിലാകാൻ … ” വാ … നമ്മുക്ക് പോകാം …. ” രാമൻ ദേവകിയുടെ കൈയിലേക്ക് കുഞ്ഞിനെ കൊടുത്തു കൊണ്ട് പറഞ്ഞു. പുറത്ത് നല്ല നിലാവെളിച്ചം ഉണ്ടെങ്കിലും രാമേട്ടൻ ടോർച്ച് എടുത്ത് കൈയിൽ പിടിച്ചു. മുന്നേ നടക്കുന്ന രാമേട്ടന്റെ പുറകെ ദേവകി കുഞ്ഞിനെയും ചേർത്ത് പിടിച്ച് നടന്നു. കുഞ്ഞിനെ വിട്ട് കൊടുക്കാൻ മനസ്സ് സമ്മതിക്കുന്നില്ലങ്കിലും തന്റെയല്ല മറ്റൊരാളുടെ സ്വന്തമെന്ന ബോധ്യം ദേവകിയെ വേദയിൽ നിന്നും അകറ്റിയിരുന്നു. കുഞ്ഞിനെ തിരികെ കൊടുക്കാൻ അവർ തീരുമാനിച്ചതും അത് ഇഷ്ടപ്പെടാതെ ആളിക്കത്തുന്ന പ്രതികാരാഗ്നിയുമായി ഒരുവൾ പാലമരച്ചുവട്ടിൽ നിൽപ്പുണ്ടായിരുന്നു. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാതെ അവർ മുന്നോട്ട് നടന്നു.… തുടരും….