കവചം 🔥: ഭാഗം 15
രചന: നിഹ
അന്ധകാരത്തെ പൂർണ്ണമായും അവസാനിപ്പിച്ചു കൊണ്ട് കിഴക്കേ ചക്രവാളത്തിൽ സൂര്യരശ്മികൾ ഉദിച്ചുയർന്നു. ആദ്യം ഉണർന്നത് ആതിരയാണ്. ഗൗരിയുടെ മുറിയിൽ കിടന്ന ദിവാൻ കോട്ടിൽ ചുരുണ്ട് കൂടിയാണ് ആതിര ഇന്നലെ കിടന്നുറങ്ങിയത് . മനസ്സ് മുഴുവൻ ഗൗരിയുടെ ചിന്തയായിരുന്നു. ആതിര എഴുന്നേറ്റ് ഗൗരിയുടെ അടുത്ത് ചെന്ന് അവളുടെ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കി . ചൂട് കുറഞ്ഞെങ്കിലും പനി പൂർണ്ണമായും മാറിയിരുന്നില്ല . ആതിര ദേവകിയുടെ പച്ചമരുന്നിനെക്കുറിച്ച് ഓർത്തു. ശാന്തമായി കിടന്നുറങ്ങുന്ന ഗൗരിയെ ഒന്നുകൂടി പുതപ്പിച്ചിട്ട് ആതിര അടുക്കളയിലേക്ക് നടന്നു .
ചായ ഉണ്ടാക്കി കുടിച്ച ശേഷം അവൾ ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി . ദേവകി നടന്നു വരുന്നത് ജനലിലൂടെ ആതിര കണ്ടു . പുഞ്ചിരിയോടെ അവർ അകത്തേയ്ക്ക് കയറി. മനയുടെ അകത്തെ ജോലികൾക്ക് മറ്റാരും വരാത്തത് കൊണ്ട് ദേവകിയെ തന്നെയാണ് രാമേട്ടൻ നിയോഗിച്ചത് . ” ഗൗരി മോളുടെ പനി കുറഞ്ഞോ ..?” ആതിരയെ കണ്ടതും ദേവകി ചോദിച്ചു . ” കുറഞ്ഞു , എന്നാലും ഇപ്പോഴും പനിയുണ്ട്…” ” രാവിലെ തന്നെ അവളെ ആശുപത്രിയിൽ കൊണ്ട് പോകാം …
ഇന്നലെ നേരം ഇരുട്ടിയത് കൊണ്ടാ പോകണ്ടന്ന് പറഞ്ഞത് … സന്ധ്യ മയങ്ങിയാൽ ഇവിടെ നിന്നും പുറത്തേയ്ക്ക് ഇറങ്ങാൻ പാടില്ല …” ദേവകിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു നിന്നു. ” ദേവേച്ചി …എനിക്ക് അമ്പലത്തിൽ പോകണമെന്നുണ്ടായിരുന്നു. എൻ്റെ കൂടെ വരാമോ …? ” ദേവകി കൂടെ വരുമെന്ന ഉറപ്പോടെ ആതിര ചോദിച്ചു . ” വരാലോ.., പെട്ടെന്ന് ഭക്ഷണം ഉണ്ടാക്കി വച്ചിട്ട് പോകാട്ടോ ..” ദേവകി പെട്ടെന്ന് ആതിര ചെയ്തു വച്ച ജോലിയുടെ ബാക്കി ചെയ്യാൻ തുടങ്ങി . ” വഴിപാട് നടത്തണം ,
പിന്നെ പ്രശ്നം വയ്പ്പിച്ച് നോക്കണം , എന്തെങ്കിലും പരിഹാരം നടത്തണമെങ്കിൽ അതും ചെയ്യണം . അനന്തേട്ടന് അതിൽ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു…” സന്തോഷത്തോടെ ആതിര പറഞ്ഞു. ” എന്തായാലും നന്നായി മോളേ.. ഞാൻ അങ്ങോട്ട് പറയാനിരിക്കുവായിരുന്നു .. മോള് പോയി കുളിച്ചൊരുങ്ങി വാ… അപ്പോഴേക്കും ഞാൻ ഭക്ഷണം ഉണ്ടാക്കി വയ്ക്കാം…” ആതിര പരത്തി വച്ച ചപ്പാത്തി ദേവകി ചുട്ടെടുക്കാൻ തുടങ്ങി . ആതിര പുഞ്ചിരിയോടെ മുറിയിലേയ്ക്ക് പോയി .
പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നു. ___ ” ഗുഡ്മോണിങ് ആതി …..” ” ഗൗരിക്കിപ്പോൾ എങ്ങനെയുണ്ട്…” ? കുളി കഴിഞ്ഞ് തല തുവർത്തുന്ന ആതിരയെ നോക്കി അനന്തൻ പുഞ്ചിരിച്ചു. ” ആഹാ എഴുന്നേറ്റോ… ഗുഡ്മോണിങ് അനന്തേട്ടാ…. അവൾക്ക് പനി കുറഞ്ഞു, പക്ഷേ ഇപ്പോഴും പനിയുണ്ട് . എന്തായാലും ഹോസ്പിറ്റലിൽ കൊണ്ടുപോകണം….”
” ഉം… ” എന്തോ ആലോചിച്ചുകൊണ്ട് അനന്തൻ മൂളി. ആതിര ഒരുങ്ങുന്നതും നോക്കി അവൻ കിടന്നു . ” ഞാൻ അമ്പലത്തിൽ പോയിട്ട് വരാട്ടോ… ” ” ഇവിടെ എനിക്കോ ചെവിതല തരുന്നില്ല ആ ഭഗവാനെയെങ്കിലും വെറുതെ വിടൂ എന്റെ ആതി …” ആതിരയെ ദേഷ്യം പിടിപ്പിക്കാനായി അനന്തൻ പറഞ്ഞു. ” ദേ ഞാൻ അമ്പലത്തിൽ പോകുന്നത് കൊണ്ട് ഒന്നും പറയുന്നില്ല….” ആതിര അനന്തനെ നോക്കി കണ്ണുരുട്ടി. ” പരിഹാരപൂജ വല്ലോം ചെയ്യാൻ പറഞ്ഞാൽ ഒരു തടസ്സവും പറയേണ്ട കേട്ടല്ലോ… ഇന്നലെ അനന്തേട്ടൻ സമ്മതിച്ചതാ… ”
ഒരിക്കൽ കൂടി ഉറപ്പിക്കാൻ എന്ന പോലെ ആതിര പറഞ്ഞു. ” നീ എന്താണെന്ന് വച്ചാൽ ചെയ്തോ… എനിക്കൊരു പ്രശ്നവുമില്ല…” വിശ്വാസമില്ലെങ്കിലും അനന്തൻ ആതിരയുടെ സമാധാനത്തിനു വേണ്ടി സമ്മതിച്ചു. ” എനിക്ക് അത് കേട്ടാൽ മതി… ” കണ്ണാടി നോക്കിക്കൊണ്ട് ആതിര പറഞ്ഞു. ” നിനക്ക് പണ്ടൊന്നും ഇതിൽ ഒരു വിശ്വാസമില്ലായിരുന്നല്ലോ പെട്ടെന്ന് എന്ത് സംഭവിച്ചു …” ? ” അനുഭവങ്ങളല്ലേ അനന്തേട്ടാ ഓരോരുത്തരെയും ഓരോന്ന് വിശ്വസിക്കാൻ പഠിപ്പിക്കുന്നത്…”
ദീർഘ നിശ്വാസത്തോടെ അവൾ പറഞ്ഞു. അത് കേട്ട് അനന്തൻ പൊട്ടിച്ചിരിച്ചു. ” എനിക്ക് നിന്റെ ഭക്തി കാണുമ്പോൾ ചിരി വരുവാ ആതി.. ” ” അനന്തേട്ടാ… ” പിണക്കത്തോടെ ആതിര അവനെ വിളിച്ചു . ” സോറി ആതി… അല്ല , നിനക്ക് അതിന് ഇവിടുത്തെ അമ്പലം അറിയാമോ…”? ചോദ്യഭാവത്തോടെ അനന്തൻ ആതിരയെ നോക്കി. ” ദേവകി ചേച്ചി കൂടെ വരുന്നുണ്ട് . അവർ ഉള്ളത് നമ്മുക്കൊരു സഹായം തന്നെയാ .. അല്ലെങ്കിൽ തീർത്തും ഒറ്റപ്പെട്ടു പോയേനെ…” ” ഉം… രണ്ടാളും നല്ല മനുഷ്യരാ… ”
” എഴുന്നേറ്റ് ഫ്രഷായി വാ .. ഞാൻ ചായയെടുത്ത് വയ്ക്കാം….” ആതിര ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 വടക്കുംനാഥാ സര്വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ…. സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ… വടക്കുംനാഥാ സര്വ്വം നടത്തുംനാഥാ.. അമ്പലത്തിൽ എത്തിയതും ആതിരയുടെ മനസ്സിൻ്റെ ഭാരമെല്ലാം അലിഞ്ഞുപോയി.
തണുത്ത കുളിർക്കാറ്റും മണിനാദമെല്ലാം അവൾക്ക് പുത്തൻ ഉന്മേഷം നൽകി. ക്ഷേത്ര അന്തരീക്ഷം അവൾക്ക് സന്തോഷം പകർന്നു . മനം കുളിർക്കെ അവൾ തൊഴുത് വഴിപാടും നടത്തി . അതിന് ശേഷം അവർ പോയത് അമ്പലത്തിന്റെ അടുത്ത് ജോതിഷം നോക്കുന്ന തിരുമേനിയുടെ അടുത്തേക്കായിരുന്നു . ജോതിഷ മേഖലയിൽ പ്രശസ്തനായതിനാൽ ഒരുപാട് ഭക്തർ അവിടെ സന്ദർശിക്കുക പതിവായിരുന്നു. അനന്തനെ പോലെതന്നെ ആതിരയ്ക്കും ജോതിഷത്തിലും വഴിപാടുകളിലൊന്നും വിശ്വാസമില്ലായിരുന്നു . അനന്തന്റെ അമ്മ നാരായണിയുടെ കൂടെ കൂടിയാണ് ഇത്തരം കാര്യങ്ങളിലൊക്കെ അറിവ് നേടിയത്.
ഇപ്പോൾ മനയിലെ അദൃശ്യ ശക്തിയുടെ സാന്നിധ്യം കൂടിയായപ്പോൾ ആതിരയ്ക്ക് ഇത്തരം കാര്യങ്ങളിൽ വിശ്വാസമായി. അദ്ദേഹം വരാൻ വൈകുമെന്ന് മേൽശാന്തി പറഞ്ഞതുകൊണ്ട് ദേവകിയും ആതിരയും അവിടെ അദ്ദേഹത്തിന്റെ വരവും കാത്ത് പുറത്ത് നിന്നു . ” മീനു .. അത് ആതിര അനന്തൻ അല്ലേ …നീ ഒന്ന് നോക്കിക്കേ…” അമ്പലത്തിൽ വന്ന ഒരു പെൺകുട്ടി ദൂരെ നിൽക്കുന്ന ആതിരയെ കൈ ചൂണ്ടി തന്റെ കൂട്ടുകാരിയ്ക്ക് കാണിച്ചുകൊടുത്തു.
” അതെ ടി… ഇത് ആതിര തന്നെയാ… നമ്മുടെ നാട്ടിൽ എന്താ പോലും ,? കുറച്ച് നാളായിട്ട് ഇവരുടെ ഫാമിലിയെ കുറിച്ച് ഒരു വിവരവുമില്ലല്ലോ… ഞാൻ കൃത്യമായി ഫോളോ ചെയ്യുന്നുണ്ടായിരുന്നു…” ” ഇവരുടെ ഭർത്താവ് അനന്തനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ല .. ” ഇവർക്ക് എന്തൊക്കെയോ പ്രോബ്ലംസ് ഉണ്ടെന്ന് പറയുന്നത് കേട്ടു.. എന്തോ പോലീസ് കേസും മറ്റും …എനിക്ക് കൃത്യമായി അറിയില്ല…” ” അതൊക്കെ ആളുകൾ വെറുതെ പറഞ്ഞു ഉണ്ടാക്കുന്നതാ മീനു… നല്ല ക്യൂട്ട് ഫാമിലിയാ ഇവരുടേത് .. ആതിരയും അനന്തനും പിന്നെ അവരുടെ മോൾ വേദയും ഇവരാ എന്റെ ഫേവറിറ്റ് കപ്പിൾസ്…”
” വാ നമുക്ക് അങ്ങോട്ട് പോകാം .. പരിചയപ്പെട്ട് ഒരു സെൽഫി എടുക്കാം ….ഇനി ഇതുപോലെ ഒരു അവസരം കിട്ടിയില്ല…” അവർ ആതിരയുടെ അടുത്തേയ്ക്ക് നടന്നു . അമ്പലത്തിൽ വന്ന കുറച്ചുപേരുടെ ശ്രദ്ധ തന്നിലാണെന്ന് ആതിര കണ്ടിരുന്നു. അത് ചെറിയ തരത്തിൽ അവളെ അസ്വസ്ഥ ആക്കിയിരുന്നു. പ്രത്യേകിച്ച് ആരും അന്വേഷിച്ച് വരരുതെന്ന് ആഗ്രഹിക്കുന്ന സമയമായത് കൊണ്ട് . 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 ഇതേ സമയം കിഴക്കേ ഭാഗത്തുള്ള മുറിയിൽ നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ കേട്ട് തുടങ്ങി. ആരോ കരയുന്ന ശബ്ദം…. എന്തൊക്കെയോ തകരുന്ന ശബ്ദം….
സാമ്പ്രാണിത്തിരിയുടെ രൂക്ഷഗന്ധം മുറിയാകെ വ്യാപിച്ചു തുടങ്ങി. ആതിര അവളുടെ മുറിയിൽ തനിച്ചായിരുന്നു . ക്ഷീണം കാരണം അവൾ ഉണർന്നില്ലായിരുന്നു. ” ഗൗരി …… ഗൗരി ….. ” മുറിയിൽ നിന്നും ഗൗരിക്ക് മാത്രം കേൾക്കാൻ പാകത്തിന് ശബ്ദം ഉയരുന്നു. ” എഴുന്നേറ്റ് വാ .. കിഴക്കേ ഭാഗത്തുള്ള മുറിയിലേക്ക് വാ…. എൻ്റെ പ്രതികാരത്തിൻ്റെ പങ്ക് ചേരൂ… എനിക്ക് നിന്നെ വേണം… ” ചെവിയിൽ ആരോ ആവർത്തിച്ച് പറയുന്നത് പോലെ തോന്നിയത് കൊണ്ട് ഗൗരി ഞെട്ടി കണ്ണുതുറന്നു. അവളുടെ ശ്വാസഗതികൾ വേഗത്തിലായി. അവൾ ചുറ്റും നോക്കിയപ്പോൾ ഒന്നും കാണാൻ കഴിഞ്ഞില്ല.
ഗൗരി ചാടി എഴുന്നേറ്റു . മുറിയിൽ താൻ തനിച്ചാണെന്ന സത്യം അവളെ ഭയപ്പെടുത്തി . ” ഏട്ടത്തി …. ” ” ആതി ഏട്ടത്തി…” ആതിരയെ വിളിച്ചുകൊണ്ട് അവൾ വേഗം മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. അനന്തനും വേദമോളും ഭക്ഷണം കഴിക്കുകയായിരുന്നു. അനന്തൻ മോൾക്ക് ഭക്ഷണം മുറിച്ച് വായിൽ വച്ച് കൊടുക്കുന്നുണ്ട് . കുഞ്ഞി അവളുടെ കൈയിൽ പറ്റിയ കറി മുഴുവൻ ദേഹത്ത് പുരട്ടുന്നുണ്ട്. ” നിനക്കിപ്പോൾ എങ്ങനെയുണ്ട് ..? വയ്യാത്തത് കൊണ്ടാ നിന്നെ വിളിക്കാതിരുന്നത്..” ” ശരീരമാകെ തളരുന്നത് പോലെയുണ്ട് ഏട്ടാ … നല്ല ക്ഷീണം …” ” നീ ബ്രഷ് ചെയ്തിട്ട് വന്ന് കഴിക്ക് എന്നിട്ട് പോയി റെഡിയായിക്കോ ..
ഹോസ്പിറ്റലിൽ പോകണ്ടേ ….” അനന്തൻ പറഞ്ഞത് കേൾക്കുന്നുണ്ടായിരുന്നു എങ്കിലും അവളുടെ മനസ്സിൽ മറ്റൊരു കാര്യം കുടുങ്ങി കിടപ്പുണ്ടായിരുന്നു . ആ ഭയം അവളുടെ കണ്ണുകളിൽ കാണാൻ കഴിയുന്നുണ്ടായിരുന്നു. ” ആതിയേടത്തി എവിടെയാ ഏട്ടാ…” ? ” അവളും ദേവകി ചേച്ചിയും കൂടി അമ്പലത്തിൽ പോയി ഗൗരി ഭക്ഷണം കഴിച്ച് റെഡിയായി വന്നപ്പോൾ അനന്തൻ അവളെ ആശുപത്രിയിൽ കൊണ്ടുപോയി. ആതിര തിരികെ എത്തിയപ്പോൾ വീട്ടിൽ ആരുമില്ലായിരുന്നു. അവരെ കാണാത്തപ്പോൾ അവർ ഹോസ്പിറ്റലിൽ പോയതാണെന്ന് ആതിരയ്ക്ക് മനസ്സിലായി.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നല്ല തിരക്കായത് കൊണ്ട് ഉച്ചയോടെയാണ് അവർ തിരികെ എത്തിയത് . ഗൗരിയെ വീട്ടിലാക്കിയ ശേഷം ഉടൻ തന്നെ അനന്തൻ തിരികെ പോകുകയും ചെയ്തു. അകത്തും പുറത്തുമുള്ള എല്ലാം ജോലികൾക്കും ദേവകി ആതിരയെ സഹായിച്ചു. ഓരോ ജോലിയുടെ തിരക്കിൽ സമയം പോയത് അവർ അറിഞ്ഞതേയില്ല. സന്ധ്യയ്ക്ക് വിളക്ക് വച്ചപ്പോൾ പതിവ് പോലെ അണഞ്ഞതും തിരുമേനിയെ കാണാൻ കഴിയാതെ തിരികെ വന്നതുമെല്ലാം ആതിരയ്ക്ക് മാനസിക സംഘർഷങ്ങൾ നൽകി. ഭക്ഷണം കഴിക്കുന്ന സമയത്തും ആതിര ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു.
അവർക്ക് ഈ വീട്ടിൽ നിന്നും രക്ഷപ്പെടാൻ കഴിയുകയില്ലെന്ന് മനസ്സിന്റെ ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ അവൾക്ക് തോന്നി. അനന്തൻ മുറിയിൽ എത്തിയപ്പോൾ ആതിര കണ്ണടച്ച് കിടക്കുകയായിരുന്നു. ” ആതിരേ…. ” അവൻ്റെ ശബ്ദം കേട്ടാണ് അവൾ കണ്ണുതുറന്നത്. ” എന്തുപറ്റി … ? കുറച്ച് നേരമായല്ലോ കാര്യമായിട്ട് എന്തോ ആലോചിക്കുന്നു.. ” ” ഒന്നുമില്ല … ” ” അമ്പലത്തിൽ പോയിട്ട് എന്തായി തിരുമേനിയെ കണ്ടോ… ? പരിഹാര പൂജ വല്ലോം പറഞ്ഞോ … ” ആതിരയുടെ വാടിയ മുഖം കണ്ട് അനന്തൻ ചോദിച്ചു. ” കാണാൻ പറ്റിയില്ല അദ്ദേഹം ഇന്ന് വന്നില്ല… കുറച്ചുനേരം നോക്കിയ ശേഷം ഞങ്ങൾ തിരിച്ചു പോന്നു..
” ” എങ്കിൽ നാളെ പോയി കാണാലോ ഞാനും കൂടെ വരാം…” ആതിരയെ സമാധാനിപ്പിക്കാനും സന്തോഷിപ്പിക്കാനുമായി അവൻ പറഞ്ഞു. പക്ഷേ അതിന് മറുപടിയായി അവൾ ഒന്ന് മൂളി. ” അനന്തേട്ടാ നമുക്ക് ഗൗരിയെ തിരികെ പറഞ്ഞയക്കാം… എന്തിനാ വെറുതെ നമ്മുടെ പ്രശ്നങ്ങൾക്കിടയിൽ അവളെ കൂടി വലിച്ചിഴക്കുന്നത്.. ” ആതിര അത്രയും നേരം ആലോചിച്ചത് ഗൗരിയെക്കുറിച്ചാണെന്ന് അവന് മനസ്സിലായി. ” ഞാനും ആലോചിക്കാതിരുന്നില്ല … അവളെ തിരിച്ച് വീട്ടിൽ കൊണ്ടക്കാം .. ” അത് പറഞ്ഞപ്പോൾ ആതിരയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.
” ഞാൻ നാളെ അനിയേട്ടനെ വിളിച്ച് പറയാം ഗൗരിയെ കൂട്ടികൊണ്ട് പോകാൻ …പനി മാറിയിട്ട് അവളെ തിരിച്ച് വിടാം .നമ്മുക്ക് എന്തായാലും തിരികെ പോകാൻ പറ്റില്ലലോ.. ” ദേവമംഗലത്ത് വാസുദേവന്റെയും നാരായണിയുടെയും മൂത്ത മകനാണ് അനിരുദ്ധ് , രണ്ടാത്തെ മകനാണ് അനന്തൻ , ഇളയ മകളാണ് ഗൗരി. പിന്നെയും അനന്തനും ആതിരയും ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. അവളുടെ മടിയിൽ കിടന്ന് വേദമോൾ അപ്പോഴേയ്ക്കും ഉറങ്ങിയിരുന്നു . ആതിര കുഞ്ഞിയെ അനന്തന്റെ അടുത്ത് കിടത്തി കൊണ്ട് പറഞ്ഞു ” മോള് ഇവിടെ കിടന്നോട്ടേ ഞാൻ ഗൗരിയുടെ അടുത്തേയ്ക്ക് പോകുവ രാത്രി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ നമ്മൾ അറിയില്ല.
പിന്നെ അവളെ ഒറ്റയ്ക്ക് കിടത്തിയാലും ശരിയാവില്ല … ” ആതിര എഴുന്നേറ്റ് പോകാൻ തുടങ്ങിയതും അനന്തൻ അവളുടെ കൈയിൽ പിടിച്ച് വലിച്ചു. ” നിന്നെ പോലെ ഒരു ഏട്ടത്തിയെ കിട്ടിയ എന്റെ അനിയത്തി ഭാഗ്യവതിയാ … എല്ലായിടത്തും നാത്തൂൻ പോര് എന്നൊക്കെ പറയുന്നത് കേൾക്കാം … പക്ഷേ നീ അവളെ സ്വന്തം മോളേ പോലെയല്ലേ നോക്കുന്നത് … ഐ ലവ് യു ആതുസേ … ” അനന്തൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു. ആ നിമിഷം ആതിരയുടെയും മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. വേദ മോളേ അനന്തനെ ഏല്പ്പിച്ച ശേഷം ആതിര ഗൗരിയുടെ അടുത്തേയ്ക്ക് പോയി. അവളെ കണ്ടതും ഗൗരിയ്ക്കും സമാധാനമായി .
ഭയം കൂടാതെ ശാന്തമായി രണ്ടാളും കിടന്നുറങ്ങി. മണിക്കൂറുകൾ മുന്നോട്ട് പോയ്ക്കോണ്ടിരുന്നു. എല്ലാവരും ഗാഢനിദ്രയിലാണ്ടു. ” കുഞ്ഞി … മോളേ നിൽക്ക് … ” ” മോളെ .. ” ആതിര വെപ്രാളത്തോടെ എഴുന്നേറ്റിരുന്നു. അവളുടെ കണ്ണ് നിറഞ്ഞ് ഒഴുകി. അവൾ വേഗം മുറിയിലെ ലൈറ്റിട്ടു. താൻ കണ്ടത് സ്വപ്നമാണെന്ന് അറിഞ്ഞതും ആതിരയുടെ മുഖത്ത് ആശ്വാസം നിഴലിച്ചു. മരുന്നിന്റെ ക്ഷീണത്തിൽ ഗൗരി നല്ല ഉറക്കത്തിലാണ്. ആതിര വാതിൽ തുറന്ന് പുറത്തിറങ്ങി. വേദമോളേ കണ്ട് അവൾക്ക് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പിക്കാതെ ആതിരയ്ക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. ” അനന്തേട്ടാ …. വാതിൽ തുറന്നേ… ”
” ഏട്ടാ…. ” ആതിര വാതിലിൽ തട്ടി വിളിച്ചു. ഉറക്കച്ചടവോടെ അനന്തൻ എഴുന്നേറ്റ് വന്ന് വാതിൽ തുറന്നു. ” നിനക്ക് ഉറക്കമില്ലേ ആതിരേ… ?” വാതിൽ തുറന്നതും അനന്തൻ പറയുന്നത് കേൾക്കാൻ നിൽക്കാതെ അവൾ അകത്തേക്ക് കയറി. ” മോൾ എവിടെ അനന്തേട്ടാ…” കുട്ടിയെ കിടത്തിയ സ്ഥലത്ത് അവളെ കാണാത്തതുകൊണ്ട് പരിഭ്രാന്തിയോടെ ആതിര ചോദിച്ചു. ” അതു കൊള്ളാലോ കുറച്ചുമുന്നേ നീ അല്ലേ വന്ന് കൊച്ചിനെ എടുത്തോണ്ട് പോയത്. എന്നിട്ടാ എന്നോട് ചോദിക്കുന്നത്…” അനന്തൻ പറഞ്ഞത് കേട്ട് ആതിര ഞെട്ടി. ” ഞാനോ… ”
” നീ അല്ലേ മോളേ കാണാത്തതുകൊണ്ട് ഉറക്കം വരുന്നില്ല ,ഞാൻ അവളെ കൂടെ കൊണ്ടു പോകുവാണെന്ന് പറഞ്ഞ് എടുത്തോണ്ട് പോയത്..?” ആതിരയുടെ ഭാവം കണ്ട് പേടിയോടെ അനന്തൻ ചോദിച്ചു. ” ഞാനല്ല അനന്തേട്ടാ… ഞാൻ മോളെ കുറിച്ച് ഒരു ദുസ്വപ്നം കണ്ടു .അവളെ ഒന്ന് കാണാൻ ഇപ്പോൾ ഇറങ്ങി വന്നേയുള്ളൂ…” കരഞ്ഞു കൊണ്ട് ആതിര പറഞ്ഞു. ” അപ്പോൾ നമ്മുടെ മോൾ….” ഞെട്ടലോടയാണ് അനന്തൻ അത് ചോദിച്ചത് . ” എൻ്റെ മോള്……” ആതിര വേദയെ കാണാത്തത് കൊണ്ട് പൊട്ടിക്കരയാൻ തുടങ്ങി. താൻ കണ്ട ദുസ്വപ്നം ശരിയാണെന്നുള്ള ബോധ്യം ആതിരയുടെ ഹൃദയം തകർത്തു. കുഞ്ഞിൻ്റെ കാര്യം ഓർത്ത് അനന്തനും ഭയം തോന്നി. ” ആതി… വാ നമ്മുക്ക് മോളെ നോക്കാം….” സ്വബോധമില്ലാതെ കരഞ്ഞു കൊണ്ടിരുന്ന ആതിരയെ വിളിച്ചുകൊണ്ട് അനന്തൻ മോളെ തിരഞ്ഞ് പുറത്തേക്കിറങ്ങി . ” കുഞ്ഞി….. മോളേ……” ” കുഞ്ഞി….. “… തുടരും….