Saturday, January 18, 2025
Novel

കൗസ്തുഭം : ഭാഗം 8

എഴുത്തുകാരി: അഞ്ജു ശബരി


പുറകിൽ നിന്ന് നവിയുടെ ശബ്ദം കേട്ട് രണ്ടുപേരും ഞെട്ടി തിരിഞ്ഞ് നോക്കി..

കയ്യും കെട്ടി റൂമിന്റെ വാതിലിൽ ചാരി നവനീത് നിൽക്കുന്നുണ്ടാരുന്നു..

അനു വേഗം ടിക്കറ്റ് എടുത്ത് പുറകിൽ പിടിച്ചു..

“ഒളിക്കേണ്ട ഞാൻ കണ്ടു.. ഇങ്ങെടുക്ക്.. ”

“അത് നവി അനുവിന് നാളെ എറണാകുളം വരെ പോകണം അവിടെ ഒരാവശ്യമുണ്ട്.. എന്നോടൊന്നു കൂട്ട് ചെല്ലാമോ എന്ന് ചോദിച്ചു അതാണ് ഞങ്ങൾ.. ”

“ആണോ എന്താ അനുരാധേ ആവശ്യം..”

“അത്.. പിന്നെ.. ഞങ്ങൾ വെറ്റിനറി ഡോക്‌ടേഴ്‌സിന്റെ ഒരു വൺഡേ വർക്ഷോപ് ഉണ്ട് അതിന് പോകുവാ.. ”

“ഓഹ് അങ്ങനെ.. പിന്നെ ശ്രീനി.. നിന്റെ വീട്ടിൽ നിന്ന് വിളിച്ചിട്ടുണ്ടാരുന്നു നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന്.. പെട്ടെന്ന് അങ്ങോട്ട് ചെല്ലണം എന്തോ അത്യാവശ്യമുണ്ട് എന്ന് പറഞ്ഞു.. ”

“അത്യാവശ്യമോ എന്ത് അത്യാവശ്യം… ഞാൻ വൈകിട്ടും കൂടി വിളിച്ചത് ആണല്ലോ എന്നിട്ട് എന്നോട് അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ”

” ചിലപ്പോൾ അത് കഴിഞ്ഞായിരിക്കും അത്യാവശ്യം ഉണ്ടായിട്ടുണ്ടാവുക”

” അനു ഞാൻ വീട്ടിലേക്ക് വിളിച്ചിട്ട് വരാം.. ”

” ശ്രീനി ധൈര്യമായിട്ട് ആയിട്ട് പൊയ്ക്കോ അനുരാധയുടെ കൂടെ ഞാൻ പൊക്കോളാം”
നവി പറഞ്ഞു..

“അയ്യോ അത് വേണ്ട…” അനു ചാടിക്കയറി പറഞ്ഞു..

“അതെന്താ ഡോക്ടർ ശ്രീനി വന്നാൽ മാത്രമേ വർഷോപ്പ് അറ്റൻഡ് ചെയ്യാൻ പറ്റുള്ളൂ… ഞാൻ വന്നാൽ അവരവിടെ കയറ്റില്ലെ.. ”

“നീ എന്താടാ നീ ഇങ്ങനെയൊക്കെ പറയുന്നത്… നീ ഇതുവരെ അനുരാധയോട് ഒന്നുനേരെ സംസാരിച്ചിട്ട് പോലുമില്ലല്ലോ അതുകൊണ്ടാവും ആ കുട്ടി നീ വരണ്ട എന്ന് പറഞ്ഞത്.. നീ എന്തിനാണ് നവി ഇങ്ങനെയൊക്കെ പറയുന്നത് ..”

“ഓ ഞാൻ ശരിക്കും മിണ്ടാത്തത് കൊണ്ട് അനുരാധക്ക് എന്നോട് പേടി ആണല്ലേ എങ്കിൽ ഇപ്പൊ മുതൽ നമുക്ക് ഫ്രണ്ട്സ് ആകാം.. ”

എന്ന് പറഞ്ഞു നവി ഷേക്ക്‌ ഹാൻഡിനായി കൈ നീട്ടി..

അനു പകച്ചു ശ്രീനിയെ നോക്കി.. എന്നിട്ട് കൈ നീട്ടി ഷേക്ക്‌ ഹാൻഡ് കൊടുത്തു..

“അപ്പൊ എങ്ങനാ ഡോക്ടറെ നമ്മൾ നാളെ പോകുവല്ലേ… ”

“മ്മ് പോകാം..” മടിച്ചു മടിച്ചു അനു പറഞ്ഞു..

“എന്നാ വേഗം റെഡിയായിക്കോ എനിക്കും കുറച്ചു പണിയുണ്ട്.. ”

അതും പറഞ്ഞ് നവി പുറത്തേക്കിറങ്ങി..

“ശ്രീനി.. ഇനിയെന്ത് ചെയ്യും… നവിയെയും കൊണ്ട് ഇല്ലാത്ത വർക്ഷോപ്പിനു ഞാനെങ്ങനെ പോകും.. ശ്രീനി നീയല്ലേ ഇതൊക്കെ ഒപ്പിച്ചു വെച്ചത്. നീ തന്നെ ഇതിനൊരു വഴി കണ്ടുപിടിക്കണം.. ”

“ശേ ഇനിയെന്ത് ചെയ്യും.. ”
ശ്രീനി തലക്ക് കയ്യും കൊടുത്തിരുന്നു..

ഞാനെന്തായാലും റൂമിലേക്ക് പോകുവാ താൻ ടെൻഷൻ ആകാതെ ഞാനെന്തെങ്കിലും വഴിയുണ്ടാക്കാം..

ശ്രീനി അനുവിനെ സമാധാനിപ്പിച്ചിട്ട് പുറത്തേക്കിറങ്ങി..

പെട്ടെന്ന് മുന്നിൽ നവിയെ കണ്ട് ശ്രീനിയൊന്നു പകച്ചു..

“കഴിഞ്ഞോ രണ്ടാളുടെയും പ്ലാനിങ്.. ” നവി ശ്രീനിയോട് ചോദിച്ചു..

“അതെ ഡോക്ടർ മാഡം ഒന്ന് പുറത്തേക്ക് വന്നേ.. ” നവി അനുവിന്റെ മുറിയിലേക്ക് നോക്കികൊണ്ട് വിളിച്ചു..

നവിയുടെ ശബ്ദം കേട്ട് അനു പുറത്തേക്ക് വന്നു..

“ശ്രീനി നീയെന്റെ വീട്ടിലേക്ക് വിളിച്ചോ?? ”

“നവി അത്… ”

“എല്ലാത്തിനും ഇവനോടൊപ്പം ഇയാളും ഉണ്ടാരുന്നല്ലേ.. ” നവനീത് അനുവിന്റെ അടുത്തേക്ക് ചെന്ന് ചോദിച്ചു..

“നവി ഞാൻ ശ്രീനി പറഞ്ഞപ്പോൾ.. ”

“അല്ല രണ്ടാളും കൂടെ സിഎടി പണി ചെയ്യുമ്പോൾ ഞാനൊന്നും അറിയില്ല എന്ന് കരുതിയോ?? എന്റെ വീട്ടിൽ എന്ത് ഉണ്ടായാലും ഞാനതാ നിമിഷം അറിയും.. ”

“ഇവൻ മാത്രേ ഉള്ളു എന്നാ ഞാൻ കരുതിയത്.. പക്ഷെ ഇന്നാ ഞാൻ മനസ്സിലാക്കിയത് കൂടെ ഇയാളും ഉണ്ടെന്ന്.. രണ്ടാളും എവിടെ വരെ പോകും എന്നറിയാൻ ഞാൻ വെയിറ്റ് ചെയ്തതാ… ”

നവിയുടെ മുൻപിൽ ഒന്നും പറയാനില്ലാതെ ശ്രീനി നിന്നു..

“നിങ്ങൾക്ക് അറിയേണ്ടത് എന്നെകുറിച്ചല്ലേ ഞാൻ പറയാം.. ഇവിടെ വെച്ച് വേണ്ട വാ പുറത്തേക്കിറങ്ങാം…”

നവി തോട്ടത്തിലേക്ക് ഇറങ്ങി പുറകെ അനുവും ശ്രീനിയും..

************

ബിസിനെസ്സ് മാഗ്നെറ് ചന്ദ്രബാബുവിനും ഭാര്യ സുഭദ്രയ്ക്കും മക്കൾ മൂന്ന്..

മൂത്തവൻ ജീവൻ രണ്ടാമത്തേത് മകളാണ് ചൈത്ര ഏറ്റവും ഇളയത് ഞാനാണ് നവനീത്..

ചെറുപ്പകാലം ദാരിദ്ര്യത്തിൽ ആയിരുന്നപ്പോൾ പണക്കാരൻ ആകണം എന്നുള്ള വാശികൊണ്ട് അച്ഛൻ നേടിയെടുത്തതാ ഇന്നുള്ളതെല്ലാം..

പൈസ ഉണ്ടാക്കാൻ അച്ഛൻ എന്തും ചെയ്യും ആരെവേണമെങ്കിലും ചതിക്കും.. അമ്മ പക്ഷേ അതിന് നേർ വിപരീതം ആയിരുന്നു… ഒരു പാവം വീട്ടമ്മ.. അച്ഛനും ഞങ്ങൾ മക്കളും എന്ത് പറഞ്ഞാലും മിണ്ടാതെ കേൾക്കുന്ന ഒരു പാവം..

അച്ഛന് വളരെ പ്രീയപ്പെട്ട രണ്ടു സുഹൃത്തുക്കൾ ഉണ്ടായിരുന്നു ശിവനും ബെന്നിയും.. കൂട്ടത്തിൽ പാരമ്പര്യമായി ഒരുപാട് സ്വത്തുക്കൾ ഉള്ള ആളാരുന്നു ശിവൻ…

ശിവനെ മുൻനിർത്തി അവർ മൂന്നാളും കൂടെ അദ്ദേഹത്തിന്റെ കാശ് കൊണ്ട് ഒരു ബിസിനെസ്സ് ഇട്ടു…

“നിള ഗ്രൂപ്പ്‌ ഓഫ് കൺസ്ട്രക്ഷൻ” …

പതിയെ പതിയെ അവർ വളരാൻ തുടങ്ങി… നിറയെ കമ്പനികൾ.. കൊച്ചിയിലെ വൻകിട ഗ്രൂപ്പ് ആയി നിള ഗ്രൂപ്പ്‌ മാറി..

കൈനിറയെ പൈസ ആയപ്പോൾ കാശിനോടുള്ള ആർത്തിയും കൂടി…

അങ്ങനെ കൂട്ടത്തിൽ പാവമായ ശിവനെ ബാക്കിയുള്ള രണ്ടുപേരും കൂടി പറ്റിച്ചു..

അദ്ദേഹത്തിന്റെ സ്വത്തുക്കൾ പലതും അദ്ദേഹത്തെ പറ്റിച്ച് ഇവർ കൈക്കലാക്കി..

അങ്ങനെ ഉണ്ടാക്കിയതാ ഇന്ന് കാണുന്ന പലതും…

അവസാനം ആ മനുഷ്യൻ കടം കയറി ആത്മഹത്യ ചെയ്തു..

നവി പറയുന്നതൊക്കെ കേട്ട് വിശ്വാസം വരാതെ ശ്രീനിയും അനുവും നിന്നു..

അച്ഛന്റെ അതെ സ്വഭാവം തന്നെയാണ് എന്റെ കൂടപ്പിറപ്പുകൾക്കും… എന്തോ എനിക്ക് മാത്രം അമ്മയുടെ സ്വഭാവം കിട്ടി…

ചേട്ടനും ചേച്ചിയും വിദ്യാഭ്യാസം കഴിഞ്ഞു അച്ഛനോടൊപ്പം ബിസിനസിലേക്ക് തിരിഞ്ഞു.. അതേസമയം എനിക്കിഷ്ടം കൃഷി ആയിരുന്നു…

നിള ഗ്രൂപ്പ്‌ എംഡി യുടെ മകൻ കൃഷി ചെയ്താൽ കുടുംബത്തിന് അപമാനം ആണെന്ന് പറഞ്ഞു നിർബന്ധിച്ചു എന്നെകൊണ്ട് ബിടെകും എംടെകും എടുപ്പിച്ചു..

അവരോടൊപ്പം അതെ കമ്പനിയിൽ ജോലി ചെയ്താൽ അവരുടെ പല കള്ളത്തരങ്ങളും ഞാൻ കണ്ടുപിടിക്കും.. അതൊക്കെ അറിഞ്ഞാൽ ഞാൻ പ്രതികരിക്കും…

അത് അറിയാവുന്നതുകൊണ്ട് ഞാൻ തന്നെയാണ് ഹൈദരാബാദിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലേക്ക് ഞാൻ ജോലിക്കായി പോയത്..അവർക്കും അതിൽ എതിർപ്പില്ലായിരുന്നു..

അങ്ങനെയിരിക്കെ ഒരിക്കൽ നാട്ടിൽ പോയപ്പോഴാണ് ഞങ്ങളുടെ റെസിഡന്റ്‌സിന്റെ അടുത്തുള്ള ഡാൻസ് സ്കൂളിൽ കുട്ടികളെ പഠിപ്പിക്കാനായി ഒരു ടീച്ചർ എത്തിയത്..

നൃത്തത്തിൽ ഡോക്ടറേറ്റ് എടുത്ത “ഡോക്ടർ അനാമിക അയ്യർ.. “എല്ലാവർക്കും അനു ആയിരുന്ന അവൾ എനിക്ക് മാത്രം എന്റെ ആമി..

വളരെ യാദൃശ്ചികമായി ആണ് ഞങ്ങൾ പരസ്പരം കണ്ടുമുട്ടിയത്..

നല്ല മഴയത്തു ഡാൻസ് സ്കൂളിലേക്ക് ഓടിപ്പാഞ്ഞു വരുമ്പോൾ എന്റെ വണ്ടിയുടെ മുന്നിൽ വെച്ചു അവൾ ബാലൻസ് തെറ്റി ചെളിയിലേക്ക് വീണു..

എന്താ ഉണ്ടായത് എന്നാദ്യം എനിക്ക് മനസ്സിലായില്ല.. ഞാൻ ഇറങ്ങി നോക്കിയപ്പോ കണ്ടത് മഴ വെള്ളത്തിനും ചെളിവെള്ളത്തിനും ഒപ്പം അവളുടെ കാലിൽ കൂടി രക്തം ഒഴുകുന്നതാണ്..

ഞാൻ വേഗം അവളുടെ അടുത്തേക്ക് ഓടി ചെന്നു..

“അയ്യോ ചോര വരുന്നുണ്ടല്ലോ.. താൻ എഴുനേൽക്കു ഹോസ്പിറ്റലിൽ പോകാം.. “..

“അയ്യോ വേണ്ട സാർ.. അതിന്റെയൊന്നും ആവശ്യമില്ല.. ”

“എടൊ തന്റെ കാലിൽ കൂടി രക്തം ഒഴുകുന്നുണ്ട്.. ചിലപ്പോൾ നല്ലപോലെ മുറിഞ്ഞിട്ടുണ്ടാവും വാ ഞാൻ ആശുപത്രിയിൽ എത്തിക്കാം.. ”

അങ്ങനെ ഞാനവളെ ബലമായി പിടിച്ചു കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയി..

“ഡോക്ടർ ആ കുട്ടിക്ക് എന്താ പറ്റിയെ..”

“ഏയ്‌ കുഴപ്പമൊന്നുമില്ല ചെളിവെള്ളത്തിലേക്ക് വീണപ്പോൾ നല്ല കൂർത്ത കല്ലോ കുപ്പിച്ചില്ലോ മറ്റോ കൊണ്ടതാ കാൽ ആഴത്തിൽ മുറിഞ്ഞിട്ടുണ്ട്.. രണ്ടുമൂന്നു സ്റ്റിച്ച് ഇട്ടു ഇല്ലെങ്കിൽ വേഗം ഉണങ്ങില്ല… ”

അവൾ ഡ്രസിങ് റൂമിൽ നിന്നും പുറത്തേക്ക് വരുന്നത് വരെ ഞാൻ പുറത്ത് കാത്തുനിന്നു..

കുറച്ചു കഴിഞ്ഞപ്പോൾ അവൾ പുറത്തേക്ക് വന്നു..

“കഴിഞ്ഞോ?? ”

“മ്മ്.. കഴിഞ്ഞു.. ”

അവളുടെ കയ്യിൽ ഒരു പേപ്പർ ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു…

“എന്താദ്?? ”

“ഏത്.. ”

“അല്ല ഇയാളുടെ കയ്യിൽ അതെന്താണെന്ന് ”

“ഏയ്‌ അതൊന്നുമില്ല.. ”

“എന്നാലും നോക്കട്ടെ.. ”

ഞാൻ ബലമായി അത് പിടിച്ചു വാങ്ങി.. ഹോസ്പിറ്റലിൽ അടക്കാനുള്ള ബിൽ ആയിരുന്നു അത് ഏകദേശം രണ്ടായിരം രൂപ..

“ഇതായിരുന്നോ ഒളിച്ചു വെച്ചത്.. താൻ ഇവിടെ ഇരിക്ക് ഞാൻ പോയി അടച്ചിട്ടു വരാം.. ”

“അയ്യോ അത് വേണ്ട ഞാൻഅടച്ചോളാം.. ”

“അത് സാരമില്ല ഇയാൾ ഈ വയ്യാത്ത കാലും കൊണ്ട് അവിടെ വരെ നടക്കേണ്ട മനസ്സിലായോ?? ”

അവളെ അവിടെ പിടിച്ചിരുത്തി ഞാൻ പോയി ബില്ലടച്ചു വന്നു..

“പോവാം.. ”

“ഞാൻ പൊക്കോളാം.. ”

“അത് വേണ്ട ഇയാളെ സേഫായി വീട്ടിൽ എത്തിച്ചിട്ടേ ഞാൻ പോവൂ.. മനസ്സിലായോ?? ”

“അല്ല കുറേനേരമായി പരിചയപെട്ടിട്ടു പക്ഷേ പേരിതുവരെ പറഞ്ഞില്ലല്ലോ എന്താടോ ഇയാൾടെ പേര്.. ”

“അനു.. അനാമിക.. ”

“അനു അനാമികയോ ഇതെന്താ രണ്ടുപേര്.. ”

“ഏയ്‌ രണ്ടു പേരല്ല അനാമിക എന്നാ പേര് എല്ലാർക്കും ഞാൻ അനു ആണ് അതാണ് ആദ്യം അങ്ങനെ പറഞ്ഞത്.. ”

“ഓഹ് അങ്ങനെ.. അപ്പൊ ഞാൻ
നവി.. നവനീത്.. ”

“ഏഹ്.. ”

“അല്ല ഞാൻ നവനീത്.. നവി എന്ന് എല്ലാരും വിളിക്കും.. ”

“ഓഹ് മാഷെന്നെ കളിയാക്കിയതാ അല്ലെ.”

“ഏയ്‌ അല്ലടോ ഞാൻ വെറുതെ.. ”

“അനാമികയുടെ വീടെവിടാ.. ”

“ഇവിടെ നിന്നും കുറച്ചകലെയാണ്..ഞാൻ പൊയ്ക്കോളാം.. എന്നെ സ്റ്റോപ്പിൽ ഇറക്കിയാൽ മതി.. ”

“എന്നാ ശരി താൻ കേറ് ഞാൻ സ്റ്റോപ്പിൽ വിടാം.. ”

“അല്ലടോ താനെന്തിനാ ഞങ്ങളുടെ റെസിഡന്റ്സിൽ വന്നത്.. ”

“ഞാനവിടെ ഡാൻസ് സ്കൂളിൽ കുട്ടികളെ ഡാൻസ് പഠിപ്പിക്കാൻ പുതിയതായി വന്ന ടീച്ചർ ആണ്.. ”

“ഓഹ് ആണോ.. ഞാൻ ജോലി ചെയ്യുന്നത് ഹൈദരാബാദിൽ ആണ് അതുകൊണ്ട് ഇടക്കിടക്കെ വരൂ അതുകൊണ്ടാ ഞാൻ തന്നെ കണ്ടിട്ടില്ലാത്തത്.. ”

“നവിയുടെ പൈസ ഞാൻ നാളെ തരാം എന്റെൽ ഇപ്പൊ എടുക്കാനില്ല.. ”

“അതിന് ഇയാളോട് ഞാൻ കാശ് ചോദിച്ചില്ലല്ലോ.. ”

“എന്നാലും അങ്ങനല്ലല്ലോ.. ”
“ടീച്ചർ ഇപ്പൊ ചെല്ല് കാശൊക്കെ ഞാൻ വാങ്ങിക്കോളാം.. ”

ബസ് വന്നു അനാമിക കയറി പോകുന്നത് വരെ ഞാനവിടെ നിന്നു..

വീട്ടിൽ ചെന്നിട്ടും അവളുടെ ആ മുഖമായിരുന്നു എന്റെ മനസ്സിൽ നിറയെ..

അനാമിക.. എല്ലാവർക്കും അവൾ അനു ആയപ്പോൾ ഞാനവളെ എന്റെ മാത്രം ആമിയാക്കി…

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7