Thursday, December 19, 2024
Novel

കൗസ്തുഭം : ഭാഗം 4

എഴുത്തുകാരി: അഞ്ജു ശബരി


ചെമ്മണ്ണ് നിറഞ്ഞ വഴിയിലൂടെ നൗഫലിന്റെ കാർ മുന്നോട്ട് നീങ്ങി ഒരു പഴയ നാലുകെട്ടിന്റെ മുന്നിൽ വന്നു നിന്നു..

വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ആരോ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി വന്നു…

“അമ്മേ ദേ നൗഫലിക്ക വന്നു.. ”

“കിടന്നു വിളിച്ചു കൂവാതേടി ഞാൻ അങ്ങോട്ടല്ലേ വരുന്നത്.. ”

“ഇക്കാ എന്താ കൊണ്ടുവന്നത്.. ”

“നീയെന്താ കുഞ്ഞു കുട്ടിയാണോ എപ്പോ വന്നാലും ഓരോന്ന് കൊണ്ടുവരാൻ.. ”

“ഞാൻ കുഞ്ഞു കുട്ടിയല്ലെങ്കിലും ഇക്കാ എനിക്ക് വേണ്ടി എന്തെങ്കിലും കരുതാതെ ഇരിക്കില്ല എന്നെനിക്കറിയാം.. ”

“ഓഹോ.. ഇന്നാ ഹോം മെയ്ഡ് ചോക്ലേറ്റ് ആണ്… ”

“താങ്ക്സ് ഇക്കൂസേ… ഉമ്മാ.. ”

“മതിയെടി കൊഞ്ചിയത് കെട്ടിച്ചു വിടാൻ പ്രായമായ പെണ്ണാണ് ആ ബോധം വേണം.. ”

“ഓഹ് എന്റെ ഇക്കയോടല്ലേ സാരല്ല്യ.. ”

“നാദി അമ്മ എവിടെ.. ”

“അമ്മ കിടക്കുവാ.. അനുവേച്ചി കൂടി പോയപ്പോൾ ഭയങ്കര വിഷമമാണ് പാവത്തിന്.. ”

“എന്തെങ്കിലും കഴിച്ചോ.. ”
“ആഹ് ഉച്ചക്ക് കുറച്ച് കുത്തരി കഞ്ഞിയും പയർ തോരനും ചമ്മന്തിയും ഉണ്ടാക്കി കൊടുത്തു… ലേശം കഴിച്ചു.. എന്റെ നിർബന്ധത്തിനു വഴങ്ങി.. ”

“അത് നന്നായി.. നീ വാ.. ”

അവർ രണ്ടാളും വീടിന്റെ അകത്തേക്ക് നടന്നു…

“സുമിത്രാമ്മേ… ഇതെന്താ കിടക്കുന്നത് എന്തെങ്കിലും വയ്യാഴിക ആണോ.. ”

“ആഹ് നൗഫലെ നീ വന്നോ.. ”

സുമിത്രാമ്മ പതിയെ എഴുന്നേറ്റ് ഇരുന്നു.. നൗഫൽ വന്നു അമ്മയുടെ അടുത്തിരുന്നു..

“മോനെ അനു.. ”

“അനുവിന്റെ കാര്യമോർത്തു അമ്മ വിഷമിക്കേണ്ട അവൾക്ക് അവിടെ സുഖമാണ് നല്ല സ്ഥലവും നല്ല ആൾക്കാരുമാണ് അവിടെ ഉള്ളത് . എങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മടിക്കരുത് എന്ന് ഞാൻ അനുവിനോട് പറഞ്ഞിട്ടുണ്ട്.. ”

“ഈ അമ്മക്ക് അത് കേട്ടാൽ മതി… ”

“നാളെ തന്നെ ഹോം നേഴ്സ് വരും അമ്മയുടെ കാര്യം നോക്കാൻ.. പിന്നെ നാദി ഇവിടെ ഉണ്ടാവും അനു കൂടെയില്ല എന്നൊരു വിഷമം അമ്മക്ക് വേണ്ട.. പതിയെ അമ്മയെ കൂടി അങ്ങോട്ട് കൊണ്ടുപോകണം എന്ന് അനുവിനുണ്ട്.. ”

“എനിക്കിനി എത്ര കാലം എന്റെ കൊച്ചെങ്കിലും സന്തോഷത്തോടെ ജീവിച്ചാൽ മതിയാരുന്നു… ”

“ദേ അമ്മേ.. ആവശ്യമില്ലാതെ ഓരോന്ന് പറയല്ലേ… നാദി നീയിവിടെ നിന്നോ ഞാനൊന്ന് വീട്ടിൽ പോയി ഫ്രഷ് ആയി ഉമ്മാനേയും കൂട്ടിട്ടു വരാം.. ഇന്ന് നമുക്കെല്ലാം ഇവിടെ നിൽക്കാം.. ”

“ശരി ഇക്കാ.. ”

നൗഫൽ അവരോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി…

നൗഫലിന്റെ വീടും അനുവിന്റെ വീടും ഒരു അതിരിനു അപ്പുറമാണ്.. ജാതിയോ മതമോ നോക്കാതെ ഒരു കുടുംബം പോലെയാണ് അവർ ജീവിച്ചിരുന്നത്..

സുമിത്രാമ്മയുടെ ഭർത്താവ് ശിവദാസൻ ജീവിച്ചിരുന്ന കാലം മുതലേ ഉള്ള സൗഹൃദം ആണ് നൗഫലിന്റെ ഉപ്പയായ മൊയിദീനുമായി ഉള്ളത്..

അവർ രണ്ടാളും മരിച്ചതിനു ശേഷവും കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദം അതേപോലെ തുടർന്നു…

**************

“മോളെ… അനു… ”

“ചേട്ടത്തി ദാ വരുന്നു.. ”

മറിയാമ്മ ചേട്ടത്തി വിളിക്കുന്നത് കേട്ട് അനു വേഗം പുറത്തേക്ക് വന്നു..

“എണീറ്റില്ലരുന്നോ മോളെ.. ”

“അല്ല ചേട്ടത്തി ഇന്ന് ആദ്യത്തെ ദിവസമല്ലേ ഞാനൊന്ന് പ്രാർത്ഥിക്കുവാരുന്നു.. ”

“അത് നന്നായി മോളെ.. ഇവിടെ അടുത്തൊരു ക്ഷേത്രം ഉണ്ട് മോൾക്ക് പോകണമെങ്കിൽ ഞാൻ ആരെയെങ്കിലും കൂട്ടി വിടാം.. ”

“ഏയ്‌ ഇന്ന് വേണ്ട ചേട്ടത്തി.. സമയം വൈകി.. ”

“അയ്യോ സംസാരിച്ചു നിന്ന് വന്ന കാര്യം മറന്നു… ദാ മോളെ കാപ്പി.. ”

“അകത്തേക്ക് കയറി വന്നാപ്പോരേ ചേട്ടത്തി.. ഇവിടെ ഞാൻ മാത്രമല്ലെ ഉള്ളു ഇതും പിടിച്ചിങ്ങനെ പുറത്ത് നിൽക്കണോ.. ”

“ചിലർക്ക് നമ്മൾ കയറുന്നത് ഇഷ്ടമാവില്ല മോളെ അത്‌ കൊണ്ടാണ് പുറത്ത് നിന്നത്.. ”

“എനിക്കങ്ങനൊന്നും ഇല്ല കേട്ടോ വാതിൽ തുറന്ന് കിടന്നാൽ ചേട്ടത്തി ധൈര്യമായി കയറിക്കോ.. ”

“സമയം കളയേണ്ട മോള് വേഗം കഴിച്ചിട്ട് പോകാൻ നോക്ക്.. ”

അനുവിന് കഴിക്കാനുള്ള ഭക്ഷണം അവിടെ വെച്ചിട്ട് ചേട്ടത്തി പുറത്തേക്കിറങ്ങി..

അനു വേഗം ഭക്ഷണം കഴിച്ചു പോകാൻ തയ്യാറായി പുറത്തേക്കിറങ്ങി..

“അയ്യോ… ദൈവമേ ഞാനെങ്ങനെ പോകും.. ഇന്നലെ അവരോടൊപ്പം വണ്ടിയിൽ അല്ലെ വന്നത്… ശേ.. ഇനിയിപ്പോ എന്താ ചെയ്യുന്നത് ”

“എന്താടോ ടോട്ടരേ തന്നെ സംസാരിക്കുന്നത്… വട്ടായോ ”

“ശ്രീനി… എനിക്കിവിടെ സ്ഥലമൊന്നും അറിയില്ലല്ലോ ഹോസ്പിറ്റലിൽ പോകാൻ സമയമായി എനിക്കൊരു വണ്ടി വിളിച്ചു തരാമോ.. ”

“ഓഹ് അതാണോ കാര്യം ഞാനൊന്നു നോക്കട്ടെ.. ”

ശ്രീനി ഫോണെടുത്തു ആരെയോ വിളിച്ചു നോക്കുന്നുണ്ടാരുന്നു…

അപ്പോഴാണ് നവി ചാവി എടുത്തുകൊണ്ടു ബൈക്കിന്റെ അടുത്തേക്ക് വന്നത്…

അനു നവിയെയും ശ്രീനിയേയും മാറി മാറി നോക്കി എന്നിട്ട് ശ്രീനിയുടെ അടുത്തേക്ക് ചെന്നു…

“എന്തായി ശ്രീനി.. ”

“ഇവിടെ അടുത്ത് ഓട്ടോ ഓടിക്കുന്നൊരു മാത്യൂസ് ചേട്ടനുണ്ട് ആളെ വിളിച്ചതാ പക്ഷേ ഫോൺ പരിധിക്ക് പുറത്താണ് കിട്ടുന്നില്ല.. ”

“ശ്രീനി തന്റെ കാട്ടാളനോട് ഒന്ന് പറയുമോ എന്നെയൊന്നു വിടാൻ. ”

“എന്റെ അനു ഒന്ന് പതുക്കെ പറയ്‌ അവനെങ്ങാനും കേട്ടാൽ അത് മതി.. താനിവിടെ നിൽക്ക് ഞാനൊന്ന് ചോദിക്കട്ടെ അവനോട്.. ”

“മ്മ്.. ”

ശ്രീനി നടന്നു നവിയുടെ അടുത്തേക്ക് ചെന്നു..

“നവി… ഒന്ന് നിൽക്ക്.. ”
“മ്മ്.. എന്താ?? ”

“എടാ ഒരു സഹായം ചെയ്യുമോ.. ”
“നീ വളഞ്ഞു ചുറ്റാതെ കാര്യം പറയെടാ ”

“ഡാ അനുവിന്റെ ആദ്യത്തെ ദിവസമാണ് ഇന്ന്.. നീയൊന്ന് അനുവിനെ ഹോസ്പിറ്റലിൽ കൊണ്ടാക്കി കൊടുക്കുമോ ”

നവി നെറ്റി ചുളിച് ശ്രീനിയെ ഒന്ന് നോക്കി…

“ഡാ മോനെ പറ്റില്ലെന്ന് പറയല്ലേ ഒന്നുമല്ലെങ്കിലും നമ്മുടെ ഗസ്റ്റ് അല്ലെ.. ”

“എനിക്കെങ്ങും വയ്യ നീയാ മാത്യൂസേട്ടന്റെ വണ്ടി വിളിച്ചു കൊടുക്ക്‌.. ”

“പുള്ളിയെ തന്നെയാണ് വിളിച്ചു നോക്കുന്നത് പക്ഷേ കിട്ടേണ്ടേ… പുള്ളി പരിധിക്ക് പുറത്താണ്.. ”

“എന്നാ ഞാൻ പോകുന്ന വഴിക്ക് വല്ല ഓട്ടോയും ഇങ്ങോട്ട് പറഞ്ഞു വിടാം.. ”

“നവി ഇപ്പൊ തന്നെ ഒരുപാട് വൈകി നീ പോകുന്ന വഴിക്കല്ലേ ഹോസ്പിറ്റൽ അനുവിനെ ഒന്ന് ഡ്രോപ്പ് ചെയ്തൂടെ.. ”

ശ്രീനിയുടെ വാക്ക് കേട്ട് നവി കലിപ്പിച്ചു അവനെയൊന്നു നോക്കി… എന്നിട്ട് പറഞ്ഞു..

“എന്റെ ബൈക്കിൽ ഞാൻ പെണ്ണുങ്ങളെ കയറ്റാറില്ല.. ”

“ഇതൊക്കെ എപ്പോ എന്നിട്ട് ഹൈദരാബാദിൽ ഉണ്ടായിരുന്നപ്പോൾ അങ്ങനൊന്നുമല്ലാരുന്നല്ലോ.. ”

“അപ്പൊ അല്ലായിരിക്കും പക്ഷേ ഇപ്പൊ ഇങ്ങനാ.. അല്ല ഇത്രയൊക്കെ വാദിക്കുന്നതിനു പകരം നിനക്കങ്ങു കൊണ്ടുവിട്ടു കൂടെ ”

“എന്റെ ബൈക്ക് വർഷോപ്പിൽ അല്ലെ അതുകൊണ്ടാ നിന്റെ കാല് പിടിച്ചത് അല്ലെങ്കിൽ ഞാൻ കൊണ്ടുവിട്ടേനെ.. നവി സമയം പോകുന്നു… ഒന്ന് കൊണ്ടാക്കേടാ.. ”

“ശ്രീനി മതി ..എനിക്ക് വേണ്ടി ആരുടേയും കാലു പിടിക്കേണ്ട.. ഞാൻ നടന്നു പൊക്കോളാം.. ”

“അനു അത്.. ”

“വേണ്ട ശ്രീനി സാരമില്ല.. ”

അതും പറഞ്ഞ് അനുരാധ മുന്നോട്ട് നടന്നു…

“ഇവിടെ വരുന്ന ഗസ്റ്റിനോടൊക്കെ നീ മര്യാദക്ക് സംസാരിക്കുമല്ലോ പിന്നെ അതിനോട് മാത്രമെന്താ.. ഇതൊന്നും നല്ലതല്ല കേട്ടോ നവി.. ”

ദേഷ്യപ്പെട്ട് അത്രയും പറഞ്ഞ് ശ്രീനി അകത്തേക്ക് പോയി…

നവി വണ്ടി മുന്നോട്ടെടുത്തു.. അനു നടന്നു പോകുന്നത് കണ്ടു അടുത്ത് വന്നു വണ്ടി നിർത്തി…

അനു അത് കാണാത്ത പോലെ മുന്നോട്ട് പോയി..

“ടോ.. ടോട്ടരേ… ബാ കേറ് ഞാൻ കൊണ്ടാകാം.. ”

“വോ വേണ്ട.. ”

“മര്യാദക്ക് വന്നു കേറ് ഇവിടുന്നു ഒരു പത്തു കിലോമീറ്റർ ഉണ്ട് എന്തായാലും അത്രയും ദൂരം നടന്നു പോകാൻ ഇയാക്ക് പറ്റില്ലല്ലോ.. ”

ഇനിയും അടിയുണ്ടാക്കിയാൽ നടന്നു പോകേണ്ടി വരും എന്ന് കരുതി അവൾ വന്നു ബൈക്കിൽ കയറി…

“അതെ ഇയാൾടെ ബാഗ് എടുത്തു ഇടയിൽ വെക്ക് എന്നെയാരും മുട്ടിയിരിക്കുന്നത് എനിക്കിഷ്ടല്ല… ”

“ഓഹ് ഉത്തരവ്.. ” അനു പതിയെ പറഞ്ഞ്…

“എന്താ എന്തെങ്കിലും പറഞ്ഞോ.. “.

“ഞാനൊന്നും പറഞ്ഞില്ല.. ”

“മിണ്ടാതെ ഇരിക്കുന്നതാ നല്ലത് അല്ലെങ്കിൽ ഞാൻ വഴിയിൽ ഇറക്കി വിടും പറഞ്ഞേക്കാം.. ”

അനു കൂടുതൽ ഒന്നും സംസാരിക്കാതെ ചുറ്റുമുള്ള കാഴ്ചകൾ നോക്കി ഇരുന്നു…

പ്രകൃതി ഭംഗിയിൽ ലയിച്ചിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല..

പെട്ടന്ന് നവി ബൈക്ക് നിർത്തി പിടിച്ചു ഇരിക്കാത്തതിനാൽ അനു മുന്നോട്ട് ആഞ്ഞു വീഴാൻ പോയി അവൾ വേഗം നവിയുടെ വയറിൽ കൂടി ചുറ്റി പിടിച്ചു…

അത് കണ്ട് അവൻ ദേഷ്യത്തോടെ തിരിഞ്ഞ് നോക്കി..

“സോറി.. ഞാൻ വീഴാൻ പോയി അതാണ്.. ”

“സ്വപ്നം കണ്ട് ഇരുന്നിട്ടല്ലേ… അല്ല ഇയാൾക്ക് ഇറങ്ങാൻ ഉദ്ദേശമില്ലേ … ”

അപ്പോഴാണ് അനുവിന് സ്ഥലകാല ബോധം ഉണ്ടായത്…

അവൾ ചുറ്റിനും നോക്കി കുറച്ചകലെയായി മൃഗാശുപത്രിയുടെ ബോർഡ്‌ കണ്ടു അനു വേഗം ബൈക്കിൽ നിന്നും ഇറങ്ങി..

“താങ്ക്സ്.. ”

“അത് ഇയാൾ കയ്യിൽ വെച്ചോ എനിക്കെങ്ങും വേണ്ട.. ”

“ഓഹ് ഇതിനോട് നല്ലതൊന്നും പറയാൻ പറ്റില്ലല്ലോ.. ” അനു പിറുപിറുത്തു കൊണ്ട് തിരിഞ്ഞു നടന്നു..

“അതെ മൃഗ…ഡോട്ടരെ ഒന്ന് നിന്നെ… ”

“എന്താ.. ” അനു നെറ്റി ചുളിച്ചു ചോദിച്ചു..

“ഇത്‌.. ഒരു.. പതിവാക്കേണ്ട.. ”

“എന്ത്?? ”
“അല്ല രാവിലെ എന്റെ ബൈക്കിൽ ഉള്ള ഈ സവാരി.. നാളെ എന്തെങ്കിലും വഴി കണ്ടുപിടിച്ചോണം… ”

“ഓഹ് ഉത്തരവേ.. കഴിഞ്ഞോ ”
“ആഹ് കഴിഞ്ഞു.. ”

“ഇനിയെനിക്ക് പോകാമല്ലോ… ല്ലേ.. ”

“ഓഹ് വേഗം ഓടി ചെല്ല് ഇല്ലേൽ പേഷ്യന്റ്സ് ക്ഷമ കെട്ടു കയർ പൊട്ടിച്ചോടും.. ”

“എന്തായാലും ഇയാളെക്കാൾ ഭേദമാ മൃഗങ്ങൾ.. കാട്ടാളാ.. ”

“ടീ… ”

അപ്പോഴേക്കും അനു നടന്നു ആശുപത്രിയിൽ എത്തി..

എന്തോ അനുവിന്റെ സംസാരം കേട്ടപ്പോൾ നവിയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു..

അവൻ ബൈക്ക് എടുത്ത് മുന്നോട്ട് നീങ്ങി..

***************

“നാദി മോളെ … അനു ഇതുവരെ വിളിച്ചില്ലല്ലോ.. ”

“അമ്മ വിഷമിക്കാതെ ഇരിക്ക് അനുവേച്ചി വിളിക്കും.. ”

“അതെ സുമിത്രേ അനുമോൾ വിളിക്കും ഇന്ന് ആദ്യത്തെ ദിവസമല്ലേ അതിന്റെ തിരക്കുണ്ടാവുമല്ലോ അതാകും.. ”

“അതൊക്കെ എനിക്കും അറിയാം സുലു എന്നാലും ഇത്രയും നേരമായില്ലേ.. ”

അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ലാൻഡ്ഫോൺ ബെല്ലടിച്ചു…

അപ്പോഴേക്കും സുമിത്രാമ്മയുടെ മുഖം വിടർന്നു…

അവർ ഫോണിന്റെ അടുത്തേക്കോടി…

“പാവം… മക്കളെയോർത്തു ഒരുപാട് വേദനിക്കുന്നുണ്ട്… ” നാദിയുടെ ഉമ്മ പറഞ്ഞു..

“ഹലോ… മോളെ.. ”
“അമ്മേ.. അമ്മക്കെങ്ങനെ മനസ്സിലായി വിളിക്കുന്നത് ഞാനാണെന്ന്.. ”

“അതൊക്കെ മനസ്സിലായി മോളെ .. ഞാൻ രാവിലെ മുതൽ നിന്റെ ഫോണിനായി കാത്തിരിക്കുവാരുന്നു… ”

“അമ്മക്ക് സുഖമാണോ?? ”

“അമ്മക്ക് എന്താ സുഖക്കുറവ്.. എന്റെ മോള് സമാധാനമായി സന്തോഷമായി ജീവിച്ചാൽ മതി അമ്മക്ക്.. ”

“എനിക്കിവിടെ കുഴപ്പമൊന്നുമില്ല അമ്മേ.. ഇവിടെ കാര്യങ്ങളൊക്കെ ഒന്ന് ശരിയാക്കിട്ടു ഞാൻ അമ്മയെ ഇങ്ങോട്ട് കൊണ്ടുപോരും.. ഇനിയാ നാട് നമ്മുക്ക് വേണ്ട… അവിടെ നിന്നാൽ ഒരുകാലത്തും മനസ്സമാധാനം ഉണ്ടാവില്ല.. ”

“ഒക്കെ മോൾടെ ഇഷ്ടം പോലെ.. ”

സുമിത്രാമ്മ അനുവിനോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ നാദി വന്നു അവരെ തോണ്ടിക്കൊണ്ടു ഇരുന്നു..

“എന്താടി.. ”

“അമ്മേ.. എനിക്കൂടി… അനുവേച്ചിയോട് സംസാരിക്കണം ”

“മോളെ നാദിയ ഇവിടുണ്ട് അമ്മ ഫോൺ കൊടുക്കാമെ.. ”

“അനുവേച്ചി… സുഖാണോ.??? ”

“പിന്നെ… മോളെ നീയവിടെ ഉള്ളതാണ് ചേച്ചിക്ക് സമാധാനം..”

“ചേച്ചി പേടിക്കേണ്ട ഞങ്ങളൊക്കെ ഇല്ലേ.. ”

” മോളെ ഏട്ടൻ?? ഏട്ടൻ അവിടെ വന്നാൽ എന്നെയറിയിക്കണം ”

“പറയാം ചേച്ചി… ചേച്ചി പോയത് അറിഞ്ഞിട്ടില്ല.. ”

“തല്ക്കാലം ആരുമൊന്നും അറിയേണ്ട ഞാനെവിടെ എന്നന്വേഷിച്ചാൽ അറിയില്ല എന്ന് പറഞ്ഞാൽ മതി.. അമ്മയെ ആരുമൊന്നും ചെയ്യില്ല അതാണ് എന്റെ ആകെയുള്ള ആശ്വാസം.. ”

“അതൊക്കെ ഞങ്ങൾ നോക്കിക്കോളാം ഇച്ചേച്ചി ബേജാറാവല്ലേ.. ”

“ശരി മോളെ ഞാൻ പിന്നെ വിളിക്കാം.. ഇക്കാക്കയോട് പറഞ്ഞേക്ക്.. ”

“ശരി ചേച്ചി.. ”

നാദി ഫോൺ വെച്ചു..

“അനു എന്താ മോളെ പറഞ്ഞത്.. ”

“ചേച്ചിക്ക് ഭയങ്കര പേടിയാണ് അമ്മേ.. ”

“എനിക്കറിയാം.. എന്റെ കൊച്ചിന് ഇനിയെങ്കിലും സമാധാനം കിട്ടിയാൽ മതി.. ”

“അതൊക്കെ ഉണ്ടാവും സുമിത്രാമ്മ അതൊന്നുമോർത്തു വിഷമിക്കേണ്ട.. ”

***************

“ശ്രീനി.. നീ ഇവിടുത്തെ കാര്യങ്ങൾ നോക്കിക്കോണേ എനിക്കൊന്ന് കൃഷിയാപ്പീസ് വരെ പോകണം.. ”

“എന്താടാ ആവശ്യം?? ”

“ഒന്നുമില്ല കുറച്ചു ജൈവവളം വന്നിട്ടുണ്ട് അത് പോയി എടുക്കണം.. ”

“പിന്നെ നീ കുറച്ചു പണിക്കാരെ വിളിക്കണം അടുത്ത വളപ്രയോഗത്തിനുള്ള സമയമായി.. പറ്റിയാൽ നാളെ തന്നെ തുടങ്ങണം.. ”

“പിന്നെ പശുക്കളെ ഒന്ന് ചെക്ക് അപ്പ്‌ ചെയ്യേണ്ട സമയമായി.. നീ ഒന്ന് ഹോസ്പിറ്റലിൽ വിളിച്ചു ഒന്ന് അന്വേഷിക്കണം ഡോക്ടർക്ക് എപ്പോഴാ സമയം എന്ന്.. ”

“അന്വേഷിക്കാം… അല്ല ഇപ്പൊ ഡോക്ടർ അനുവല്ലേ.. ”

“അനുവോ?? അതാരാ ”
“ആഹ് ബെസ്റ്റ് എപ്പോ കണ്ടാലും അടിയുണ്ടാക്കും എന്നിട്ട് നിനക്കവളുടെ പേര് അറിയില്ലേ… അനു.. അനുരാധ… ”

“ഓഹ് ആ സാധനം ആണല്ലോ ല്ലേ ഞാനതോർത്തില്ല… ”

“അതെ ആ മൃഗ…ഡോട്ടർ വരുമ്പോൾ നീ പോയി കൂട്ടികൊണ്ട് വന്നാൽ മതി എനിക്കവളെ കാണുമ്പോഴേ ചൊറിഞ്ഞു കേറും.. ”

“എനിക്ക് പറ്റില്ല നീ തന്നെ പോയി അവളെ കൂട്ടിക്കോ എനിക്ക് വേറെ പണിയുണ്ട് “..

“ശ്രീനി.. ”

“മോൻ വേഗം ചെല്ലാൻ നോക്ക് ഇല്ലേൽ ജൈവവളം തീർന്നു പോയാലോ.. ”

“ചാൻസ് കിട്ടുമ്പോഴൊക്കെ നൈസായി താങ്ങിക്കൊ എനിക്കും വരും ഒരു ചാൻസ്.. ”

“ഉം.. കാണാം.. “..

നവി പോയതിനു ശേഷം ആണ് നവിയുടെ ഫോൺ അവിടെ വെച്ച് മറന്നത് ശ്രീനി കണ്ടത്…

അത് റിംഗ് ചെയ്യുന്നുണ്ടാരുന്നു..

“ശ്രീനി വന്നു ആ കാൾ അറ്റൻഡ് ചെയ്തു.. ”

തുടരും…

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3