കൗസ്തുഭം : ഭാഗം 3
എഴുത്തുകാരി: അഞ്ജു ശബരി
“അനു മോളെ…. ബാഗൊക്കെ എടുത്തു വെച്ചിട്ടുണ്ട്… ”
“ഇക്കാ പോകാൻ തുടങ്ങുവാണോ?? ”
“അതെ പോകണം ഇപ്പൊ ഇറങ്ങിയാലെ ഒരുപാട് വൈകും മുൻപ് വീട്ടിൽ എത്തൂ.. ”
അനു വേഗം ബാഗ് തുറന്ന് കുറച്ചു ക്യാഷ് എടുത്തു നൗഫലിന് കൊടുത്തു..
“എന്താ ഇത്.. എനിക്ക് വേണ്ട.. ”
“അങ്ങനെ പറയല്ലേ ഇക്കാ ഇത്രയും ദൂരം വന്നതല്ലേ.. ”
“അനു നീയെനിക്കു എന്റെ നാദിയയേ പോലെയാണ്… ആ നിന്നെ ഇവിടെ കൊണ്ട് വിട്ടത് ഒരേട്ടന്റെ സ്ഥാനം നീയെനിക്കു നൽകിയത് കൊണ്ടാണ് അല്ലാതെ ഒരു ഡ്രൈവർ ആയിട്ടല്ല ഞാൻ വന്നത്.. ”
” അതൊക്കെ എനിക്കറിയാം ഇക്കാ… ഇത് കൂലി ആയി കരുതരുത് ഇത്രയും ദൂരം പോകാൻ വണ്ടിക്ക് പെട്രോൾ അടിക്കണ്ടേ അതിനുള്ള പൈസ ആയി കരുതിക്കോ ഇക്കാ.. ”
“ദേ കൊച്ചേ നീയെന്റെ വായിൽ നിന്നും കേൾക്കും.. ഞാൻ ഇറങ്ങുവാ… ”
“ഇക്കാ… ”
അനു പിന്നിൽ നിന്ന് വിളിച്ചപ്പോൾ നൗഷാദ് തിരിഞ്ഞ് നിന്നു..
“എന്റെ അമ്മയെ നോക്കിക്കോണേ ഇക്കാ.. ”
“അത് നീ പറയേണ്ട ആവശ്യമുണ്ടോ… ആ അമ്മയുടെ കയ്യിൽ നിന്നും ഒരുപാട് ആഹാരം ഞാനും കഴിച്ചിട്ടുള്ളതാണ് നിന്റെ അമ്മയെനിക്ക് എന്റെ സ്വന്തം ഉമ്മയെപോലെ തന്നെ ആണ്.. ”
“പക്ഷെ സ്വന്തം മകൻ അതോർത്തില്ലല്ലോ ഇക്കാ.. ”
അത് പറഞ്ഞപ്പോഴേക്കും അനുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു…
നൗഫൽ തിരിച്ചു വന്നു അനുവിനെ ചേർത്ത് പിടിച്ചു..
“മോളെ… കഴിഞ്ഞതൊക്കെ കഴിഞ്ഞു… ഇനിയതൊന്നും ഓർക്കാൻ നിൽക്കേണ്ട.. ഇത്രയും ദൂരേക്ക് നീ വന്നത് തന്നെ പലതും മറക്കാനാണ്.. ഇവിടെ അതിന് പറ്റിയ സ്ഥലമാണ്… സന്തോഷത്തോടെ ജീവിക്കുക.. എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിക്കണം കേട്ടോ.. ”
“മ്മ്… ”
“ഇക്കാ പോയിട്ട് വരാം.. ”
“മ്മ്… ”
നൗഫലിന്റെ കാർ കണ്മുന്നിൽ നിന്നും മറയുന്നത് വരെ അനു വാതിൽക്കൽ തന്നെ നിന്നു…
***************
കുളിച്ചു ഫ്രഷായി ഇറങ്ങിയപ്പോൾ ആണ് വാതിൽക്കൽ ഒരു മുട്ട് കേട്ടത്..
അനു വേഗം വാതിൽ തുറന്ന് നോക്കി…
“ഇതാ മോളെ ചായ… ”
“ചേട്ടത്തി… അല്ല അങ്ങനെ വിളിക്കാമല്ലോ അല്ലെ.. ”
“പിന്നെന്താ ഇവിടെ നവിയും ശ്രീനിയും അങ്ങനാണ് വിളിക്കുന്നത് പിന്നെ അവർക്ക് എന്നോട് ഇച്ചിരി സ്നേഹം കൂടുമ്പോൾ അമ്മച്ചി എന്ന് വിളിക്കും.. ”
“ആഹാ അത് കൊള്ളാല്ലോ.. അപ്പൊ അമ്മച്ചി അവരുടെ ആരാ ”
“ആരുമല്ല മോളെ… ഞാനിവിടെ ജോലിക്കാരി എന്ന് വേണെങ്കിൽ പറയാം.. പക്ഷേ ശ്രീനി മോൻ എന്നെ കാര്യസ്ഥ എന്നാണ് കളിയാക്കുന്നത്… ”
“അതെന്താ അങ്ങനെ.. ”
“അല്ല അവർ ഫാമിൽ പോകുമ്പോൾ ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കുന്നത് ഞാനാണ് അതുകൊണ്ടാ.. ”
“ശ്രീനിയെ ഞാൻ കണ്ടു പക്ഷേ നവി അതാരാ ചേട്ടത്തി.. ശരിക്കും ഇതാരുടെ വീടാണ്.. ”
“ഇതെല്ലാം നവിയുടെ ആണ് മോളെ… ”
“നവനീത് എന്നാണ് പേര് ഞങ്ങളൊക്കെ നവി എന്ന് വിളിക്കും.. വല്യ പഠിത്തം ഒക്കെയുള്ള കൊച്ചാണ് പക്ഷെ എന്തോ അതിനിഷ്ടം ഈ കൃഷിയും കാര്യങ്ങളുമൊക്കെ ആണ്.. ”
മറിയാമ്മച്ചി പറയുന്നതൊക്കെ ശ്രദ്ധയോടെ കേട്ടുകൊണ്ട് അനുരാധ നിന്നു…
“ഏകദേശം ഒരു മൂന്നാല് വർഷം മുന്നേ ആണ് നവികൊച്ച് ഇവിടേക്ക് വരുന്നത്… ”
“ഇത് ഇവിടുത്തെ ഒരു പഴയ തറവാട് ആണ്… ആദ്യം ഇത് വിലയ്ക്ക് വാങ്ങി പിന്നെ ചെറിയ ചെറിയ വീടുകൾ ഇതിനോടൊപ്പം പണിഞ്ഞു ചേർത്ത് ഇതൊരു ഹോം സ്റ്റേ ആക്കി.. ”
“ഞാനിവിടെ പള്ളിവക അഗതി മന്ദിരത്തിലെ അന്ദേവാസി ആയിരുന്നു… എനിക്ക് സ്വന്തമെന്ന് പറയാൻ ആരുമില്ല.. കെട്ട്യോൻ മരിച്ചപ്പോൾ ഞാൻ പള്ളിയിലേക്ക് പോയി.. ”
“അപ്പൊ ചേട്ടത്തിയുടെ മക്കൾ?? ”
“എനിക്ക് പിള്ളേരൊന്നുമില്ല കുഞ്ഞേ.. കർത്താവ് എനിക്കതിനുള്ള യോഗം തന്നില്ല… പക്ഷെ എനിക്കതിൽ സങ്കടം ഇല്ല കേട്ടോ.. സ്നേഹിക്കാനും വഴക്ക് പറയാനും എനിക്ക് നവിയെയും ശ്രീനിയേയും തന്നില്ലേ.. ”
“അയ്യോ സോറി ചേട്ടത്തി എനിക്കൊന്നും അറിയില്ലാരുന്നു.. ”
“അത് സാരമില്ല മോളെ എനിക്കിപ്പോ അതിൽ വിഷമമൊന്നുമില്ല.. ”
“പിന്നെ നവി ഇതിനോട് ചേർന്ന് കിടക്കുന്ന അഞ്ചേക്കർ പുരയിടം വിലക്ക് വാങ്ങിച്ചു.. ”
“ശ്രീനി നവിയോടൊപ്പം ജോലി ചെയ്തിരുന്നതാണ് ഒരിക്കൽ ഇവിടെ വന്നു കണ്ടപ്പോൾ ഭയങ്കര ഇഷ്ടമായി അങ്ങനെ നവിയോടൊപ്പം ചേർന്ന് ഒരു പശുക്കളുടെ ഫാം തുടങ്ങി.. ”
“ഓഹ് അപ്പൊ അതുമുണ്ടോ.. ”
“പിന്നെ.. ഇല്ലാത്തതു എന്താണെന്ന് ചോദിച്ചാൽ മതി മോളെ അതാവും എളുപ്പം.. ”
“ഈ കക്ഷി ആള് കൊള്ളാമല്ലോ എന്നിട്ട് ഞാനിതുവരെ കണ്ടില്ലല്ലോ അമ്മച്ചി.. ”
“ഇപ്പൊ വരും മോളെ തോട്ടത്തിലേക്ക് പോയേക്കുവാ… ”
“ഈ നവിയുടെ കുടുംബം?? ”
“അതിനെക്കുറിച്ച് മാത്രം ആർക്കും ഒന്നുമറിയില്ല.. ”
“മോള്ക്ക് ഇതൊക്കെ ഇഷ്ടമാണെങ്കിൽ ഒന്നിറങ്ങി ഇവിടൊക്കെ ചുറ്റിക്കാണ്.. എനിക്ക് കുറച്ചു ജോലി ബാക്കിയുണ്ട്.. ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ.. ”
“ശരി മറിയാമ്മ ചേട്ടത്തി.. ”
ചേട്ടത്തി പോയപ്പോൾ അനു പതിയെ തോട്ടത്തിലേക്ക് ഇറങ്ങി…
തോട്ടത്തിന്റെ ഒരു ഭാഗത്ത് നിറയെ കായ്ച്ചു കിടക്കുന്ന മൂവാണ്ടൻമാവും കശുമാവും ഞാവലും പനിനീർ ചാമ്പയും തുടങ്ങിയ മരങ്ങളും…
മറ്റൊരു ഭാഗത്ത് തക്കാളിയും കോളിഫ്ലവറും ക്യാബേജും ക്യാരറ്റും മുള്ളങ്കിയും എന്ന് വേണ്ട ശീതകാല പച്ചക്കറികൾ എല്ലാം ഉണ്ടായിരുന്നു…
അതൊക്കെ നോക്കി നടന്നപ്പോൾ ആണ് തോട്ടത്തിന്റെ അതിരിനോട് ചേർന്ന് നിറയെ മുല്ലകൾ വേലി പോലെ നട്ട് പിടിപ്പിച്ചേക്കുന്നത് കണ്ടത്…
അവൾ അവിടേക്ക് നടന്നു നീങ്ങി…
അടുത്ത ദിവസത്തേക്കായി വിളവിന് പാകമായി നിൽക്കുന്ന മുല്ലമൊട്ടുകൾ നിറയെ ഉണ്ടായിരുന്നു അതിൽ…
അനു അതിൽ നിന്നും കുറച്ചു പറിച്ചെടുത്തു…
“ആരാദ്… ”
പെട്ടെന്ന് പുറകിൽ നിന്നൊരു ശബ്ദം കേട്ട് അനു ഞെട്ടി.. അവൾ തിരിഞ്ഞു നോക്കി…
അനുവിനെ കലിപ്പിച്ചു നോക്കികൊണ്ട് നവി നിൽക്കുന്നുണ്ടാരുന്നു…
“നിങ്ങൾ ആരോട് ചോദിച്ചിട്ടാ ഇവിടെ കയറിയത്.. ”
“അല്ല ഞാൻ ഇവിടൊക്കെ കാണാൻ ”
“എന്നിട്ട് കാണുക മാത്രമാണോ ചെയ്തത്.. ”
അതും പറഞ്ഞിട്ട് നവി അനുവിന്റെ കയ്യിലിരുന്ന മുല്ലമൊട്ടിലേക്ക് നോക്കി..
“അത് പിന്നെ ഞാൻ.. മുല്ലമൊട്ട് കണ്ടപ്പോൾ… എനിക്ക് മുല്ലപ്പൂവ് ഭയങ്കര ഇഷ്ടമാണ്.. ”
“ഇവിടെ വെണ്ടയ്ക്ക വലുപ്പത്തിൽ എഴുതി വെച്ചിട്ടുണ്ട് ചെടികളിൽ തൊടരുത് പൂക്കൾ പറിക്കരുത് എന്ന്.. ഇയാക്ക് അക്ഷരം വായിക്കാൻ അറിയില്ലേ.. ”
“സോറി… ഞാൻ ശ്രദ്ധിച്ചില്ല.. ”
“ഓരോന്ന് രാവിലെ വലിഞ്ഞു കേറി വന്നോളും ബാക്കിയുള്ളവർ തൊട്ടും തലോടിയും സ്നേഹിച്ചാണ് ഓരോന്നും വളർത്തിക്കൊണ്ട് വരുന്നത്… അപ്പോഴാണ്.. ”
“രണ്ട് പൂവ് പറിച്ചതിനാണോ മിസ്റ്റർ ഇത്രയൊക്കെ പറയുന്നത്..ഇതിന്റെ കാശ് ഞാനങ്ങു തന്നേക്കാം പോരെ ”
“ആർക്ക് വേണം നിന്റെ ക്യാഷ്.. ഒന്ന് പോടീ.. ”
“ടോ എടീ.. പോടീ എന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി.. ”
“ടീ.. ” നവി അനുവിന്റെ നേരെ ചെന്നു..
അത് കണ്ടുകൊണ്ടാണ് ശ്രീനി വന്നത്…
“നവി..എന്തായിത്.. ”
ശ്രീനിയെ കണ്ടപ്പോൾ നവി ദേഷ്യത്തോടെ നടന്നു നീങ്ങി…
“അനു.. സോറി.. അവൻ പറഞ്ഞതിന് ഞാൻ ക്ഷമ ചോദിക്കുവാ ”
“അയ്യേ അതൊന്നും സാരമില്ല അല്ല അതാരാ.. ”
“അതാണ് നവനീത്.. ”
“ഓഹ് നവി.. അതാണോ ഈ മുതൽ.. ”
“അല്ല അനു നിങ്ങൾക്ക് നേരത്തെ അറിയാമോ ”
“ഏയ് ഇല്ല മറിയാമ്മ ചേട്ടത്തി ഒരു വല്യ ഇൻട്രോ തന്നിട്ടുണ്ടായിരുന്നു.. അത് കേട്ടപ്പോൾ പ്രതീക്ഷിച്ചത് ഇതുപോലെ ഒരു ഐറ്റം അല്ല.. ”
അനുവിന്റെ സംസാരം കേട്ടപ്പോൾ ശ്രീനി പൊട്ടിച്ചിരിച്ചു..
“അല്ലടോ ഇവിടെയെന്താ ഇപ്പൊ ഉണ്ടായത് ”
“ഞാനിവിടെ നിന്നും കുറച്ചു മുല്ലപ്പൂവ് പറിച്ചു അതിന്റെ ബഹളം ആണ് ഇപ്പൊ ഉണ്ടായത്.. ”
“അവൻ അങ്ങനായി പോയി.. ഇങ്ങനൊന്നും ആയിരുന്നില്ല ഒരു പാവമായിരുന്നു പക്ഷേ ഇപ്പൊ എന്താ പറയേണ്ടത് തനി കാട്ടാളൻ… ”
“കാട്ടാളൻ കൊള്ളാം പറ്റിയപേര്…. ”
“അയ്യോ പൊന്നു പെങ്ങളെ അവൻ കേൾക്കെ വിളിക്കല്ലേ എന്നെ അവൻ പഞ്ഞിക്കിടും.. ”
“മ്മ്.. ഞാനൊന്ന് നോക്കട്ടെ.. ”
“ശ്രീനി… ”
“ഞാൻ ചെല്ലട്ടെ അനു പിന്നെക്കാണാം..”
അതും പറഞ്ഞ് ശ്രീനി അകത്തേക്ക് പോയി..
അനു നവി പോയ വഴിയേ നോക്കി… പിന്നെ വീണ്ടും മുല്ലയിൽ നിന്ന് ഒരു പൂവ് കൂടി പറിച്ചെടുത്തു എന്നിട്ട് അകത്തേക്ക് നടന്നു…
തുടരും…