Wednesday, January 22, 2025
Novel

കാശ്മീര : ഭാഗം 5

എഴുത്തുകാരി: രജിത ജയൻ

കാറ്റിൽ പറക്കുന്ന നീണ്ട മുടിയിഴകളെ അലസമായി ഇടംകൈകൊണ്ട് മാടിയൊതുക്കി കഴുത്തിൽ തൂക്കിയ ക്യാമറയിലാ കാവിലെ ദൃശ്യങ്ങളോരോന്നായ് പകർത്തിയെടുക്കുന്ന കാശ്മീരയെ ഇമയനക്കാതെ നോക്കി നിൽക്കുമ്പോൾ വാമദേവന്റ്റെ നെറ്റിയിൽ വിയർപ്പ് തുളളികൾ ഉരുണ്ട്കൂടി …… ഏയ് …….നീയേതാണ് കുട്ടീ….? നീയെങ്ങനീ മന്ദാരക്കാവിനുളളിൽ കയറി…..?

ആരോടു ചോദിച്ചിട്ടാണ് നീയീ കാവിന്റ്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നത്…..? ഒന്നിനുപുറകെ ഒന്നായി ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് സൈരന്ധ്രീ കാശ്മീരയെ തടയാൻ ശ്രമിക്കുന്നത് നോക്കി നിന്നപ്പോഴും വാമദേവന്റ്റെ നോട്ടം കാശ്മീരയുടെ മുഖത്ത് തന്നെയായിരുന്നു, എവിടെയോ കണ്ടു മറന്നതുപോലൊരു മുഖം. …!! നേർത്ത പെൻസിൽ കൊണ്ട് വരച്ചുചേർത്തതുപോലുളള അവളുടെ ചുണ്ടുകളിലെ പുഞ്ചിരിയും സൈരന്ധ്രിയുടെ ചോദ്യങ്ങളെ അവഗണിച്ച് കൊണ്ടുളള അവളുടെ നിൽപ്പും വാമദേവനിൽ സംശയത്തിന്റെ വിത്തുകൾ പാകി …,

അയാൾ പെട്ടെന്ന് ഞെട്ടിതിരിഞ്ഞ് ആദിശേഷനെ നോക്കി. .. ആദിശേഷൻ മറഞ്ഞിരിക്കുന്നു …!! വാമദേവൻ തിരഞ്ഞ ഒരു സ്ഥലത്തും ആദിശേഷനില്ലായിരുന്നു….. !! ശിവാനിയിലേക്കെത്താതവൻ വീണ്ടും തന്റെ രക്ഷാകവചം ചാർത്തി മറഞ്ഞിരിക്കുന്നു….! ” നിന്നോടാണ് ഞാനീ ചോദ്യങ്ങൾ ചോദിക്കുന്നത്, നീയാരാണെടീ… ?? കാശ്മീരയെ ശക്തമായി പിടിച്ചു കുലുക്കി കൊണ്ട് സൈരന്ധ്രി അതുചോദിച്ച നിമിഷം തന്നെ കാശ്മീരയുടെ വലം കൈ സൈരന്ധ്രിയുടെ ഇടംകവിളത്താഞ്ഞു പതിച്ചു. . പ്ഠേ. …!!

കവിൾ പൊത്തി പകച്ചു സൈരന്ധ്രീ കാശ്മീരയെ നോക്കി, കണ്ണിൽ കനലിന്റ്റെ തിളക്കവും ദേഷ്യയത്താൽ ചുവന്ന മുഖവുമായ് കാശ്മീര സൈരന്ധ്രിയുടെ തൊട്ടുമുമ്പിലെത്തി നിന്നു.. അവളുടെ കണ്ണുകൾ അപ്പോൾ വൈരപ്പൊടി വീണതുപോലെ ജ്വലിക്കുന്നതുകണ്ട സൈരന്ധ്രീ ഭയന്ന് വാമദേവനെ നോക്കുമ്പോഴും വാമദേവന്റ്റെ ദൃഷ്ടി കാശ്മീരയിൽ തന്നെയായിരുന്നു… സൈരന്ധ്രീ……!!

കാശ്മീരയുടെ വിളിയിലാ മന്ദാരക്കാവൊന്നുലഞ്ഞപ്പോൾ മന്ദാരക്കാവിനുളളിലെ ഒറ്റമന്ദാരചോട്ടിലെ പെൺകുട്ടികളുടെ ദേഹത്തെ ചുറ്റിവരിഞ്ഞു നിന്നിരുന്ന നാഗങ്ങൾ വിദൂരതയിലെന്തോ ദർശിച്ചെന്നപോലെ നിശ്ചലരായ് .. സൈരന്ധ്രീ ….നിന്നെപോലൊരു ദുഷ്ടജന്മത്തിനെന്നെ ഒന്ന് സ്പർശിക്കാൻ പോലും യോഗ്യതയില്ല. …. അപ്പോൾ നീയെന്നിൽ അധികാരം കാണിക്കുന്നത് ഞാൻ എങ്ങനെ സഹിക്കും..? പിന്നെ ഞാൻ ആരാണ്, എന്താണ് ,എന്നൊന്നും നീ തിരക്കിയറിയേണ്ട കാര്യമില്ല.

അങ്ങനെ എന്തെങ്കിലും എന്നിൽ നിന്നറിയണമെങ്കിൽ അതവൻ ,വാമദേവൻ ചോദിച്ചു കൊളളും എന്നോട്.. അല്ലേ വാമദേവാ…..? വാമദേവനോടത് ചോദിച്ചു കൊണ്ട് കാശ്മീര അയാൾക്കരിക്കിലേക്ക് ചുവടുകൾ വെച്ചതും ശക്തമായൊരു കാറ്റ് കാവിനെയൊന്നാകെ പിടിച്ചു കുലുക്കി. …,, ഭ്രാന്തുപിടിച്ചതുപോലെയാ കാറ്റ് മന്ദാരക്കാവിനെ വട്ടംചുറ്റിയതും അമ്പലമണികൾ വീണ്ടും നിർത്താതെ കൂട്ടിയടിക്കാൻ തുടങ്ങി. … കാശ്മീരയുടെ ചോദ്യവും കാവിലെ മാറ്റങ്ങളുംകണ്ട് സൈരന്ധ്രീ പേടിച്ചെന്ന പോലെ വാമദേവനെ വീണ്ടും വീണ്ടും നോക്കി. ….

“”എന്താണ് വാമദേവാ എന്നെകണ്ടപ്പോൾ മുതൽ താൻ ചിന്തിക്കാൻ തുടങ്ങിയതാണല്ലോ ഞാനാരാണെന്ന്….? എന്നെ എവിടെ വച്ചാണ് കണ്ടതെന്ന്. ..? ഉത്തരം കിട്ടിയോ തനിക്ക്..? ഇല്ല ല്ലേ…,,,എനിക്കറിയാം കാരണം എനിക്കും നിനക്കുമിടയിലൊരു മതിലുണ്ട്…..ഞാൻ ആരാണെന്ന് ഞാൻ പറഞ്ഞല്ലാതെ നീയറിയരുതെന്ന് ഞാൻ തീരുമാനിച്ചെടുത്ത എന്റ്റെ തീരുമാനത്തിന്റ്റെ മതിൽ..!! അതുകൊണ്ട് ഞാൻ തന്നെ നിനക്ക് പറഞ്ഞു തരാം നിന്റെ മനസ്സിൽ ഇപ്പോൾ തോന്നുന്ന എല്ലാ ചോദ്യങ്ങളുടെയും ഉത്തരം…,

ഞാൻ കാശ്മീര. .., കർമ്മം കൊണ്ടല്ലെങ്കിലും ജന്മം കൊണ്ട് നിന്റ്റെ മകളായവൾ….!! നിന്റ്റെ രക്തത്തിൽ പിറന്നവൾ. ..!! നാളെ നിന്റ്റെ രക്തത്തെ ഗർഭത്തിൽ ചുമന്ന് നിനക്ക് പുനർജന്മമൊരുക്കേണ്ട നിന്റ്റെ മകൾ കാശ്മീര….!! ഒരു ഗുഹയിൽ നിന്നെന്നപോലെ കാശ്മീരയുടെ ശബ്ദം ചെവിയിൽ പതിച്ചപ്പോൾ കൺമുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാത്തതുപോലെ വാമദേവൻ കാശ്മീരയെ പകച്ചു നോക്കി. … ഇവൾ….,ഇവൾ തന്റെ ചോരയോ….?? താനിത്രയും കാലം തേടിയ തന്റെ മകളിവളാണോ….?

വാമദേവാ നീ സംശയിക്കേണ്ട ഞാൻ തന്നെയാണ് നിന്റെ മകൾ…. പിന്നെ ഞാൻ നിന്റ്റെ മകളാണെന്ന അറിവ് നിനക്ക് നൽക്കുന്നയാ സന്തോഷം എത്രയാണെന്ന് എനിക്ക് ഇപ്പോൾ നിന്റ്റെ മുഖത്ത് നോക്കിയാൽ അറിയാം വാമദേവാ…., എന്നിട്ടും ഞാൻ തന്നെയോ നിന്റെ മകളെന്ന് നീ സംശയിക്കുന്നോ വാമദേവാ ..? നീ പറഞ്ഞത് സത്യം തന്നെയാണ് കാശ്മീരാ… ..നീയാണെന്റ്റെ മകളെന്നറിവ് എനിക്ക് നൽകുന്ന സന്തോഷം എത്രയാണെന്നെനിക്ക് പറഞ്ഞറിയിക്കാൻ വയ്യ… കാരണം നിന്നെ ഞാൻ തിരയാൻ തുടങ്ങീട്ട് നാളുകളേറെയായ്,

പക്ഷേ ഒരിക്കൽ പോലും നിന്നെ കണ്ടെത്താൻ എനിക്ക് സാധിച്ചില്ല, അതിനു കാരണം എനിക്കും നിനക്കും ഇടയിൽ നീ തീർത്തെന്ന് പറയുന്ന ആ മതിൽ തന്നെയാവും, പക്ഷെ എന്റെ അനുവാദമില്ലാത്തൊരും പെൺകുട്ടി ഈ അർദ്ധരാത്രി ഇവിടെ ഈ വാമദേവന്റെ മന്ദാരക്കാവിനുള്ളിലെത്തിയിട്ടുണ്ടെങ്കിൽ അതെന്റെ രക്തത്തിൽ പിറന്ന എന്റെ മകൾ തന്നെയായിരിക്കുമെന്ന് എനിക്ക് തീർച്ചയാണ് ,അതിനെനിക്കൊരു തെളിവിന്റെയും ആവശ്യമില്ല … കാരണം ഇത് മന്ദാരക്കാവാണ് ,ഞാൻ വാമദേവനും …,

എന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനിനി രണ്ട് നാൾ കൂടിയവശേഷിക്കുന്ന ഈ സമയത്ത് നീയെനിക്ക് മുന്നിലെത്തിയപ്പോൾ ഞാൻ എങ്ങനെ സന്തോഷിക്കാതിരിക്കുംകാശ്മീരേ..? നിന്നെ എനിക്കേറെയിഷ്ടപ്പെട്ടു, നിന്റ്റെയീ അപൂർവമായേ പേര് എന്റെ ഈ കാതിന് നൽക്കുന്ന സന്തോഷം നിനക്കറിയില്ല… നീ പറഞ്ഞതെല്ലാം ഞാൻ സമ്മതിക്കുന്നു വാമദേവാ…പക്ഷേ ഇപ്പോഴും നീ ചിന്തിക്കാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് നിനക്ക് ചുറ്റും. …, ശിവാനിയെ പോലെയോ ഇവിടുത്തെ മറ്റുപെൺകുട്ടികളെ പോലയോ അറിയാതെ നിനക്കരിക്കിലെത്തിയവളല്ല ഞാനെന്ന് നീ മറന്നു പോയി വാമദേവാ….,

നിന്റെ ലക്ഷ്യങ്ങൾ പൂർത്തിയാവനിനി രണ്ടു നാളുകൾ മാത്രം ശേഷികേ എനിക്ക് ഇവിടെ വരാതെ മറഞ്ഞിരിക്കാൻ കഴിയില്ല.., നീയാരാണെന്ന് , നിന്റ്റെ ലക്ഷ്യം എന്താണെന്ന് അറിഞ്ഞു കൊണ്ട് നിനക്ക് മുമ്പിലേക്ക് വന്നവളാണ് ഞാൻ, ശിവാനിയിലേക്ക് ആദിശേഷനെത്തി ചേർന്നാൽ പിന്നെയീ മന്ദാരക്കാവിനൊരു മോക്ഷമില്ലെന്നറിഞ്ഞു വന്നവളാണ് ഞാനെന്ന് നീ മറന്നോ വാമദേവാ….? കാശ്മീരയുടെ വാക്കുകൾക്കുളളിലെ ഓർമ്മപെടുത്തൽ തിരിച്ചറിഞ്ഞ വാമദേവൻ ഞെട്ടിയവളെ തുറിച്ച് നോക്കി.

നിന്റ്റെ ലക്ഷ്യം പൂർത്തിയാക്കാൻ നിന്നെ ഞാനൊരിക്കലും സമ്മതിക്കില്ല വാമദേവാ…..,,എന്നെ തടയണമെങ്കിൽ നീയാദ്യം ഞാനാരെന്ന് കണ്ടു പിടിച്ച് വാ…അതായത് എനിക്ക് ജന്മം തന്നവൾ ആരാണെന്ന് കണ്ടു പിടിക്കൂ…. നിനക്ക് മുന്നിൽ മാനവും ജീവനും കൊഴിഞ്ഞു പോയ ഒരുപാട് സ്ത്രീകൾ ഇല്ലേ…. അവരിലാരാണെന്റ്റെ അമ്മ എന്ന് കണ്ടുപിടിക്കാതെ നിനക്ക് നിന്റ്റെ ലക്ഷ്യം നേടാൻ ആവില്ല വാമദേവാ…..,,,

ഒരു വെല്ലുവിളിയെന്നപോലെ വാമദേവനോടതു പറഞ്ഞു കൊണ്ട് കാശ്മീര ഹോമകുണ്ഠത്തിനരികെ ചുറ്റും നടക്കുന്നത് ഒന്നും തിരിച്ചറിയാൻ സാധിക്കാതെ വിദൂരതയിങ്ങോ നോക്കി വിതുമ്പി കരയുന്ന ശിവാനിയുടെ അരികിലേക്ക് പോയപ്പോൾ വാമദേവൻ മനസ്സിൽ അവനിലൂടെ കടന്നു പോയ അനേകംസ്ത്രീകളുടെ മുഖങ്ങൾ മാത്രമായിരുന്നു .. കാരണം കാശ്മീരയെ ജയിക്കണമെങ്കിൽ തന്റെ ലക്ഷ്യം പൂർത്തിയാക്കണമെങ്കിൽ അതുകണ്ടെത്തിയേ മതിയാവുകയുളളൂ…. ശിവാനീ…ശിവാനീ…..

നഗ്നമായ ശിവാനിയുടെ ഉടലിനെ അവിടെ കിടന്ന ചുവന്ന പട്ടുടുത്ത് മറച്ചു കൊണ്ട് കാശ്മീര അവളെ കുലുക്കി വിളിച്ചു. യാതൊരു ഭാവഭേദവുമില്ലാതെയിരിക്കുന്ന ശിവാനിയെ താങ്ങിയെണീപ്പിച്ച് തോൾചേർത്ത് പിടിച്ച് കാശ്മീര മന്ദാരക്കാവിനു പുറത്തേക്ക് കൊണ്ട് പോവാൻ ശ്രമിച്ചതും വാമദേവൻ ഓടിച്ചെന്ന് കാശ്മീരയുടെ കൈകളിൽ പിടിച്ചു… ഒരു വൈദ്യുത ലൈനിൽ തട്ടി ഷോക്കടിച്ചെന്നപോലെ അയാൾ പുറക്കോട്ടു മറിഞ്ഞു വീണതും കാശ്മീരയുടെ മുഖത്തൊരു പരിഹാസ ചിരി വിരിഞ്ഞു …

ഞെട്ടി പകച്ച് വാമദേവൻ കാശ്മീരയെ നോക്കവേ അതേ പരിഹാസ് ചിരിയോടെ വാമദേവനെ നോക്കി കൊണ്ട് ശിവാനിയെ ചേർത്ത് പിടിച്ചവളാ മന്ദാരക്കാവിനു പുറത്തേക്ക് നടന്നു. … ***** പണിക്കരേ…നമ്മളിതെങ്ങോട്ടാണീ പോവുന്നത്. ..? കുറെ നേരമായല്ലോ നമ്മൾ സഞ്ചരിക്കാൻ തുടങ്ങീട്ട്…? ഇനിയെങ്കിലും പറയൂ നമ്മുടെ ഈ യാത്ര അത് വാമദേവപുരത്തേക്കുതന്നെയല്ലേ…? ശിവന്റെ ചോദ്യം കാതിൽ വീണുവെങ്കിലും പണിക്കരതിന് മറുപടി പറയാതെ മിഴികൾ പുറത്തേക്ക് പായിച്ചു……

ചിന്താഭാരത്താൽ കനംവെച്ചിരുന്ന പണിക്കാരുടെ മുഖത്തേക്ക് നോക്കുംതോറും ശിവനൊരു കാര്യം ഉറപ്പായി പണിക്കരെന്തോ ഭയക്കുന്നുണ്ട്….!! അരുതാത്തത് പലതും സംഭവിച്ച ഭാവമാ മുഖത്ത് കാണാം. ….,, അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ലാന്ന് മനസ്സിലാക്കിയ ശിവൻ തിരിഞ്ഞവനരുകിൽ ഇരിക്കുന്ന വിഷ്ണുവിനെ നോക്കി. …. ശിവാനിയുമായ് വാമദേവൻ വീടിന്റെ പടിയിറങ്ങി പോയ നിമിഷം സ്വബോധം തിരിച്ചു കിട്ടിയ വിഷ്ണു അപ്പോൾ മുതൽ ശിവാനിയെ ഓർത്ത് കണ്ണുനീർ വാർക്കാൻ തുടങ്ങിയതാണ്…..!

തൊട്ടുമുൻമ്പിൽ സംഭവിച്ച ദുരന്തങ്ങളെന്തെല്ലാമാണെന്ന് ഓർത്ത് താനും വിഷ്ണുവും പൊട്ടിക്കരയുമ്പോഴും വീട്ടിലുളള അച്ഛനുൾപ്പെടെയുളളവർ തങ്ങൾ കരയുന്നതിന്റ്റെ കാരണം തിരക്കുകയായിരുന്നു….!! അലങ്കരിച്ച പന്തലും ആളുകളുമെല്ലാം അവരെ അത്ഭുതത്തിലാഴ്ത്തിയെങ്കിലും താഴത്തും തറയിലും വെക്കാതെ വളർത്തികൊണ്ടുവന്ന ശിവാനിയെ അവരിലാരും ഓർത്തതേയില്ല….!! അങ്ങനെയൊരാൾ അവിടെ ഉണ്ടായിരുന്നു എന്ന് പോലും ഓർമ്മയില്ലാത്ത അച്ഛനും ബന്ധുക്കളും. …!!

ഹോ …ഓർക്കാൻ വയ്യ അവരുടെ അവസ്ഥ…, പതംപറഞ്ഞുകരയുന്ന വിഷ്ണുവിനെ ചേർത്ത് പിടിച്ചിനിയെന്തെന്ന് ചിന്തിക്കാൻ തുടങ്ങിയ സമയത്താണ് പരിഭ്രാന്തനായ് പണിക്കർ തങ്ങൾക്കരികിലേക്ക് വന്നതും ഈ യാത്ര തുടങ്ങീതും….. ഒരു പക്ഷേ എങ്ങോട്ടെന്നറിയാത്ത ഈ യാത്രയുടെ അവസാനം തങ്ങൾക്ക് തങ്ങളുടെ ശിവാനിയെ തിരിച്ചു കിട്ടിയാലോ…..??? ചിന്തകൾ മനസ്സിനെ ഞെരിഞ്ഞമർത്താൻ തുടങ്ങിയപ്പോൾ ശിവൻ കാറിന് പുറത്തേക്ക് നോക്കിയിരുന്നു…

ചിന്തകൾ പോലെ കാഴ്ചകളും പുറക്കോട്ടു തന്നെ സഞ്ചരിക്കുന്നതവൻ ഒരു മാത്ര നോക്കി നിന്നു.. ^^^^^^^^^^^^^^^^^ “”സ്വാമി. ….” ആരാണാ പെൺകുട്ടി..?? അവൾക്കെങ്ങനെ അങ്ങയെ എതിർത്ത് ശിവാനിയെ ഇവിടെ നിന്ന് കൊണ്ട് പോവാൻ കഴിഞ്ഞു… …ആരാണവൾ……. ?? വാമദേവനരികിലെത്തി സൈരന്ധ്രി അതു ചോദിക്കുമ്പോഴും അവളുടെ കവിളത്ത് കാശ്മീരയുടെ വിരൽ പാടുകൾ തെളിഞ്ഞു നിന്നിരുന്നു .. അതവളാണ് എന്റ്റെ മകൾ കാശ്മീര. ..!!

വാമദേവനിൽ നിന്നാ വാക്കുകൾ കേട്ടതും സൈരന്ധ്രീ ഒരു മാത്ര സ്തംഭിച്ചു പോയി… പെട്ടെന്ന് തന്നെ അവൾ നിലത്ത് വീണുകിടക്കുന്ന വാമദേവനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കവേയാണത് കണ്ടത്, കാശ്മീരയെ തടയാൻ ശ്രമിച്ചപ്പോൾ പൊളളിയടർന്നുപോയ വാമദേവന്റ്റെ ഉളളംകൈ….!! സ്വാമി ഇത്…….? ഇതെനിക്കെന്റ്റെ മകൾ തന്ന ആദ്യത്തെ സമ്മാനവും മുന്നറിയിപ്പുമാണ് സൈരന്ധീ…,

പല്ലുകൾ കടിച്ചു പിടിച്ചത് പറയുമ്പോൾ വാമദേവൻ്റ്റെ ശബ്ദം തീച്ചൂളയിലെന്നപോലെ പഴുത്തിരുന്നു…. “”അങ്ങേക്കവളെ തടയാമായിരുന്നില്ലേ സ്വാമി…? ശിവാനിയുമായവളീ മന്ദാരക്കാവ് കടന്നു പോയാൽ പിന്നെ ഒരിക്കലും നമുക്ക് നമ്മുടെ ലക്ഷ്യത്തിലെത്തിചേരാൻ പറ്റില്ലല്ലോ. ….? ശിവാനിയെ അവൾ കൊണ്ട് പൊയ്ക്കൊളളട്ടെ സൈരന്ധ്രീ…. കാരണം ഇനി ശിവാനിയെത്രതന്നെ കണ്ണുനീരുപൊഴിച്ചാലും ആദിശേഷനവളുടെ ശരീരത്തിലേക്ക് വന്നണയുകയില്ല….,

കാരണം അവൻ കാത്തിരുന്നതിവളെയാണ് ഈ കാശ്മീരയെ….!! എന്റെ മകളെ…..!! അവനുമുമ്പേ എനിക്കവളെ കണ്ടെത്താൻ സാധിക്കാത്തതുമാത്രമാണിപ്പോൾ എന്നെ ഭയത്തിലാക്കുന്നത്.., ആദിശേഷൻ,അവൻ ദൈവീകാംശമാണ്…,ഇപ്പോൾ എന്നെ തേടി എനിക്കരിക്കിലെത്തിയ കാശ്മീരയും ഒരു സത് വേദ മന്ത്രധാരിണിയാണ്.., അവളെ സ്പർശിച്ചെന്റ്റെ കൈ പൊളളിയപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു അവളുടെ ശരീരത്തിലെ രക്ഷാകവചത്തിന്റ്റെ ശക്തി.!! അഥർവ്വ മന്ത്രങ്ങൾ പിൻതുടരുന്ന,

അഘോരക്രിയകൾ ചെയ്യുന്ന എനിക്ക് അവളെ ഇപ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല…!! അപ്പോൾ അങ്ങേക്കങ്ങയുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയില്ലേ സ്വാമി. ..?? എന്റെ ലക്ഷ്യങ്ങൾ എനിക്ക് പൂർത്തീക്കരിച്ചേമതിയാവുകയുളളു സൈരന്ധ്രീ…. അതിനെനിക്കാദ്യമാവശ്യം അവളെ പറ്റി അറിയുക എന്നതാണ്. …!! ആരെപറ്റി….? കാശ്മീരയെ …..? അതെ ….!! അവൾക്ക് ജന്മം നൽക്കാനായ് എന്റെ രേതസ്സിനെ ഗർഭത്തിൽ ചുമന്നവളെ കണ്ടെത്തിയാൽ മാത്രമേ എനിക്ക് കാശ്മീരയെ എന്റ്റെ നിയന്ത്രണത്തിലാക്കാൻ പറ്റുകയുളളു….!!

പെറ്റ അമ്മയോളം വലുതാലില്ല ഇവൾക്കിവളുടെ ജീവിതം…..അവളെ, കാശ്മീരയുടെ അമ്മയെ കണ്ടെത്തണമാദ്യമെനിക്ക്….!! “”സ്വാമി അങ്ങൊന്ന് ആലോചിച്ച് നോക്കൂ അങ്ങ് ഉപയോഗിച്ചു വലിച്ചെറിഞ്ഞ…….. പറഞ്ഞു വന്നത് പൂർത്തിയാക്കാതെ സൈരന്ധ്രിയത് പാതിയിൽ നിർത്തവേ വാമദേവനൊരു പൊട്ടിച്ചിരിയോടവളെ നോക്കി. .. “”എന്താ സൈരന്ധീ നിന്റ്റെ ചോദ്യം നീ പാതിവഴി നിർത്തിയത്…..? അത് സ്വാമീ…ഞാൻ. … നിനക്കെന്നല്ല സൈരന്ധീ ഈ എനിക്ക് പോലും നിശ്ചയമില്ല ഞാൻ ഉപയോഗിച്ച് ഉപേക്ഷിച്ചവരെത്ര പേരെന്ന്……!!!

എന്റെ ശരീരം സ്ത്രീയെ ആവശ്യപ്പെടുമ്പോഴെല്ലാം ഞാൻ എനിക്ക് മുമ്പിലെത്തുന്ന ഏതൊരു സ്ത്രീയെയും എന്റെ കാമപൂർത്തീകരണത്തിനുപയോഗിച്ചിരുന്നു…..അതിലെ്റ്റെ ഗുരുപത്നിമുതൽ പലരും ഉണ്ടായിരുന്നു…!! അവരിലാരെല്ലാം കന്യകകളാണെന്നോ, കാമിനിമാരാണെന്നോ, ഭർതൃമതികളാണെന്നോ ഞാൻ തിരക്കിയിട്ടില്ല….. അവരെയൊന്നും തന്നെ ഞാൻ എന്റെ കാര്യസാധ്യത്തിനപ്പുറം ഓർത്തിരിക്കാറുമില്ല…!!! പിന്നെ, പിന്നെ,എങ്ങനെ നാം കണ്ടെത്തും സ്വാമീ…….?

അങ്ങയുടെ ദൃഷ്ടിയിലവളെ പറ്റി ഒന്നും തെളിഞ്ഞുവരുന്നില്ലേ സ്വാമി…? ഇല്ല. …എനിക്കും അവൾക്കുമിടയിലൊരു മതിലവൾ തീർത്തിട്ടുണ്ട്.., അതുകൊണ്ട് തന്നെ അവളോ അവളുടെ വേണ്ടപ്പെട്ടവരോ പറഞ്ഞു തരാതൊന്നും അവളെ പറ്റി അറിയുക സാധ്യമല്ല. ..!!! “””ഇനി വരുന്ന രണ്ട് നാളുകൾക്കുളളിൽ അങ്ങാർജ്ജിച്ചെടുത്ത നൂറു കന്യകമാരുടെ ഊർജ്ജവും ഓജസ്സുംപിന്നെ അങ്ങയുടെ രേതസ്സും അവളിൽ പ്രവേശിപ്പിക്കാൻ അങ്ങേക്ക് കഴിയും സ്വാമി..എനിക്കുറപ്പുണ്ട്…!!

അങ്ങവളെയീ മന്ദാരക്കാവിനു വെളിയിൽ പോവാതെ തടയൂ… ചെല്ലൂ സ്വാമി. . ഉറപ്പുള്ള സൈരന്ധ്രിയുടെ ശബ്ദമൊരു കുളിർമഴയായ് കാതിൽ വീഴവേ വാമദേവൻ പെട്ടെന്ന് കാശ്മീര പോയവഴിയെ അവളെ തിരഞ്ഞു പോയി….. ശിവാ…..വിഷ്ണു..ഇറങ്ങിവരുക….. പണിക്കരുടെ ശബ്ദം ചെവിക്കരിക്കിൽ മുഴങ്ങിയപ്പോൾ ശിവനും വിഷ്ണുവും ഓർമ്മകളിൽ നിന്ന് ഞെട്ടിയെന്നവണ്ണം പണിക്കരെ നോക്കി. … തങ്ങൾ സഞ്ചരിച്ചിരുന്ന കാർ നിന്നതോ പണിക്കർ വണ്ടിയിൽ നിന്നിറങ്ങിയതോ അവരറിഞ്ഞിട്ടില്ലായിരുന്നു…..

പണിക്കരേ ഇതേതാണീ സ്ഥലം..? ചുറ്റും കണ്ണോടിച്ചുകൊണ്ടതു ചോദിക്കുമ്പോൾ തന്നെ ദൂരയൊരു കാഴ്ച കണ്ട ശിവനൊരുമാത്ര മണ്ണിൽ തറഞ്ഞു നിന്നൂ….!!! വാമദേവപുരത്തെ മന്ദാരക്കാവിനുളളിൽ നിന്ന് ശിവാനിയെയും താങ്ങിപിടിച്ചുകൊണ്ടാ സമയം അവിടേക്ക് കാശ്മീര വരുന്നുണ്ടായിരുന്നു…..!! പണിക്കരേ ദേ നോക്കൂ.. ശിവൻ വിരൽചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ പണിക്കരുടെ മുഖം അരുതാത്തതെന്തോ ദർശിച്ചതുപോലെ വിറളി വെളുത്തൂ…. ശിവാനീ…….

ശിവനും വിഷ്ണുവുമൊന്നിച്ചലറി വിളിച്ചു കൊണ്ട് ശിവാനിക്കരിക്കിലേക്കോടുമ്പോഴും കാലുകൾ മണ്ണിൽ ഉറച്ചുപോയതുപോലെ പണിക്കർ അവിടെ തന്നെ തറഞ്ഞു നിന്നുപോയ്.. ….കാശ്മീരയിൽ നിന്ന് ദൃഷ്ടി മാറ്റാതെ…. ശിവാനീ. ..മോളെ….. ശിവനും വിഷ്ണുവും മാറിമാറി വിളിച്ചിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ശിവാനി അവരെ അപരിചിതരെ പോലെ നോക്കി നിന്നു. …. കുട്ടീ കുട്ടിയാരാണ്…? എന്റെ ഈ അനിയത്തിയെ കുട്ടിക്കെവിടെ നിന്ന് ലഭിച്ചു..?

ചോദ്യങ്ങളോരാന്നായ് ശിവൻ ചോദിക്കുമ്പോഴും കാശ്മീരയുടെ നോട്ടം പണിക്കരുടെ മുഖത്തായിരുന്നു….ആ നാലുകണ്ണുകൾ കൂട്ടിമുട്ടുമ്പോഴൊരു അഗ്നിയവിടെ ഉടലെടുക്കുന്നതുപോലെ……!! കാശ്മീരേ…..!! പെട്ടന്നാണ് അന്തരീക്ഷത്തെ നടുക്കികൊണ്ടൊരു അലർച്ചയോടെ വാമദേവൻ അങ്ങോട്ട് വന്നത്. …!! തൊട്ടുമുന്നിൽ കാശ്മീരയ്ക്കൊപ്പം നിൽക്കുന്ന പണിക്കരെയും മറ്റുളളവരെയും തീരെ പ്രതീക്ഷിക്കാതവിടെ കണ്ട വാമദേവനൊന്ന് പതറി …. “””ഓ….അപ്പോൾ ഇവളുടെ ഈ വരവിനു പിന്നിലും താനായിരുന്നോടാ ദേവദാസാ…..??

താൻ ചെയ്തതെന്തായാലും നന്നായി. ..ഞാൻ തിരക്കി നടന്ന എന്റെ രക്തത്തെ എനിക്കരിക്കിൽ തന്നെ എത്തിച്ചല്ലോ മിടുക്കൻ….!!! ഒരു വിജയിയായ് വാമദേവൻ പൊട്ടിച്ചിരിക്കവേ കാര്യം മനസ്സിലാവാതെ വിഷ്ണുവും ശിവനും പണിക്കരെയും വാമദേവനെയും മാറി മാറി നോക്കി. … അതേടാ …,,,ഞാൻ തന്നെ ആണിവളെ നിനക്കരിക്കിലേക്കയച്ചത്…..!! എന്തിനെന്നറിയാമോ ..?? നിന്നെ നശിപ്പിക്കാൻ….!!! ….നിന്റ്റെ നാശം കാണാൻ…!! ….കഴിഞ്ഞ കുറെ വർഷങ്ങളായെന്റ്റെ ശ്രമം അതിനുവേണ്ടിമാത്രമാണ് വാമദേവാ…….!!

ദേവദാസാ…..!!! നിനക്കെതിരെ നിന്റ്റെ മാർഗ്ഗങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ട് ഞാനൊരിക്കലും വന്നിട്ടില്ല….പക്ഷേ. ..നീ……. നീ വന്നില്ലെന്നോ….? തടസ്സങ്ങൾ സൃഷ്ടിച്ചില്ലെന്നോ…? തീപാറുന്ന ശബ്ദത്തിലതുചോദിച്ചുകൊണ്ട് ദേവദാസ് പണിക്കർ വാമദേവനരികിലെത്തിയതും അയാളുടെ ഇരുക്കവിളത്തും മാറിമാറി അടിച്ചതും ഒരുമ്മിച്ചായിരുന്നു…. “”നീയെന്റ്റെ മാർഗത്തിലൂടെ വന്നിട്ടില്ലെന്നോ വാമദേവാ….??? തടസങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നോ….?? നിനക്കറിയാമോ വാമദേവാ ഇവൾ, ഈ കാശ്മീര ആരാണെന്ന്….??? എന്റെ മകളാണിവൾ…..!!!!

തുടരും….

കാശ്മീര : ഭാഗം 4