Wednesday, January 22, 2025
Novel

കനൽ : ഭാഗം 36 – അവസാനിച്ചു

എഴുത്തുകാരി: Tintu Dhanoj

പിന്നീടുള്ള ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി..അപ്പു മെഡിക്കൽ കോളജിൽ ഹൗസ് സർജൻസിക്ക്‌ കയറി. ഞാൻ പാലക്കാട് എത്തി അച്ഛനെയും,അമ്മയെയും കണ്ടു. അവരോട് കാര്യങ്ങൾ എല്ലാം പറഞ്ഞ് സമ്മതം വാങ്ങി .. പതിയെ അവിടേക്ക് മാറി..കിച്ചുവേട്ടന്റെ സ്വപ്നങ്ങളിലേക്ക് ഞാനും എത്തി..ജോലി രാജി വച്ച് കിരണും എന്റെ കൂടെ പാലക്കാട് എത്തി. ഞങ്ങൾ പോരുമ്പോൾ ഐസിയു വിൽ എല്ലാവർക്കും വളരെ അധികം വിഷമം തോന്നി..മേരി ചേച്ചിയും ആ ഒപ്പം രാജി കത്ത് കൊടുത്തിരുന്നു.. നിങ്ങള് ആരും ഇല്ലാതെ തുടരാൻ വയ്യ എന്ന് മഹേന്ദ്രൻ സാർ കണ്ണീരോടെ പറഞ്ഞു..

അങ്ങനെ അവിടുത്തെ ജീവിതത്തിന് തിരശ്ശീല വീണു. ഇവിടെ എത്തിയതും ദീപു കിരണിന്റെ കൂടെ നടന്ന് എല്ലാം പറഞ്ഞു കൊടുത്തു..കിരൺ വഴി ഞാനും എല്ലാ കാര്യങ്ങളും പഠിച്ചെടുത്തു..അപ്പു ഹൗസ് സർജൻസിക്ക് പോയതോടെ അമ്മ വീട്ടിൽ ഒറ്റപ്പെട്ടു.. ഞങ്ങൾ രണ്ടാളും ഇല്ലാതെ ഉള്ള ഒറ്റപ്പെടൽ അമ്മയ്ക്ക് സഹിക്കാൻ കഴിയില്ല എന്നെനിക്ക് തോന്നി. ഒരുപാട് തവണ അമ്മയെ ഞാൻ എന്റെ അടുത്തേക്ക് വിളിച്ചെങ്കിലും അമ്മ വന്നില്ല.. അച്ഛമ്മയെ ഉപേക്ഷിക്കാൻ വയ്യ എന്ന് പറഞ്ഞു .. പക്ഷേ അധികം വൈകാതെ തന്നെ അച്ഛമ്മ ആ വീടും അച്ഛന്റെ അനിയന്മാർക്കായി വീതിച്ചു കൊടുത്തു ..

പ്രതീക്ഷിച്ചിരുന്ന കാര്യം ആയത് കൊണ്ട് തന്നെ ആർക്കും സങ്കടം തോന്നിയില്ല..അത് അറിഞ്ഞപ്പോൾ അച്ഛൻ ഉറങ്ങുന്ന അത്രയും സ്ഥലം മാത്രം വേണം എന്ന് പറഞ്ഞ് അപ്പു അത് പൈസ കൊടുത്ത് വാങ്ങി. അതോടെ അമ്മ എന്നെന്നേക്കും ആയി ആ വീടിന്റെ പടിയിറങ്ങി.. അങ്ങനെ അമ്മ എന്‍റെയൊപ്പം പോന്നു.ഞങൾ ഇവിടെ എത്തിയതോടെ എല്ലാവർക്കും സന്തോഷം ആയി..ദീപു അത് പലപ്പോഴും പറഞ്ഞിരുന്നു..കിച്ചുവേട്ടൻ പറഞ്ഞത് പോലെ തന്നെ ഒരു കൂട്ട് കുടുംബം ആയി തന്നെ ഞങ്ങൾ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു.. ദിവസങ്ങളും,മാസങ്ങളും മുന്നോട്ട് പോയി.

മാസത്തിൽ ഒരിക്കൽ കിരണും ,ഞാനും ജയിലിൽ പോയി മാധവനെ കാണും..ഇടയ്ക്ക് പ്രിയയെ കാണാനും പോയി. അവൾക്ക് ഒരു ആലോചന വന്നിട്ടുണ്ട്. എല്ലാം അറിഞ്ഞിട്ട് തന്നെയാണ്..അത് നടക്കും എന്ന് അവളുടെ അമ്മ പറഞ്ഞു.. ഇതിനിടയിൽ നീഹാരിക ജോലിക്ക് കയറിയിരുന്നു. പിന്നെ വിളിച്ചപ്പോൾ പറഞ്ഞു അവള് പ്രഗ്നൻന്റ് ആണെന്ന്..അതോടെ അച്ഛനും, അമ്മയും അവരെ തിരികെ വരാൻ വിളിച്ചു കൊണ്ടേയിരുന്നു..എങ്കിലും 2 വർഷം നിൽക്കട്ടെ എന്ന് കണ്ണേട്ടൻ പറഞ്ഞു..കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞ് ഒന്ന് വന്നു പോകാം എന്ന് തീരുമാനിച്ചു . പിന്നെ വിളിച്ചപ്പോൾ ആണ് പറഞ്ഞത് സ്കാൻ ചെയ്തു ..

ഇരട്ടക്കുട്ടികൾ ആണെന്ന്..അതോടെ നീഹാരിക യുടെ അമ്മയെ കൂടെ വിസിറ്റ് ആയിട്ട് അങ്ങോട്ടേക്ക് വിട്ടാലോ എന്ന് കണ്ണേട്ടനോട് അമ്മ വിളിച്ച് ചോദിച്ചു .. തനിച്ച് ആകുമ്പോൾ എന്തേലും ആവശ്യം വന്നാൽ എന്ത് ചെയ്യും എന്ന് ഒരു പേടി..അങ്ങനെ 7മാസം ആകാൻ ആയപ്പോൾ നിഹാരികയുടെ അമ്മ കൂടെ അവരുടെ അടുത്തേയ്ക്ക് പോയി..അത് വരെ അവിടെ ഒരാളെ വച്ചൊക്കെ അഡ്ജസ്റ്റ് ചെയ്തു.. അങ്ങനെ എല്ലാം സന്തോഷത്തോടെ പൊയ്ക്കൊണ്ടെ ഇരുന്നു. ഒരു ദിവസം ഞാനും,കിരണും മാധവിനെ കണ്ടിട്ട് തിരികെ വരുമ്പോൾ ട്രെയിനിൽ വച്ച് ഒരു സ്ത്രീയെ കണ്ടു..അവരാകെ ക്ഷീണിച്ച്,അവശയായി ഇരിക്കുന്നു..ഭക്ഷണം കഴിട്ട് ദിവസങ്ങൾ ആയീന്ന് ഒറ്റ നോട്ടത്തിൽ അറിയാം .

കൂടെ മാസങ്ങൾ മാത്രം പ്രായം ഉള്ളൊരു കുഞ്ഞും..അത് വിശന്നിട്ട് ഭയങ്കര കരച്ചിൽ. അവസാനം ഞാൻ പോയി കാര്യങ്ങൾ ചോദിച്ചു. പ്രണയിച്ച് വിവാഹം കഴിച്ചതാണ്….ഭർത്താവ് മരിച്ചു..അവർക്ക് ബന്ധുക്കൾ ഒന്നുമില്ല അധികം.അയാളുടെ വീട്ടുകാർ വീട്ടിൽ കയറ്റിയില്ല..ഇൗ സ്ത്രീക്ക് ഇപ്പൊൾ ക്യാൻസർ ആണ്. ചികിത്സയും,കുഞ്ഞും എല്ലാം കൂടെ താങ്ങാൻ കഴിയാതെ ആയിരിക്കുന്നു.. എല്ലാം കേട്ട് എനിക്കാകെ സങ്കടം വന്നു..ട്രയിനിൽ നിന്നും തന്നെ അവർക്ക് ഭക്ഷണം വാങ്ങി കൊടുത്തു. അവരെ കൂടെ കൂട്ടി..ഇവിടെ എത്തിച്ച് ചികിത്സകളും എല്ലാം ചെയ്തു. പക്ഷേ രക്ഷിക്കാൻ കഴിയില്ല എന്ന് ഡോക്ടർ പറഞ്ഞു..

അതോടെ എനിക്ക് ആ കുഞ്ഞിനെ ഓർത്ത് സങ്കടം സഹിക്കാൻ വയ്യാതെ ആയി.. മരിക്കും മുൻപ് കുഞ്ഞിനെ ഞങ്ങൾ വേറെയാർക്കും ഒരിക്കലും കൊടുക്കരുത് എന്ന് ആ അമ്മ കരഞ്ഞു പറഞ്ഞു.. അവരുടെ കരച്ചിലും ,അതിലേറെ ഇൗ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് അവളോടുള്ള എന്റെ ബന്ധത്തിന്റെ ആഴവും എന്നെ എന്ത് ചെയ്യാൻ കഴിയും എന്ന ആലോചനയിൽ എത്തിച്ചു.. അവള് ഇൗ സ്ഥാപനത്തിൽ തന്നെ വളരാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും,അച്ഛൻ മരിച്ചു പോയി അതിനാൽ തന്നെ അമ്മയ്ക്കും കൂടെ എന്തേലും സംഭവിച്ചാൽ വേറെയൊരു ബന്ധുക്കൾക്കും കൊടുക്കാൻ അവർക്ക് താൽപര്യം ഇല്ലായെന്ന് എല്ലാം കരഞ്ഞു പറഞ്ഞ അമ്മയോട് അവളെ ഒരിക്കലും ആർക്കും വിട്ടു കൊടുക്കില്ല എന്ന് ഞാൻ വാക്ക് കൊടുത്തു.

നിയമപരമായി എനിക്ക് അവളെ ദത്ത് എടുക്കാൻ കഴിയുമോ എന്ന് ഞാൻ അന്വേഷിച്ചു..പക്ഷേ അപ്പോഴും അവള് വലുതാകുമ്പോൾ അച്ഛനെ കുറിച്ച് ചോദിച്ചാൽ എന്ത് പറയും എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെയായി.കൂട്ടുകാരുടെ മുന്നിൽ എന്റെ കുഞ്ഞ് അനാഥ എന്ന് അറിയപ്പെടാൻ ഞാൻ ആഗ്രഹിച്ചില്ല. എന്റെ ദുഃഖങ്ങൾ മുഴുവൻ കേട്ടപ്പോൾ കിരൺ എന്നെ ഒരു വക്കീലിന്റെ അടുത്തേക്ക് കൂട്ടികൊണ്ട് പോയി..അവിടെ എത്തി എന്റെ മുഴുവൻ പ്രശ്നങ്ങളും കേട്ടപ്പോൾ അയാള് പറഞ്ഞു.. “ബെറ്റർ കുട്ടി ഒരു കല്യാണം കഴിക്കുക..എന്നിട്ട് നിങ്ങൾക്ക് കുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലായെന്ന സർട്ടിഫിക്കറ്റ് വച്ചാൽ അഡോപ്ഷൻ എളുപ്പം ആകും..മാത്രമല്ല ആ കുട്ടിക്ക് അച്ഛനും അമ്മയും ഉണ്ടാവുകയും ചെയ്യും.

പക്ഷേ ഇതിന് തയ്യാറാകുന്ന ഒരാൾ ആകണം ജീവിതത്തിലേക്ക് വരുന്നത്.” അയാളുടെ വാക്കുകൾ എന്റെ ഹൃദയത്തെ കീറി മുറിച്ചു. കണ്ണേട്ടൻ വിളിച്ചപ്പോൾ ഞാൻ എന്റെ സങ്കടം മുഴുവൻ പറഞ്ഞു കരഞ്ഞു..”അമ്മു കണ്ണേട്ടൻ ഒരു കാര്യം പറയട്ടെ..കിരൺ എന്നെ വിളിച്ചിരുന്നു..നിന്റെ സങ്കടം കാണാൻ വയ്യ എന്ന് പറഞ്ഞിട്ട്..അവൻ പറഞ്ഞത് വക്കീൽ പറഞ്ഞപോലെ ഒരു വിവാഹത്തിന് അവൻ തയ്യാറാണ് എന്നാണ്..” “വിവാഹം കഴിച്ച് എന്ന് കരുതി ഒരിക്കലും നിന്നിൽ ഒരു അവകാശത്തിനും അവൻ വരില്ല..പിന്നെ വേറെയൊരു ജീവിതം അവൻ ചിന്തിക്കാത്ത കാലത്തോളം ഇതാകും നിങ്ങൾക്ക് രണ്ടാൾക്കും.നല്ലത് . അവന് നിന്നെ നന്നായി മനസ്സിലാക്കാനും കഴിയും..ആലോചിക്കൂ അമ്മു..”

എല്ലാ കേട്ട് ഒരു തീരുമാനം എടുക്കാൻ കഴിയാതെ ഞാൻ വലഞ്ഞു..ഒരുപാട് വൈകിയാൽ ശരിയാവില്ല എന്നത് കൊണ്ട് കിരണിനോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു.. അങ്ങനെ ഒരു ദിവസം മനസ്സ് തുറന്നു സംസാരിച്ചതിന് ശേഷം കിരണും ആയിട്ടുള്ള വിവാഹത്തിന് ഞാൻ സമ്മതിച്ചു..അപ്പോഴും ഒരിക്കൽ പോലും എന്റെ അനുവാദം ഇല്ലാതെ ഭർത്താവിന്റെ ഒരു അവകാശങ്ങളും പറഞ്ഞു വരില്ല എന്ന് കിരൺ എനിക്ക് വാക്ക് തന്നു.. അങ്ങനെ ഒരു രജിസ്റ്റർ ഓഫീസിൽ വച്ച് കിരണും ഞാനും വിവാഹിതരായി..പക്ഷേ അത് വെറും പേപ്പറിൽ മാത്രം ആയിരുന്നു.മനസ്സ് കൊണ്ട് എനിക്ക് അതിന് കഴിയുന്നില്ലായിരുന്നു..

വിവാഹ ശേഷം അധികം വൈകാതെ തന്നെ അന്നത്തെ ആക്സിഡന്റ് കൊണ്ട് ഇനി ഒരിക്കലും ഒരു അമ്മയാകാൻ എനിക്ക് കഴിയില്ല എന്ന് ഞങ്ങൾ സർട്ടിഫിക്കറ്റ് എഴുതി വാങ്ങി..അങ്ങനെ നിയമപരമായി തന്നെ കുഞ്ഞിനെ ഞങ്ങൾ ദത്തെടുത്തു.. ഒരു ദിവസം രാവിലെ ആശുപത്രിയിൽ വച്ച് തന്നെ തന്റെ മകളെ എന്റെ കൈകളിലേക്ക് വച്ചു തന്നിട്ട് അവര് മരിച്ചു. മകൾക്ക് ദക്ഷ എന്ന് പേരിടണം എന്ന് ആ അമ്മ എന്നോട് ആവശ്യപ്പെട്ടു. അവര് പറഞ്ഞത് പോലെ തന്നെ ദക്ഷ എന്ന് പേര് ചൊല്ലി വിളിച്ച് ഞങ്ങളുടെ മകളായി ഞങ്ങൾ അവളെ വളർത്തി .. ഞാൻ എല്ലാം നോക്കാൻ പ്രാപ്തയായപ്പോൾ കിരൺ സർജെറിയിൽ സ്പെഷ്യലൈസേഷൻ ചെയ്യാൻ ആയി പോയി..

കിരണിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു സർജൻ ആവുക എന്നത് .എന്നെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ടും അതിന് പിന്നിൽ ഉണ്ടെന്ന് എനിക്ക് അറിയാമാിരുന്നു.. വർഷങ്ങൾ മുന്നോട്ട് പോയിക്കൊണ്ടെ ഇരുന്നു. കണ്ണേട്ടൻ ജോലി മതിയാക്കി എല്ലാവരും നാട്ടിലേക്ക് വന്നു.. അവർക്ക് 2 ആൺകുട്ടികൾ ആണ്.. കണ്ണേട്ടൻ കുഞ്ഞുങ്ങളെയും കൊണ്ട് ഇവിടെ വരും..ദക്ഷയുടെ ഒപ്പം കളിക്കാൻ വിടും..അവരെ സഹോദരങ്ങൾ ആയിത്തന്നെ ഞങ്ങൾ വളർത്തി. നീഹാരികയുടെ അമ്മയും,അനിയനും ബാംഗ്ലൂർ ക്ക് മടങ്ങി .ഇവിടുത്തെ തിരക്കുകളും,ദക്ഷ മോളും എല്ലാം ആയി ഞാൻ വളരെ സന്തോഷത്തോടെ മുന്നോട്ട് പോയി.

ദിവസങ്ങളും,മാസങ്ങളും,വർഷങ്ങളും മുന്നോട്ട് പോയി..ഇതിന് ഇടയിൽ പലരുടെയും സഹായം കൊണ്ടും മറ്റുമായി ഞങ്ങളുടെ സ്ഥാപനം വളർന്നു.. ഇവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ടു ഒരു ചെറിയ പ്രൈമറി സ്കൂൾ തുടങ്ങാൻ ഞങ്ങൾക്ക് കഴിഞ്ഞു..എല്ലാവരുടെയും സഹായം ഒന്ന് കൊണ്ട് മാത്രമാണ് അത് കഴിഞ്ഞത് എന്ന് എനിക്ക് ബോധ്യം ഉണ്ടായിരുന്നു.. ഇപ്പൊൾ ദക്ഷ മോൾക്ക് 3 വയസ്സ് കഴിഞ്ഞു ..സ്കൂളിൽ ചേർക്കാൻ എല്ലാവരും എന്നെ നിർബന്ധിച്ചു..അവളെ ഒരു നിമിഷം പോലും പിരിയാൻ വയ്യ എന്ന സങ്കടം എന്നെ അലട്ടി കൊണ്ടേയിരുന്നു..

അപ്പോഴേക്കും കിരൺ തിരിച്ച് നാട്ടിൽ വന്നിരുന്നു .അപ്പാ വന്നെ എന്ന് പറഞ്ഞ് മോള് എന്നും കിരണിന്റെ കൂടെ തന്നെ ആയിരുന്നു..എന്തിനും,ഏതിനും അവൾക്ക് അപ്പാ വേണം..കിരണിനും അവളെ ജീവൻ ആയിരുന്നു.. എല്ലാവരുടെയും അഭിപ്രായം കേട്ട് കിരൺ ഒരു ദിവസം എന്നോട് പറഞ്ഞു.. “ലക്ഷ്മി ദക്ഷ മോള് സ്വന്തം മോള് തന്നെയാണ്.. അല്ലാ എന്ന് ആരും പറഞ്ഞില്ല..പക്ഷേ അവളെ പഠിപ്പിക്കണ്ടെ?..നീ ഇങ്ങനെ കരഞ്ഞു തുടങ്ങിയാൽ അവളെ നമ്മൾ എങ്ങനെ സ്കൂളിൽ വിടും” “ഇപ്പൊൾ ഒരു പ്ലേ സ്കൂളിൽ പോട്ടെ. നിനക്ക് സമയം ഉണ്ടാക്കി നീയും കൂടെ പോയിരിക്ക്..

ഞാൻ ഏതായാലും എവിടേയും ജോയിന്റ് ചെയ്യുന്നില്ല തൽക്കാലം..ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം .” ‘നമ്മുടെ ബിൽഡിംഗ് ന് അടുത്ത് തന്നെ ചെറിയൊരു ഹോസ്പിറ്റൽ തുടങ്ങാൻ എനിക്ക് ആലോചന ഉണ്ട്.. അതിന് അടുത്തുള്ള സ്ഥലം വാങ്ങാൻ പറ്റിയാൽ അത് നടക്കും.അങ്ങനെ ആയാൽ പാവപ്പെട്ട രോഗികളെ ഫ്രീ ആയി ചികിത്സിക്കാൻ കഴിയും നമുക്ക്..പിന്നെ കാശ് ഉള്ളവുടെ കൈയിൽ നിന്നും കൊള്ളയല്ലാത്ത രീതിയിൽ ഫീസ് വാങ്ങാം..സർജറി എല്ലാം ഉള്ളപ്പോൾ വലിയ തരക്കേടില്ലാതെ പോകും..എന്നാണ് എന്റെ പ്രതീക്ഷ”.. ”

പിന്നെ നിങ്ങളുടെ അഭിപ്രായം കൂടെ അറിയണം .എല്ലാവരെയും ചേർത്ത് ഒരു മീറ്റിംഗ് വിളിക്കണം..നമ്മുടെ സ്പോൺസർ ആയിട്ടുള്ള ആൾക്കാരെ കൂടെ വിളിക്കണം..അതിനു മുൻപ് ലക്ഷ്മിയുടെ അഭിപ്രായം എന്താണ്”.. അത്രയും ചോദിച്ച് കിരൺ എന്നെ നോക്കി..”എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ കിരൺ..”എന്ന് പറഞ്ഞ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കിരൺ നടന്നു നീങ്ങി.. അപ്പു അവൻ അവന്റെ ആഗ്രഹം പോലെ തന്നെ ഒരു പീഡിയാട്രിഷൻ ആയി..വിവാഹം കഴിഞ്ഞു..കൂടെ വർക് ചെയ്ത ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടി ആണ്..ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് അവള് പഠിച്ചു എന്നെയുണ്ടായിരുന്നുള്ളു..

ദക്ഷ മോളെ സ്കൂളിൽ ചേർത്തു..ആദ്യമൊക്കെ ഞാൻ കൂടെ പോകുമായിരുന്നു..പിന്നെ പിന്നെ അവള് തന്നെ പോയി തുടങ്ങി . കിരൺ പറഞ്ഞ പോലെ തന്നെ ഹോസ്പിറ്റൽ തുടങ്ങി..അപ്പുവും,ഭാര്യയും കൂടെ അവിടെ ജോയിന്റ് ചെയ്തു..അച്ഛമ്മ മരിച്ചു പോയി.. അതോടെ അവിടെ ആരും ഇല്ലാതെയായി..മാളുവിന്റെ അമ്മ ആണ് അച്ഛൻ ഉറങ്ങുന്ന സ്ഥലം ഇടയ്ക്ക് പോയി വൃത്തി ആക്കിയിടുന്നതും.വിളക്ക് വയ്ക്കുന്നതും എല്ലാം.. പറ്റുമ്പോൾ എല്ലാം അമ്മയെയും കൊണ്ട് അപ്പു പോകും.. മാളുവിന് ഒരു കുഞ്ഞ് കൂടെ ഉണ്ടായി..അവര് സന്തോഷത്തോടെ പോകുന്നു..

അങ്ങനെ വർഷങ്ങൾ മുന്നോട്ട് പോയി.. മാധവ് ജയിലിൽ നിന്നും ഇറങ്ങി..ദക്ഷ മോള് ഡിഗ്രിക്ക് പഠിക്കുന്നു. അപ്പായുടെയും,അമ്മയുടെയും പോലെ മെഡിക്കൽ പ്രൊഫഷൻ വേണ്ട എന്ന് അവള് ആദ്യമേ പറഞ്ഞു..ഇംഗ്ലീഷ് ലിറ്ററേച്ചർ ആണ് അവളുടെ ഇഷ്ട വിഷയം.. കിച്ചുവേട്ടന്റെ പോലെ കഥയും ,കവിതയും ,ബുക്സ് എല്ലാം ആണ് അവളുടെ ലോകം.. ബാംഗ്ലൂർ നഗരത്തിലെ പ്രശസ്ത മായ ഒരു കോളജ്..അവിടെ ഫൈനൽ ഇയർ വിദ്യാർത്ഥികൾ അവരുടെ പഠനം കഴിഞ്ഞു പോകുന്നതിന്റെ ആഘോഷത്തിൽ ആണ് ഇന്നത്തെ ദിവസം..പാട്ടും,ഡാൻസും ,ഭക്ഷണവും എല്ലാമായി ആഘോഷിക്കുകയാണ് വിദ്യാർത്ഥികൾ..

എല്ലാ ആഘോഷങ്ങളും കെട്ടടങ്ങി തിരികെ പോകുന്ന ഓരോ വിദ്യാർത്ഥിയും ദുഃഖത്തോടെ തന്നെ ആണ് പോകുന്നത്.. രണ്ട് പെൺകുട്ടികൾ എന്തൊക്കെയോ സംസാരിച്ച് നടന്നു പോകുന്നു.. “ദക്ഷ ഒന്ന് നിൽക്കൂ..”ആ വിളി കേട്ട് അവര് തിരിഞ്ഞു നോക്കി..”ഇൗ കുരിശ് ഇനിയും നിന്നെ വിടില്ല എന്ന് തോന്നുന്നു മോളെ “എന്ന് പറഞ്ഞ് അവളുടെ കൂട്ടുകാരി അവളെ കളിയാക്കി.. “എന്താ എന്ത് വേണം..മിസ്റ്റർ ആദി ദേവ്..”ദേഷ്യത്തോടെ ഉള്ള അവളുടെ സംസാരം ഒരു നിമിഷം അവനെ മൗനത്തിൽ ആഴ്ത്തി..ശേഷം അവൻ പറഞ്ഞു..”ഇൗ കോളേജിൽ നിന്ന് പോകുമ്പോൾ എങ്കിലും എനിക്ക് പോസിറ്റീവ് ആയൊരു മറുപടി തന്നൂടെ.”

“ശരി തരാം..പക്ഷേ ദേവിന് എന്നെക്കുറിച്ച് എന്തറിയാം..?ഞാൻ ഡോക്ടർ കിരണിന്റെയും , ആദി ലക്ഷ്മിയുടെയും മകൾ ആണെന്ന് അല്ലാതെ..” അവളുടെ ചോദ്യത്തിന് അവന് മറുപടി ഇല്ലായിരുന്നു..അത് കണ്ടതോടെ ശാന്തം ആയി അവള് പറഞ്ഞു..”നോക്കൂ ദേവ് ഇത് വരെ എനിക്ക് ആരോടും പ്രണയം തോന്നിയിട്ടില്ല..ഇനി തോന്നിയാൽ തന്നെ അതെന്റെ പേരന്റ്സ്ന് കൂടെ ഇഷ്ടമാകുന്ന ഒരാള് ആയിരിക്കും..നിങ്ങൾക്ക് ചിന്തിക്കാൻ പോലും ആകുന്നതിനുംം അപ്പുറം ആണ് എന്റെ ജീവിതം..” “ദേവിന് അറിയുമോ ഞാൻ ഒരു അനാഥ കുട്ടി ആണ്..എന്റെ അച്ഛനെയും,

അമ്മയെയും കണ്ട ഓർമ എനിക്കില്ല..എനിക്ക് വേണ്ടി മാത്രം വിവാഹം കഴിച്ചവരാണ് കിരണും ,ആദി ലക്ഷ്മിയും ..എന്റെ സന്തോഷം മാത്രം ആയിരുന്നു അവരുടെ ലക്ഷ്യം..” “ഞങ്ങൾക്ക് സ്വന്തമായി വീടില്ല..ഉള്ളത് ആരും ഇല്ലാത്തവർക്ക് വേണ്ടിയുള്ള ഒരു സ്ഥാപനം ആണ്..അവിടെ അവരോടൊപ്പം ആണ് ഞങ്ങൾ കഴിയുന്നത്..എന്റെ പഠനം,ഡ്രസ്സ് എല്ലാം അവിടുത്തെ മറ്റു കുട്ടികളെ പോലെ തന്നെ ട്രസ്റ്റിൽ നിന്നും ആണ്..എല്ലാത്തിനും കണക്കും ഉണ്ട്. ” “എന്റെ അപ്പായുടെ 75 ശതമാനം സ്വത്തുക്കളും ട്രസ്റ്റിന്റെ പേരിൽ തന്നെയാണ്..പിന്നെയുള്ളത് അപ്പയുടെ പേരന്റ്സ് അവരുടെ ആണ്..എന്റെയോ,

അമ്മയുടെയോ അപ്പയുടെയോ പേരിൽ ഒരു പൈസയും ഇല്ല..ഇങ്ങനെ ഒരു കുട്ടിയെ ആണോ ദേവിന് സ്നേഹിക്കാൻ താൽപര്യം..” “അവരെന്റെ യഥാർത്ഥ പേരന്റ്സ് അല്ല എന്ന് ഞാൻ അറിയുന്നത് 10 ല്‌ പഠിക്കുമ്പോൾ ആണ്..അതും വേറെയാരും പറഞ്ഞ് അറിഞ്ഞ് ഞാൻ വിഷമിക്കാതെ ഇരിക്കാൻ ആയി അവരായിട്ട് തന്നെ പറഞ്ഞു തന്നതാണ് എനിക്ക്.”. പിന്നെ കിരണിന്റെയും,അമ്മുവിന്റെയും കഥ ദക്ഷ ചുരുക്കി പറഞ്ഞ് കൊടുത്തു.”ദേവിന് അറിയുമോ?,എന്റെ ഏറ്റവും വലിയ ഫ്രണ്ട്സ് എന്റെ പേരന്റ്സ് ആണ്..ഒന്നിനും അവര് എനിക്ക് മുന്നിൽ നിബന്ധനകൾ വച്ചിട്ടില്ല..

പ്രണയത്തിന് പോലും..പകരം അവരുടെ കഥ അല്ല ജീവിതം അതെനിക്ക് പറഞ്ഞു തന്നു.” “സർട്ടിഫിക്കറ്റുകളിലം സമൂഹത്തിന് മുന്നിൽ പോലും അവര് ഭാര്യയും ഭർത്താവും ആണ്..പക്ഷേ ഇത്രയും വർഷങ്ങൾ ആയിട്ടും ഭർത്താവ് എന്ന രീതിയിൽ എന്റെ അമ്മയുടെ വിരലിൽ പോലും എന്റെ അപ്പാ തൊട്ടിട്ടില്ല..” “അമ്മയ്ക്ക് ഒരിക്കലും കുഞ്ഞ് ഉണ്ടാവില്ല എന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉള്ളത് കൊണ്ട് മറ്റാർക്കും അതറിയില്ല എന്ന് മാത്രം..എനിക്കും ഒന്നും അറിയില്ലായിരുന്നു..പക്ഷേ അവര് തമ്മിൽ അങ്ങനെയൊരു ബന്ധം ഇല്ല എന്ന് ഞാൻ അറിഞ്ഞത് ഇവിടേയ്ക്ക് പഠിക്കാൻ വരും മുൻപാണ്..

അമ്മ തന്നെയാണത് പറഞ്ഞത് .” “കാരണം പ്രണയം എന്ന് പറഞ്ഞ് എന്നെയാരും വഴി തെറ്റിക്കാതെ ഇരിക്കാൻ..എനിക്കൊരിക്കലും കാല് ഇടറാതെ ഇരിക്കാൻ..ദേവിന് അറിയുമോ?പ്രണയം എന്ന വാക്ക് കേട്ടാൽ എന്റെ മുന്നിൽ വരുന്നത് അവരുടെ മുഖമാണ് .” “ഇവിടേയ്ക്ക് ഉള്ള യാത്രയിൽ ഞാൻ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അപ്പാ പറഞ്ഞത് “മാംസ നിബദ്ധമല്ല രാഗം.”എന്ന കുമാരനാശാന്റെ വരികൾ ആണ്..എന്റെ അപ്പായെ പോലെ ഒരു പെണ്ണിനെ സ്നേഹിക്കാൻ ആർക്കേലും കഴിയുമോ എന്ന് എനിക്ക് അറിയില്ല..”

“മരിച്ചു പോയിട്ടും ഒരിക്കൽ തന്നോടൊപ്പം ഉണ്ടായിരുന്ന തന്റെ പാതിയെ മാത്രം ഓർത്ത് ഇന്നും ജീവിക്കാൻ എന്റെ അമ്മയെ പോലെ വേറെ ഒരു സ്ത്രീയ്ക്കും കഴിയുമോ എന്നും അറിയില്ല..” “ഭാര്യ എന്ന നിലയിൽ ബാക്കി എല്ലാ കാര്യങ്ങളും എന്റെ അമ്മ അപ്പായ്ക്ക്‌ ചെയ്ത് കൊടുക്കും..ഇതിനൊരിക്കലും അപ്പാ അമ്മയെ കുറ്റം പറഞ്ഞിട്ടില്ല .സ്വന്തം ആയിട്ടൊരു കുഞ്ഞ് വേണം എന്ന് ആവശ്യപ്പെട്ടിട്ടില്ല..അതിന് ശ്രമിച്ചാൽ എന്റെ ലക്ഷ്മി പരാജയപ്പെട്ടു പോകും അത് വേണ്ട എന്ന് അപ്പാ തന്നെയാണ് പറഞ്ഞത്..

അത്രയധികം അപ്പാ അമ്മയെ മനസ്സിലാക്കി..”. “അവരോളം ഇല്ലെങ്കിലും അതിന്റെ പകുതി എങ്കിലും എന്നെ സ്നേഹിക്കാൻ എല്ലാ വിധത്തിലും എന്നെ മനസ്സിലാക്കാൻ ദേവിന് കഴിയും എന്നെനിക്ക് തോന്നിയാൽ ആലോചിക്കാം..” അത്രയും പറഞ്ഞു നടന്നു നീങ്ങിയ ദക്ഷയെ നോക്കി ദേവ് നിന്നു..അവര് നടന്ന് ചെല്ലുമ്പോൾ കണ്ടു തന്നെ കൊണ്ട് പോകാൻ കാത്തു നിൽക്കുന്ന അപ്പായെയും,അമ്മയെയും..പുഞ്ചിരിച്ചു കൊണ്ട് അവള് അവരെ കെട്ടിപിടിച്ചു..ശേഷം കൂട്ടുകാരിയോട് യാത്ര പറഞ്ഞ് അവള് അവരോടൊപ്പം വണ്ടിയിലേക്ക് കയറി.

“എന്തായിരുന്നു ഒരു സംസാരം അവിടെ..കണ്ടിട്ട് പ്രണയം പൂക്കുന്നുണ്ടല്ലോ..”കിരൺ ചിരിച്ചു കൊണ്ട് പറഞ്ഞത് കേട്ടു ദക്ഷ പറഞ്ഞു.. “അതെ പക്ഷേ ഞാൻ കിരൺ ,ആദി ലക്ഷ്മി കഥ ഒന്ന് ചുരുക്കി പറഞ്ഞു അതോടെ അവൻറെ കിളി പോയി..” “ഒന്നുമില്ല മോളെ അവൻ വരും..ഇനിയും വരും..അവൻറെ കണ്ണിൽ കാണുന്നത് യഥാർത്ഥ പ്രണയത്തിന്റെ തീ ആണ്..”എന്ന കിരണിന്റെ വാക്കുകൾ കേട്ട് ദക്ഷ പുഞ്ചിരിച്ചു. “ആണോ എങ്കിൽ വരട്ടെ..അപ്പൊൾ നോക്കാം അല്ലെ അമ്മാ”..അവളുടെ മറുപടി അമ്മയും ശരി വച്ചു.. അങ്ങനെ അവർ വീണ്ടും ജീവിതത്തിലേക്ക് നടന്നു..വരാൻ ഉള്ള സന്തോഷവും,സങ്കടവും ഒരുമിച്ച് സ്വീകരിക്കാൻ ആയിട്ട്..

ശുഭം. അവരുടെ പ്രതീക്ഷകൾക്ക് ഒപ്പം അവരെ ജീവിക്കാൻ വിട്ടു കൊണ്ട് കനൽ ഇവിടെ തീരുന്നു..ഇത് എഴുതി തുടങ്ങിയത് മുതൽ മനസ്സിൽ ഉണ്ടായിരുന്നത് വ്യത്യസ്തം ആയൊരു പ്രണയം ആയിരുന്നു.കൂടുതൽ പ്രണയങ്ങളും ,ഒന്നുകിൽ പിരിയുന്നു ,അല്ലെങ്കിൽ എല്ലാ അർഥത്തിലും ഒന്നിക്കുന്നു..അതിൽ നിന്നും ഒരു മാറ്റം വേണം എന്ന് തോന്നി.. ഇത് വരെ കൂടെ നിന്ന എല്ലാവർക്കും ഒരുപാട് നന്ദി..തുടങ്ങിയപ്പോൾ മുതൽ എന്റെ തെറ്റുകൾ പറഞ്ഞ് തന്ന വായനക്കാരും,തൂലികയുടെ അഡ്മിൻ ആയിട്ടുള്ളവരും ഉണ്ട്..എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി …

കനൽ : ഭാഗം 35