കനൽ : ഭാഗം 32
എഴുത്തുകാരി: Tintu Dhanoj
എനിക്ക് സന്തോഷമായി..പകുതി കടമകൾ ,അമ്മു പൂർത്തിയാക്കി കിച്ചുവേട്ടാ. എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് കണ്ണേട്ടന്റെ സന്തോഷങ്ങളിൽ പങ്ക് ചേർന്നു ഞാൻ.. വേഗം തന്നെ എല്ലാ പണികളും തീർത്ത് ഞങ്ങൾ കാത്തിരിപ്പായിരുന്നു നീഹാരികയ്ക്ക് വേണ്ടി..സമയം പോകുന്നെയില്ലാത്ത പോലെ..അല്ലേലും അങ്ങനെ ആണല്ലോ നമ്മൾ എന്തിനു എങ്കിലും വേണ്ടി കാത്തിരിപ്പ് തുടങ്ങിയാൽ സമയം ചലിക്കുന്നുണ്ടോ എന്ന് സംശയം തോന്നും. കണ്ണേട്ടന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.ഓരോ നിമിഷവും സമയം നോക്കുന്നു..വഴിയിലേക്ക് ഇറങ്ങുന്നു,..മെസ്സേജ് ചെയ്യും അങ്ങനെ ആകെ ഒരു പരവേശം..
തന്റെ കൈയിൽ നിന്നും അറിയാതെ നഷ്ടപ്പെട്ടു പോയ തന്റെ പ്രിയപ്പെട്ട കളിപ്പാട്ടം തിരികെ കിട്ടും , എന്ന് പറയുമ്പോൾ കുട്ടികൾക്ക് ഉണ്ടാകുന്ന പോലെ ഒരു സന്തോഷം ആണ് ആ മുഖത്ത്.. ഇനിയും അത് കൈയിൽ കിട്ടാതെ,നെഞ്ചോടു ചേർത്ത് വയ്ക്കാതെ ഒന്നിനും കഴിയില്ല എന്ന് കൊഞ്ചി കരയുന്ന കുഞ്ഞിനെ ആണ് എനിക്ക് ഓർമ വന്നത്.എല്ലാം നന്നായി തന്നെ വരട്ടെ..എല്ലാ സന്തോഷങ്ങളും എല്ലാവർക്കും തിരികെ കൊടുത്തു കൊണ്ട് വേണം എനിക്ക് എന്റെ ലക്ഷ്യങ്ങളീലേയ്ക്ക് യാത്ര ആവാൻ. “എന്റെ ലോകം ഇവരല്ലെ?
ഇവരൊക്കെ സമാധാനവും ,സന്തോഷവും ആയി ജീവിച്ചാൽ മാത്രമാണ് നമുക്കും സന്തോഷം ആയിരിക്കാൻ കഴിയൂ..” “കണ്ണനെ സെറ്റിൽ ആക്കി അച്ഛനെയും ,അമ്മയെയും ഏൽപ്പിച്ച് ,അപ്പുവിന്റെ പഠനം അത് കൂടെ പൂർത്തിയാക്കി കഴിഞ്ഞാൽ നമുക്ക് പോകണം അമ്മു..നമ്മുടെ കുഞ്ഞുങ്ങളെയും കൂട്ടി..അപ്പൊൾ വേണം എന്റെ സ്വപ്നങ്ങളിലേക്ക്,അല്ല എന്റെ ജീവിത ലക്ഷ്യങ്ങളെ നേടാൻ ആയി നമുക്ക് ഒന്നിച്ച് ഇറങ്ങി പുറപ്പെടാൻ”..കിച്ചുവേട്ടന്റെ വാക്കുകൾ ഓർത്തപ്പോൾ എന്റെ മിഴികൾ നിറഞ്ഞു.. ഒരു വണ്ടിയുടെ ഹോൺ ആണ് എന്റെ ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയത്..അവരെത്തി എന്ന് പറഞ്ഞ് തീരും മുൻപേ കണ്ണേട്ടൻ മുറ്റത്തേക്ക് ഓടിയിറങ്ങി..
വണ്ടി നിർത്തി മുറ്റത്തേക്ക് ഇറങ്ങിയ ആളെ കണ്ടതും എന്റെ കണ്ണുകൾ വിടർന്നു..കണ്ണേട്ടൻ പറഞ്ഞതിലും സുന്ദരിയാണ് നീഹാരിക ..ശരിക്കും നാട്ടിൻപുറത്ത് ജീവിക്കുന്ന ഒരു സാധാരണ പെൺകുട്ടിയുടെ രൂപം . ഒരു കുഞ്ഞ് പൊട്ടുണ്ട് നെറ്റിയിൽ, കണ്ണും എഴുതിയിട്ടുണ്ട്. എന്നതൊഴിച്ചാൽ യാതൊരു വിധ ഒരുക്കങ്ങളും ഇല്ല..അതൊന്നും ഇല്ലാതെ തന്നെ ഇത്രയും ഭംഗി.. “വെറുതെയല്ല കണ്ണേട്ടൻ പെട്ടെന്ന് തന്നെ തലയും കുത്തി വീണത്..നല്ല സുന്ദരിയാണ്..”മാളുവിന്റെ വാക്കുകൾ കേട്ട് അവളുടെ അമ്മ അവളെ ശകാരിച്ചു “മിണ്ടാതെ ഇരിക്ക് മാളു നീ..അവര് കേൾക്കും”..
കണ്ണേട്ടൻ പറഞ്ഞ ആ പുഞ്ചിരി ഇപ്പോഴും ആ മുഖത്ത് ഉണ്ട്..ഒട്ടുമേ തെളിച്ചം കുറയാതെ തന്നെ.. എല്ലാവരും നിൽക്കുന്നു എന്നതൊക്കെ മറന്ന് കണ്ണേട്ടൻ ഓടിപ്പോയി നീഹാരികയേ നെഞ്ചോട് ചേർത്ത് പിടിച്ചു. ..ഒന്നും സംസാരിക്കാതെ രണ്ടു പേരും കരയുക ആയിരുന്നു..ശ്രേയ അകത്തേക്ക് കയറി വന്നു.. അപ്പൊൾ അമ്മയാണ് പറഞ്ഞത് “നിങ്ങള് കയറി പോര് ..അവര് വന്നോളും,.അവർക്ക് സംസാരിക്കാൻ ഇല്ലെ ഒരുപാട്..എല്ലാ സങ്കടങ്ങളും പറഞ്ഞ് തീർക്കട്ടെ”..എന്ന് അത് കേട്ട് ഞങ്ങളെല്ലാവരും അകത്തേക്ക് പോന്നു.. പിന്നെ കുറെ സമയം സംസാരിച്ചിരുന്നു..കുറേയധികം സമയം കഴിഞ്ഞപ്പോൾ അവരും വന്നു..
കൊച്ചു കുട്ടിയെ എന്നപോലെ അവളുടെ കൈയും പിടിച്ച് വരുന്ന കണ്ണേട്ടൻ ,അത് ഒരുപാട് ആസ്വദിച്ചു ഒപ്പം വരുന്ന നീഹാരിക..അത് കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് കിച്ചുവേട്ടനെ ഓർമ വന്നു..ഇങ്ങനെയായിരുന്നു കിച്ചുവേട്ടനും.. എന്റെ കൈകൾ ചേർത്ത് പിടിക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു.. പിന്നെ കണ്ണേട്ടൻ തന്നെ എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു. ശേഷം ഞങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു..ബിരിയാണി കണ്ടതും നീഹാരികയുടെ കണ്ണുകൾ കണ്ണേട്ടന്റെ മുഖത്തേക്ക് ആയി.. “എന്താ ഇങ്ങനെ നോക്കുന്നത് “കണ്ണേട്ടന്റെ ചോദ്യം കേട്ട് ഒന്നുമില്ലെന്ന് തലയാട്ടിയ നീഹാരികയോട് ഞാൻ പറഞ്ഞു..
“ഞങൾ സദ്യ ആണ് പ്ലാൻ ചെയ്തത്..പക്ഷേ ഇയാൾക്ക് ബിരിയാണി ആണിഷ്‌ടം എന്ന് പറഞ്ഞ് ഇത് ഉണ്ടാക്കിയത് ഉൾപ്പടെ മുഴുവൻ ക്രെഡിറ്റ് ഉം കണ്ണേട്ടന് ഉള്ളതാണ് കേട്ടോ..” അത് കേട്ടതും അവളുടെ മിഴികൾ ഒന്ന് കൂടെ തിളങ്ങി…അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം കണ്ണേട്ടൻ നിറഞ്ഞ മനസ്സോടെ ഭക്ഷണം കഴിച്ചു.. ഭക്ഷണശേഷം അവരെ തനിച്ച് വിട്ടു ഞങൾ. കുറെ നേരം അവരുടേതായ ഏതോ ലോകത്ത് ആയിരുന്നു അവര് രണ്ടാളും.. ഞങ്ങൾ ചുമ്മാ സംസാരിച്ച് കൊണ്ടിരുന്നു..കുറെ സമയം കഴിഞ്ഞ് കണ്ണേട്ടൻ വന്ന് പറഞ്ഞു.. “നിങ്ങള് വേഗം റെഡിയായി വാ..പുറത്ത് പോകണ്ടേ?”. “ഞങ്ങള് വേണോ ?
നിങ്ങള് രണ്ടാളും പോയിട്ട് വാ”മാളു ആണ് അത് പറഞ്ഞത് …”അത് വേണ്ട നിങ്ങള് കൂടെ വാ” .. നീഹാരികയുടെ നിർബന്ധത്തിന് വഴങ്ങി അവസാനം ഞങ്ങളും പോകാം എന്ന് സമ്മതിച്ചു. .. അങ്ങനെ എല്ലാവരും കൂടെ ഒരുങ്ങിയിറങ്ങി.. എവിടെ പോകും എന്നതായിരുന്നു അടുത്ത ചോദ്യം. “അമ്മെ പാർക്കിൽ പോകാം..”കിങ്ങിണി ഒരേ ബഹളം.. അവളുടെ ബഹളം കണ്ട് ഞങ്ങളും സമ്മതിച്ചു. അങ്ങനെ നീണ്ടൂർ പാർക്കിൽ പോകാൻ തീരുമാനിച്ചു. അവിടെയെത്തിയതും കിങ്ങിണി ഓടിയിറങ്ങി..”കിങ്ങിണി പതിയെ..നിൽക്ക് അവിടെ”..മാളു ആണ്.. “എന്റെ മാളു നീ അവളെ വീട്ടിലും അടച്ചു പൂട്ടി ഇരുത്തുവാ..ഇവിടെ എങ്കിലും കുഞ്ഞ് ഒന്ന് ഫ്രീ ആയി നടക്കട്ടെ..ഞാൻ നോക്കിക്കോളാം”..
എന്നും പറഞ്ഞ് ഞാൻ കുഞ്ഞിന്റെ കൂടെ പോയി . ചെറുതാണെങ്കിലും നല്ല ഭംഗി ഉള്ള പാർക്ക്..കുട്ടികൾക്ക് കളിക്കാൻ ഉള്ള സൗകര്യവും ,മുതിർന്നവർക്ക് നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയുന്ന കാഴ്ചകളും എല്ലാം ചേർന്നൊരിടം.. എങ്കിൽ പോലും കൂടുതൽ കുട്ടികൾ ആണ്. ആ കുഞ്ഞുങ്ങളുടെ ചിരി കണ്ടാൽ തന്നെ പകുതി വിഷമം മാറിപ്പോകും.. ഒരു വിധ ചിന്തകളും അലട്ടാൻ ഇല്ലാത്ത ബാല്യം..എങ്കിലും ഇതിൽ നിന്നും വ്യത്യസ്തം ആയ ബാല്യവും പലപ്പോഴും ചില കുഞ്ഞുങ്ങളുടെ ജീവിതത്തിൽ എങ്കിലും നമുക്ക് കാണാനാകും.. ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ,അച്ഛനും ,അമ്മയും ആരെന്നറിയാതെയും ചിലർ..
അവരും കുഞ്ഞുങ്ങൾ ആണ്..അവർക്കും അവകാശപ്പെടാൻ ഒരു ഐഡന്റിറ്റി വേണം..ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവരുടെ ജീവിതവും അർത്ഥം ഉള്ളതായി തീരണം.. “ആൻറി ബാ കളിച്ചാം..”..കിങ്ങിണിയുടെ വാക്കുകൾ ആണ് എന്നെ ചിന്തകളിൽ നിന്നും മോചിപ്പിച്ചത് .പിന്നെ അവളുടെ കൂടെ കൂടി ഞാനും.. ഇതിനിടയ്ക്ക് ഒരു പ്രാവശ്യം കണ്ണേട്ടൻ വന്നു. “അമ്മു കഴിക്കാൻ എന്തേലും വേണോ”..എന്ന് ചോദിച്ചു. “ഇനിച്ച് ഒരു ഐസ്ക്രീം മേണം” കിങ്ങിണി ആണ്..അത് പോകും വഴിക്ക് വാങ്ങി തരാം എന്ന് പറഞ്ഞ് കണ്ണേട്ടൻ അവളെ സമാധാനിപ്പിച്ചു . അവര് രണ്ടാളും വീണ്ടും അവരുടെ ലോകത്തേക്ക് പോയി.
.ഇനിയെന്തായാലും അച്ഛനെയും,അമ്മയെയും കൂടെ കാര്യങ്ങൾ അറിയിക്കണം..പക്ഷേ എനിക്ക് ഉടനെയൊന്നും ഇനിയൊരു ലീവ് കിട്ടില്ല.. എന്ത് ചെയ്യണം എന്ന് ഞാൻ ആലോചിച്ച് കൊണ്ടിരുന്നു..കുറെ കഴിഞ്ഞ് അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി കഴിഞ്ഞിട്ടും എന്റെ ചിന്ത അവരെപ്പറ്റി ആയിരുന്നു..എന്തേലും വഴി തെളിയും എന്ന പ്രതീക്ഷയിൽ ആ രാത്രിയിലെ ചിന്തകൾക്ക് വിട നൽകി ,ഞാൻ പുതിയൊരു പുലരി സ്വപ്നം കണ്ടുറങ്ങി.. പിറ്റേദിവസം ഡ്യൂട്ടിക്ക് ചെന്നപ്പോൾ കിരൺ പറഞ്ഞു. ഇന്നലെ വീണ്ടും പ്രിയയെ കാണാൻ സൈക്യാട്രിസ്റ്റ്റ് വന്നിരുന്നു എന്ന്..കുറേയധികം സമയം അവര് തനിച്ച് സംസാരിച്ചു പോലും. അമ്മുവിന്റെ ശബ്ദം കേൾക്കുമ്പോൾ എന്ത് കൊണ്ടാണ് തല വേദനിക്കുന്നു എന്ന് തോന്നുന്നത്..? എന്ന ചോദ്യത്തിന് ഉള്ള മറുപടി എന്നെ വല്ലാതാക്കി..
“അമ്മുവിന്റെ ജീവിതം ഞാൻ ആണ് നശിപ്പിച്ചത്..ഇനിയൊരിക്കലും അതൊന്നും തിരികെ കൊടുക്കാൻ എനിക്ക് പറ്റില്ലല്ലോ?പിന്നെ അമ്മു ഒരിക്കലും എന്നോട് ക്ഷമിക്കാൻ കഴിയില്ല എന്ന് പറഞ്ഞിരുന്നു. അത് ഓർക്കുമ്പോൾ തല പൊളിയും പോലെ തോന്നുന്നു..”എന്നാണ് പ്രിയ പറഞ്ഞത് .. “അമ്മു ക്ഷമിച്ചാൽ ഇൗ തലവേദന മാറുമോ പ്രിയ” എന്ന ഡോക്ടറുടെ ചോദ്യത്തിന് “അറിയില്ല പക്ഷെ അമ്മു ഒരിക്കലും ക്ഷമിക്കില്ല “.എന്ന് തന്നെ പ്രിയ പറഞ്ഞു പോലും.. “നമുക്ക് നോക്കാം അടുത്ത ദിവസം തന്നെ ഞാൻ അമ്മുവിനെ പ്രിയയുടെ അടുത്തെത്തിച്ച് തരാം..പ്രിയ തന്നെ നേരിട്ട് ഒന്ന് ചോദിക്ക്..
ചിലപ്പോൾ ക്ഷമിക്കാൻ തയ്യാറായാൽ നല്ലതല്ലേ” എന്ന ഡോക്ടറുടെ ചോദ്യത്തിന് മറുപടിയായി “ഉറപ്പായും ചോദിക്കാം.. പക്ഷേ എനിക്ക് പ്രതീക്ഷ ഇല്ല “എന്നായിരുന്നു അവളുടെ മറുപടി . നമുക്ക് നോക്കാം..എന്ന് പറഞ്ഞാണ് ഡോക്ടർ പോയത് എന്ന് .”ലക്ഷ്മി ഇന്ന് 11 മണിക്ക് സാർ വരും.. അപ്പഴേക്കും തന്നോട് യൂണിഫോം മാറിയിട്ട് വരാൻ പറഞ്ഞു ..പ്രിയ കാണുമ്പോൾ അമ്മു ആണ് എന്ന് വിശ്വസിക്കാൻ അത് തന്നെയാകും നല്ലത് എന്ന്..” “തന്നെയുമല്ല ഒരിക്കൽ താൻ അമ്മു ആണെന്ന് അവള് പറഞ്ഞപ്പോൾ നമ്മൾ എല്ലാവരും പറഞ്ഞു അല്ല ഇത് ഇവിടെ നഴ്സ് ആയ ലക്ഷ്മി ആണെന്ന്..അപ്പൊൾ ഇനിയും നിന്നെ യൂണിഫോമിൽ കാണിച്ച് ഇതാണ് അമ്മു എന്ന് പറഞ്ഞാല് അത് ചിലപ്പോൾ ഓപ്പസിററ് എഫക്റ്റ് ആവും ഉണ്ടാക്കുക..”
“നമ്മൾ അവളെ കബളിപ്പിക്കാൻ ശ്രമിച്ചു എന്ന് തോന്നിയാൽ പിന്നെ ഒരിക്കലും അവള് നമ്മളെ വിശ്വസിക്കില്ല..അത് ഇത്ര നാളും ചെയ്തത് എല്ലാം നിഷ്ഫലം ആക്കും”.. “കിരൺ പറഞ്ഞതൊക്കെ ശരിയാണ് എന്ന് തോന്നിയത് കൊണ്ട് തന്നെ ഞാൻ അത് അനുസരിക്കാൻ തീരുമാനിച്ചു.. ഞാൻ യൂണിഫോം മാറി വന്നു..കുറച്ച് സമയം കഴിഞ്ഞതും കിരൺ വന്നു പറഞ്ഞു .സാറ് വിളിക്കുന്നു എന്ന്..വിറച്ച കാലടികളോടെ ഞാൻ പ്രിയയുടെ അടുത്തേക്ക് നടന്നു .ഹൃദയം പെരുമ്പറ കൊട്ടും പോലെ എനിക്ക് തോന്നി .കൈകൾ ഒക്കെ വിറയ്ക്കുന്നു..തൊണ്ട വരളുന്നു .ആകെ ഒരു പരവേശം പോലെ..
ഇത് വിജയിക്കുമോ ദൈവമേ.. വിജയിക്കണെ ,പ്രിയ പതിയെ ആണെങ്കിൽ കൂടെ ജീവിതത്തിലേക്ക് തിരികെ വരണേ..എന്ന് ആത്മാർഥമായി പ്രാർത്ഥിച്ച് കൊണ്ട് ഞാൻ അങ്ങോട്ടേക്കെത്തി… അവിടെയെത്തുമ്പോൾ എന്നെ അമ്പരന്നു നോക്കുന്ന പ്രിയയെ ആണ് കണ്ടത്..”ഇത് ഇതാരാ ഡോക്ടർ”..പ്രിയയുടെ ചോദ്യം കേട്ടപ്പോൾ എന്റെ മിഴികൾ നിറഞ്ഞു .എങ്കിലും അവളുടെ മുന്നിൽ ഞാൻ പിടിച്ച് നിന്നു. സംസാരിക്കാൻ ഡോക്ടർ എന്നെ കണ്ണ് കാണിച്ചു..അതിൻപ്രകാരം ഞാൻ പറഞ്ഞു”പ്രിയ എന്നെ അറിയില്ലേ? ഞാൻ അമ്മുവാണ്..”പറഞ്ഞു തീരും മുൻപേ എന്റെ ശബ്ദം അവള് തിരിച്ചറിഞ്ഞു എന്നെനിക്ക് മനസ്സിലായി.. ”
അമ്മു,അമ്മു മാപ്പ് എന്നോട് ക്ഷമിക്കൂ..അതിനു പറ്റുന്ന കാര്യം അല്ല ഞാൻ ചെയ്തത് എന്നറിയാം..പക്ഷേ എല്ലാം തിരിച്ചറിഞ്ഞപ്പോൾ ഒരുപാട് വൈകി അമ്മു..എന്നെ വെറുക്കരുത് അമ്മു..” അവളുടെ വാക്കുകൾ കൂരമ്പുകൾ പോലെ എന്റെ ഹൃദയത്തിലേക്ക് തുളച്ചിറങ്ങി..ഒരു കാലത്ത് ഞാൻ ഏറ്റവും കൂടുതൽ വെറുത്തിരുന്നു ഇവളെ..പക്ഷേ ഇപ്പൊൾ അതിന്റെ ഒരു കണിക പോലും എന്നിൽ അവശേഷിക്കുന്നില്ല എന്നെനിക്ക് തോന്നി.. “കിരൺ വാ നമുക്ക് പുറത്ത് നിൽക്കാം ..അവര് സംസാരിക്കട്ടെ ..അതും പറഞ്ഞ് അവരെല്ലാം പുറത്തേക്ക് ഇറങ്ങി.. എന്റെ മുന്നിൽ പൊട്ടിക്കരയുന്ന പ്രിയയുടെ മുഖം കൈകളിൽ കോരിയെടുത്ത് ഞാൻ പറഞ്ഞു..”
പ്രിയ ഇവിടെ നോക്കൂ എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല..നീ ചെയ്തതിൽ നിനക്ക് കുറ്റബോധം ഉണ്ടല്ലോ?അത് മതിയെനിക്ക് .ഒരുപക്ഷേ ഇങ്ങനെയൊക്കെ എന്റെ ജീവിതത്തിൽ സംഭവിക്കണം എന്ന് വിധി ഉണ്ടാവും..അതിനെ മാറ്റാൻ നമുക്ക് പറ്റില്ല..” അത്രയും പറഞ്ഞു തീർത്ത് നോക്കുമ്പോൾ പ്രിയ എന്റെ നേരെ കൈകൾ കൂപ്പി..എന്നിട്ട് ചോദിച്ചു “ഞാൻ ,ഞാൻ അമ്മുവിന്റെ കാലിൽ ഒന്ന് തൊട്ടോട്ടെ”.. “എന്തിനാ പ്രിയാ അതിന്റെയൊന്നും ആവശ്യം ഇല്ല..ഞാൻ പറഞ്ഞില്ലേ നിന്റെ ആത്മാർഥമായ ഇൗ കണ്ണുനീർ അത് തന്നെ മതി എല്ലാ പാപങ്ങളും കഴുകി കളയാൻ..
ഇപ്പൊൾ തല വേദനിക്കുന്നുണ്ടോ? അതും ചോദിച്ച് ഞാനവളുടെ നെറ്റിയിൽ തൊട്ടു.. “ഉണ്ട് ..പക്ഷേ പണ്ടത്തെ പോലെയില്ല..ഇവിടെ അമ്മുവിന്റെ ശബ്ദം ഉള്ളയൊരു നഴ്സ് ഉണ്ടായിരുന്നല്ലോ .അതെവിടെ ?”എന്ന് ചോദിച്ച് പ്രിയ എന്റെ നേരെ നോക്കി.. ദൈവമേ ഇതിന് എന്ത് ഉത്തരം കൊടുക്കും ..”ആ നഴ്സ് ന് വേറെ എവിടെയോ കുറച്ചൂടെ നല്ല ജോലി കിട്ടി പോയി. കിരൺ പറഞ്ഞു കേട്ടത് ആണ്..” പെട്ടെന്ന് വന്നൊരു കള്ളം പറഞ്ഞ് ഞാൻ പ്രിയയെ നോക്കി..
തുടരും…