Wednesday, December 18, 2024
Novel

കനൽ : ഭാഗം 21

എഴുത്തുകാരി: Tintu Dhanoj

അവിടെ വേറെ ആർക്കും പ്രവേശനം ഇല്ലായിരുന്നു…ഞങ്ങളുടേത് മാത്രമായ ആ ലോകത്ത് അവരുടെ കൂടെ സംസാരിച്ചും,ചിരിച്ചും,കളിച്ചും തീർക്കാൻ മാത്രമായി എന്റെ ജീവിതം ചുരുങ്ങി . പുറംലോകവുമായി ഉള്ള എല്ലാ ബന്ധങ്ങളും,ഇല്ലാതായി..എന്റെ മുന്നിൽ വന്നു കണ്ണീർ വാർക്കുന്നവരെ ഞാൻ അതിശയത്തോടെ ആണ് കണ്ടിരുന്നത്. എന്റെ കുഞ്ഞ് എന്റെ ഉള്ളിൽ ഇപ്പോഴും വളരുന്നുണ്ടെന്ന ബോധ്യത്തോടെ തന്നെ ആയിരുന്നു എന്റെ ജീവിതവും ,പ്രവർത്തികളും..

ചിലപ്പോഴൊക്കെ കുഞ്ഞിന് വേണ്ടി എന്തൊക്കെയോ കഴിക്കാൻ ശ്രമിച്ചു,കുഞ്ഞിനോട് സംസാരിച് ഇരിക്കാൻ തുടങ്ങി..എന്റെ അവസ്ഥ കണ്ട് സഹിക്കാൻ കഴിയാതെ അമ്മ നെഞ്ചുപൊട്ടി കരഞ്ഞു.. കിച്ചുവേട്ടന്റെ മരണത്തോടെ താളം തെറ്റിയ ആ കുടുംബം എന്റെ അവസ്ഥ കൂടി കണ്ടതോടെ യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിയാതെ പകച്ചു നിന്നു.. ഒരിക്കൽ എന്നെ കാണാൻ വന്ന് തിരികെ പോയ കിച്ചുവേട്ടന്റെ അമ്മ തളർന്ന് വീണു.. ആ വീഴ്ചയിൽ അമ്മയുടെ ശരീരത്തിന്റെ വലതു വശം തളർന്ന് പോയി.

കുറെ നാളത്തെ ചികിത്സയുടെ ഫലമായി ഇപ്പൊൾ കുറച്ച് ഭേദം വന്നിട്ടുണ്ട് എന്ന് മാത്രം.. അമ്മയുടെ വീഴ്ചയോടെ എന്റെ ബാക്കി ട്രീറ്റ്മെന്റ് കോട്ടയത്ത് ആകാം എന്ന് തീരുമാനമായി…അങ്ങനെ അവിടെയും കുറെ നാള് ചികിത്സകളും, കൗൺസിലിംഗ് എല്ലാം..പോരാത്തതിന് മാളു എപ്പോഴും എന്റെ കൂടെയിരുന്നു .ഒരു കുഞ്ഞിനെ എന്ന പോലെ എന്നെ പരിചരിച്ചു..

അങ്ങനെ പതിയെ ഞാൻ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി.. പക്ഷേ അപ്പോഴും എന്റെ കുഞ്ഞ് കൂടെയില്ല എന്ന യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കിയിരുന്നില്ല.പിന്നീടെപ്പോഴോ ജീവിതം തിരിച്ചു പിടിക്കാൻ ഞാൻ പ്രാപ്തയായി എന്ന ഒരു അവസ്ഥയിൽ മാളു തന്നെ അതും എന്നെ അറിയിച്ചു . പക്ഷേ അത് കേട്ട് ഞാൻ ആർത്ത് കരഞ്ഞു.. കരഞ്ഞ് തീർക്കട്ടെയെന്ന് കരുതി ആരും എന്നെ തടഞ്ഞതുമില്ല..ഒരുപക്ഷേ അന്നത്തെ കരച്ചിൽ അതിലൂടെ അത് വരെയും മനസ്സിൽ ഉറഞ്ഞ് കൂടിയിരുന്ന വിഷമങ്ങൾ ഒക്കെയും ഒഴുകിപോയി..

പിന്നീട് കുറെ ദിനങ്ങൾ കരയാൻ മാത്രമായി തീർന്നു. എപ്പോഴും ഓർമകൾ എനിക്ക് വേദനയായി തീർന്നു..ശാന്തമാവാൻ ഇഷ്ടമില്ലാതെ തീരത്തേക്ക് ആഞ്ഞടിക്കുന്ന തിരമാല കണക്കെ ഓർമകൾ എന്റെ മനസ്സിലേക്ക് എത്തിക്കൊണ്ടിരുന്നു.. കിച്ചുവേട്ടൻ ഉറങ്ങുന്ന മണ്ണിലേക്ക് വീണ്ടും പോകാൻ ഞാൻ വാശി പിടിച്ചു..അങ്ങനെ വീണ്ടും പാലക്കാട് എത്തി. .ആദ്യത്തെ കുറെ ദിവസങ്ങൾ ഞങ്ങളുടെ മുറിയിൽ തന്നെയിരുന്നു…

അപ്പോഴും പക്ഷേ നിഴല് പോലെ മാളു എന്റെ കൂടെ തന്നെയുണ്ടായിരുന്നു.. അങ്ങനെ ഒരു ദിവസം യാദൃശ്ചികമായി വീട്ടിലിരുന്ന പത്രം എന്റെ ശ്രദ്ധയിൽ പെട്ടു…അതിൽ മാധവിന്റെ അറസ്റ്റ് ,അവൻറെ ഏറ്റു പറച്ചിൽ അതോക്കെയുണ്ടായിരുന്നു ..ഞാൻ അതെടുത്ത് ആരും കാണാതെ റൂമിൽ കൊണ്ട് പോയി..അത് മുഴുവൻ വായിച്ചു .പിന്നീട് ഇതുമായി ബന്ധപ്പെട്ട മുഴുവൻ വാർത്തകളും ശേഖരിച്ചു..

എല്ലാത്തിലും ഉള്ളടക്കം ഒന്ന് മാത്രം.. കളിക്കൂട്ടുകാരിക്കയി നടത്തിയ കൊലപാതകം..അവളുടെ പ്രണയം നഷ്ടപ്പെട്ടപ്പോൾ തോന്നിയ വൈരാഗ്യം .അങ്ങനെ ആള് മാറി കൊലപാതകം..ഇതൊക്കെ വായിച്ച് ഒരു തരം മരവിപ്പായിരുന്നു എനിക്ക്.. വീണ്ടും ഞാനാ ദിവസം ഓർത്തെടുത്തു.. അന്ന് ഒരു പെൺകുട്ടിയെ ഞാൻ കണ്ടിരുന്നു..അവളെ കണ്ട് ഞാൻ പേടിച്ചിരുന്നു അതൊക്കെയെന്‍റെ ഓർമകളിലേക്ക് എത്തി..

അവളെ മുമ്പെവിടെയോ കണ്ടിരുന്നു എന്ന് ഞാൻ ഓർത്തു..ഒരുപാട് ദിവസത്തെ ഓർമകളും,അന്വേഷണവും അത് പ്രിയ ആണെന്ന തിരിച്ചറിവിലേക്ക് എന്നെ കൊണ്ടെത്തിച്ചു. അവളോടായിരുന്നു ഒരിക്കൽ കണ്ണേട്ടൻ വഴക്കുണ്ടാക്കിയത്. അന്ന് സൂപ്പർമാർക്കറ്റിൽ വച്ചു കണ്ടുള്ള പരിചയമാണ്..അങ്ങനെ പതിയെ എല്ലാം ഞാൻ മനസ്സിലാക്കിയെടുത്തു. പിന്നെയൊരുപാട് ആലോചിച്ച് അവസാനം പ്രിയയെ കാണാൻ തീരുമാനിച്ചു..പക്ഷേ ആരോട് പറയും, എങ്ങനെ പോകും..ഒന്നുമറിയില്ല..

ഒരു ദിവസം മുറിയിൽ നിന്നും ഇറങ്ങി വന്ന കണ്ണേട്ടന്റെ മുന്നിൽ ചെന്ന് ഇതെയാവശ്യം ഉന്നയിച്ചു . ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിന്നിട്ട് പിന്നെ പറഞ്ഞു..”പോകാം ,പോകണം,അമ്മുവിന് സമാധാനം കിട്ടുന്നതെല്ലാം ചെയ്യാം..റെഡി ആയി വാ , മാളുവിനെയും വിളിച്ചോ “എന്ന് മാത്രം പറഞ്ഞു കണ്ണേട്ടൻ വീണ്ടും അകത്തേക്ക് പോയി.. ഞങ്ങൾ വരുമ്പോൾ കണ്ടു..ഞങ്ങളെക്കാൾ മുൻപ് വണ്ടിയുടെ താക്കോലും പിടിച്ച് ഞങ്ങളെ കാത്തിരിക്കുന്ന കണ്ണേട്ടൻ..വണ്ടിയിൽ കയറി,ആരും പരസ്പരം ഒന്നും മിണ്ടിയില്ല..

കുറെ നേരത്തെ യാത്രകൾക്കൊടുവിൽ എപ്പഴോ വണ്ടി നിന്നു.. “ഇറങ്ങി വാ ഇതാണ് അവളുടെ വീട് എന്ന് പറഞ്ഞു കണ്ണേട്ടൻ എന്നെ കൈ പിടിച്ചിറക്കി..ബെൽ അടിച്ചു ഞങ്ങൾ കാത്തു നിന്നു..കുറെ കഴിഞ്ഞതും വാതിൽ തുറന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു..ഞങ്ങളെ നോക്കി .. എന്തെങ്കിലും ചോദിക്കും മുൻപേ കണ്ണേട്ടൻ മുന്നിലേക്ക് വന്നു .അതോടെ അവരൊന്നും മിണ്ടിയില്ല “വരൂ “എന്ന് മാത്രം പറഞ്ഞു..

അകത്തേക്ക് കയറി ഞങ്ങളോട് ഇരിക്കാൻ പറഞ്ഞിട്ട് അവര് മുകളിലേക്ക് പോയി. കുറെ കഴിഞ്ഞതും ഞാൻ കണ്ടു ..പടികൾ ഇറങ്ങി വരുന്ന പ്രിയയെ .. മുഖം ഒക്കെ കരിവാളിച്ചിരിക്കുന്നു,മുടി ഒക്കെ പാറി പറന്നു, ക്ഷീണിച്ചു,ഏതോ രൂപത്തിൽ..മുൻപ് ഞാൻ കണ്ട പ്രിയ അല്ല..ഒരുപാട് മാറിയിരിക്കുന്നു.. പക്ഷേ എന്റെ ഓർമകളിലേക്ക് എന്റെ കിച്ചുവേട്ടനും ,കുഞ്ഞും എത്തിയതോടെ ഞാൻ ശരിക്കും ഒരു ഭ്രാന്തിയായി തീർന്നു..

അടുത്തേക്ക് എത്തും മുൻപേ പ്രിയയുടെ അടുത്ത് ചെന്ന് ഞാൻ അലറി .. “ഇതിനാണോ ഇതിന് വേണ്ടിയായിരുന്നു അല്ലേ അന്ന് നീ ഞങ്ങളുടെ പിന്നാലെ വന്നത്..ഞങ്ങളെ കൊല്ലാൻ കൂട്ടുകാരനെ എൽപ്പിച്ചിട്ട് ആണ് നീ വന്നതല്ലേ?നിനക്ക് അറിയാമോ എന്റെ കുഞ്ഞ് ,എന്റെ ഭർത്താവ് ഇതെല്ലാം എന്റെ ജീവനായിരുന്നു..എന്തിന് ,ആർക്കു വേണ്ടിയാ നീ എന്നെ ബാക്കി വച്ചത്,കൊല്ലാൻ എന്നെ കൂടെ കൊല്ല്..ഇപ്പൊൾ ഞാൻ നിന്റെ മുമ്പിൽ നിൽക്കുന്നത് അതിനാ..അതിനാ ഞാൻ വന്നത് ..

കൊല്ലടി എന്നെയൊന്നു കൊന്നു തരാൻ” അതും പറഞ്ഞു ഞാൻ പ്രിയയുടെ കൈ എടുത്ത് എന്റെ കഴുത്തിൽ വച്ചു. “അമ്മു വാ ,അമ്മു വേണ്ടാ” എന്നും പറഞ്ഞു മാളു എന്നെ പിടിച്ചു മാറ്റാൻ നോക്കി..ഞാൻ പക്ഷേ ഒന്നും സമ്മതിച്ചില്ല.. കണ്ണേട്ടനെ പിടിച്ചു അവളുടെ മുൻപിലേക്ക് നിർത്തി വീണ്ടും അലറി..”നിനക്ക് വേണ്ടത് കണ്ണേട്ടനെ ആയിരുന്നില്ലേ? ഇന്നാ എടുത്തോ പാതി മരിച്ചൊരു കണ്ണൻ ഉണ്ട് കൊണ്ട് പോ,കൊണ്ട് പോയി ഇതിനേക്കൂടി കൊല്ല് നീ,,..നിനക്ക് അത്രയധികം ഇഷ്ടം ആയിരുന്നുവെങ്കിൽ ഒരു വാക്ക് എന്നോട് പറയാൻ വയ്യാരുന്നോ?

ഞാൻ പറഞ്ഞാൽ കേട്ടില്ലേൽ പോലും എന്റെ കിച്ചുവേട്ടനെ കൊണ്ട് ഞാൻ പറയിച്ചേനെ ..അതിനു പകരം എന്റെ ജീവിതം തകർത്തില്ലെ നീ..” “നിനക്ക് എത്ര പേരെ വേണമെങ്കിലും കൊല്ലാം..നിന്റെ പേര് പോലും വരാത്ത രീതിയിൽ എല്ലാം ഞാൻ തന്നെ ചെയ്തുന്ന് പറഞ്ഞു ഏറ്റെടുക്കാൻ ആളുണ്ടല്ലോ അല്ലേ.പക്ഷേ ഒരു പെണ്ണിൻറെ ,അതിലുപരി ഒരു കുഞ്ഞിനെ കാണാൻ പോലുമാകാതെ നഷ്ടമായ അമ്മയുടെ ശാപം ഇതൊന്നും നിന്നെ വിട്ടു പോകില്ല ഓർത്തോ. “എന്നും പറഞ്ഞു ഞാൻ തിരിച്ചു ഇറങ്ങി.

പെട്ടെന്ന് എന്തോ ഓർത്തത് പോലെ തിരിച്ചു ചെന്നു “കൈയിൽ ഉണ്ടായിരുന്ന താലിമാല അവളുടെ മുഖത്തേക്ക് എറിഞ്ഞു കൊടുത്തു..”ഇത് കൂടെ ഇനി നീ വച്ചോ എനിക്ക് വേണ്ട “എന്നും പറഞ്ഞു.. ഒന്നും മിണ്ടാതെ നിൽക്കുന്ന പ്രിയയുടെ മുഖത്തേക്ക് നോക്കി തേങ്ങി കരഞ്ഞു കൊണ്ട് ശരവേഗത്തിൽ വന്നു വണ്ടിയുടെ അകത്തേക്ക് വീണു ഞാൻ.. കുറെ കഴിഞ്ഞു മാളു വന്നു..എങ്ങനെയോ തിരിച്ചു വീട്ടിലെത്തി.. അന്ന് കണ്ണേട്ടൻ മുറിയിൽ കയറിയതാണ്. പിന്നീട് എപ്പോെങ്കിലും മാത്രം പുറത്തേക്ക് വന്നാലായി..

അങ്ങനെ അമ്മയ്ക്കും വയ്യ,കണ്ണേട്ടൻ ഇൗ അവസ്ഥയിൽ എല്ലാം കൊണ്ടും സങ്കടം മാത്രം നിറഞ്ഞ ഒരു കെട്ടിടം മാത്രമായി തീർന്നു ആ വീട്.. ഒരു ദിവസം മുറ്റത്ത് ഇരിക്കുന്ന എന്റെയടുത്ത് അച്ഛൻ വന്നിരുന്നു..”മോളെ അമ്മു അച്ഛൻ ഒരു കാര്യം പറഞാൽ അനുസരിക്കാൻ പറ്റുമോ?”ചോദ്യം കേട്ട് ഞാൻ അച്ഛനെ നോക്കി.. “എന്റെ മോള് കോട്ടയത്ത് പോകണം..ഇവിടെ ഇങ്ങനെ ഒരു അവസ്ഥയിൽ നിന്നാൽ എന്റെ കുഞ്ഞ് വീണ്ടും മനസ്സ് കൈ വിട്ട അവസ്ഥയിലായി തീരും..

കണ്ണൻ അങ്ങനെ,അമ്മയ്ക്ക് വയ്യ,അച്ഛന് മോളെ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല..ഇതെല്ലാം ശരിയായാൽ,അമ്മ നേരെയായാൽ അച്ഛൻ മോളെ തിരികെ കൊണ്ട് വരാം”.. അത് കേട്ടതും അച്ഛന്റെ നെഞ്ചിലേക്ക് വീണ് ഞാൻ കരഞ്ഞു..കുറെ നേരം കഴിഞ്ഞ് ഞാൻ പറഞ്ഞു “പോകാം അച്ഛാ,പക്ഷേ എന്റെ കിച്ചുവേട്ടനെ അച്ഛൻ നോക്കിക്കോളാം എന്ന് വാക്ക് തരണം.എന്നും പോയി സംസാരിക്കണം,ഞാൻ എവിടെയും പോയിട്ടില്ല ,തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുക്കണം..”ഞാൻ പറഞ്ഞതൊക്കെ നിറഞ്ഞ മിഴിയോടെ അച്ഛൻ സമ്മതിച്ചു..

അങ്ങനെ ഞങ്ങൾ രണ്ടാളും കൂടെ കിച്ചുവേട്ടന്റെ അടുത്ത് പോയി..”കിചുവേട്ട അച്ഛൻ പറഞ്ഞ പോലെ ഞാൻ ചെയ്യട്ടെ?കോട്ടയത്ത് പൊയ്ക്കോട്ടേ?പക്ഷേ അമ്മ നേരെയായാൽ ,കണ്ണേട്ടൻ മിണ്ടാൻ തുടങ്ങിയാൽ ഞാൻ തിരിച്ചു വരും..അത് വരെ അച്ഛൻ വരും എന്നും ഇവിടെ..പിന്നെ ഞാൻ തന്ന ചില വാക്കുകൾ ഇല്ലെ,അതൊക്കെ പാലിക്കണ്ടെ അമ്മുവിന്?അത് കൊണ്ട് പോയിട്ട് വരാം..പക്ഷേ അമ്മു എന്നും കിച്ചുവേട്ടന്റെ മാത്രം ആണ് കേട്ടോ..എവിടെയും പോകില്ല..തിരിച്ചു വരും..”

അത്രയും പറഞ്ഞിട്ട് കരഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്ക് ഓടി.മാളു വന്നു കുറെ നേരം അടുത്തിരുന്നു..അച്ഛൻ വന്നു അവളെ വിളിച്ചു കൊണ്ട് പോയി കാര്യങ്ങളൊക്കെ പറഞ്ഞു..അങ്ങനെ മാളുവിന്റെ അച്ഛൻ വന്നു ഞങ്ങളെ കൊണ്ട് പോകാം എന്ന് തീരുമാനമായി.. പോകും മുൻപ് കണ്ണേട്ടനെ കാണാനായി ആ റൂമിലേക്ക് ചെന്ന ഞാൻ ഞെട്ടിപ്പോയി..അവിടെ മുഴുവൻ കിച്ചുവേട്ടന്റെ ഫോട്ടോസ്,..എന്നെ കണ്ടതും കണ്ണേട്ടൻ കരഞ്ഞു കൊണ്ട് എന്റെ കാലിലേക്ക് വീണു..

“ഞാൻ അവളെ സ്നേഹിച്ചിരുന്നു എങ്കിൽ ഇതൊന്നും വരില്ലായിരുന്നു അല്ലേ?മാപ്പ് മോളെ”..എന്നും പറഞ്ഞു കൊണ്ട്. കുറെ നേരം പരസ്പരം സങ്കടം പറഞ്ഞു ഞങ്ങൾ കരഞ്ഞു,പിന്നെ ഞാൻ പോകുന്ന കാര്യം ഞാൻ പറഞ്ഞു .ഒരുപാട് സങ്കടത്തോടെ കണ്ണേട്ടൻ പറഞ്ഞു”പൊയ്ക്കോ ഇവിടെ നിന്നാൽ ചിലപ്പോൾ എനിക്കും പേടിയുണ്ട്..അത് വേണ്ട അമ്മു പൊയ്ക്കോ “എന്ന് പറഞ്ഞ് കണ്ണേട്ടൻ എന്നെ പുറത്താക്കി വാതിലടച്ചു . തനിച്ച് കരയാൻ വേണ്ടിയാണ് അതെന്ന് എനിക്ക് മനസ്സിലായിരുന്നു..

തുടരും…

കനൽ : ഭാഗം 20