Saturday, January 18, 2025
Novel

ജീവാംശമായ് : ഭാഗം 8

നോവൽ
എഴുത്തുകാരി: അഗ്നി


കതകിൽ മുട്ട് കേട്ടതും അവൾ ചാടി എഴുന്നേറ്റു….എഴുന്നേറ്റത്തിന്റെ ആഘാതത്തിൽ അവളുടെ കാലൊന്ന് ചെറുതായി മടങ്ങി….

അവൾ വേഗം തന്റെ കാലൊന്ന് കുടഞ്ഞു..തന്റെ ആലോചനകളിൽ നിന്ന് പുറത്ത് വന്നു…തന്റെ വയറും താങ്ങിപ്പിടിച്ചവൾ വാതിൽ തുറക്കാനായി എഴുന്നേറ്റതും വാതിൽ തുറന്ന് ഒരാൾ കടന്ന് വന്നതും ഒന്നിച്ചായിരുന്നു…

അയാളെ കണ്ടതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“സോനു….”….അവൾ ആ പേര് വിളിച്ചുകൊണ്ട് വാതിലിലേക്ക് നടന്നു…അപ്പോഴേക്കും സോനു അകത്തേക്ക് വന്ന് നീലുവിനെ കട്ടിലിലേക്ക് തന്നെ ഇരുത്തി….

“ഡി.. ഇങ്ങനെ ഓടല്ലേടി പെണ്ണേ… നീ തനിയെ അല്ല…നിന്റെ വയറ്റിൽ മൂന്ന് ജീവൻ കൂടെ ഉണ്ട്…അതോർമ്മ വേണം കേട്ടോ….”..
സോനു സ്നേഹത്തോടെ അവളെ ശാസിച്ചു…..

“ആയിക്കോട്ടെ….അല്ല ആൽവി ചേട്ടായി വന്നില്ലേ….”
നീലു ചോദിച്ചു…

“ആ വന്നെടി..ഇച്ഛായൻ രണ്ട് പിള്ളേരുമായി പുറത്തുണ്ട്….പാവം കുറച്ചു കഷ്ടപെടട്ടെ…..മൂത്തതിന് വയസ്സ് മൂന്ന്…ഇളയതിന് വയസ്സ് ഒന്നര….ഇനി ദേ അടുത്തതും….”
അവൾ ഒരൽപ്പം നാണത്തോടെ പറഞ്ഞു നിറുത്തി….

“ഏ.. എന്നതാടി…ചേട്ടായി പിന്നേം പണി പറ്റിച്ചോ അപ്പൊ….”

“ആടി…. എനിക്ക് മേലാ….കാര്യം ചെറുപ്പത്തിൽ വീമ്പ് പറയുന്നതുപോലെ ഞാൻ പറയുവാർന്നു എനിക്ക് നാല് പിള്ളേരെ വേണം എന്നൊക്കെ…പക്ഷെ പൊന്ന് മോളെ…ഈ പ്രസവ വേദനയില്ലേ…അത് ഒരു ഒന്നൊന്നര വേദനയാ….

എന്നാലും ആ വേദന സഹിച്ചു കഴിഞ്ഞ് കുഞ്ഞുവാവയുടെ ശബ്ദം കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ടാല്ലോം…

ഹൗ…അത് അനുഭവിച്ചറിയണം…..”
സോനു ആ ഒരു നിർവൃതിയിൽ കണ്ണുകളടച്ച് തന്റെ വയറിലേക്ക് കൈകളെ ചേർത്തു….

അവൾ സോനുവിന്റെ നെറുകയിൽ സ്നേഹത്തിൽ ചാലിച്ച ഒരു മുത്തം നൽകി…

“നീ എന്നാ എടുക്കുവാർന്നു ഇവിടെ…മുറിയൊക്കെ അടച്ചിട്ട്….”
സോനു ചോദിച്ചു..

“ഓ ഒന്നുമില്ല….ഞാൻ നമ്മുടെ പഴയ കാര്യങ്ങളൊക്കെ ഒന്നാലോചിക്കുകയായിരുന്നു….”…അവൾ അവളുടെ പഴയ ഓർമ്മകളിൽ പറഞ്ഞു നിറുത്തി….ആ ഓർമ്മകൾ കാരണമാകാം അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചിരുന്നു…

“മ്മ്…എനിക്ക് മനസ്സിലാകും നീ എന്നതാ ചിന്തിച്ചത് എന്ന്… എന്നതായാലും.വേണ്ടില്ല…പഴയതൊന്നും ആലോചിച്ചു നീ മനസ്സിനെ വിഷമിപ്പിക്കരുത്…

കർത്താവ് ദോഷങ്ങളാൽ ആരെയും പരീക്ഷിക്കുകേല എന്നല്യോ ബൈബിളിൽ പറഞ്ഞിരിക്കുന്നത്…..

അറിയാം നീ ഈ പ്രായത്തിൽ തന്നെ നിന്റെ മനസ്സിനെ മുറിപ്പെടുത്തുന്ന അനുഭവത്തെ അഭിമുഖീകരിച്ചു…എന്നാൽ…

വേണ്ടെടാ…അതൊന്നും നീ ഓർക്കാൻ ശ്രമിക്കേണ്ട….”

“സോനു….മതി…നിർത്ത്… നിർത്താൻ….
നീ അനുഭവിച്ചിട്ടുണ്ടോ എന്റെ അവസ്ഥ….അത് അനുഭവിക്കണം..എങ്കിലേ ആ വേദന നിനക്ക് മനസ്സിലാകുകയുള്ളൂ…..അല്ലാതെ പറയുവാൻ എളുപ്പമാണ്…

നീ ഒന്ന് ചിന്തിക്ക്…ആൽവിച്ചേട്ടായി ഇല്ലാത്ത ഒരു അവസ്ഥ…അപ്പോൾ നിനക്ക് മനസ്സിലാകും ഞാൻ കടന്ന് പോകുന്ന മാനസീക സംഘർഷങ്ങളെ….

ഞങ്ങൾ ഒന്നിച്ചു പങ്കുവെച്ച സ്വപ്നങ്ങൾ എല്ലാം ഒരു സിനിമയിലേത് എന്നപോലെ എന്റെ മനസ്സിലേക്ക് തെളിഞ്ഞുവരുമ്പോൾ ഞാൻ എങ്ങനെ ആ മനുഷ്യനെ ഓർക്കാതിരിക്കും….

ഒരിക്കലും കൈവിടില്ല എന്ന് പറഞ്ഞിട്ട്…നിനയ്ക്കാത്ത സമയത്ത് പോയില്ലേ…എന്നെ ഒറ്റയ്ക്കാക്കി….”

അവളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു….

സോനുവിന് ആകെ സങ്കടമായി…അവൾ ഇപ്പോൾ ഇത്രയും സങ്കടപ്പെടുവാൻ കാരണം താൻ ആണെന്ന് അവൾക്ക് തോന്നി…

അവൾ പതുക്കെ നീലുവിനെ മാറോടണച്ചു….എന്ത് വന്നാലും ഞാനുണ്ട് കൂടെ എന്നവൾ പറയാതെ പറഞ്ഞു….

തന്റെ കരച്ചിൽ ഒന്ന് അടങ്ങി എന്ന് തോന്നിയപ്പോൾ നീലു പതിയെ അവളുടെ നെഞ്ചിൽ നിന്നും തന്റെ തലയെ അടർത്തി മാറ്റി….സോനുവിന്റെ നെറുകയിൽ ഒന്ന് ചുംബിച്ചു….

ആ ചുംബനത്താൽ സോനുവിന്റെ ഉള്ളം ഒന്ന് കുളിർന്നു….അവൾ തിരികെ ഒരു ചുംബനം നീലുവിനും നൽകി..ശേഷം ഒന്ന് ഫ്രഷായി അവർ പുറത്തേയ്ക്ക് ചെന്നു…

അവിടെ പിള്ളേരുടെ കൂടെ ഇരിക്കുന്ന ആൽവിച്ചേട്ടായിയെയും സച്ചുവിനെയും അപ്പയെയും അമ്മയെയും അവൾ കണ്ടു…

സോനുവും കുടുംബവും കുറച്ചുനേരം കൂടെ അവിടെ ചിലവഴിച്ചതിന് ശേഷമാണ് തിരികെ പോയത്….

**************************************************************************************

പിറ്റേന്ന് രാവിലെ തന്നെ നീലുവും ആന്റണിയും തോമസും കൂടെ അവളുടെ ജോലി സ്ഥലത്തേക്ക് ചെന്നു…

ആ കമ്പനിയുടെ ഉടമസ്ഥൻ തോമസിന്റെ കൂട്ടുകാരന്റെ മകൻ ആയതിനാൽ നീലുവിന്റെ അവസ്ഥകളെല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു…

അതിനാൽ തന്നെ യാതൊരു തടസ്സമോ താമസമോ കൂടാതെ നീലുവിന് അവളുടെ രാജി സമർപ്പിക്കുവാൻ കഴിഞ്ഞു…കൂടാതെ ഇനി ഒരു ജോലി ആവശ്യമാണെന്ന് തോന്നിയാൽ ധൈര്യമായി അവരെ സമീപിക്കുവാനുള്ള അനുവാദവും നൽകി….

പിറ്റേന്ന് രാവിലെ തന്നെ തോമസ് കടന്നുപോയി….അദ്ദേഹം ഒരു സഞ്ചാരപ്രിയനായിരുന്നു…

തന്റെ രാജകീയ വാഹനമായ റോയൽ എൻഫീൽഡിന്റെ ഹിമാലയൻ പടക്കുതിരയിൽ ഭാരതത്തിലെ മിക്ക സ്ഥലങ്ങളും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്…

രണ്ടു ദിവസത്തിനുള്ളിൽ അദ്ദേഹം തന്റെ അടുത്ത യാത്രയായ കാശി- രാമേശ്വരം യാത്ര….ഗംഗാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന കാശിനാഥന്റെ മണ്ണിലേക്ക് രാമേശ്വരം വഴി ഒരു യാത്ര…

**************************************************************************************

ദിവസങ്ങൾ കടന്നുപോയി……..

അങ്ങനെ നീലു ഇപ്പോൾ ജോലിയ്ക്കൊന്നും പോകാത്തതിനാൽ തന്നെ മനസ്സ് കൈവിടുവാനുള്ള സാധ്യതകൾ ഏറെയായിരുന്നു…..

അതിനാൽ തന്നെ അവളെ പരമാവധി സന്തോഷവതി ആകുവാനും പഴയ ഓർമ്മകൾ അവളെ വലിഞ്ഞു മുറുക്കുവാതിരിക്കുവാനും വീട്ടുകാരെല്ലാം സദാസമയവും അവളുടെ കൂടെത്തന്നെ ആയിരുന്നു…

അവളെ പഴയതു പോലെ ഉത്സാഹവതിയാക്കുവാനും വെറുതെ ഇരിക്കുമ്പോഴുള്ള വിരസത മാറ്റുവാനായി ആന്റണിയും സച്ചുവും ചേർന്ന് വീടിന് ഇടതുഭാഗത്തായി വെറുതെ പുല്ല് കിളിർത്ത് കിടന്ന സ്ഥലം ഒന്ന് വൃത്തിയാക്കി അവിടെ ഒരു ചെറിയ പൂന്തോട്ടം ഉണ്ടാക്കി….

ആ പൂന്തോട്ടം പരിപാലിക്കേണ്ട ചുമതല നീലുവിനെ ഏൽപ്പിച്ചു…..പണ്ടുമുതലേ പൂക്കളെ ഇഷ്ടമുള്ള നീലുവിന് ആ ഒരു കാര്യം സന്തോഷം നൽകി…അവൾക്ക് ഇഷ്ടമുള്ള മുല്ല ചെടിയായിരുന്നു കൂടുതലും…

അത് കൂടാതെ റോസ് ,തെച്ചി,ജമന്തി അങ്ങനെ പല തരം പൂവുകളും കുറച്ച് ഓർക്കിഡ് പുഷ്പങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു….

ഈ തോട്ടം പരിപാലിക്കൽ ഒരു പരിധി വരെ അവളുടെ മനസ്സിനെ പഴയ ഓർമ്മകളിലേക്ക് പോകാതെ പിടിച്ചു നിറുത്തിയിരുന്നു…

ഇതിനിടയിൽ തന്നെ നീലുവിന്റെ പിറന്നാൾ വന്നുപോയി…അന്നവൾക്ക് ആറാം മാസമായിരുന്നു..അന്ന് തന്നെയാണവൾ തന്റെ കുഞ്ഞുങ്ങളുടെ അനക്കം പുറത്തേക്ക്, ….തന്റെ വയറിൽ തെളിയുന്ന അവരുടെ ചുരുട്ടിയ കയ്യും കാലും തലയുമെല്ലാം ആദ്യമായി കണ്ടത്…..

ആ ഒരു അനുഭൂതിയിൽ അവൾ ഒന്ന് മനസ്സ് നിറഞ്ഞ് സന്തോഷിച്ചു…സങ്കടം കൊണ്ടല്ലാതെ സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….

ആ സന്തോഷത്തിൽ പോലും അവളുടെ മനു അച്ചാച്ചന്റെ അഭാവം അവളുടെ ഉള്ളിൽ ഒരു നോവായി അനുഭവപ്പെട്ടെങ്കിലും അത് അധികരിക്കുന്നതിന് മുന്നമേ സച്ചു അവളുടെ അടുക്കലേക്ക് എത്തിച്ചേർന്നിരുന്നു……

അവന്റെ കയ്യിൽ അവർക്കുള്ള പിറന്നാൾ സമ്മാനവും ഉണ്ടായിരുന്നു….ഒരു വലിയ പളുങ്കുപാത്രം….അതിലുള്ള വെള്ളത്തിൽ തത്തിക്കളിക്കുന്ന മൂന്ന് സ്വർണ്ണ മത്സ്യക്കുഞ്ഞുങ്ങൾ…

അത് കണ്ടപ്പോൾ നീലുവിന്റെ കണ്ണുകൾ നിറഞ്ഞെങ്കിലും അവളുടെ കലങ്ങിയ കണ്ണുകൾ കാണ്കെ സച്ചുവിന്റെ മനസ്സ് നൊന്തു…

എന്നാൽ ആ കണ്ണുകൾ കലങ്ങിയത് ഒരിക്കലും സങ്കടം കൊണ്ടല്ല മറിച്ച് സന്തോഷം കൊണ്ടാണെന്ന് അറിഞ്ഞപ്പോൾ അവന്റെ ചൊടികളിൽ ഒരു നിറ പുഞ്ചിരി വിടർന്നു….

അവൻ പതിയെ കുനിഞ്ഞിരുന്ന് കുഞ്ഞുങ്ങളോട് വർത്തമാനം പറഞ്ഞു…തങ്ങളുടെ മാമന്റെ ശബ്ദം കേൾക്കെ അവർ അമ്മയുടെ വയറ്റിൽ ഇടിച്ചും തൊഴിച്ചുമെല്ലാം പ്രതികരിക്കാൻ തുടങ്ങി…

**************************************************************************************

ഏഴാം മാസമായപ്പോൾ അവളെ കാണുവാൻ അവളുടെ ഇച്ചേച്ചിയും കുടുംബവും വന്നു……അവൾ സന്തോഷവതിയാണെന്നുള്ളത് അവരുടെ ഉള്ളത്തെ തണുപ്പിച്ചു……

സ്നേഹമോളും സാന്ദ്രമോളും അവരുടെ അമ്മായിയുടെ വയറിൽ ചവിട്ടുന്ന തന്റെ സഹോദരങ്ങളെ കൗതുകത്തോടെയും അത്ഭുതത്തോടെയും വീക്ഷിച്ചുകൊണ്ടിരുന്നു….ആ ദിവസം അവിടെ തങ്ങിയിട്ടാണ് അവർ ചെന്നൈയിലേക്ക് തിരികെ മടങ്ങിപ്പോയത്…..

**************************************************************************************

ദിവസങ്ങൾ കടന്നുപോയി…അവൾ കുഞ്ഞുങ്ങൾക്ക് വേണ്ടി പരമാവധി സന്തോഷവതിയാകുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു….കൂടുതൽ സമയം ത്രേസ്യായുടെ കൂടെയും പൂന്തോട്ടത്തിലും അവൾ സമയം ചിലവഴിച്ചു…

എന്ത് ചെയ്താലും ഉടൻ തന്നെ അവൾ കുഞ്ഞുങ്ങളോട് പറയും…അവർ മറുപടിയായി അവളുടെ വയറ്റിൽ കിടന്ന് ഒന്നനങ്ങും..അപ്പോൾ അവളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണുവാൻ തന്നെ നല്ല ഭംഗിയായിരുന്നു…

വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് സച്ചു വന്നാൽപിന്നെ അവിടെ ഒരു മേളമാണ്…അവൻ കഴിവതും നീലുവിന്റെ കൂടെ തന്നെ ഇരിക്കും…കുഞ്ഞുങ്ങളോട് കിന്നാരം പറഞ്ഞും അവൾ കഴിക്കുന്ന ഭക്ഷണത്തിൽ കയ്യിട്ടുവാരിയും എല്ലാം അവൻ അവളെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു…

ദിവസങ്ങൾ വീണ്ടും കടന്നുപോയ്ക്കൊണ്ടിരുന്നു….

അങ്ങനെയിരിക്കെ ഒരു ദിവസം അവൾ അടുക്കിപെറുക്കി വയ്ക്കുന്നതിനിടയിലാണ് ആ സാധനം അവൾ കണ്ടത്…അവൾ അതിനെ കൈ നീട്ടി എടുത്തു…വിരലുകളാൽ അതിനെ തഴുകി…

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7