Wednesday, December 18, 2024
Novel

ഇരട്ടച്ചങ്കൻ : ഭാഗം 1

എഴുത്തുകാരി: വാസുകി വസു


“എവിടേക്കാടീ രാവിലെ എഴുന്നുളളത്ത്…”

പിന്നിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…

“അമ്മയോട് ഞാൻ ഇന്നലയേ പറഞ്ഞിരുന്നില്ലേ ..പിന്നെന്തിനാ ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കേ”

എനിക്ക് നന്നേ ദേഷ്യം വന്നു തുടങ്ങി…

അമ്മയോട് ഞാനിന്നലേ നൂറുവട്ടം പറഞ്ഞതാണ് ഏട്ടനെ കാണാൻ പോവുകയാണെന്ന്,എന്നിട്ട് പിന്നെയും ഓരോന്നും കൊത്തിപ്പെറുക്കി വരുവാണ്…

“ഡീ നിഷേധി ഞാൻ നിന്നോടല്ലേ ചോദിച്ചത്”

വീടിനു വെളിയിൽ അച്ഛന്റെ ചുമകേട്ടു തുടങ്ങി….

ഇനിയിപ്പോൾ അമ്മയുടെ ശബ്ദം വീണ്ടും കൂടും‌…പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു…

അച്ഛൻ അകത്തേക്ക് കയറി വന്നതും അമ്മ വീണ്ടും ചോദ്യം ആവർത്തിച്ചു തുടങ്ങി…

“എന്തുവാടീ തുളസി നിനക്കൊന്ന് പതിയെ പറഞ്ഞു കൂടെ അയലത്തൊക്കെ ആൾ താമസമുളളതാണ്”

അച്ഛനെ അമ്മ രൂക്ഷമായിട്ടൊന്നു നോക്കി…

“ദേ മനുഷ്യാ നിങ്ങളൊരുത്തനാ ഇവളെ വഷളാക്കുന്നത്..വിവാഹപ്രായമെത്തിയ പെണ്ണാണ്. അതെപ്പോഴും ഓർമ്മ വേണം”

“മീനുക്കുട്ടി എന്റെ മകളാടീ അവൾ വഴി തെറ്റില്ല.എനിക്ക് ഉറപ്പാണ്”

അച്ഛന്റെ വാക്കുകളിൽ എന്നെക്കുറിച്ച് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു…

“അച്ഛൻ പറഞ്ഞത് ശരിയല്ലേ മീനൂസേ”

അച്ഛനു സ്നേഹം കൂടുമ്പോഴൊക്കെ എന്നെ മീനൂസ് എന്നാണ് വിളിക്കാറുളളത്…അമ്മക്കാണെങ്കിൽ അത് കേൾക്കുമ്പോൾ വല്ലാത്തൊരു കലിപ്പ് മോഡാണ്…

“അതേ അച്ഛാ..ഞാനെന്റെ അച്ഛന്റെ മീനൂസല്ലേ”

ഞങ്ങളുടെ സം സാരം അമ്മക്കത്ര രസിച്ചില്ല…

“ദേ മനുഷ്യാ എന്റെ നാക്ക് ചൊറിഞ്ഞു വരുന്നുണ്ട്.. ഇവളെവിടേക്കാണ് പോകുന്നതെന്ന് നിങ്ങൾക്ക് ചോദിച്ചു കൂടെ”

അമ്മ അച്ഛനെ പതിയെ ചൂടാക്കാൻ ശ്രമിച്ചു.. അതോടെ അച്ഛന്റെ ഭാവവും മാറി…

“എവിടേക്കാ മീനു നീ പോകണത്”
.അച്ഛന്റെ സ്വരത്തിൽ ഗൗരവം കലർന്നു….

“ജയിലിലേക്ക്,ഏട്ടനെ കാണാൻ”

“ങേ… അമ്മ ശക്തമായി ഞെട്ടുന്നത് ഞാൻ കണ്ടു.അച്ഛനു യാതൊരു വ്യത്യാസവുമില്ല…

” സമ്മതിക്കില്ല ഞാൻ.. ആ കുരുത്തം കെട്ടവനെ കാണാൻ ”

“എന്റെ ഏട്ടൻ കർണ്ണനെ കാണാൻ എനിക്ക് ആരുടെയും ഒൗദാര്യം ആവശ്യമില്ല.. മനസ്സിലായല്ലോ”

അമ്മയുടെ നേരെ വിരലുകൾ ചൂണ്ടി എന്റെ നിലപാടുകൾ ഞാൻ കടുപ്പിച്ചു..അച്ഛന്റെ ചുണ്ടിൽ ചെറിയൊരു മന്ദഹാസമുണ്ട്….

മലയോര ഗ്രാമമായ സീതവനത്തിലെ പത്മനാഭൻ നായരുടെയും ഭാര്യ തുളസീ പത്മനാഭവന്റെയും മകളാണ് ഞാൻ. പേര് സീത..വീട്ടിലും നാട്ടിലും എല്ലാവരും വിളിക്കുന്നത് മീനുവെന്നാണ്…

അച്ഛനു ഞാൻ മീനൂസ്..അമ്മക്ക് മീനു അല്ലെ വായിൽ വരുന്നത്….

എനിക്ക് ആകെയുള്ളൊരു സഹോദരനാണ് കർണ്ണൻ.മുഴുവനുമല്ല പാതി.അർദ്ധസഹോദരൻ….

അച്ഛൻ ആദ്യമൊന്ന് വിവാഹം കഴിച്ചിരുന്നു. വകയിലെയാണ് ഏട്ടൻ..ഏട്ടന്റെ ചെറുപ്പത്തിലേ അമ്മ മരിച്ചു പോയി.ആങ്ങനെ ഏട്ടനെ നോക്കാനും കൂടിയാണ് അച്ഛൻ എന്റെ അമ്മയെ വിവാഹം കഴിച്ചത്….

അങ്ങനെ രണ്ടാമത്തെ വകയിലെ ഞാൻ പിറന്നു…ഈ സീതപ്പെണ്ണ്…

ഏട്ടനെ നോക്കാനാണു അമ്മയെ അച്ഛൻ വിവാഹം കഴിച്ചതെങ്കിലും അമ്മക്ക് ഏട്ടനെയത്ര ഇഷ്ടമല്ല.ചെറുപ്പം മുതലേ അമ്മ ഏട്ടനെ എന്നിൽ നിന്നകറ്റിയാണ് വളർത്തിയത്….

അച്ഛൻ പലപ്പോഴും നിസ്സഹായനാകണത് ഞാൻ കാണേണ്ടി വന്നിട്ടുണ്ട് അമ്മക്ക് മുമ്പിൽ..അച്ഛൻ പലപ്പോഴും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്…

“രണ്ടാമതൊരു കല്യാണം കഴിക്കേണ്ടിയിരുന്നില്ല..മനസമാധാനമെങ്കിലും ലഭിക്കുമെന്ന്”

അമ്മയുടെ നാക്കിനു മുമ്പിൽ അച്ഛൻ പലപ്പോഴും അടിപതറുമ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്.അദ്ദേഹം പറയുന്നത് എത്ര ശരിയാണെന്ന്…

അച്ഛൻ എന്തെങ്കിലും പറഞ്ഞാൽ അമ്മ ചാടിക്കടിക്കും.അതോടെ അദ്ദേഹം സ്വയം പിന്മാറും.അതൊരിക്കലും അമ്മയെ ഭയന്നായിരുന്നില്ല…

നാട്ടിൽ അത്യാവശ്യം എല്ലാവർക്കും അച്ഛനെ നല്ല മതിപ്പാണ്.ആവശ്യമില്ലാതെ വഴക്കുണ്ടാക്കി വില കളയരുതെന്ന് അച്ഛൻ ഓർക്കും.അത് അമ്മക്ക് നല്ല വളമായി തുടങ്ങി…

ഞാനും ഏട്ടനും തമ്മിൽ മുടിഞ്ഞ സ്നേഹമാണ്.അമ്മ ഞങ്ങളെ തമ്മിൽ അകറ്റാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ കൂടുതൽ ഒട്ടിയട്ടെയുളളൂ….

അച്ഛൻ കൊണ്ടുവരുന്നതൊക്കെ അമ്മ ഏട്ടനു കൊടുക്കാതിരിക്കുമ്പോൾ കട്ടെടുത്ത് ഞാനെന്റെ ഏട്ടനു കൊടുക്കും..അപ്പോൾ കർണ്ണേട്ടൻ പറയും…

“എന്തിനാ മീനുക്കുട്ടി നീ അമ്മയുടെ തല്ല് വെറുതെ വാങ്ങിക്കൂട്ടുന്നെന്ന്”

“എന്റെ ഏട്ടനുവേണ്ടിയല്ലേ സാരമില്ലന്നേ..മീനുക്കുട്ടിക്കിതൊക്കെ ശീലമായി കഴിഞ്ഞു”..

വർഷങ്ങൾ കഴിയുന്തോറും ഞാനും ഏട്ടനും തമ്മിൽ സ്നേഹം കൂടിയട്ടെയുളളൂ.അമ്മ പിരിക്കാൻ ശ്രമിച്ചെങ്കിലും തോറ്റ് പിന്മാറി…

” പ്രസവിച്ച എന്നോടല്ല അവൾക്ക് സ്നേഹം.. ആർക്കും വേണ്ടാത്ത അവനോടാണ്”

അച്ഛനും അമ്മയെ ഭയന്നാണു ഏട്ടനോട് മിണ്ടുന്നത് തന്നെ….

ഏട്ടനും ഞാനും വളർന്നു യവ്വനത്തിലെത്തി..ഏട്ടൻ പ്ലസ്ടൂവോടെ പഠനം നിർത്തി…ഞാൻ പിന്നെയും പഠിച്ചു….

ഏട്ടൻ കരിങ്കൽ ക്വാറിയിൽ പണിക്കു പോയിത്തുടങ്ങി.കിട്ടുന്ന പണം മുഴുവനും ഒരുരൂപ പോലും ചിലവാക്കാതെ അച്ഛനെ ഏൽപ്പിക്കും.അമ്മ സമർത്ഥമായി ആ പണം മുഴുവനും അച്ഛന്റെ കയ്യിൽ നിന്നും അടിച്ചു മാറ്റും….

“ഏട്ടനെ ഇഷ്ടവുമല്ല..ഏട്ടന്റെ പണവും വേണം താനും”

ഒരിക്കൽ അമ്മയെ ഞാൻ ചോദ്യം ചെയ്തു…

“എന്റെ ഏട്ടനെ ഇഷ്ടമല്ലെങ്കിൽ അമ്മ പിന്നെന്തിനാ ഏട്ടൻ കഷ്ടപ്പെടുന്ന പണം എടുക്കുന്നത്”

അന്നെനിക്ക് അമ്മയുടെ കയ്യിൽ നിന്ന് പൊതിരെ സമ്മാനം കിട്ടി…

“അമ്മയോട് അങ്ങനെയൊന്നും കയർത്തു സംസാരിക്കരുത് മീനുക്കുട്ടി”

ഏട്ടന്റെ വർത്തമാനം കേട്ടെനിക്ക് കരച്ചിൽ വന്നു ‌..

“ഏട്ടാ എന്റെ ഏട്ടനിത്ര പാവമാകല്ലേ”

“ഏട്ടനു ചിരിയായിരുന്നു മറുപടി….

ഞാനൊരിക്കൽ കോളേജിൽ പോയിരുന്ന ദിവസമാണ് ഏട്ടനെ പോലീസ് പിടികൂടിയെന്ന് അറിഞ്ഞത്.ഏട്ടൻ ഒരാളെ കൊന്നൂന്ന്….

എനിക്കൊരിക്കലും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത എന്റെ ഏട്ടനു ആരെയും കൊല്ലാൻ കഴിയില്ല…

പക്ഷേ തെളിവുകൾ മുഴുവനും ഏട്ടനു എതിരായിരുന്നു.. കോടതിയിൽ ഹാജരാക്കി ഏട്ടനെ റിമാന്റ് ചെയ്തു.. പലപ്പോഴും ഏട്ടനെ കാണാൻ ഞാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല…..

വക്കീലിനെവെച്ചു കേസ് വാദിക്കാൻ അച്ഛൻ പൈസ ഒപ്പിച്ചപ്പോഴും അമ്മ തടഞ്ഞു….

” ആ കൊലപാതകിയെ രക്ഷിക്കാനാണെങ്കിൽ അത് വേണ്ട..അവനുമായിട്ടിനി യാതൊരു ബന്ധവും വേണ്ട.സീതക്ക് നല്ലൊരു ആലോചന പോലും വരില്ല…

അമ്മ അച്ഛനെ നിരുൽസാഹപ്പെടുത്തി…

അച്ഛനെ മനസ്സ് നീറുന്നത് എനിക്ക് കാണാമായിരുന്നു. ഏട്ടനായിട്ട് ഞാനും ഒരുപാട് ഫൈറ്റ് ചെയ്തെങ്കിലും തോൽക്കാനായിരുന്നു എന്റെ വിധി…

ഏട്ടൻ ജയിലിലായിട്ട് ഇപ്പോൾ വർഷം മൂന്നു കഴിഞ്ഞു.. ഒരിക്കലേ എനിക്ക് ജയിലിൽ ചെന്ന് ഏട്ടനെ കാണാൻ കഴിഞ്ഞുളളൂ.അതും ഞാനും അച്ഛനും കൂടി അമ്മ അറിയാതെ പോയി കണ്ടതാണ്…..

മൂന്നുവർഷങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ ഏട്ടനെ കാണാൻ പോകുന്നത്.. അതും അർജന്റാണെന്ന് ഏട്ടൻ മറ്റൊരാൾ വഴി എന്നെ അറിയിച്ചിരുന്നു…

അതുകൊണ്ട് എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്തു ഞാൻ പോകാൻ ഒരുങ്ങുന്നതും….

അമ്മയോട് ഇന്നലെ കളളമാണു പറഞ്ഞത്.വെറുതെ ഇടയിൽ കയറി മുടക്കാതിരിക്കാൻ .പക്ഷേ അമ്മ വിവരം മണത്തറിഞ്ഞിരിക്കുന്നു…

ഒരുക്കം പൂർത്തിയായതോടെ ഞാൻ പോകാനിറങ്ങിയതും അമ്മ ഭദ്രകാളിയെപ്പോലെ കലിച്ച് എനിക്ക് മുമ്പിൽ തടസ്സമായി നിന്നു…

“നിന്നോടല്ലേടീ ഞാൻ പോകരുതെന്ന് പറഞ്ഞത്”

എന്റെ സകല നിയന്ത്രണവും വിട്ടുപോയി…

“മിണ്ടിപ്പോകരുത് നിങ്ങൾ… ഇത്രയും നാൾ ഞാനൊന്നും വിളിച്ചു പറയാതിരുന്നത് നിങ്ങളെ ഭയന്നല്ല എന്റെ ഏട്ടനു വാക്കു കൊടുത്തു പോയതിനാലാണു”

അമ്മക്ക് നേരെ വിരൽ ചൂണ്ടി ഞാൻ ആക്രോശിച്ചു….

“നിങ്ങൾ നിങ്ങളൊരാൾ കാരണമല്ലേ എന്റെ ഏട്ടൻ ജയിലിൽ ആയത്..നിങ്ങളുടെ ഒറ്റയൊരാളുടെ മൊഴിയല്ലേ എന്റെ ഏട്ടൻ കൊലപാതകിയെന്ന് മുദ്ര ചാർത്തപ്പെട്ടത്”

ദേഷ്യവും സങ്കടവും സഹിക്കാതെ ഞാൻ അലറിപ്പോയി..ഇന്നുവരെ അച്ഛൻ അറിയാത്ത സത്യം.. അദ്ദേഹം ഞെട്ടിപ്പോയി.. അമ്മയാണെങ്കിൽ വിളറിപ്പോയി ‌..

“എന്താ മീനു നീ പറഞ്ഞത്..പറയ് അച്ഛനോട്..സത്യങ്ങളെല്ലാം എനിക്ക് അറിയണം”

അന്നുവരെ ഞാൻ കണ്ടട്ടില്ലാത്ത അച്ഛന്റെ ഭാവമാറ്റം കണ്ടു ഞാൻ അമ്പരന്നു പോയി….

അറിയാതെ പറഞ്ഞു പോയതാണ് ഞാൻ… അച്ചന്റെ അടുത്ത് ഞാനിനി എങ്ങനെ ഒളിപ്പിക്കുമെല്ലാം…

അതിലുപരി എന്റെ ഏട്ടനു നൽകിയ വാക്ക് പാലിക്കാൻ കഴിയാതെ ഞാൻ നിശബ്ദമായി തേങ്ങിപ്പോയി”

(“തുടരും)

NB:- ഇരട്ടച്ചങ്കൻ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്കായിട്ടൊരു വാക്ക് കുറിക്കണേ….ഇരട്ടച്ചങ്കൻ Daily update ആണ് ട്ടാ😍