ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറിന് 78 രൂപ 86 പൈസ
ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ രൂപയുടെ മൂല്യം ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ കറൻസി എക്കാലത്തെയും താഴ്ന്ന നിലയിലാണ്. രൂപയുടെ മൂല്യം ഡോളറിന് 78 രൂപ 86 പൈസ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, യു.എ.ഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. രാവിലെ ഒരു ദിർഹത്തിന് 21 രൂപ 50 പൈസയാണ് വിനിമയ നിരക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്ന പ്രവണതയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. രൂപയുടെ മൂല്യം വരും ആഴ്ചയിലും അസ്ഥിരമായി തുടരും. അതേസമയം, ഒരു ഡോളറിന് ശരാശരി 78 രൂപയും 55 പൈസ നിരക്കിൽ വരും ദിവസങ്ങളിൽ വ്യാപാരം നടക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
ആഗോള വിപണിയിലെ ഉയർന്ന എണ്ണ വിലയും പണപ്പെരുപ്പവും ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടിയായി. ഇതേ രീതിയിൽ മുന്നോട്ട് പോയാൽ സമീപഭാവിയിൽ രൂപയുടെ മൂല്യം ഡോളറിന് 81 ൽ എത്തുമെന്ന് ബാങ്ക് ഓഫ് അമേരിക്ക പറയുന്നു. മൂല്യം വീണ്ടെടുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയേണ്ടതും പ്രധാനമാണ്.
റിസർവ് ബാങ്കിന്റെ കരുതൽ ധനനയവും പണനയവുമാണ് രൂപയുടെ മൂല്യം ഇത്രയെങ്കിലും നിലനിർത്തുന്നത്. എണ്ണവിലയിലെ വർദ്ധനവും ഇറക്കുമതിയിലെ വർദ്ധനവും ഇന്ത്യൻ രൂപയെ കൂടുതൽ ദുർബലപ്പെടുത്തും. അതേസമയം, ഇറാനെതിരായ ഉപരോധം പിൻവലിക്കുകയും എണ്ണ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്താൽ സ്വാഭാവികമായും എണ്ണ വില കുറയും. ഇതോടെ രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനും കഴിയും. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കിയാൽ രൂപയുടെ മൂല്യവും ഉയരും.