Sunday, December 22, 2024
LATEST NEWS

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 392 കോടിയുടെ ലാഭം

കൊച്ചി: ഇന്ത്യൻ ഓവർസീസ് ബാങ്ക് 2022-23 ജൂൺ 30ന് അവസാനിച്ച ആദ്യ പാദത്തിൽ 392 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 327 കോടി രൂപയായിരുന്നു. ഈ പാദത്തിൽ മൊത്തം നിഷ്ക്രിയ ആസ്തി 1,006 കോടി രൂപ വെട്ടിക്കുറച്ചതിലൂടെ സ്ഥിതി മെച്ചപ്പെട്ടു. അറ്റ നിഷ്ക്രിയ ആസ്തി 2.41 ശതമാനമാണ്. മൊത്തം ബിസിനസ് കഴിഞ്ഞ വർഷത്തെ 3,81,885 കോടി രൂപയിൽ നിന്ന് ഈ പാദത്തിൽ 4,23,589 കോടി രൂപയായി ഉയർന്നു.

മൊത്തം നിക്ഷേപവും വർധിച്ചു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 2,42,941 കോടി രൂപയായിരുന്നത് ഈ വർഷം 2,60,045 കോടി രൂപയാണ്. വിതരണം ചെയ്ത മൊത്തം വായ്പകളിലും വർദ്ധനവുണ്ടായി. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ 1,63,544 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. പലിശ വരുമാനം 4,435 കോടി രൂപയും നികുതിയേതര വരുമാനം 593 കോടി രൂപയുമാണ്.