Saturday, September 14, 2024
LATEST NEWSSPORTS

മോട്ടോ ജിപി റേസിന് ആദ്യമായി ആതിഥേയത്വം വഹിക്കാൻ ഇന്ത്യ

നോയിഡ: ഇന്ത്യ ആദ്യമായി മോട്ടോ ജിപി റേസിന് ആതിഥേയത്വം വഹിക്കുന്നു. അടുത്ത വർഷം ഗ്രേറ്റർ നോയിഡയിലെ ബുദ്ധ സർക്യൂട്ടിൽ മത്സരം നടന്നേക്കും. ഗ്രാന്‍ഡ്പ്രീ ഓഫ് ഭാരത് എന്നാകും റേസിന്‍റെ പേര്. സംഘാടകരുമായി 7 വർഷത്തെ കരാറിൽ ഒപ്പുവെച്ചു. അടുത്തവർഷം നടത്താനുള്ള സാഹചര്യമില്ലെങ്കിൽ 2024 ലായിരിക്കും റേസ് തുടങ്ങുക. ഔദ്യോഗിക തിയതി പുറത്ത് വിട്ടിട്ടില്ല.

ഫോർമുല വൺ ഇന്ത്യൻ ഗ്രാൻഡ് പ്രീയുടെ ഭാഗമായി 2011 മുതൽ 2013 വരെ മൂന്ന് സീസണിൽ കാർ റേസുകൾ ബുദ്ധ സർക്യൂട്ടിൽ നടന്നിരുന്നു. മോട്ടോ ജിപി മത്സരം ടൂറിസത്തിനും വ്യവസായത്തിനും ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ. ബൈക്ക് റേസിംഗിലെ ഏറ്റവും വലിയ ചാമ്പ്യൻഷിപ്പായാണ് മോട്ടോ ജിപി അറിയപ്പെടുന്നത്. ഗ്രേറ്റർ നോയിഡയിലെ ബുദ്ധ സർക്യൂട്ടിലെ 5.125 കിലോമീറ്റർ ട്രാക്കിലാണ് മത്സരം നടക്കുക. 

മോട്ടോ ജിപി ടൂർണമെന്‍റിനൊപ്പം മോട്ടോ ഇ ചാമ്പ്യൻഷിപ്പും ഇന്ത്യയിൽ നടക്കും. ഇതോടെ ഇലക്ട്രോണിക് മോട്ടോർ സൈക്കിൾ റേസിംഗ് ഇവന്‍റിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമായി ഇന്ത്യ മാറും. മോട്ടോ ജിപി ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.