Tuesday, April 23, 2024
HEALTHLATEST NEWS

മങ്കിപോക്സ്; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രത ശക്തമാക്കി

Spread the love

കൊച്ചി: യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാർക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രതാ ശക്തമാക്കി. കഴിഞ്ഞ ദിവസം യുകെയിൽ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ തൃശൂർ ജില്ലയിൽ നിന്നുള്ള നാലംഗ കുടുംബത്തിലെ ഒരാൾക്കും സൗദി അറേബ്യയിൽ നിന്നെത്തിയ കുന്നംകുളം സ്വദേശിയായ ഒരു കുടുംബത്തിലെ മൂന്ന് പേർക്കും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു.

Thank you for reading this post, don't forget to subscribe!

യുകെയിൽ നിന്ന് മടങ്ങിയെത്തിയ കുടുംബത്തിലെ നാലുപേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ക്വാറന്‍റൈനിലാക്കിയെങ്കിലും വൈറോളജി ഫലം വന്നപ്പോൾ ചിക്കൻപോക്സ് ആണെന്ന് തെളിഞ്ഞു. കുന്നംകുളം സ്വദേശികളായ മൂന്നുപേർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നെഞ്ചുരോഗ വിഭാഗത്തിലാണ്. ഇവരുടെ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് മങ്കിപോക്സ് വൈറസ് ബാധിതരെ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ആവശ്യമായ പരിശോധനാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിൽ നിന്ന് മങ്കിപോക്സ് ലക്ഷണങ്ങളോടെ എത്തുന്നവരെ വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയിലൂടെ കണ്ടെത്തി ഐസൊലേഷൻ മുറിയിലേക്ക് മാറ്റും. തുടർന്ന് ആരോഗ്യവകുപ്പിന്‍റെ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക് മാറ്റും. വിദേശത്ത് നിന്ന് എത്തുന്ന എല്ലാ യാത്രക്കാരെയും പനി പരിശോധനയ്ക്ക് വിധേയമാക്കും. സംശയമുള്ളവരോട് വിവരങ്ങൾ ചോദിക്കും. ജില്ലാ ആരോഗ്യവകുപ്പ് യോഗം ചേർന്ന് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തു. അഡീഷണൽ ഡി.എം.ഒ ഡോ.എസ്.ശ്രീദേവി, ഡോ.വിനോദ് പൗലോസ്, ഡോ.സജിത്ത് ജോൺ, ഡോ. റാഫേൽ ടെഡി എന്നിവർ സംസാരിച്ചു.