ടി20 സന്നാഹ മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം
പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. വെസ്‌റ്റേണ്‍ ഓസ്ട്രേലിയയെ 13 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു.
സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്‌റ്റേണ്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു.
കെഎൽ രാഹുലിനും വിരാട് കോലിക്കും വിശ്രമം അനുവദിച്ചാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. രാഹുലിന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് ഓപ്പണറായി. രോഹിത് ശർമ്മയായിരുന്നു സഹ ഓപ്പണർ. പക്ഷേ, ഇരുവരും നിരാശപ്പെടുത്തി. വെറും മൂന്ന് റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. 16 പന്തിൽ 9 റൺസ് മാത്രമാണ് പന്ത് നേടിയത്.