Friday, March 29, 2024
HEALTHLATEST NEWS

ശസ്ത്രക്രിയ ഉപകരണം വയറിനുള്ളിൽ മറന്നുവച്ചു; 3 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Spread the love

തൃശ്ശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ പാൻക്രിയാസ് ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം മറന്നുവെച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർമാരിൽ നിന്നും നഴ്സുമാരിൽ നിന്നും നഷ്ടപരിഹാര തുക പരാതിക്കാരന് ഈടാക്കാം. ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഈടാക്കേണ്ട തുക ആരോഗ്യ സെക്രട്ടറിക്ക് തീരുമാനിക്കാമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക അടയ്ക്കണമെന്നും അല്ലാത്തപക്ഷം 10 ശതമാനം പലിശ നൽകേണ്ടി വരുമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. തുക കൈമാറിയ ശേഷം ആരോഗ്യ സെക്രട്ടറി കമ്മീഷനെ അറിയിക്കണം. തൃശൂർ കണിമംഗലം സ്വദേശിയായ ഓട്ടോറിക്ഷാ തൊഴിലാളി ജോസഫ് പോൾ നൽകിയ പരാതിയിലാണ് നടപടി. 2020 മെയ് അഞ്ചിനാണ് ജോസഫ് പോളിനെ തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയാ ഉപകരണം വയറ്റിൽ കുടുങ്ങിയതായി രോഗിക്ക് മനസ്സിലായത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് ഉപകരണം പുറത്തെടുത്തത്.

Thank you for reading this post, don't forget to subscribe!