സെമിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ക്രിക്കറ്റില്‍ മെഡലുറപ്പിച്ച് ഇന്ത്യ
ബര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റിൽ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ആവേശകരമായ ആദ്യ സെമി ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ നാല് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമ്മയും മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 76 റൺസ് കൂട്ടിച്ചേർത്തു. ടൂർണമെന്‍റിലുടനീളം മികച്ച ഫോമിലായിരുന്ന സ്മൃതി ഈ മത്സരത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 32 പന്തിൽ എട്ടു ബൗണ്ടറികളുടെയും മൂന്നു സിക്സറുകളുടെയും അകമ്പടിയോടെ 61 റൺസാണ് നേടിയത്.
ജെമീമ റോഡ്രിഗസ് (31 പന്തിൽ പുറത്താകാതെ 44), ദീപ്തി ശർമ (പുറത്താകാതെ 22) എന്നിവരാണ് ടോപ് സ്കോറർമാർ. അവസാന ഓവറുകളിൽ ഇരുവരുടെയും ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ സ്കോർ 164ൽ എത്തിച്ചത്. ഇംഗ്ലണ്ടിനായി ഫ്രേയ കെംപ് രണ്ട് വിക്കറ്റ് വീഴ്ത്തി.